Tuesday, April 23, 2013

Dersu Uzalaഇന്നലെ, യാദൃശ്ചികമായ് കണ്ട് മുട്ടുന്ന രണ്ട് വ്യക്തികളുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ഒരു ചിത്രം കണ്ടു. അകിരാ കുറസോവയുറെ Dersu Uzala.

ആയിരത്തിത്തൊള്ളായിരത്തിരണ്ട് കാലഘട്ടങ്ങളിൽ റഷ്യയുടെ വനപ്രദേശങ്ങളിൽ സർവേ നടത്താനിറങ്ങിയ പട്ടാളക്കാർക്കൊപ്പം നമ്മളും കാട് കയറുകയാണ്. കാടിന്റെ വന്യത അലട്ടാതിരിക്കാനും ക്ഷീണമറിയാതിരിക്കാനുമാകണം നിരാശനായ വേട്ടക്കാരന്റെ ദിവസത്തെക്കുറിച്ചുള്ള പാട്ടും പാടി അവർ നടക്കുന്നത്.

സ്വന്തം വയസ്സ് പോലും അറിയാത്ത, കാട്ടിൽ ജീവിക്കുന്ന ഒരു വേട്ടക്കാരനെ അവർ കണ്ട് മുട്ടുന്നു. ക്യപ്റ്റന്റെ അഭ്യർത്ഥന മാനിച്ച് അയാൾ അവരുടെ വഴികാട്ടിയാവുന്നു. കാടിന്റെ ഭാഷ അറിയുന്ന, കാടിന്റെ ഹൃദയത്തെ അറിയുന്ന, ഒരിക്കലും പിഴയ്ക്കാത്ത ലക്ഷ്യമുള്ള ആ വൃദ്ധൻ പട്ടാളക്കാർക്കൊപ്പം ചേരുകയാണ്.

സുന്ദരമായ ഭൂപ്രദേശങ്ങൾ, മാറിമാറി വരുന്ന ഋതുക്കൾ എല്ലാംകൊണ്ടും മനോഹരമായൊരു സിനിമ.

പ്രകൃതിയുടെ ഭാവമാറ്റം തിരിച്ചറിയുന്ന ദെർസു , പലപ്പോഴും ക്യാപ്റ്റനെയും സംഘത്തെയും പല അപകടങ്ങളിൽ നിന്നും രക്ഷിക്കുന്നു. ഒരിക്കൽ മഞ്ഞ്മൂടിയ തടാകക്കരയിൽ വച്ച് വീശിയടിച്ച മഞ്ഞുകാറ്റ് അവരുടെ കാൽ‌പ്പാടുകളെ മായ്ച്ച് വഴിതെറ്റിച്ചു. ദിശതെറ്റിയ ക്യാപ്റ്റനും ദെർസുവും കടുത്ത മഞ്ഞുകാറ്റിൽ നിന്ന് രക്ഷപെടാൻ വേണ്ടി പുല്ലുകൊണ്ട് വീടുണ്ടാക്കാൻ ശ്രമിക്കുന്നു. സൂര്യനസ്തമിച്ചാൽ ആഞ്ഞടിക്കുന്ന മഞ്ഞുകാറ്റിനു മുൻപേ പുല്ലുകൾ വെട്ടിക്കൂട്ടുന്ന പ്രയത്നത്തിൽ ക്യാപ്റ്റൻ വീണു പോകുന്നു. മിനിറ്റുകൾ കൊണ്ട് ആളെക്കൊല്ലുന്ന ഭീകരമായ മഞ്ഞുകാറ്റിൽ നിന്ന് ദെർസു ക്യാപ്റ്റനെ രക്ഷിക്കുന്നതോടെ അവർക്കിടയിൽ രൂപം കൊണ്ടുവന്ന അടുപ്പം അളക്കാനാവാത്ത ആഴമുള്ള ഒന്നായ് വളർന്നു.

സർവ്വേ കഴിഞ്ഞ് തിരികെ പോകാനൊരുങ്ങുമ്പോൾ ക്യാപ്റ്റൻ ദെർസുവിനെ കൂടെ വിളിക്കുന്നു. പക്ഷെ നാട്ടിൽ വന്നിട്ടെന്തു ചെയ്യാനെന്ന് ചിന്തിക്കുന്ന ദെർസു അവരോട് യാത്ര പറഞ്ഞ് വീണ്ടും നായാട്ടിനായ് കാട്ടിലേയ്യ്ക്ക് തിരിച്ചു പോകുന്നു. ഇരു ദിശകളിലേയ്ക്കു നടക്കുന്ന അവർക്കിടയിൽ പട്ടാളക്കാർ പതിഞ്ഞ ശബ്ദത്തിൽ വീണ്ടും പാടുന്നു, നിരാശനായ ഒരു വേട്ടക്കാരന്റെ ദിവസത്തെക്കുറിച്ചുള്ള പാട്ട്... ഒരു വിളിയിൽ ഒരു ബന്ധത്തിന്റെ തീവ്രത , ആഴം കാണിയ്ക്കാൻ പറ്റുമെന്ന് ഞാൻ മനസിലാക്കിയത് ഈ ഒരു രംഗ ചിത്രീകരണത്തിൽ നിന്നാണ്. മഞ്ഞുമല കയറി കാഴ്ചയുടെ അതിർത്തിയ്ക്കപ്പുറത്തേയ്ക്ക് പോകും മുൻപ് ഒരു നിമിഷം ദെർസു നിൽക്കുന്നു. അതേ നിമിഷം ക്യാപ്റ്റനും തിരിയുന്നു. “കപ്പീത്താ” എന്ന വിളിയിൽ, ദെർസൂ എന്ന മറുവിളിയിൽ ഒരു ജന്മത്തിന്റെ മുഴുവൻ സൌഹൃദവും വിരഹവും നിറഞ്ഞു നിന്നിരുന്നു.

