Wednesday, February 10, 2010

മലമ്പുള്ളുകള്‍

ഗ്രാമത്തിനുമേല്‍ രാത്രിയുടെ കരിമ്പടം നിവര്‍ന്നു. ഒന്നും ചെയ്യാനില്ലാതെ ഞാന്‍ നിശബ്ദമായിരുന്നു. പിന്നെ ടെറസിലേയ്ക്കുള്ള പടികള്‍ കയറാന്‍ തുടങ്ങി. ഇവിടെ എന്റെ കാഴ്ചയുടെ ലോകം അങ്ങകലെ വയലുകള്‍ക്കരെ, കാടിന്റെ അതിര്‍ത്തി വരെ നീ‍ണ്ടു കിടന്നു. പകലുകളില്‍  വയലിന്റെ പച്ചക്കടലില്‍ നിന്നൊരു കാറ്റ് എന്നെ ചുറ്റിത്തിരിയാന്‍ തുടങ്ങും. ‍ അലയിളകും പോലെ വയലില്‍ ഞാറുലയും. കാട് കടന്നു വരുന്ന കാറ്റിന് പുല്ലിന്റെയും പൂക്കളുടെയും മണമാ‍യിരുന്നു.  പുതിയ ലോകങ്ങളില്‍‍ സ്വയം നഷ്ടപ്പെട്ടു ഞാന്‍ നില്‍ക്കും.

ഒരു കാറ്റായിരുന്നെങ്കില്‍... ഒരിക്കലും തിരിച്ചു വീശാത്ത, മുന്നോട്ടു മാത്രം സഞ്ചരിക്കുന്ന ഒരു കാറ്റ്. കാടുകള്‍ക്കും നദികള്‍ക്കും മീതെ ഞാന്‍ സഞ്ചരിക്കും. മരപ്പൊത്തുകളിലും കുന്നിന്മുകളിലെ ഗുഹകളിലും ഞാനുറങ്ങും. നഗരങ്ങളെ ഞാന്‍ വെറുക്കും. അവയില്‍ നിന്നു വഴിമാറി നടക്കും. വസന്തങ്ങള്‍ നൃത്തമാടുന്ന താഴ്വരകളില്‍ ഞാന്‍ വസിയ്ക്കും.  ചൂളംകുത്തുന്ന മഞ്ഞുകാറ്റായ് ശിശിരങ്ങളില്‍ ഞാന്‍ പറന്നു നടക്കും. വേനലില്‍, ഒരിയ്ക്കലും ഉറവു വറ്റാത്ത നദീ തടങ്ങളില്‍ ഞാന്‍ തണുപ്പു തേടും. മരങ്ങളോടും കിളികളോടും സംസാരിക്കും. വയലറ്റു പൂക്കളുതിര്‍ക്കുന്ന മണിമരുതുകളുടെ ചില്ലയിലിരുന്ന് ഞാന്‍ മഴ കാണും. മഴമേഘങ്ങളെ മരുഭൂ‍മികള്‍ക്കു മുകളില്‍ വച്ച് പിഴിഞ്ഞെടുക്കും. ശരത്കാലങ്ങളില്‍ അടര്‍ന്നു വീഴുന്ന ഇലകളോടൊപ്പം നൃത്തം ചെയ്യും. തളരുമ്പോള്‍ പൂ‍ത്തുകിടക്കുന്ന പുല്ലാന്തിക്കാടുകളില്‍ വിശ്രമിക്കും.

രാപ്പക്ഷികളുടെ ശബ്ദം എന്നെ കാറ്റല്ലാതാക്കി. ചിറകുകള്‍ തളര്‍ന്ന് ഞാനിതാ ഈ ടെറസ്സില്‍ ആകാശം നോക്കി കിടക്കുന്നു.  ആകാശത്ത് നക്ഷത്രങ്ങളുടെ എണ്ണം പെരുകുന്ന പോലെ.  ഒരു ചെറിയ തീ‍ഗോ‍ളം ആകാ‍ശത്തു കൂടി പാഞ്ഞു പോയി. കാതോര്‍ത്താല്‍ കാലങ്ങള്‍ക്കു പിന്നില്‍ നിന്ന് വല്യപ്പൂപ്പന്റെ ശബ്ദം കേള്‍ക്കാം. “അതേ ഒരു നക്ഷത്രം അടര്‍ന്നു വീണതാ. നോക്കിയിരുന്നൊ അത് താഴെ വന്നു വീഴും. രാ‍ത്രികളില്‍ നല്ല തിളങ്ങി കിടക്കും” വെള്ളത്താടിയ്ക്കും വെള്ളമുടിയ്ക്കും ഇടയില്‍ നിന്നൊരു  പൊട്ടിച്ചിരി മുഴങ്ങും. എത്രയോ രാത്രികള്‍ കണ്ണുമിഴിച്ച്  ആകാശം നോക്കിക്കിടന്നു, അടര്‍ന്നു വീഴുന്ന നക്ഷത്രത്തുണ്ടെടുക്കാന്‍.  ഇപ്പോള്‍ എനിക്കൊന്നു ചിരിക്കാന്‍ തോന്നുന്നു.

കാറ്റ് കയറാത്ത മുറി പോലെ കാ‍ട് നിശ്ചലമായിരുന്നു.എങ്ങും നിശബ്ദത. രാത്രിയേറെ വളര്‍ന്നിരിക്കുന്നു. അകലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും മലമ്പുള്ളിന്റെ കൂ‍വല്‍. കാടിനെ മുഴക്കി വയലു താണ്ടി ആ ശബ്ദം ഹൃദയത്തില്‍ ഭയമാ‍യി വന്നു വീ‍ണു. ഓരോ കൂ‍വലുകളും ഉച്ചത്തില്‍ നിന്നുച്ചത്തിലേയ്ക്ക് ഉയര്‍ന്നു കൊണ്ടിരുന്നു. കുട്ടിക്കാ‍ലത്തിന്റെ കുഞ്ഞുമനസ്സ് ഞെട്ടിയുണര്‍ന്നു. ചിറകിനടിച്ച് കാ‍ലുകള്‍ തളര്‍ത്തി പറന്നു പോകുന്ന പക്ഷി. പിടഞ്ഞെണീറ്റ് പടികള്‍ ഓടിയിറങ്ങുമ്പോള്‍ വീണ്ടും കാലങ്ങള്‍ക്കു പിന്നില്‍ നിന്ന് എനിക്ക് കാവല്‍ നില്‍ക്കുന്ന ശബ്ദം,“പേടിയ്ക്കണ്ട കുട്ടി, ഇത്തിരി ഉപ്പുകല്ല്ലെടുത്ത് അടുപ്പിലിട്ടാല്‍ മതി. പുള്ള് പറപറക്കും.“