Sunday, June 22, 2008

അവസാനമായി നിന്നോടു പറയാന്‍


ജീവിതത്തിന്‍റെ പടവുകളില്‍ ഞാന്‍ കിതച്ചു തുടങ്ങിയിരിക്കുന്നു. ഇനിയേറെ ദൂരമില്ല എന്നറിയുമ്പോള്‍ വീണ്ടും അടുത്ത പടവിലേക്ക്‌.... പിന്നിട്ട വഴികള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു, തനിയെ ഈ ദൂരമത്രയും....


എനിക്കൊപ്പം നീയെപ്പോഴാണ്‌ നടന്നു തുടങ്ങിയത്‌? നിന്‍റെ ഹൃദയത്തോട്‌ നീയെന്നെ ചേര്‍ത്തു നിര്‍ത്തിയതെപ്പോഴാണ്‌?
നേടലിനും നഷ്ടപ്പെടലിനും ഇടയില്‍ ഞാന്‍ വീണു പിടഞ്ഞ നിമിഷങ്ങള്‍...
മൂടലില്‍ വിളര്‍ത്ത ചന്ദ്രപ്രകാശം ഒറ്റയടിപ്പാതകളില്‍ പരക്കുന്നു. എന്‍റെ വന്യമായ ഏകാന്തയിലേയ്ക്ക്‌ , ഘനീഭവിച്ചുറഞ്ഞ വിഷാദങ്ങളിലേക്ക്‌ എന്തിനു നീ ഇറങ്ങി വന്നു? ഒരു കരച്ചില്‍ ഹൃദയത്തോളമെത്തി നിശബ്ദമാകുന്നു.


നീയറിയുക, എന്‍റെ ആയുസ്സിന്‍റെ പുസ്തകത്തിനു താളുകള്‍ കുറവാണ്‌. താളുകളേറെയും മറിഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്‍റെ വഴികളില്‍ ആഗ്രഹങ്ങള്‍ കുറവായിരുന്നത്‌ കൊണ്ടാവാം നിരാശകളും കുറവായിരുന്നു . ഈ അവസാന താളുകള്‍ കണ്ണീരില്‍ കഴുകിയെടുക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. നിരാശകളില്ലാതെ ഞാനെന്‍റെ ജീവന്‍റെ പുസ്തകം വായിച്ചു തീര്‍ക്കട്ടെ , ഞാനെന്‍റെ വഴികള്‍ നടന്നു തീര്‍ക്കട്ടെ.


നാമൊരുമിച്ച്‌ യാത്ര തുടങ്ങിയാല്‍ പാതി വഴിയില്‍ നീ തനിച്ചാകും. നീയില്ലാത്ത ലോകത്ത്‌ ഞാനും തനിച്ചാകും. നിന്നെ സ്നേഹിച്ചു തീരാത്ത എന്‍റെ ആത്മാവ്‌ വീണ്ടുമൊരു ജന്‍മത്തിനായ്‌ ദാഹിക്കും. ജന്‍മജന്‍മങ്ങളില്‍ നിന്നൊരു മോചനമെന്ന എന്‍റെ സ്വപ്നം വീണുടയും.

നിനക്കിനിയും ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. എന്‍റെ ഓര്‍മ്മകളെ ഈ വഴിവക്കില്‍ കുടഞ്ഞു കളയുക. നീ നിന്‍റെ യാത്ര തുടരുക.
ഇതുവരെ കാണാത്ത നമ്മള്‍ ഇനിയൊരിക്കലും കാണാതിരിക്കട്ടെ...
അവസാനമായി നിന്നോടു പറയാന്‍ ഞാന്‍ നെരൂദയുടെ വാക്കുകള്‍ കടമെടുക്കുന്നു.