അഞ്ചുവർഷങ്ങൾക്കു ശേഷം വീണ്ടും മലകയറുകയാണ് ക്യാപ്റ്റൻ. ഒരു സിനിമയ്ക്ക് ഇത്രയ്ധികം പ്രേക്ഷകനെ മുന്നോട് നടത്താൻ സാധിയ്ക്കുമോ? ക്യാമറയുടെ ഫ്രെയിമിലേയ്ക്ക് ദെർസു വരാൻ ക്യാപ്റ്റനേക്കാൾ അക്ഷമയോടെ കാത്തിരിക്കയായിരുന്നു ഞാൻ. അത് വസന്തത്തിന്റെ തുടക്കമായിരുന്നു. മഞ്ഞുകട്ടകൾ അലിഞ്ഞ് നദിയായ് തുടർന്നൊഴുകുന്ന കാഴ്ച എത്ര സുന്ദരം!!!
പച്ചപ്പ് നിറഞ്ഞ കാടിന്റെ ഓരോ ചെരിവിലും ക്യാപ്റ്റന്റെ കണ്ണുകൾ ദെർസുവിനെ തേടുന്നു. ഒടുവിൽ ഒരു പട്ടാളക്കാരൻ വന്നു പറയുന്നു, സാർ , കാട്ടിൽ വൃദ്ധനായ ഒരു നായാട്ടുകാരനെ കണ്ടു, അയാൾ നമ്മുടെ യൂണിറ്റിനേക്കുറിച്ചും ക്യാപ്റ്റനെക്കുറിച്ചും തിരക്കി. കാടിന്റെ വന്യതയിലൂടെ ഓടുന്ന ക്യാപ്റ്റന്റെ കാലുകളേക്കാൾ കുതിയ്ക്കുന്ന മനസ്സായിരുന്നു എന്നിലെ കാഴ്ചക്കാരിയ്ക്ക്.

വീണ്ടും ദെർസു അവരുടെ വഴികാട്ടിയാവുന്നു. അതിനിടയിൽ കാടിന്റെ വന്യതയും ഭംഗിയും മഴയും മഞ്ഞും ഇലപൊഴിയും കാലവും എല്ലാം കടന്നു പോകുന്നു. അപകടങ്ങളും രക്ഷപെടുത്തലും എല്ലാംകഴിഞ്ഞ് ഒടുവിൽ ചിത്രം അതിന്റെ അനിവാര്യമായ അന്ത്യത്തിളേയ്ക്കെത്തുന്നു. ദെർസുവിന്റെ കാഴ്ച മങ്ങുന്നു. ലക്ഷ്യം തെറ്റുന്നു. കാട് തന്നെയുപേക്ഷിച്ചെന്ന് പറഞ്ഞ് കരയുന്ന ദെർസുവിനെ ക്യാപ്റ്റൻ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നു. ക്യാപ്റ്റന്റെ മകന്റെ ഹീറോ ആയി മാറുന്ന ദെർസുവിന് പക്ഷെ നഗര ജീവിതത്തോട് ഒരിയ്ക്കലും പൊരുത്തപ്പെടാൻ പറ്റുന്നില്ല. ഒരു പെട്ടിയ്ക്കുള്ളിൽ ജീവിക്കുന്നതെങ്ങനെ എന്ന് ചോദിക്കുന്ന ആ വൃദ്ധൻ കാട്ടിലേയ്ക്ക് തിരിച്ചു പോകുന്നു, ക്യാപ്റ്റൻ കൊടുത്ത പുതിയ തോക്കുമായ്.

ഒടുവിൽ ഒരു ടെലിഗ്രാമിലൂടെ നാം അറിയുന്നു, ദെർസൂ മരിച്ചെന്ന്. മൃതദേഹത്തിൽ കണ്ടെടുത്ത കാർഡിലെ വിലാസത്തിൽ വന്നതാണ് ആ ടെലിഗ്രാം. ആ നല്ല തോക്കിനുവേണ്ടി ആരോ ദെർസുവിനെ കൊല്ലുകയായിരുന്നു!

മൂന്നുവർഷങ്ങൾക്കു ശേഷം ദെർസുവിനെ അടക്കിയ സ്ഥലം തിരഞ്ഞ് വരുന്ന ക്യാപ്റ്റനിൽ നിന്ന് തുടങ്ങുന്ന സിനിമ ബാക്കിവയ്ക്കുന്നത് ബന്ധങ്ങളുടെ ആഴത്തെയും കാടിന്റെ നന്മയെയുമാണ്.

സിനിമയിലുടനീളം മുഴങ്ങുന്ന കപ്പീത്താ എന്ന വിളിയിൽ അടങ്ങിയിരിക്കുന്ന വിനയം സ്നേഹം , ഭാഷയ്ക്കും ഡബ്ബിങ്ങ് ആർട്ടിസ്റ്റിനും എന്റെ സല്യൂട്ട്

Achilles and the Tortoise


ചില സിനിമകൾ കണ്ടുതീരുമ്പോൾ മനസ്സിനൊരു ഭാരമായ് ചിന്തകളിൽ തൂങ്ങിപ്പിടിച്ച് നിൽക്കാറുണ്ട്. അതിലൊന്നാണ് ഈ ജാപ്പനീസ് സിനിമ. കലാകാരനാകാൻ ഉഴിഞ്ഞു വച്ച ജീവിതം അയാളെ ആരുമല്ലാതാക്കുന്ന അവസ്ഥ.

