Friday, May 8, 2009

യാത്ര

എപ്പോഴാണ് ഞാന്‍ യാത്ര തുടങ്ങിയത്?  നേര്‍ത്ത മൂടലിനപ്പുറം ഓര്‍മ്മകള്‍ കൈകാലിട്ടടിക്കുന്നു.  മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുന്ന പോലെ ഒരവസ്ഥ. തലയ്ക്കുള്ളില്‍ വല്ലത്തൊരു പെരുപ്പു തോന്നിത്തുടങ്ങിയിരിക്കുന്നു.  അടഞ്ഞിരിക്കുന്ന കണ്‍പോളകളെ പുറം കാഴ്ചയിലേക്കു വലിച്ചു തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. പിന്നെ നിശബ്ദമായി ഇരുള്‍ഗുഹകളിലൂടെ അലയാന്‍ തുടങ്ങി.

ഉറങ്ങാന്‍ ഞാനാഗ്രഹിച്ചിരുന്നില്ലയെങ്കിലും ഉറക്കത്തിനും ഉണര്‍വിനുമിടയിലെ വിളുമ്പില്‍ നിന്ന് ഉറക്കത്തിന്റെ അഗാധതകളിലേക്ക് ഞാന്‍ വീണു പോയി. ഉണരുമ്പോള്‍ പുറത്ത് മഴ പെയ്യുകയായിരുന്നു. മഴനൂലുകള്‍ക്കപ്പുറം പച്ചക്കറികള്‍ വിളയുന്ന വയലുകള്‍. വയലുകള്‍ താണ്ടിയെത്തിയ കാറ്റില്‍ മഴനൂലുകള്‍ ചെരിഞ്ഞു പതിക്കാന്‍ തുടങ്ങി. ആകാശം പിന്നെയും കറുത്തു വന്നു. പടിഞ്ഞാറ് നിന്ന് മഴമേഘങ്ങള്‍ പടക്കുതിരകളെപ്പോലെ പാഞ്ഞുവന്നു കൊണ്ടിരുന്നു. മനസ്സില്‍ ഉന്മാദം കലര്‍ന്നൊരു സന്തോഷം വന്നു നിറയുന്നത് ഞാനറിഞ്ഞു.

സമതലങ്ങളും മലഞ്ചെരിവുകളും കാഴ്ചയിലേക്ക് വന്നും പോയുമിരുന്നു. ചിലപ്പോഴെല്ലാം വെയില്‍ നിറഞ്ഞ ഭൂപ്രദേശങ്ങളും പൂപ്പാടങ്ങളും കാണാമായിരുന്നു. എപ്പോഴോ കുറെ മഞ്ഞശലഭങ്ങള്‍ എനിക്കു  കുറുകെ പറന്നു പോയി. അവര്‍ പോയ വഴിയിലുടനീളം മഞ്ഞനിറമുള്ള പൊടിയും പൊഴിഞ്ഞു വീ‍ണ ഏതാനും മഞ്ഞച്ചിറകുകളും കണ്ടു. അവര്‍ പോയ വഴിയെ പോകാന്‍ എനിക്കാഗ്രഹം തോന്നി. ഒരു പക്ഷെ ഞാനെത്തിപ്പെടുന്നത് ശലഭങ്ങളുടെ ലോകത്തായിരിക്കും. അനേകമനേകം ശലഭങ്ങള്‍ ഒരുമിച്ചു താമസിക്കുന്നയിടം. കുഞ്ഞുങ്ങളെ വഴി തെറ്റിച്ച് കൊണ്ടുപോകുന്ന ഭീകരന്‍ ശലഭവും അവിടെ ഉണ്ടാകും.  ഓര്‍മ്മയില്‍ ഒരു കുട്ടിക്കാലം തെളിഞ്ഞു തെളിഞ്ഞു വന്നു. ദീര്‍ഘമായി ഒന്നു ശ്വസിച്ച് ഞാന്‍ കണ്ണുകളടച്ചു. ഓര്‍മ്മകള്‍ ചില്ലുകുപ്പിയിലടച്ച പരല്‍മീനുകളെപ്പോല്‍ നെഞ്ചില്‍ പിടഞ്ഞു.

മിന്നലുകള്‍ ഭൂമിയിലേക്കു പാഞ്ഞിറങ്ങുന്നതും നോക്കി വെറുതേ ഞാനിരുന്നു. തീക്ഷണമായൊരു മിന്നലും കാതടപ്പിക്കുന്നൊരു മുഴക്കവും ഒരുമിച്ചായിരുന്നു. ഇടിയും മിന്നലും ഒരുമിച്ചു വന്നാല്‍ അപകടമാണെന്ന് അമ്മൂമ്മ പറയാറുള്ളത് ഞാനോര്‍ത്തു. പെട്ടെന്ന് ഒരു കരച്ചില്‍ കേട്ട പോലെ. അമ്മയുടെ ശബ്ദമാണോ അത്. നെഞ്ചിലൂടെ ഒരു വിറയല്‍ കടന്നു പോകുന്നത് ഞാനറിഞ്ഞു.

ഓടിയെത്തുമ്പോള്‍ അവിടെങ്ങും ആള്‍ക്കാര്‍കൂടിയിരിക്കുന്നു. അമ്മ എവിടെ? അവിടെല്ലാം ഞാന്‍ തിരഞ്ഞു. ഇവിടെ മഴയില്ലല്ലോ. തെളിഞ്ഞ ആകാശവും ശാന്തമായ കാറ്റും. പിന്നെ എങ്ങനെ ഇടിമുഴക്കം കേട്ടു? മിന്നലും കണ്ടതാണല്ലോ. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നതും നെഞ്ചിലൊരു കനം വന്നു നിറയുന്നതും ഞാനറിഞ്ഞു..

ഒരിക്കല്‍ക്കൂടി ഞാനാ കരച്ചില്‍  ശബ്ദം കേട്ടു. ഇത്തവണ അത്  അലമുറ തന്നെയായിരുന്നു. അതെ അത് അമ്മയുടെ ശബ്ദം തന്നെ.  ഒരു കാറ്റു പോലെ ഞാനകത്തേക്കു പാഞ്ഞു. എന്റെ മുറിയില്‍ അമ്മ വീണുകിടക്കുന്നു. ആരൊക്കെയോ ചേര്‍ന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.  “എന്റെ മോളെ...” കരഞ്ഞു കൊണ്ട് അമ്മ വീണ്ടും മുന്നോട്ട് കമഴ്ന്നു. നോക്കുമ്പോള്‍ അവിടെ വെള്ള പുതപ്പിച്ച്...... ആകാശം പിളര്‍ന്ന പോലൊരു  മിന്നല്‍ എന്റെയുള്ളിലും. ഇത് ഞാനല്ലെ?  അതെ പതിവു പോലെ ശാന്തമായി ഞാനുറങ്ങുന്നു. അലമുറകള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍ ഉണരാതെ....