"എന്നെ ഇനി ഒറ്റയ്ക്ക്‌ വിടൂ
ഞാനില്ലാതെ കഴിയാന്‍ പഠിക്കൂ
ഞാന്‍ കണ്ണടയ്ക്കാന്‍ പോകയാണ്‌.
എനിക്കു അഞ്ചു കാര്യങ്ങള്‍ മതി.
അഞ്ചു പ്രീയപ്പെട്ട വേരുകള്‍...
ഒന്ന്‌, അവസാനമില്ലാത്ത സ്നേഹം.
രണ്ട്‌, കാണാനൊരു ശരത്ക്കാലം;
ഇലകള്‍ പാറി മണ്ണില്‍ വീഴുന്നില്ലെങ്കില്‍
എനിക്കു നിലനില്‍ക്കാനാവില്ല.
മൂന്നാമത്തേത്‌, ഗംഭീരമായ ഹേമന്തം;
എനിക്കു പ്രീയപ്പെട്ട മഴ,
വന്യമായ തണുപ്പില്‍ അഗ്നിയുടെ മൃദുസ്പര്‍ശം.
നാലാമത്‌, തണ്ണിമത്തന്‍ പോലെ
കൊഴുത്തു സുന്ദരമായ ഗ്രീഷ്മകാലം.
അഞ്ചാമതായി...... നിന്‍റെ കണ്ണുകള്‍. "

27 comments:

  1. ഈ രാത്രിയില്‍ ഞാന്‍
    ദുഖപൂരിതമായ
    വരികള്‍ എഴുതുന്നില്ല...

    ReplyDelete
  2. നല്ല വരികള്‍,നന്നായിരിക്കുന്നു...

    ReplyDelete
  3. “നാമൊരുമിച്ച്‌ യാത്ര തുടങ്ങിയാല്‍ പാതി വഴിയില്‍ നീ തനിച്ചാകും. നീയില്ലാത്ത ലോകത്ത്‌ ഞാനും തനിച്ചാകും.”

    മനോഹരമായ എഴുത്ത്... ഒപ്പം നെരൂദയുടെ വരികളും...
    :)

    ReplyDelete
  4. കൊള്ളാം വ്യസനത്തിന്റെ ഒരു നനവു കിനിയുന്നുണ്ടല്ലോ എഴുത്തില്‍

    "എനിക്കു അഞ്ചു കാര്യങ്ങള്‍ മതി.
    ......................."

    "ഒന്ന്‌, അവസാനമില്ലാത്ത സ്നേഹം."

    ബാക്കി നാലുചോദ്യത്തിന്റെ പ്രസക്തി ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരത്തിനെ ആശ്രയിച്ചിരിക്കുന്നു.
    അതു ലഭിക്കുമെങ്കില്‍ ബാക്കിയെല്ലാം അതിന്റെ ഉപോല്പകത മാത്രം.
    അഥവാ അതു ലഭിക്കാതെ മറ്റെല്ലാം ലഭിച്ചാല്‍ അതെല്ലാം ജലമില്ലാത്ത ഭൂഗോളത്തിലെ ഋതുക്കള്‍ എന്നു സങ്കല്പ്പിക്കുമ്പോലെ ഭ്രാന്തമായ വ്യര്‍‍ത്ഥം.

    ReplyDelete
  5. വായിച്ചു സങ്കടായല്ലൊ....

    ReplyDelete
  6. “കാത്തുവക്കീ മടിത്തട്ടെനിക്കന്ത്യ
    യാത്രയ്ക്കുവേണ്ടി” നാം തമ്മില്‍ പറഞ്ഞതും
    ‘കൊണ്ടുപോകെന്നെ മഴശമിക്കാ ചിറാ-
    പുഞ്ചിയിലേക്കതിശൈത്യം തപം ചെയ്യും
    കശ്മീര മണ്ണിലേക്കായിരം ദീപങ്ങള്‍........


    പണ്ടെങ്ങോ എഴുതിയ വരികള്‍ വീണ്ടും ഓര്‍മ്മവന്നു..

    പിന്നെ പൊഴിഞ്ഞു വീഴുന്ന കാര്യം.. അതെക്കുറിച്ചോര്‍ത്തു വിഷമിക്കാതെന്നെ..

    ‘വീഴുവാനല്ലേ വിരിഞ്ഞതീപ്പൂവുകള്‍..”

    ReplyDelete
  7. നെരൂദയുടെ "ഈരാത്രി"
    എന്ന കവിതയുടെ ആദ്യവരികള്‍
    ഞാനൊന്നു മാറ്റിനോക്കിയതാണു
    [നെരൂദ ക്ഷമിക്കട്ടെ]....