കല ഒരു കള്ളത്തരമാണെന്നും വിശക്കുന്നവന്റെ മുന്നിലെ ഒരു പാത്രം ചോറ് പിക്കാസയുടെ ചിത്രത്തേക്കാൾ വിലമതിക്കുന്നുവെന്നും ഒരു തട്ടുകടക്കാരനെക്കൊണ്ട് പറയിക്കുമ്പോൾ, അത് ഒരറിവായല്ല, ഓർമ്മിപ്പിക്കലായാണ് മനസ്സിലേയ്ക്ക് വന്നു വീഴുന്നത്. ഇത് കേൾക്കുന്ന ഒരു കഥാപാത്രം കോപിഷ്ടനായി അവൻ പിക്കാസയുടെ ചിത്രമെടുക്കും എന്ന് പറഞ്ഞ് തിരിച്ചു നടക്കുന്ന വഴി പാലത്തിൽ നിന്നും താഴെ റോഡിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്യുന്നു. കലയുടെ വഴിയിലെ ചില ദുരന്തങ്ങൾ ഭ്രാന്തമായ ആവേശമായ് അണഞ്ഞുപോയ ചില ജീവിതങ്ങളെ ഓർമ്മിപ്പിക്കാനാവണം...

കല കലയ്ക്കു വേണ്ടിയാണോ ജീവിതത്തിനു വേണ്ടിയാണോ എന്ന ചോദ്യം , എനിക്കുത്തരമറിയാ ചോദ്യം വീണ്ടും എന്നിൽ നിന്നാരോ ചോദിക്കുന്നു.

ചിത്രകലയും കലാകാരന്മാരും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന സമ്പന്ന കുടുംബത്തിൽ നിന്ന് ജീവിതമാരംഭിക്കുന്ന ഒരു ബാലൻ. അവന്റെ അച്ഛനെ കാണാനും ചിത്രം വിൽക്കാനും എത്തിപ്പെടുന്ന പ്രശസ്തരായ ചിത്രകാരന്മാർ... അവരിലൊരാൾ അവന്റെ കുഞ്ഞു തലയിൽ അയാളുടെ തൊപ്പി വച്ചു കൊടുക്കുന്നു. ഇപ്പോൾ നിനക്കിതു പാകമല്ല, ഒരിക്കൽ നിനക്കിതു പാകമാകും എന്ന് പറഞ്ഞ്. ആ ചിത്രത്തിലുടനീളം പാകമായൊ ഇല്ലയോ എന്നറിയാതെ അയാൾ ആ തൊപ്പി അണിയുന്നുണ്ട്.

ക്ലാസ്മുറിയിൽ പടം വരയ്ക്കുന്ന കുട്ടിയെ വഴക്കു പറയാത്ത അധ്യാപകൻ. അയാൾ അങ്ങനെ ചെയ്യുന്നതിന് ഒരു കാരണമുണ്ട്. അവൻ ഒരു ചിത്രകാരനാവേണ്ട ആളാണ്. അവന്റെ അച്ഛൻ അവനെ ഫ്രാൻസിലയച്ച് ചിത്ര രചന പഠിപ്പിക്കും.

സാഹചര്യങ്ങൾ എത്ര പെട്ടെന്നാണ് മാറുന്നത്! സമ്പത്തിന്റെ നടുവിൽ നിന്ന് ദാരിദ്ര്യത്തിന്റെയും അനാഥത്വത്തിന്റെയും നടുവിലേയ്യ്ക്ക് അവൻ വലിച്ചെറിയപ്പെടുന്നു. പക്ഷെ അവൻ വരച്ചു കൊണ്ടേയിരുന്നു, വരയ്ക്കാൻ വേണ്ടി മാത്രം ജനിച്ചവനെന്ന മട്ടിൽ. ചിത്രത്തിലുടനീളം അയാൾ നിരൂപകരുടെ നല്ല വാക്കുകൾക്കു വേണ്ടി പരിശ്രമിക്കുകയാണ്. വരച്ച് വരച്ച് മാനുഷ്യത്വവും മനോനിലയും തകരാറിലാവുന്ന ഒരവസ്ഥയിൽ എത്തിച്ചേരുന്നു. ആ യാത്രക്കിടയിൽ സംഭവിക്കുന്ന കുറേ മുഹൂർത്തങ്ങൾ, കല എന്നതിന്റെ പൊള്ളത്തരം പലപ്പോഴും കലാകാരനായിരിക്കുമ്പോൾ നമുക്കു തിരിച്ചറിയാൻ കഴിയില്ലെന്ന് അടിവരയിട്ട് പറയുന്നുണ്ട്.

മനോഹരമായ ഫ്രെയിമുകളാലും ചിത്രകലയുടെ പലവിധ സംവിധാനങ്ങളാലും സമ്പന്നമായ സിനിമ, ദുരന്തമാകുന്ന, തകരുന്ന കലാജീവിതങ്ങളുടെ ഒരു നേർക്കാഴ്ച തന്നെയാണ്.
ചിരിച്ചും ചിന്തിച്ചും കഥ പറഞ്ഞ് തീർക്കുംപ്പോൾ ഈ സിനിമ മനസ്സിലവശേഷിപ്പിക്കുന്നത്, കഴിവ് മാത്രം പോരാ ഒരു കലാകാരനാകണമെങ്കിൽ എന്ന് തന്നെയാണ്.

വളക്കുറുള്ള മണ്ണ് കിട്ടിയ വിത്തുകൾ തഴച്ചു വളർന്ന് വന്മരമാകും. പാറപ്പുറത്തെ മണ്ണിൽ വീണവയാകട്ടെ തളിർത്ത് വരുമ്പോഴേ കരിഞ്ഞു പോകും. മുൾക്കാടുകൾക്കിടയിൽ വീണവയാകട്ടെ ഞെങ്ങിഞെരുങ്ങി ദുർബലനായ് വളർന്ന് ആർക്കും പ്രയോജനപ്പെടാതെയുമാകും.

Jean de Florette:


മനോഹരമായൊരു ഫ്രഞ്ച് ചിത്രം. മനുഷ്യൻ അവന്റെ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കുന്നതിനായ് ആരെയും ചതിയിലകപ്പെടുത്തും എന്നോർമ്മിപ്പിക്കുന്ന ചിത്രം. സാമൂഹ്യജീവി എന്നത് വെറുമൊരു സങ്കൽ‌പ്പം മാത്രമാണെന്ന് തോന്നിപ്പോയൊരു ചിത്രം.

