Friday, August 22, 2008

നീ കാത്തിരിക്കുകയാണോ?

അഴികളില്ലാത്ത ജനാലയിലൂടെ ഇരുണ്ട് വരുന്ന ആകാശവും , ശീമക്കൊന്നയുടെ ഇലപറത്തുന്ന കാറ്റും കണ്ടിരിക്കുമ്പോള്‍‍ നിന്‍റെ ഓര്‍മ്മകള്‍ എന്നിലേക്കിറങ്ങി വന്നു. കണ്ണടച്ചാല്‍ മുന്നിലൊരു കടലിരമ്പത്തോടെ മഴയെത്തും. കനത്ത തുള്ളികളടര്‍ന്നു വീഴുന്ന ഇടവപ്പാതിയിലെ മഴ. ഈ മഴക്കാലങ്ങള്‍ നിന്‍റെ ഓര്‍മ്മകളെ ഒഴുക്കിക്കൊണ്ടു വരും, വീണ്ടുമെന്നെ വേദനിപ്പിക്കാന്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇങ്ങനെയൊരു മഴക്കാലത്താണ്‌ എന്‍റെ കുടക്കീഴില്‍ നിന്ന്‌ മരണത്തിന്‍റെ കൈകളിലേയ്ക്ക്‌ നീയോടിക്കയറിയത്‌. ഇപ്പൊഴും എന്‍റെ കയ്യില്‍ നിന്‍റെ രക്തത്തിന്‍റെ, നിന്‍റെ ജീവന്‍റെ, ചൂട്‌ എനിക്കു തിരിച്ചറിയാം. ഒരു മഴക്കാലത്തിനും കെടുത്താനാകാതെ എന്നെ പിന്തുടരുന്ന ചൂട്‌.

പ്രഭാതത്തിന്‍റെ കുളിരു മായാത്ത വഴിയില്‍ ഇനി ഞാനുമുണ്ടാകില്ല. നിന്‍റെ ഓര്‍മ്മകളില്‍ ചവിട്ടി നടക്കാന്‍ എനിക്കാകുന്നില്ല. ജനനത്തില്‍ ഒരുമിച്ചവര്‍ മരണത്തില്‍ വേര്‍പിരിയുന്നു.

നാമൊരുമിച്ച്‌ നടന്ന വഴിയോരങ്ങള്‍... ഇളവെയിലും കരിയിലയും വീണു കിടക്കുന്ന ആ പാതകളില്‍ നീയെന്നെ ഒറ്റയ്ക്കാക്കിയല്ലൊ? കടല്‍ത്തിരകള്‍ക്കു മുന്നില്‍ വീഴാതെ കൈകോര്‍ത്ത്‌ പിടിക്കാന്‍ നില്‍ക്കാതെ നീ പോയതെവിടേയ്ക്കാണ്‌. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ക്ക്‌ മുന്നില്‍ നിന്‍റെ ചിത്രം മാഞ്ഞു പോകുന്നു. എന്തെ നീ എന്നെ ഒപ്പം വിളിച്ചില്ല ?

ഇന്നും ആ ദിവസം ആ നിമിഷങ്ങള്‍ എന്‍റെ മനക്കണ്ണിലുണ്ട്‌. മഴയുടെ താഴെ ഒരു കുടക്കീഴില്‍ നമ്മള്‍ കാത്ത്‌ നിന്നത്‌. അത്‌ നിന്നെ തേടി വന്ന മരണത്തെയാണ്‌ എന്ന്‌ തിരിച്ചറിഞ്ഞിരുന്നെങ്കില്‍... ഒരു വിഷമം തൊണ്ടയിലിറുകിപ്പിടിക്കുന്നു. ചാറ്റല്‍ മഴയിലൂടെ നീ അപ്പുറം കടക്കുന്നത്‌, പിന്നെ ആകാശത്തേയ്ക്ക്‌ തെറിക്കുന്നത്. അവ്യക്തമായ കാഴ്ച്ചയിലൂടെ നീ താഴെ റോഡിലേയ്ക്ക്‌. ആരോ തല്ലിത്തകര്‍ക്കുന്നൊരു പൂങ്കുല പോലെ. വാരിയെടുത്ത്‌ എന്‍റെ നെഞ്ചോട്‌ ചേര്‍ത്തപ്പോഴും ഞാനറിഞ്ഞിരുന്നില്ല അതവസാനത്തെ പിടയലാണെന്ന്‌. എന്‍റെ കൈത്തണ്ടില്‍ ആഴ്ന്നിറങ്ങുന്ന നഖം പ്രാണനടര്‍ന്ന്‌ പോകുന്ന നിമിഷങ്ങളൂടെ വേദനയാണെന്ന്‌ ഞാനറിഞ്ഞില്ലല്ലൊ. നിന്‍റെ കണ്ണുകളില്‍ ജീവന്‍റെ യാചനയായിരുന്നൊ?. എന്തോ പറയാന്‍ നീ വല്ലാതെ പണിപ്പെട്ടിരുന്നു. പക്ഷെ പുറത്തു വന്നത്‌ രക്തത്തിന്‍റെ പുഴ മാത്രം. ഒരു പൂവ്‌ ഞെട്ടറ്റു വീഴുമ്പോലെ നീയവസാനിച്ചു. നീയില്ലാത്ത ഈ നിശബ്ദത എന്നെയും നിശബ്ദയാക്കുന്നു.

ഒരു കോശത്തില്‍ നിന്നു യാത്രയാരംഭിച്ച രണ്ടു ജീവനുകള്‍. ഒന്നിതാ മഴ പൊഴിയുന്ന ഈ പാതയില്‍ യാത്രയവസാനിപ്പിച്ചിരിക്കുന്നു. ഒത്തിരി യാത്രകളെ ബാക്കിവച്ച്‌, തുണ വന്ന ജീവനെ തനിച്ചാക്കി, നീ മറ്റൊരു ലോകം തേടി. അവിടെ ഞാനെത്താന്‍ നീ കാത്തിരിക്കുകയാണോ? ഇനിയും നമ്മുടെ യാത്രകള്‍ തുടരാന്‍...