Friday, December 5, 2008

കാട്‌ കത്തുന്ന മണം

അകലെ കാട്‌ കത്തുകയാണ്‌. നക്ഷത്രങ്ങളില്ലാത്ത ആകാശത്തേക്ക്‌ തീജ്വാലകളും തീപ്പൊരികളും ഉയര്‍ന്നു പൊങ്ങുന്നു. പകല്‍ വെളിച്ചത്തിലെ ഓര്‍മ്മയില്‍ നിന്നും ആ സ്ഥലം മനസ്സിലാക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നി. പിന്നെ ജനാലകളടയ്ക്കാതെ‍ ഞാനത് നോക്കി നിന്നു.

തീനാളങ്ങള്‍ മഞ്ഞയും ചുവപ്പും നിറത്തില്‍ ഒരു നേര്‍രേഖയില്‍ നൃത്തം ചെയ്യുന്നു. ഉള്‍ക്കാടുകളിലെ ഈ ഉയരങ്ങളില്‍ നിന്ന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്ന് ഞാനോര്‍ത്തു. കാട്‌ കത്തുന്ന മണം കാറ്റില്‍ പറന്നു വന്നു. നാളെ ആകാശം കറുത്ത പുക മേഘങ്ങള്‍ കൊണ്ട്‌ നിറയും. പിന്നെ പുകമണം നിറഞ്ഞൊരു മഴപെയ്യും. വേനലിലെ ആദ്യ മഴയിലെ ഇറവെള്ളം പോലെ ഈ മഴയ്ക്കും നിറ വിത്യാസമുണ്ടാകും. നിരത്തിവച്ച പാത്രങ്ങളില്‍ ഇറവെള്ളം പിടിച്ചു വയ്ക്കുന്ന എന്‍റെ ബാല്യം ഒരു നിമിഷം ഓടിപ്പാഞ്ഞെത്തും.

ഓര്‍മ്മകള്‍ക്കു മേല്‍ മറവിയുടെ പുതപ്പു വലിച്ചിട്ടു കിടന്നുറങ്ങാന്‍ ഞാനേറെ ആഗ്രഹിച്ചു. പക്ഷെ കാട്‌ കത്തുന്ന കാഴ്ച്ച എന്നെ പിടിച്ചു നിര്‍ത്തുന്നു. വീശിപ്പടരുന്ന കാറ്റില്‍ തീനാളങ്ങള്‍ നേര്‍രേഖയില്‍ നിന്ന് മാറി കത്താന്‍ തുടങ്ങി. ഒരര്‍ദ്ധ വൃത്തം ചമച്ച് കാട്ടുതീ അതിന്‍റെ നൃത്തം തുടര്‍ന്നു കൊണ്ടിരുന്നു.

തീജ്വാലകള്‍ മുന്നോട്ട് മുന്നോട്ട് പടരുകയാണ്. ഓര്‍മ്മകളില്‍ പുഴ തെളിഞ്ഞു. അതെ വൃക്ഷക്കൂട്ടങ്ങള്‍ക്കപ്പുറം പുല്‍മേടുകളും കുറ്റിക്കാടുകളുമാണ്. അതിനുമപ്പുറം പുഴ. പുല്‍മേടിനെ പകുത്തു കൊണ്ടൊഴുകുന്ന പുഴ കണ്ണെത്തുന്ന അവസാന കാഴ്ചയില്‍ ‍ തിരിഞ്ഞു മറയുന്നത്‌ പകല്‍ വെളിച്ചത്തില്‍ ഞാന്‍ കാണാറുണ്ട്‌. പുഴയോരം വരെ മാത്രമേ ഈ തീ പടരൂ. പിന്നെ അണയുകയേ നിവൃത്തിയുള്ളൂ. എന്തെന്നില്ലാത്ത ഒരാശ്വാസം എന്നില്‍ ഉറവെടുക്കുന്നത്‌ ഞാനറിഞ്ഞു.

