Friday, October 29, 2010

മുളങ്കാടുകള്‍ പൂത്തുകഴിഞ്ഞാല്‍...

മലയിറങ്ങി താഴ്വരയിലേയ്ക്കൂ പോകൂന്ന കാറ്റ് ശബ്ദമുണ്ടാ‍ക്കിക്കൊണ്ട് കാറിനുള്ളിലൂടെ കടന്നു പോയി.   ഉരുളന്‍ കല്ലുകള്‍ ചിതറിക്കിടക്കുന്ന മൂടല്‍മഞ്ഞു മൂടിയ മലമ്പാത അവസാനമില്ലാതെ തുടരുകയാണോ? കണ്ണുകളെ വീണ്ടും താഴ്വരകളിലെ കാടുകളിലേയ്ക്കഴിച്ചു വിട്ടു. കാടിനെ മൂടി നിന്ന കുളിര് വെയിലില്‍ അഴിഞ്ഞു തുടങ്ങി.

മലമ്പാത ഇവിടെ അവസാനിക്കുകയാണ്.  ഇനി വനമാണ്. അടിക്കാടുകള്‍ തഴച്ചു വളരുന്ന നിത്യഹരിത വനം. മഴയുടെ തുടിപ്പ് മണ്ണിലും ഇലകളിലും നിറഞ്ഞു നില്‍ക്കുന്നു. വഴികള്‍ക്കിരുവശവും കാട്ടുകൊങ്ങിണികളും കലമ്പട്ടകളും ഇടതുര്‍ന്നു പൂത്തുനില്‍ക്കുന്നു. പുല്ലില്‍ നിന്നും പൂക്കളില്‍ നിന്നും പ്രസരിക്കുന്ന കാടിന്റെ സൌരഭ്യം!

കാറ്റ് കയറാത്ത മുറി പോലെ കാട് നിശ്ചലമായിരുന്നു. ഉള്‍ക്കാടുകളിലേയ്ക്കു കടക്കുന്തോറും തണുപ്പ് കൂടി വന്നു. ഇലകളടിഞ്ഞു മൃദുലമായ ഈ വനഭൂമികളില്‍ ഒരിക്കലും വെയില്‍ വീഴാറില്ല്ല്ലെന്നു തോന്നുന്നു.   വൃക്ഷത്തലപ്പുകള്‍ക്കിടയിലൂടെ ഒരു മഴ ചോര്‍ന്നൊലിച്ചു.  മഴമേഘങ്ങള്‍ വരുന്നതും പോകൂന്നതും എത്ര വേഗത്തിലാണ്!  
വയലറ്റു പൂ‍ക്കളുതിര്‍ത്ത് നില്‍ക്കുന്ന മണിമരുതുകള്‍ക്കപ്പുറം മുളങ്കാടുകളാണ്.  മഞ്ഞയില്‍ കറുപ്പ് തൂവലുകളുള്ള ഒരു പക്ഷി മുളങ്കാടുകള്‍ക്കുള്ളില്‍ ചിറകുമിനുക്കിയിരിക്കുന്നു.

കാലംതോറും കാട്ടിലെവിടെയെങ്കിലും മുളങ്കാടുകള്‍ പൂക്കും.   വളര്‍ന്ന്, പടര്‍ന്ന്, പൂവിട്ട്, മുളയരി വിതറി ഒടുവില്‍  നിശബ്ദം പട്ടു പോകുന്ന മുളങ്കാടുകള്‍....  പിന്നെ പതിറ്റാണ്ടുകളോളം അവിടെ മുള തളിര്‍ക്കില്ല. മുള പൂക്കുന്നത് കാടിന്റെ മക്കള്‍ക്ക് ആഘോഷമാണ്.  മുളങ്കാടുകളിലെ ഭൂമി,  ഉണങ്ങി സ്വര്‍ണ വര്‍ണ്ണമാര്‍ന്ന ഇലകള്‍ കൊണ്ട് നിറഞ്ഞിരിക്കും. ഇലകള്‍ തൂത്തു വൃത്തിയാക്കി മുളഞ്ചോടുകള്‍ അവര്‍ ഒരുക്കിയിടുന്നു. പൊഴിഞ്ഞു വീഴുന്ന മുളയരികള്‍ മുളങ്കുറ്റികളില്‍ നിറച്ച് സൂക്ഷിക്കുന്നു. ഇനിയൊരു മുളങ്കാട് പൂക്കും വരേയ്ക്കും ഇതാണവരുടെ ഭക്ഷണം.