    ReplyDelete
  8. മനസിനെ പിടിച്ചു നിറുത്തുന്ന നല്ല എഴുത്ത്

    ReplyDelete
  9. നെരൂദയുടെ വാക്കുകള്‍ കടമെടുക്കേണ്ടതില്ലായിരുന്നു....അല്ലാതെ തന്നെ ഈ യാത്രാമൊഴി സുന്ദരമായിരിക്കുന്നു...എത്ര സുന്ദരമായി വാക്കുകള്‍ അടുക്കിവച്ചിരിക്കുന്നു...ഇനിയും ഏറെ സഞ്ചരിക്കുക...എല്ലാ ആശംസകളും...കൂടെ ഒരുപാടുപേരുണ്ട്....സ്നേഹിക്കാനും വഴക്കുപറയാനും...ഒക്കെ...

    ReplyDelete
  10. ""നാമൊരുമിച്ച്‌ യാത്ര തുടങ്ങിയാല്‍ പാതി വഴിയില്‍ നീ തനിച്ചാകും. നീയില്ലാത്ത ലോകത്ത്‌ ഞാനും തനിച്ചാകും. നിന്നെ സ്നേഹിച്ചു തീരാത്ത എന്‍റെ ആത്മാവ്‌ വീണ്ടുമൊരു ജന്‍മത്തിനായ്‌ ദാഹിക്കും. ജന്‍മജന്‍മങ്ങളില്‍ നിന്നൊരു മോചനമെന്ന എന്‍റെ സ്വപ്നം വീണുടയും. ""

    സുന്ദരമായ വാക്കുകളുടെ തട്ടുകള്‍...

    എനിക്കിഷ്ടപ്പെട്ടു... ഒരിറ്റു കണ്ണുനീര്‍ വന്നു...

    ആശംസകള്‍...

    ReplyDelete
  11. നിരാശകളില്ലാതെ ഞാനെന്‍റെ ജീവന്‍റെ പുസ്തകം വായിച്ചു തീര്‍ക്കട്ടെ , ഞാനെന്‍റെ വഴികള്‍ നടന്നു തീര്‍ക്കട്ടെ...

    വാക്കുകളുടെ ഒഴുക്ക് അതിമനോഹരമായിരിക്കുന്നു..

    ReplyDelete
  12. നല്ല വരികള്‍
    എവിടയോ ഒരു നൊമ്പരം , അതു മിഴികളില്‍ക്കൂടി പുറത്തുവന്നുവൊ?
    വളരെ നന്നായിരുന്നു
    ആശംസകള്‍

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. Hi Sarija!

    Nowadays, more and more people are coming forward to post their ideas going inside their mind. It is really a very good thing, to bring out the thoughts to the world. Who knows, this may be very much useful for someoneelse.
    You make a Really Good Work .
    You have got a very analytical approach on your poem.
    Good imagination.
    Keep it up.
    Keep Going.
    All the Best .

    ReplyDelete
  15. avasanamillatha sneham kothikkunoral engane vida paranju pogum

    engane kazhiyum iniyum jenmamedukathirikkan

    engilum marikkan asichu kidakkunnavante nechthoru kadara kuthiyirakkunnoru sugham, feelings...

    goood word power, nalla adukkum chittayum, nalla bavanakal

    mothathil chitram film kandoo kazhinjappol ullla feelings(kurachu koodi poyoo avooo, ennalum vendillla)

    ReplyDelete
  16. Sarija rocks..Good going dear...Nice lines...Pakshe avasanathe kanninte kaaryam mathram manasilayilla :)...Expecting more from you which touches hearts...