സിനിമ തുടങ്ങുന്നത് ഒരു മലയോരപ്രദേശത്തേയ്ക്കുള്ള വാഹനത്തിൽ നിന്നാണ്. വണ്ടിയിൽ നിന്നിറങ്ങി പൊടിമണ്ണു പാറുന്ന വഴിയിലൂടെ ധൃതിയിൽ നടന്നു പോകുന്ന Ugolin. വരണ്ട മണ്ണുള്ള മലമ്പ്രദേശങ്ങളാണ് എവിടെയും. മലയടിവാരത്തിൽ അമ്മാവന്റെ വീട്ടിലെത്തി അധികം സംസാരിക്കാൻ കൂട്ടാക്കാതെ താക്കോലും വാങ്ങി മലമുകളിലെ തന്റെ വീട്ടിലേയ്ക്ക് നടക്കുന്ന അയാളിൽ അസാധാരണമായൊരാവേശം നമുക്കു കാണാം.

മലയാകെ കരിങ്കൽ കഷണങ്ങളും ഇടയ്ക്കിടെ പുല്ലു മൂടിയും കിടന്നിരുന്നു. പൊടിപിടിച്ച വീട്ടിലേയ്ക്ക് ചെന്നു കയറുന്ന ഉഗോലിൻ വളരെ സൂക്ഷിച്ച് പൊതിഞ്ഞു വച്ചിരിക്കുന്ന കടലാസ് പൊതി ഓരോ കടലാസുകളായ് തുറക്കുന്നു. വളരെ വിശുദ്ധമായതെന്തോ പോലെ അയാൾ കൂടെക്കൊണ്ടു വന്നത് Dianthus caryophyllus എന്ന ചെടികളായിരുന്നു. മുറ്റം കൊത്തിക്കിളച്ച് ഈ തൈകൾ നട്ട് അമ്മാവനിൽ നിന്ന് പോലും മറച്ച് വച്ച് രഹസ്യമായവയെ വളർത്തുന്നു.

പച്ചപ്പ് കുറഞ്ഞ വിഷ്വലുകൾ ആ മലമ്പ്രദേശങ്ങൾ മഴ കുറഞ്ഞ ഇടങ്ങളാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. ജനവാസം കുറഞ്ഞ് വിജനമായ , കുന്നും താഴ്വരകളും നിറഞ്ഞ , കൃഷിയിടങ്ങൾ മാത്രം. ഉഗോലിൻ ആ മലനിരകളിൽ തന്റെ കൃഷി ആരംഭിക്കുകയാണ്. അൽ‌പ്പം വികൃതമായ മുഖത്തോടെയും ചില അസാധാരണ ഭാവങ്ങളാലും അയാൾ സാധാരണ ചിന്താഗതിക്കാരനല്ല എന്ന് പലപ്പോഴും കാഴ്ചക്കാരനു തോന്നും. കൃഷിയും കൃഷിയിടവും പിന്നെ പപെറ്റ് എന്നയാൾ വിളിക്കുന്ന അമ്മാവനും മാത്രമാണ് അയാളുടെ ലോകം. അപരിഷ്കൃതമായ സ്വന്തം ജീവിതത്തിലേയ്ക്ക് ഒരു കൂട്ട് വേണമെന്നു പോലും അയാൾക്കില്ല. കുടുംബം സ്നേഹം എന്നതൊക്കെ വലിയ കാര്യമായ് അയാൾക്കു തോന്നുന്നില്ല. അവിവാഹിതനായ അമ്മാവന്റെ പാത പിന്തുടരുന്ന മരുമകന് എല്ലാവിധത്തിലും താങ്ങ് അമ്മാവൻ തന്നെയാണ്.

ഒടുവിൽ അയാളുടെ രഹസ്യം , ഡയാന്തസ് ചെടികളുടെ വസന്തം അയാൾ അമ്മാവനെ കാണിക്കുന്നു. തനി ഒരു കച്ചവട മനസുള്ള പപ്പെറ്റിനെ ഇമ്പ്രസ്സ് ചെയ്യിക്കാൻ ആ ചുവപ്പ് ഡയാന്തസ് പൂക്കൾക്കായില്ല. ഉഗോലിൻ ഈ പൂക്കളിറുത്ത് അമ്മാവനുമൊത്ത് കുതിരവണ്ടിയിൽ മാർകറ്റിലേയ്ക് പോകുന്നു. ആ പൂക്കൾക്ക് മാർക്കറ്റിൽ കിട്ടിയ ഉയർന്ന വില പപ്പെറ്റിനെ അമ്പരപ്പിക്കുകയും ആഹ്ളാദിപ്പിക്കുകയും ചെയ്യുന്നു. വിപുലമായ് ഡയാന്തസ് കൃഷി നടത്താൻ പ്ലാനിടുന്ന ഉഗോലിന് പക്ഷെ വെള്ളം ഒരു പ്രശ്നമാകുന്നു. ആവശ്യത്തിന് മഴയോ വെള്ളമോ ഇല്ലാതെ എങ്ങനെ പൂക്കൾ കൃഷി ചെയ്യും? കുശാഗ്ര ബുദ്ധിക്കാരനായ പപ്പെറ്റിന് അടുത്ത ഭൂമിയിലെ ഒരിക്കലും വറ്റാത്ത ഒരുറവയെക്കുറിച്ചറിയാം. അവിടമെങ്ങും കൃഷിയൊന്നുമില്ലാതെ കാടുപിടിച്ച് കിടക്കുകയാണ്. അവർ ആ സ്ഥലം വാങ്ങാൻ തീരുമാനിക്കുന്നു.