മുളങ്കാടിനപ്പുറത്ത് നിന്ന് പുല്‍മേടുകളുടെ തുടക്കമാണ്. ഇവയോട് ചേര്‍ന്നാണ് കാടിന്റെ മക്കളുടെ കുടിലുകള്‍. ഈറയും മുളന്തണ്ടുകളും കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലുകള്‍. മുളയരി കഞ്ഞിയും മുളകു ചുട്ട ചമ്മന്തിയും. വൈകുന്നേരങ്ങളില്‍ മുളയരി പൊടിച്ചുണ്ടാക്കിയ പലഹാരം. കാടിന്റെ മനസ്സറിഞ്ഞ് ജീവിക്കുന്നവര്‍. മനസ്സില്‍ നേരുമാത്രമുള്ളവര്‍.

ഇവരെ ആര്‍ക്കാണ് നാടിന്റെ മക്കളാക്കേണ്ടത്? നാടിന്റെ തിന്മയും മത്സരവും ആര്‍ക്കാണ് ഇവരില്‍ നിറയ്ക്കേണ്ടത്. കാട് നല്‍കുന്ന അഭയം, സുരക്ഷിതത്വം ഇതെല്ലാം നിങ്ങളവര്‍ക്കു നല്‍കുമോ?
സഞ്ചരിക്കാന്‍ ശീതളിമയാര്‍ന്ന ഉള്‍ക്കാടുകള്‍ ഇവിടില്ല. മുളങ്കുറ്റികളില്‍ നിറച്ച ധാന്യമില്ല. സര്‍വ്വരും ഒന്നുപോലെ ആഘോഷിക്കുന്ന ആചാരങ്ങളോ ആഘോഷങ്ങളോ ഇല്ല.  ഇവിടെ നിങ്ങള്‍ക്കായ് ആരും ഒന്നും കരുതി വച്ചിട്ടില്ല. നാട് ഒരിയ്ക്കല്‍മാത്രം പൂത്ത് പട്ടു പോകുന്ന മുളങ്കാടുകളാണ്. അവിടം പിന്നീട് തരിശു നിലമാകും. ഇത് തിരിച്ചറിവുകളുടെ കാലമാണ്. ഇതിന്റെ അവസാനം ലോകം നിങ്ങളിലേയ്ക്കു വരും...

16 comments:

 1. എഴുത്ത് മനോഹരം,കഥ പറയുന്ന ചുറ്റുപാടുകളിലേക്ക് വായനക്കാരനെ എത്തിക്കുന്നതില്‍ എപ്പോഴും സരിജ വിജയിക്കുന്നു.അവസാനം വളരെ പെട്ടന്നായതു പോലെ തോന്നുന്നു.ഇടയ്ക്കൊക്കെ എഴുതുക ഭാവുകങ്ങള്‍.

  ഓ.ടോ

  പിന്നെ ഈ കലമ്പട്ടയില്ലേ, അതിന്റെയൊരു ഫോട്ടോ സംഘടിപ്പിച്ച് ബ്ലോഗിലിടാന്‍ പറയണം ശിവയോട്. :)

  ReplyDelete
 2. എന്നാലും ഒരു ഫോട്ടോ പോലും ഇല്ലല്ലൊ, ശിവയോട് പറഞ്ഞ ശരിയാക്കിയാൽ ഒന്നുകൂടി നന്നായിരിക്കും. എഴുത്ത് നന്നായി.

  ReplyDelete
 3. നന്ദി പെങ്കൊച്ചേ ..
  ഞാന്‍ കാട്ടി പോയിട്ടില്ല .. ഇനി പോവുവോ എന്നറിയില്ല ..
  ഇത് നല്ലൊരു അനുഭവം ആയി ... യീ വായന ,,
  കാടിന്റെ .. കാട് ഒരുക്കുന്ന കൂടാരത്തിലൂടെ ഉള്ള യാത്രക്ക് നന്ദി ...
  പെട്ടെന്ന് തീര്‍ന്നു പോയി ന്നൊരു ചിന്ന പരാതീം ...