കുറ്റിക്കാടുകളിലെ ഉണക്കമരങ്ങള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്നുണ്ട്. പച്ചിലകള്‍ ഞെരിഞ്ഞു കത്തുന്ന ശബ്ദത്തിനു വേണ്ടി പിന്നെയും ഞാന്‍ കാതോര്‍ത്തു. ‍ അതെ ഇലകളിലെ പച്ച ഞരമ്പുകളില്‍ തീ പിടിക്കുമ്പോള്‍ കടുകുമണികള്‍ പൊട്ടുന്ന പോലെ ശബ്ദം കേള്‍ക്കാം. ഒപ്പം പച്ചിലകള്‍ കത്തുന്ന കയ്പ്പ് നിറഞ്ഞ ഒരു ഗന്ധവും.

ഈ തീ അണഞ്ഞിട്ടെ ഇനിയെനിക്കുറങ്ങാനാവൂ. പുഴയിലെ തെളിഞ്ഞ വെള്ളത്തില്‍ തീനാളങ്ങള്‍ പാമ്പുകളെപ്പോല്‍ ഇഴയുന്നുണ്ടാവും.‍ ഒരായിരം കടുക് മണികള്‍ ഒരുമിച്ച് പൊട്ടിത്തെറിക്കുന്ന ശബ്ദം പിന്നെയും കേട്ട് കൊണ്ടിരുന്നു. മരങ്ങളില്‍ നിന്ന് അസ്വസ്ഥമായ ചിറകടികളോടെ വവ്വാലുകള്‍ പറന്നകലുകയും വീണ്ടുമവിടേക്കു തിരിച്ച് വരുന്നതും എനിക്ക് കാണാം. നാളെ മഴ പെയ്യുമ്പോള്‍ ഇവയെന്തു ചെയ്യും?

മഴക്കാല രാത്രികളില്‍ മരം പെയ്യുന്ന ശബ്ദം കേട്ട് നടക്കുമ്പോള്‍ വെളുത്ത കുഞ്ഞുപൂക്കള്‍ വിരിയുന്ന തണല്‍ മരങ്ങളില്‍ ചിറകിലെ നനവ് കുടഞ്ഞു കളയുന്ന വവ്വാലുകള്‍ സ്ഥിരം കാഴ്ച്ചകളിലൊന്നായിരുന്നു. മഴയില്‍ കുതിര്‍ന്ന് തിളങ്ങുന്ന വഴികളിലൂടെയുള്ള നടത്തം... കാലങ്ങള്‍ക്ക് പിന്നില്‍ നിന്ന് മലയിറങ്ങി വരുന്ന തണുത്ത കാറ്റിന് ഇലഞ്ഞിപ്പൂക്കളുടെ ഗന്ധമായിരുന്നു. മഴയില്‍ കുതിര്‍ന്ന ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം. അന്നെന്‍റെ പുസ്തകത്താളുകളില്‍ മയില്‍പ്പീലിക്കു പകരം ഇലഞ്ഞിപ്പൂക്കളായിരുന്നു. ആ വഴികളിലിന്നും തണലും സുഗന്ധവും ഇലഞ്ഞി മരങ്ങള്‍ തന്നെ. കാലത്തെ തിരിച്ചു പിടിക്കാനെന്ന വണ്ണം ഞാന്‍ കണ്ണുകളടച്ചു.

ഇപ്പോള്‍ കാട്‌ നിശബ്ദമാണ്‌. അത് കത്തിയമര്‍ന്നു കഴിഞ്ഞു. വീശിയടിക്കുന്ന കാറ്റില്‍ ചെറിയ തീ നാളങ്ങള്‍ അവിടിവിടെ ഉയരുന്നെങ്കിലും ഒന്നിനും പടരാന്‍ ശക്തിയില്ല. എനിക്ക്‌ ഉറങ്ങാന്‍ സമയമായിരിക്കുന്നു. നാളത്തെ പുകമണമുള്ള മഴയെ സ്വപ്നം കണ്ട് ഞാനുറങ്ങാന്‍ പോകുന്നു. കാട്ടുതീ അണഞ്ഞിരുന്നു. എന്നിട്ടും കാടിനെ കത്തിച്ച കനലുകള്‍ അണയാന്‍ മടിച്ച് തിളങ്ങിക്കൊണ്ടിരുന്നു.