പുല്ലുമൂടി കിടക്കുന്ന നനഞ്ഞ മണ്ണിൽ ഷൂകൊണ്ട് ചവിട്ടി വെള്ളം വരുത്തുന്ന പപ്പെറ്റ്. ഉഗോലിൻ അത്ഭുതത്തോടെ നോക്കി നിൽക്കുന്നു. അവിടം കുഴിച്ചാൽ ഒരിക്കലും വറ്റാത്ത ഉറവ കിട്ടും. പക്ഷെ സ്ഥലമുടമ അത് വിൽക്കാൻ തയ്യാറാകുന്നില്ല. മാത്രമല്ല ഇവരെ അപമാനിക്കുകയും ചെയ്യുന്നു. അവിടെ വച്ചുണ്ടാകുന്ന സംഘട്ടനത്തിൽ സ്ഥലമുടമ മരിക്കുന്നു. വേനലിൽ നരച്ച കുന്നിൻ മുകളിലെ ഒരു മരച്ചുവട്ടിൽ ആ ശവമുപേക്ഷിച്ച് നടന്നു മറയുന്ന അമ്മാവനും മരുമകനും കുറ്റബോധം ഇല്ല എന്നു മാത്രമല്ല അനന്തരാവകാശികളിൽ നിന്ന് ഉറവയുള്ള സ്ഥലം സ്വന്തമാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണവർ.

ജലദൌർലഭ്യം എത്ര ഭീകരമായ അവസ്ഥയാണെന്ന് ഈ സിനിമയിലുടനീളം നമ്മുക്ക് കാണാൻ കഴിയും. വെള്ളമുണ്ടെങ്കിൽ ആരെങ്കിലും ആ സ്ഥലം വാങ്ങും എന്ന ഭയത്താൽ ആ ഉറവ കണ്ടുപിടിക്കാതിരിക്കാൻ മണ്ണ് കുഴിച്ച് ഉറവ വരുന്ന ദ്വാരം സിമന്റും കട്ടകളും വച്ച് അടച്ചു വയ്ക്കുകയാണ് പപ്പെറ്റും ഉഗോലിനും.

ശ്രമങ്ങളെല്ലാം വിഫലമായ് . സ്ഥലമുടമയുടെ സഹോദരീ പുത്രൻ, മുതുകിൽ കൂനുള്ള ജീൻ ഭാര്യയും തന്റെ മകളുമായ് കുതിരപ്പുറത്ത് കുന്നു കയറി വരുന്നു. അവരുടെ വരവ് ഉഗോലിനെ നിരാശനാക്കി. മഴ വീഴാത്ത മണ്ണിനേക്കാൾ വരണ്ട മനസ്സാണ് ചിലപ്പോൾ മനുഷ്യർക്ക്.

നഗരത്തിൽ നിന്നെത്തുന്ന ജീൻ ആകട്ടെ ആ കുന്നിൻ ചെരിവ് ഒരു സ്വർഗമാണെന്ന് വിശ്വസിക്കുന്നു. ജീൻ വരുമ്പോഴാണ് ക്യാമറയിൽ ആദ്യമായ് കാട്ടുപൂക്കളുടെ ചുവപ്പും മഞ്ഞയുമൊക്കെ തെളിയുന്നത്. ഇത്രനേരവും നാം കണ്ടിരുന്നത് ഉഗോലിന്റെയും പപ്പെറ്റിന്റെയും വരണ്ട കണ്ണിന്റെ കാഴ്ചകളായിരുന്നു. നരച്ച നിറത്തിൽ തെളിഞ്ഞ ചുവപ്പ് ഡയാന്തസ് പൂക്കൾ ഒരിക്കലും നമ്മെ ആകർഷിക്കില്ല, കാരണം അത് കാശൂണ്ടാക്കുന്ന ഒരു വസ്തു മാത്രമായിരുന്നു അവരുടെ കണ്ണിൽ.

കുന്നിൻ ചെരുവിലെ കൃഷിയിടത്തെക്കുറിച്ച് ആവേശ ഭരിതനാകുന്ന ജീനിനെക്കണ്ട് ഉഗോലിൻ പിന്നെയും നിരാശനാകുന്നു.ഉഗോലിൻ വിചാരിക്കുന്ന പോലെ ഒരവധിക്കാലം ആഘോഷിക്കാൻ വന്നവരായിരുന്നില്ല അവർ. പക്ഷെ പപ്പെറ്റിന്റെ ഉപദേശ പ്രകാരം നല്ലവനായ അയൽക്കാരനായ് ഉഗോലിൻ ജീനിനെ സഹായിക്കുന്നു.

ഇവിടം മുതൽ നമ്മുടെ മനസ്സിൽ ഉഗോലിൻ ഒരസ്വസ്ഥതയായ് വളരാൻ തുടങ്ങും. കാരണം അപ്പുറത്ത് ഉഗോലിനും പപ്പെറ്റും മദ്യപിച്ച് ജീനിനെതിരേ തന്ത്രങ്ങൾ മെനയുന്ന അതേ സമയം ഇവിടെ ജീൻ ഭാര്യയോടും മകളോടും ഉഗോലിൻ എത്ര നല്ല സുഹൃത്താണെന്നഭിപ്രായപ്പെടുന്നു. ചതിയുടേയും പരാജയപ്പെടുത്തലിന്റേയും ഈ കഥ നമ്മെ അലോസരപ്പെടുത്തും. ഉഗോലിനും പപ്പെറ്റും ചേർന്ന് നാട്ടുകാരെ ജീനിൽ നിന്നകറ്റുന്നു. ഉഗോലിന്റെ നിരുത്സാഹപ്പെടുത്തലുകളെ മറികടന്ന് ജീൻ കൃഷി തുടങ്ങുന്നു.

ജീനിനെ ഉഴാൻ സഹായിക്കുന്ന ഉഗോലിൻ അവിടെ നിന്ന് ഒരു പിടി മണ്ണെടുത്ത് പപ്പെറ്റിന്റെ അടുത്തെത്തുന്നു. മണ്ണിൽ വെള്ളമൊഴിച്ച് അത് രുചിച്ചു നോക്കുന്ന പപ്പെറ്റിലും ഉഗോലിനിലും മനുഷ്യത്വമില്ലെങ്കിലും നല്ല കൃഷിക്കാരാണ് അവരെന്ന് മനസ്സിലാവുന്നു.