  ReplyDelete
 4. മിനി .. എന്തിനാണ് ഫോട്ടോ ?
  കാട് , ഇരുട്ട് , കരിയിലകള്‍ , മുളങ്കാട്‌ .. ഇവയൊക്കെ വളരെ മനോഹരം ആയി എഴുത്ത് കാരി കാണിച്ചു തന്നില്ലേ

  ReplyDelete
 5. കാടിന്‍റെ സൌന്ദര്യം ഒപ്പിയെടുത്ത് വെച്ചത് പോലെ തോന്നുന്നു.
  Palakkattettan

  ReplyDelete
 6. കാടിന്‍റെ അനന്യ ചിത്രങ്ങള്‍ അതിഭാവുകത്വം ഏതുമില്ലാതെ എഴുതി വച്ചിരിക്കുന്നു സരിജ. കാനനക്കഴ്ച്ചകളുടെ "ട്രാന്‍സ്ക്രിപ്റ്റ്" - ഈ പോസ്റ്റിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാവും ശരി എന്ന് എനിക്ക് തോന്നുന്നു. കാട് കയറിയ അനുഭവങ്ങള്‍ എഴുതിയപ്പോള്‍ കാട് കയറാതിരിക്കാന്‍ സരിജ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. എന്തിനാ പോസ്റ്റ്‌ ഇത്ര ചുരുക്കി എഴുതിയത്??? "ഇരുന്നൂറു വാക്കില്‍ കവിയാതെ എഴുതണം" എന്ന് ആരെങ്കിലും നിര്‍ബന്ധം പറഞ്ഞിരുന്നോ? എന്തായാലും നല്ല പോസ്റ്റ്‌ - അഭിനന്ദനങ്ങള്‍.

  ReplyDelete
 7. ചേച്ചിപ്പെണ്ണ് പറഞ്ഞ പോലെ ചിത്രങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത മനോഹരമായ വിവരണം.. സരിജ.. ഒരിക്കല്‍ കൂടി നന്ദി. ഈ തിരിച്ചു വരവിന്.. ഇനി ഈ മഞ്ഞുകാലം ഒരിക്കലും വിട്ട് മാറാതിരിക്കട്ടെ എന്നാണ് ആഗ്രഹം.

  ReplyDelete
 8. എഴുതി കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു ....

  ReplyDelete
 9. നന്നായി എഴുതി

  ReplyDelete
 10. എന്ത് രസായിരിക്കും അവിടെ..!!

  ReplyDelete
 11. മുളങ്കാടുകള്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ടാവുമല്ലൊ? വര്‍ഷങ്ങള്‍ക്കു
  മുന്‍പ് അട്ടപ്പാടിയിലെ കാട്ടുവഴികളിലൂടെ വിയര്‍ത്തും കിതച്ചും വിയര്‍ത്തും കിതച്ചും
  നടക്കുമ്പോള്‍ ആ ഭാഷ അറിയാതെ പഠിച്ചു പോയി. മുളങ്കൂമ്പ് തിന്നാന്‍ വന്ന
  സഹ്യപുത്രന്മാരെ ചൂണ്ടിക്കണിച്ചു തന്നത് അവരായിരുന്നു, ഞങ്ങള്‍ക്കായി
  പൂക്കാതെ ഉറങ്ങാതെ കാത്തു നിന്നവര്‍...രചന നന്നായിട്ടുണ്ട്.

  ReplyDelete
 12. short and nice writing from a broad, beautiful mind, waiting for more posts......

  ReplyDelete
 13. മുളങ്കാടുകളിലൂടെ അരിച്ചു വന്ന കാറ്റ് ഒന്നെന്റെ മുഖത്തും കുളിരണിയിച്ചപോലെ...അതിമനോഹരമായി വിവരണം.
  satheeshharipad.blogspot.com

  ReplyDelete