Wednesday, August 31, 2011

മാഞ്ഞതും മറഞ്ഞതും പിന്നെ മായ്ചു കളഞ്ഞതും!

പടിഞ്ഞാറ് കുന്നിന്‍ മുകളില്‍ ചെന്തീക്കനല്‍ പോലെ സൂര്യന്‍ നിന്നു. കുന്നിറങ്ങി താഴേക്ക് ചെല്ലുംതോറും പ്രകാശം കുറഞ്ഞ് കുറഞ്ഞ് വന്നു. രണ്ടു കുന്നുകള്‍ക്കിടയിലൂടെ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെമ്മണ്‍ പാത പ്രകാശത്തിന്റെ അവസാന രേഖ പോലെ തെളിഞ്ഞു കിടന്നു.

വേനല്‍ക്കാലങ്ങളില്‍ നിവര്‍ത്തി വിരിച്ചൊരു നീലപ്പുതപ്പ് കണക്കെ കരിനീലപ്പൂക്കളുമായ് കണലികള്‍ കണ്ണെത്താദൂരം കുന്നിന്‍ ചെരിവുകളില്‍  പടര്‍ന്നു നിന്നിരുന്നു. താഴ്വരകളിലെ പാറമടകളില്‍ കല്ലടിക്കുന്നവര്‍ കണലിയുടെ കമ്പ് മുറിക്കാന്‍ കുന്നു കയറി വന്നു. മുക്കാലിഞ്ചും ഒന്നരയിഞ്ചും ചുറ്റികകള്‍ ഉറപ്പിക്കുന്നത് കനലില്‍ വാട്ടിയ കണലിക്കമ്പിലാണ്.  കരിങ്കല്ലുകളില്‍ ചുറ്റിക മുട്ടുന്ന താളം കുന്നുകളില്‍ തട്ടി പലതായ് പെരുകും. എല്ലാം മറഞ്ഞു പോയിരിക്കുന്നു. കരിങ്കല്ലിന്റെ താളം ഇന്ന് കൂറ്റന്‍ യന്ത്രങ്ങളുടെ ഇരമ്പലിന് വഴിമാറിയിരിക്കുന്നു. കരിങ്കല്ലുകളെ മുക്കാലിഞ്ചും ഒന്നരയിഞ്ചും  പൊടിയും ആക്കി മാറ്റുന്ന യന്ത്രത്തിന്റെ ഇരമ്പല്‍.  വേനല്‍ വെയിലില്‍ മെടഞ്ഞ ഓലയുടെ കീഴില്‍ കല്ലടിച്ചിരുന്നവര്‍ കാലത്തെ അടയാളപ്പെടുത്തുന്ന ഓര്‍മ്മ പോലും അല്ലാതായിരിക്കുന്നു.

മലകള്‍ക്കിടയിലൂടെ മഴക്കാലങ്ങളില്‍ ശബ്ദത്തോടെ ഒഴുകുന്ന അരുവി വരണ്ടു കിടക്കുന്നു.   അരുവിയുടെ ഉറവിടം തെളിനീരുറവയുള്ള  ഒരു ഓലിയില്‍ നിന്നായിരുന്നു. വന്മരങ്ങളും വള്ളിപ്പടര്‍പ്പുകളും കുറ്റിച്ചെടികളും ഓലിയെ മറച്ചു വച്ചിരുന്നു. അടിത്തട്ടിലെ മഞ്ഞ മണല്‍  കാണും വിധത്തില്‍ സ്ഫടികം പോലെ വെള്ളം തെളിഞ്ഞ് നിറഞ്ഞു കിടക്കും. ചുറ്റിനും ഉരുളന്‍ കല്ലുകള്‍ അതിരിട്ടിരിക്കുന്നു. ഓലിയുടെ ഉള്ളില്‍ കിഴക്കുവശത്തായി ഒരു കുഞ്ഞു കിണറുണ്ട്. ഉറവയുടെ ഉറവിടം ഒരാള്‍ താഴ്ചയുള്ള ഈ കിണറാണ്. നല്ല വേനലില്‍ ഈ ഉറവ വറ്റും വരെ ഓലി കവിഞ്ഞ് ഒരു കുഞ്ഞു വെള്ളച്ചാട്ടമായ് ഉരുളന്‍ കല്ലുകളില്‍ തട്ടിച്ചിതറി താഴേയ്ക്കൊഴുകി ഒറ്റയടിപ്പാതയ്ക്കു സമാന്തരമായ് ഒഴുകും. എല്ലാം മാഞ്ഞുപോയിരിക്കുന്നു. തെളിനീരുറവയുടെ ഓലി മണ്ണിനടിയിലേയ്ക്കെവിടെയോ മറഞ്ഞു പോയിരിക്കുന്നു.

ഇലകളുണങ്ങിയ മരോട്ടിമരം കുന്നിനു താഴെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് നിന്നു. മരോട്ടിയ്ക്കകള്‍ തല്ലിപ്പറിക്കുമ്പോള്‍ കീറിപ്പറിഞ്ഞു പറന്നു പാറിയ പച്ചയിലകള്‍ പോലെ എന്റെ ഓര്‍മ്മകള്‍ തുണ്ടു തുണ്ടായ് മുറിഞ്ഞ് പറന്നു പോയ്.


വയലറ്റു നിറമുള്ള കച്ചോലപ്പൂവിന്റെ ഗന്ധം, തേനിന്റെ മണവുമായ് പൂക്കുന്ന പെരുവലം, പറമ്പിന്റെ തെക്കേമൂലയിലെ രാമച്ചപ്പുല്ലിന്റെ കൂട്ടം. തെരുവക്കാടുകള്‍ക്കിടയില്‍ കൂടു വച്ചു മുട്ടയിട്ട കാട്ടുകോഴി, തേക്കിന്‍‌ തൈയുടെ ഇലകള്‍ ചുരുട്ടി ചകിരിയും പഞ്ഞിയും നിറച്ച്  കൂടുണ്ടാക്കിയ  ചുണ്ടങ്ങാപ്പക്ഷികള്‍...  ഇല്ല, ഇന്നിവിടെ മനോഹരമായതൊന്നും അവശേഷിക്കുന്നില്ല. കാറ്റില്‍ ഇലഞ്ഞിപ്പൂമണമില്ല. പനയില്‍ പടര്‍ന്നു കയറിയ ഇഞ്ചവള്ളിയില്ല. കല്ലുവെട്ടാം‌മടയില്‍ കൂടുവച്ച പൊന്മാനില്ല. പാഴ്മരങ്ങളില്‍ മരംകൊത്തി തീര്‍ത്ത കൂട്ടില്‍ താമസിക്കുന്ന പച്ചിലക്കുടുക്കളില്ല. ഞാന്‍ കണ്ടുവളര്‍ന്ന കളിച്ചു വളര്‍ന്ന എന്റെ ലോകം എവിടെയൊ മാഞ്ഞു പോയിരിക്കുന്നു. 

എങ്ങനെയാണ് ഇവയെല്ലാം മാഞ്ഞുപോയത്? എങ്ങോട്ടാണ് ഇവയെല്ലാം മറഞ്ഞു പോയത്? എന്തിനാണ് ഞാന്‍ മാത്രം അവശേഷിക്കുന്നത്?എന്റെ ഓര്‍മ്മകളെ എനിക്കീ മണ്ണില്‍ വീണ്ടും സൃഷ്ടിക്കാനാകുമൊ? സുന്ദരമായ ആ കാലത്തെ തിരികെ കൊണ്ടുവരാന്‍ എനിക്കാവുമൊ?