    ReplyDelete
  17. എനിക്കൊപ്പം നീയെപ്പോഴാണ്‌ നടന്നു തുടങ്ങിയത്‌? നിന്‍റെ ഹൃദയത്തോട്‌ നീയെന്നെ ചേര്‍ത്തു നിര്‍ത്തിയതെപ്പോഴാണ്‌?
    നീയറിയുക, എന്‍റെ ആയുസ്സിന്‍റെ പുസ്തകത്തിനു താളുകള്‍ കുറവാണ്‌. താളുകളേറെയും മറിഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്‍റെ വഴികളില്‍ ആഗ്രഹങ്ങള്‍ കുറവായിരുന്നത്‌ കൊണ്ടാവാം നിരാശകളും കുറവായിരുന്നു . ഈ അവസാന താളുകള്‍ കണ്ണീരില്‍ കഴുകിയെടുക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. നിരാശകളില്ലാതെ ഞാനെന്‍റെ ജീവന്‍റെ പുസ്തകം വായിച്ചു തീര്‍ക്കട്ടെ , ഞാനെന്‍റെ വഴികള്‍ നടന്നു തീര്‍ക്കട്ടെ.നിനക്കിനിയും ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. എന്‍റെ ഓര്‍മ്മകളെ ഈ വഴിവക്കില്‍ കുടഞ്ഞു കളയുക. നീ നിന്‍റെ യാത്ര തുടരുക. ഇതുവരെ കാണാത്ത നമ്മള്‍ ഇനിയൊരിക്കലും കാണാതിരിക്കട്ടെ...

    ഒരുപാട് വരികള്‍ക്കിടയില്‍ എന്റെ മനസില്‍ തട്ടിയ വരികള്‍. എന്നെ ഏറേ വേദനിപ്പിച്ച വരികള്‍. അറിയില്ല എന്താ ഈ വരികളില്‍ ഞാന്‍ കണ്ടതെന്ന്...

    ReplyDelete
  18. നന്നായിരിക്കുന്നു എന്ന ഔപചാരികത പറയുന്നില്ല.

    മനസ്സിനെ നിശ്ബ്ദമാക്കാന്‍ ഈ വരികള്‍ക്കു കഴിയുന്നു.അത്യന്തം തീഷ്ണത പകരുന്ന ഈ വാക്കുകള്‍ക്ക്, ഹൃദ്യമായൊരു വായനാനുഭവത്തിന് നന്ദി പറയാതെ വയ്യ.

    ‘ഇതുവരെ കാണാത്ത നമ്മള്‍ ഇനിയൊരിക്കലും കാണാതിരിക്കട്ടെ...‘

    ReplyDelete
  19. “നാമൊരുമിച്ച്‌ യാത്ര തുടങ്ങിയാല്‍ പാതി വഴിയില്‍ നീ തനിച്ചാകും. നീയില്ലാത്ത ലോകത്ത്‌ ഞാനും തനിച്ചാകും.”
    നന്നായിട്ടുണ്ട് ഇഷ്ടാ ഒരുപാട് പറയാന്‍ കൊതിച്ച വാക്കുകളാണിവ..അറിയാതെ മനസ്സ് തേങ്ങുന്നു. വിരഹത്തിന്റെ അഗ്നിയാവാം കാരണം വേര്‍പാടിന്റെ വേദനിപ്പിക്കുന്ന ഓര്‍മകള്‍ ഉതിര്‍ക്കുന്ന എന്റെ ഗന്ധംനിനക്കത് സ്വീകരിക്കാനാകുമൊ..?എന്തിനു നീ...നനവാര്‍ന്ന ഈ കണ്ണുനീരിനെ ആര്‍ദ്രമാം പീലികളായിമാറി തടഞ്ഞുവെച്ചൂ..?
    ഓര്‍മകള്‍ക്ക് സുഖമുള്ള നോവിന്റെ മാധുര്യം.

    ReplyDelete
  20. ഒന്നു ശ്രദ്ധിക്കൂ ഈ വരികള്‍:
    "ജീവിതത്തിന്റെ പടവുകളില് ഞാന് കിതച്ചു തുടങ്ങിയിരിക്കുന്നു.
    എനിക്കൊപ്പം നീയെപ്പോഴാണ് നടന്നു തുടങ്ങിയത്?
    നാമൊരുമിച്ച് യാത്ര തുടങ്ങിയാല് പാതി വഴിയില് നീ തനിച്ചാകും. നീയില്ലാത്ത ലോകത്ത് ഞാനും തനിച്ചാകും"
    ഒരുമിച്ചല്ലല്ലോ യാത്ര തുടങ്ങിയത്.
    പാതി വഴിയില്‍ അല്ലേ കണ്ടു മുട്ടിയത്.
    പാതി വഴിയില്‍ അല്ലേ പിരിയുന്നത്.
    അതുവരെ നെരൂദയുടെ വരികള്‍ നമ്മള്‍ക്ക് മറക്കാം.
    നന്നായിട്ടുണ്ട്.