കൃഷിയിടത്തിലെ ഉറവയെക്കുറിച്ചറിയാതെ ജീൻ അങ്ങ് താഴ്വരയിൽ നിന്ന് കഴുതപ്പുറത്ത് വെള്ളം കൊണ്ടുവരുന്നു. ആദ്യം കാര്യങ്ങൾ ജീനിനനുകൂലമായിരുന്നു. ഉഗോലിന്റെ വളരുന്ന നിരാശയും പപ്പെറ്റിന്റെ ദീർഘവീക്ഷണവുമായ് കഥ നന്മയും തിന്മയും ഒരു ത്രാസിൽ ഒരുപോലെ തൂങ്ങി നിന്ന് മത്സരിക്കുന്ന കുറച്ചു നിമിഷങ്ങൾ. മനോഹരമായ് പാടുന്ന ജീനിന്റെ ഭാര്യയും പച്ചക്കറികൾക്ക് വെള്ളമൊഴിക്കുന്ന കൊച്ച് പെൺ‌കുട്ടിയും എല്ലാമുള്ള സുന്ദരമായ ഫ്രെയിമുകൾ...

തകർത്ത് പെയ്യുന്ന മഴയിൽ ഓടി നടന്ന് വെള്ളം സംഭരിക്കുന്ന ജീനും കുടുംബവും ഒരു മഴയുടേയും ഓരോ തുള്ളി വെള്ളത്തിന്റേയും വില നമ്മെ ഓർമ്മിപ്പിക്കും. ചെറിയ ലാഭം വരാനിരിക്കുന്ന വലിയ തകർച്ചയുടെ തുടക്കമാണെന്ന് കരുതിയില്ല. വേനലെരിഞ്ഞു കത്തി.കഴുതയെപ്പോലെ വെള്ളം വലിച്ച് ജീൻ തളർന്നു. ഉഗോലിൻ വെള്ളം ചുമക്കാൻ കഴുതയെ കൊടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അത്രയും വെള്ളം കൂടി ആയാൽ ജീനിന്റെ കൃഷി രക്ഷപെടുമെന്ന് മനസ്സിലാക്കുന്ന പപ്പെറ്റും ഉഗോലിനും അയാളെ സഹായിക്കുന്നില്ല.

ജീനിന്റെ മുയലുകൾ വെള്ളമില്ലാതെ ചത്തൊടുങ്ങി. പാടങ്ങൾ കരിഞ്ഞു. പൊടിക്കാറ്റ് വീശിയടിച്ചു.
ഒരു രാത്രി, കുന്നുകൾ കടന്നു വരുന്ന കാർമേഘം കണ്ട് ജീൻ തുള്ളിച്ചാടുന്നു. ജീനിന്റെ കൃഷിയിടങ്ങൾക്കപ്പുറത്ത് മഴ ഇടിമുഴയ്ക്കി പെയ്യുന്നു. അകലങ്ങളിലെ മഴ കണ്ട് നെഞ്ചു തകർന്ന് കരയുന്ന ജീൻ ദൈവത്തോട് ദേഷ്യപ്പെടുന്നു. ആകാശത്തിലെ മേഘങ്ങൾക്കപ്പുറത്ത് ദൈവമുണ്ടോ എന്ന് സംശയിക്കുന്നു. ഒരു നിമിഷം നമ്മളും ദൈവത്തെ തള്ളിപ്പറഞ്ഞു പോകും.

സമ്പാദ്യമൊന്നുമില്ലാതെ തീർത്തും ദരിദ്രനാകുന്ന അവസ്ഥയിൽ ഉഗോലിൻ മദ്യം കൂടി വിളമ്പിക്കൊടുത്ത് അയാളെ കൂടുതൽ തകർക്കുന്നു. ഉഗോലിൻ ജീനിനോട് സ്ഥലം വിൽക്കാൻ ഉപദേശിക്കുന്നു. പക്ഷെ വിൽക്കാൻ മനസ്സു വരാതെ ജീൻ പപ്പെറ്റിനോട് പണയമായ് പൈസ വാങ്ങി ഒരു കിണർ കുഴിയ്ക്കാൻ തീരുമാനിക്കുന്നു.

സ്വന്തം താഴ്വരയിലെ ഒരിക്കലും വറ്റാത്ത ഉറയെക്കുറിച്ചറിയാതെ ഒരു മനുഷ്യൻ വെള്ളത്തിനു വേണ്ടി സ്വന്തം ജീവൻ വരെ കളയുന്നു. അതെ, കിണർ കുഴിയ്ക്കാൻ വച്ച ഡൈനമിറ്റ് പൊട്ടിത്തെറിയിൽ ഒരു കല്ല് തലയിൽ വീണ് ജീൻ മരിക്കുന്നു.

ഉഗോലിൻ കരയുകയാണ്. ഉറക്കെ കരയുന്ന ഉഗോലിനോട് പപ്പെറ്റ് ചോദിക്കുന്നു. നീ കരയുകയാണോ? അല്ല, എന്റെ കണ്ണുകളാണ് കരയുന്നത്.
ജീനിന്റെ മരണത്തിലും ആ കുടുംബത്തിന്റെ തകർച്ചയിലും ആരുടെയും മനസ്സുകൾക്ക് മാറ്റമുണ്ടാകുന്നില്ല. പണം ഭരിക്കുന്ന മനസ്സുകൾ എപ്പോഴും ഇങ്ങനെയായിരിക്കുമോ?