    ReplyDelete
  21. കൊള്ളാം നന്നായി :)

    ReplyDelete
  22. നല്ല എഴുത്ത്.

    ReplyDelete
  23. നാമൊരുമിച്ച്‌ യാത്ര തുടങ്ങിയാല്‍ പാതി വഴിയില്‍ നീ തനിച്ചാകും. നീയില്ലാത്ത ലോകത്ത്‌ ഞാനും തനിച്ചാകും. നിന്നെ സ്നേഹിച്ചു തീരാത്ത എന്‍റെ ആത്മാവ്‌ വീണ്ടുമൊരു ജന്‍മത്തിനായ്‌ ദാഹിക്കും. ജന്‍മജന്‍മങ്ങളില്‍ നിന്നൊരു മോചനമെന്ന എന്‍റെ സ്വപ്നം വീണുടയും.
    നിനക്കിനിയും ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. എന്‍റെ ഓര്‍മ്മകളെ ഈ വഴിവക്കില്‍ കുടഞ്ഞു കളയുക. നീ നിന്‍റെ യാത്ര തുടരുക
    മനസിനെ വല്ലതെ സ്പർഷിക്കുന്ന വരികൽ.എവിടെയൊ ഒരു നൊമ്പരം.

    ReplyDelete
  24. നാമൊരുമിച്ച്‌ യാത്ര തുടങ്ങിയാല്‍ പാതി വഴിയില്‍ നീ തനിച്ചാകും. നീയില്ലാത്ത ലോകത്ത്‌ ഞാനും തനിച്ചാകും. നിന്നെ സ്നേഹിച്ചു തീരാത്ത എന്‍റെ ആത്മാവ്‌ വീണ്ടുമൊരു ജന്‍മത്തിനായ്‌ ദാഹിക്കും. ജന്‍മജന്‍മങ്ങളില്‍ നിന്നൊരു മോചനമെന്ന എന്‍റെ സ്വപ്നം വീണുടയും.
    നിനക്കിനിയും ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. എന്‍റെ ഓര്‍മ്മകളെ ഈ വഴിവക്കില്‍ കുടഞ്ഞു കളയുക. നീ നിന്‍റെ യാത്ര തുടരുക
    മനസിനെ വല്ലതെ സ്പർഷിക്കുന്ന വരികൽ.എവിടെയൊ ഒരു നൊമ്പരം.

    ReplyDelete
  25. സരിജേ..
    തനിക്കൊരു കമന്റ് എഴുതണമെന്ന് കുറച്ചു ദിവസമായി കരുതുന്നു,അതിനായി ഒരു പുതപ്പുപോലുമില്ലാതെ ഞാന്‍ ഈ മഞ്ഞുകാലത്ത് അലഞ്ഞു നടന്നു.ഒടുക്കം ഇവിടെയെത്തി.
    ഈ പോസ്റ്റിലെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കണമെന്ന് ശ്രമിച്ചുനോക്കി;കഴിയുന്നില്ല.എന്റെ കഴിവുകേടിനെ സ്വയം ശപിക്കുന്നു.
    നിനക്കിനിയും ഏറെ യാത്രചെയ്യേണ്ടിയിരിക്കുന്നു..ഈ സത്യം ഒരു കുറിമാനാനമായി നിന്നിലലിയട്ടെ..
    പിന്നെ വേരുകള്‍;അതെപ്പോഴും മണ്ണിനടിയിലാ,ആരും കാണുകയില്ല.എന്നാല്‍ നമ്മുടെ ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ക്കിടയില്‍ തന്നെ പിടിച്ചുനിര്‍ത്തുന്നത് ആ വേരുകളായിരിക്കും.ഇതില്‍ ഒരു വേര് ഞാനാകാം തീര്‍ച്ച. അതേതു വേരാകണമെന്നത് എനിക്കു വിടുക..
    ഇനിയും എഴുതുക,മനസു നിര്‍മ്മലമാക്കിയെഴുതുക.വേരുകളാകാന്‍ ഒരു പാട് പേര്‍ ഇനിയുമെത്തും...

    ReplyDelete