ജീനിന്റെ ഭാര്യയും മോളും അവിടം വിടുന്ന വരെ കാത്ത് നിൽക്കാനുള്ള ക്ഷമപോലും കാണിയ്ക്കാതെ അവർ സ്വന്തമാക്കിയാ ആ ഭൂമിയിലെ ഉറവയെ മണ്ണു കിളച്ച് പുറത്തെടുക്കുന്നു. ജലത്തിന്റെ തള്ളിവരവിൽ ഉന്മത്തരാകുന്നു. അവരറിയാതെ ഇത് കണ്ട് നിൽക്കുന്ന ജീനിന്റെ മകൾ ഒരു നിലവിളിയോടെ പിന്തിരിഞ്ഞോടുന്നു. ആ നിലവിളി അവർക്ക് തോന്നുന്നത് പരുന്ത് പിടിച്ച ഒരു മുയൽക്കുഞ്ഞിന്റെ കരച്ചിൽ പോലെയാണ്. അതെ, ശരിക്കുമത് ഒരു പരുന്ത് വേട്ടയാടിയ മുയലിന്റെ കുഞ്ഞ് കരഞ്ഞത് തന്നെയായിരുന്നു.

ഉടമസ്ഥരുടെ ചോര മണക്കുന്ന ആ വെള്ളം കൊണ്ട് പപ്പെറ്റ് തന്റെ മരുമകനെ ജ്ഞാനസ്നാനം ചെയ്യുന്നിടത്തവസാനിയ്ക്കുന്ന സിനിമ നിക്ഷ്പക്ഷമായ് കഥ പറഞ്ഞു തീർത്ത പോലെ തോന്നുമെങ്കിലും, സിനിമ തീർന്നാലും അത് മനസ്സിൽ നിന്നിറക്കാത്ത എന്നെപ്പോലുള്ളവർ പിന്നെയും നന്മ തിന്മകളുടെ യുദ്ധത്തെ വിശകലനം ചെയ്തു പരാജയപ്പെട്ടുകൊണ്ടേയിരുന്നു.

ഒരു നോവലിനെ അടിസ്ഥാനമാക്കി 1968 ഇൽ ഇറങ്ങിയ ഈ സിനിമയിലെ കഥാതന്തു തന്നെയാണ് ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ നാം കണ്ടത്. പക്ഷെ മലയാളീകരിച്ചപ്പോൾ അതിൽ നായികമാരും അവിഹിത ബന്ധവും നായകനു പകരം ഇരയാവാൻ ഉപനായകനും വഴുവഴുക്കുന്ന തമാശുകളും കുറേയധികം കഥാപാത്രങ്ങളും ഒക്കെ ഉണ്ടാക്കേണ്ടി വന്നു എന്ന് മാത്രം.

Wednesday, April 3, 2013

ശലഭ ജന്മം

മഴമരങ്ങളുടെ തണലിലേയ്ക്ക് വണ്ടിയൊതുക്കിയിട്ട് അവൾ നിശബ്ദമിരുന്നു. അകലെ കടൽ ചക്രവാളങ്ങളിൽ ഒന്നു ചേർന്ന് വെള്ളിരേഖയായ്  തിളങ്ങി. താഴെ പച്ചപ്പു നിറഞ്ഞ ഭൂപ്രദേശങ്ങൾ കടലോളം നീണ്ടു കിടന്നു. മരണം സുനിശ്ചിതമാണെന്നും അതിലേയ്ക്ക് ഇനി ദൂരമില്ലെന്നും അറിഞ്ഞ നിമിഷം അലമുറകളില്ലാതെ അവള്തരണം ചെയ്തു. സഹാനുഭൂതിയോടെ നോക്കുന്ന ഡോക്ടറുടെ കണ്ണുകള്‍ക്കു മുന്നില്നിന്ന് ഇറങ്ങി നടക്കുമ്പോൾ  ജന്മ ചക്രങ്ങളുടെ ആവര്‍ത്തനം അവളെ അമ്പരപ്പിച്ചു.  

കാറ്റിൽ തണുപ്പു നിറഞ്ഞു. അകലെ കടലിൽ വെളിച്ചത്തിന്റെ വെള്ളിരേഖകൾ മാഞ്ഞു. വീശിയടിക്കുന്ന കാറ്റിൽ കരിയില കണക്കെ ഒരു പക്ഷി ചിറകടിച്ചു തളർന്നു. കണ്ടുപോയെങ്കിലും കാണാതിരിക്കാൻ കണ്ണുകളിറുക്കിയടച്ചു. പിന്നെ വീണ്ടും കണ്ണുതുറന്ന് അതിന്റെ ഇണയെ തിരഞ്ഞു. ഇല്ല , ഇതൊരു ഒറ്റമൈനയാണ്. ഒറ്റമൈനയെ കണ്ടാൽ സങ്കടപ്പെടുമെന്ന പഴമൊഴി സങ്കടം നിറഞ്ഞിരുന്ന എന്നെ വീണ്ടും സങ്കടത്തിലാഴ്ത്തി. നീയെന്തിന് എനിക്കു കുറുകെ ഒറ്റയ്ക്കു പറന്നു?


പകലുകളിൽ വിജനവും നിശബ്ദവുമായിരുന്ന വീട് ആദ്യമായ് അവളിൽ ആശ്വാസം ഉളവാക്കി. അതിരുകള്അടര്‍ന്നു തുടങ്ങിയ, പഴകിയ  ചിത്രങ്ങളില്അവള്അമ്മയെ തേടി. തണുത്ത് മരവിച്ച് വിരലുകൾ വിറയ്ക്കുന്നത് അവൾ അറിഞ്ഞു.   

 “അമ്മേ, നിന്നില്നിന്നെന്നിലേയ്ക്ക് എത്ര ദൂരമായിരുന്നു?  “
കടലാസു താളുകളില്‍ കണ്ണീരൊഴുകി പടരുന്നതറിയാതെ ആല്‍ബത്തില്മുഖം ചേര്‍ത്തു വച്ച് അവള്കരഞ്ഞു.  സങ്കടം നിറഞ്ഞൊരു ഒരു കാറ്റ്  അവളെ ചുറ്റിത്തിരിഞ്ഞു.

“അസുഖ ബാധിതയാണെന്നറിഞ്ഞപ്പോള്‍   അമ്മേ, എത്ര പെട്ടെന്നാണ് നീ മാറിയത്. നാട്ടിലേയ്ക്കു നീ തിരികെ പോകുമ്പോള്‍ ഒരു കുഞ്ഞു മനസ്സ് എത്ര നൊമ്പരപ്പെട്ടു.  ഏറെ ശാഠ്യം പിടിച്ച് നീ പോയതെന്തിനായിരുന്നു? എന്നിട്ടും ആശ്വസിച്ചു, എല്ലാം മാറി അമ്മ തിരികെ വരും . “

മുറ്റത്തെ പനിനീർ ചാമ്പയിൽ നിന്നൊരു പൂവു കൂടി ഉതിർന്നു വീണു.  മനസ്സു തുറന്ന് എണ്ണിപ്പറഞ്ഞ് അവൾ കരഞ്ഞു... “എന്നെ കാണാതെ, അച്ഛനെ കാണാതെ .... അമ്മേ,  നിനക്കെങ്ങനെ സാധിച്ചു?   നീ പോയപ്പോള്‍ ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടു പോയ്. മുടി ചീകാനോ, ഉടുപ്പിന്റെ വള്ളി കെട്ടാനോ  ഒന്നും ഞാൻ പഠിച്ചിരുന്നില്ല. ഒന്നും പഠിപ്പിക്കാതെ പോയ നിന്നോട് ഞാൻ ഓരോ രാത്രിയിലും ദേഷ്യപ്പെട്ടു.

നിന്നെ കാണാന്‍ ഇത്രയും ദൂരത്തു നിന്ന് ഞാനും അച്ഛനും എത്തിയപ്പോൾ.... എന്റെ വിളി കേള്‍ക്കാതിരിക്കാന്‍ നിനക്കെങ്ങനെ സാധിച്ചു. എന്റെ മുഖം കാണാതിരിക്കാന്‍ മാത്രം ആ‍ മനസ്സ് കഠിനമാക്കാന്‍ കഴിഞ്ഞതെങ്ങനെ? വാതിലിലിടിച്ചു കരഞ്ഞു കരഞ്ഞു തളര്‍ന്നു വീണ എന്നെയുമെടുത്ത് കണ്ണു നിറഞ്ഞ് ഇറങ്ങിപ്പോന്ന അച്ഛനെ എനിക്ക് ഇന്നും ഓർമ്മയുണ്ട്. തുറന്നു കിടന്ന ചില്ലു ജാലകങ്ങള്‍ക്കപ്പുറത്തു നിന്ന് നീയെന്നെ കണ്ടിരുന്നൊ? നിന്റെ മനസ്സും മറ്റൊരു കടലായിരമ്പിയിരുന്നൊ?

ഒരു രാത്രി , എല്ലാവരും നിന്നെ കാണാന്‍ എന്നെ വിളിച്ചു. ഞാന്‍ വന്നില്ല. ഞാന്‍ വിളിച്ചാലുണരാത്ത അമ്മയെ എനിക്കു കാണണ്ട എന്നു പറഞ്ഞ് വന്നവരെ തിരിച്ചയച്ചു.
ഞാൻ കരഞ്ഞില്ല. കാരണം നീ ഇവിടെ നിന്ന് പോയ നാൾ മുതൽ ഏതോ അഗാധ ഗർത്തത്തിലെ ഇരുട്ടിൽ എന്തിനെയും ഭയപ്പെട്ട് ഭയപ്പെട്ട് ഒരു നിസംഗത. സങ്കടങ്ങൾ ഉറഞ്ഞുകൂടുന്ന ഒരു ഫ്രീസർ ആയിപ്പോയി പിന്നെ മനസ്സ്.


വർഷങ്ങൾക്കു ശേഷം ഞാനറിഞ്ഞു നിന്റെ സഹനത്തിന്റെ കഥകൾ. ചികിത്സയും വേദനയും കൊണ്ട് നീ പിടഞ്ഞ ദിവസങ്ങൾ. നൊമ്പരത്തിന്റെ കൊടുങ്കാറ്റ് കരളിലടക്കി അമ്മാ, നീ എന്നെ മാറ്റി നിര്‍ത്തിയത് മരണത്തിന്റെ ഭീകരവും ദൈന്യവുമായ അവസ്ഥ കണ്ട് ഞാന്‍ തളരാതിരിക്കാനായിരുന്നെന്ന് പിന്നീട് അച്ഛന്‍ പറഞ്ഞു. 

അമ്മേ, നിനക്കറിയുമോ നീതോറ്റു പോയി. നിന്നെ കാര്‍ന്നെടുത്ത മരണത്തിന്റെ വേരുകള്‍ എന്നിലും പടര്‍ന്നു കഴിഞ്ഞു. അമ്മേ, നിന്റെ ധൈര്യം, സമചിത്തത ഒന്നും എനിക്ക് കാണിക്കാനാവുന്നില്ലല്ലൊ.

വാക്കുകള്‍ കൂട്ടിപ്പറയാന്‍ പോലും പ്രായമാകാത്ത മോന്‍... അവന്‍ പറയുന്നത് ഇനി ആര്‍ക്കു മനസ്സിലാക്കാനാവും അമ്മേ. അവന്‍ കാലിടറി വീഴുമ്പോള്‍ ആരു താങ്ങുമമ്മേ. നീയെനിക്കു പറഞ്ഞു താ. 

ഞാന്‍ ഒളിച്ചോടുന്നില്ലമ്മേ. അവസാനം വരെ ഞാന്‍ ഇവിടെത്തന്നെ ജീവിയ്ക്കും. മരണത്തിന്റെ ക്രൂരത കണ്ടു തന്നെ എന്റെ മകന്‍ വളരട്ടെ. പണവും പ്രതാപവും എല്ലാം തോറ്റു പോകുന്ന ചിലയവസ്ഥകള്‍ ജീവിതത്തിനുണ്ടെന്ന് അവന്‍ അറിയട്ടെ.