Monday, February 2, 2009

അവന്‍ പറയുന്നത്

വെയിലുരുകുന്ന വേനലിലെ ഒരു ദിവസം... ദൈവം എന്‍റെ ചിറകുകള്‍ അരിഞ്ഞു വീഴ്ത്തി. ആകാശത്തിന്‍റെ ഉയരങ്ങളില്‍ നിന്ന്‌ ചോരയിറ്റു വീഴുന്ന മുറിപ്പാടുകളുമായ്‌ ഞാന്‍ താഴേക്ക്‌ പതിച്ചു. നരക യാതനകളുടെ വരണ്ടു കിടക്കുന്ന ഭൂമിയിലേക്ക്‌ ശബ്ദമില്ലാത്ത ഒരു നിലവിളിയോടെ ഞാന്‍ വന്നു വീണു.  ദൈവം നിസംഗതയോടെ അത് നോക്കി നിന്നു.  

അകലെ ആകാശം പിന്നെയും എന്നെ മോഹിപ്പിക്കുന്നു. എന്‍റെ ജന്‍മം മുഴുവന്‍ ഞാന്‍ പാറി നടന്നയിടം.  ആ ആകാശത്തു നിന്നാണ്‌ ദൈവം എന്നെ അടര്‍ത്തി മാറ്റിയത്‌. ഇനിയൊരിക്കലും പറന്നുയരാനാവാത്ത വിധം എന്‍റെ ചിറകുകള്‍ അരിഞ്ഞു കളഞ്ഞത്‌. ആകാശം ഇനിയെനിക്ക് അന്യമാണ്‌. കഠിന വേദനയുടെ ചീളുകള്‍ ഹൃദയത്തിലേക്കു തറച്ചുകയറിക്കൊണ്ടിരുന്നു. 

കണ്ണുതുറന്നത് ശ്വാസം മുട്ടിക്കുന്ന പൊടിക്കാറ്റിന്‍റെ ഭീകരതയിലേക്കായിരുന്നു. അകലെ ശരത്കാല ആകാശം ശൂന്യമായ് കിടന്നു.   മരണത്തിന്‍റെ തണുത്ത കൈകളിലേക്കു പോ‍കും മുന്‍പെ ദൈവത്തോട് ചോദിക്കാന്‍ ചില ചോദ്യങ്ങള്‍  ഞാന്‍ ബാക്കിവച്ചിരുന്നു. പൊടിക്കാറ്റു പറക്കുന്ന ഭൂമിയിലേക്ക്, ശൂന്യമായ ആകാ‍ശത്തേക്ക് ഞാനാ ചോദ്യങ്ങളെ അഴിച്ചു വിട്ടു.

എനിക്കൊരു ജന്‍മം തരാന്‍ ഞാന്‍ എന്നെങ്കിലും നിന്നോട് ആവശ്യപ്പെട്ടിരുന്നൊ? നിന്‍റെ സൃഷ്ടികളിലൊന്ന്‌ പാളിപ്പോയെങ്കില്‍ അത്‌ നീയറിയാതെയെന്നോ? കുശവന്‍റെ കയ്യിലെ കളിമണ്ണ്‌ പോലെയായിരുന്നില്ലെ നിനക്ക്‌ ഞാന്‍?  എനിക്കു തെറ്റിയെങ്കില്‍ അത്‌ നിനക്കാണ്‌ തെറ്റിയതെന്ന്‌ എന്തുകൊണ്ട്‌ നീ മനസ്സിലാക്കുന്നില്ല?    അനാദിയായ കാലം തൊട്ട്‌ നീ നടത്തി വന്ന വിനോദത്തിന്‍റെ ബാക്കിപത്രങ്ങളാണ്‌ ഇപ്പോഴും ഇവിടെ അവതരിക്കുന്നത്‌. ജനിപ്പിച്ചാല്‍ മാത്രം പോരാ നോക്കി വളര്‍ത്താനും കഴിയണമായിരുന്നു. ലോകനന്‍മയെന്നും മുജ്ജന്‍മ ഫലമെന്നും പേരുവിളിച്ച് സ്വന്തം സൃഷ്ടിയോട് ഇത്രമാത്രം ക്രൂരത കാണിക്കാന്‍ നിനക്കേ പറ്റൂ, നിനക്ക് മാത്രമെ പറ്റൂ. ഉറങ്ങാന്‍ കഴിയാത്ത ഓരോ രാവുകളിലും, അശാന്തിയുടെ ഓരോ നിമിഷങ്ങളിലും ഞാന്‍ നിന്നോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ആ ചോദ്യങ്ങള്‍ ഉലയിലൂ‍തിപ്പഴുപ്പിച്ച വാള്‍മുനകളായി നിന്‍റെ നെഞ്ചില്‍ തറച്ചു കയറണം. നിനക്കും മുറിവിന്‍റെ വേദനയും പൊള്ളലും മനസ്സിലാകണം. നിന്‍റെയും രാത്രികള്‍ ഉറക്കമില്ലാത്തവയാ‍കണം.  

ബോധമണ്ഡലങ്ങളില്‍ ഇരുള്‍ നിറയുവോളം ഞാനെന്‍റെ ചോദ്യങ്ങളാവര്‍ത്തിച്ചു കൊണ്ടിരുന്നു.  ശൂന്യമായ ആകാശത്ത് കാര്‍മേഘങ്ങള്‍ വന്നു നിറഞ്ഞു. ബോധത്തിന്‍റെ അവസാന കണികയും ചോര്‍ന്നു പോകും മുന്‍പ് മഴ പൊടിക്കാറ്റിനെ തല്ലിക്കെടുത്തുന്നത് എനിക്കു കാണാമായിരുന്നു. മഴയുടെ തണുത്ത മടിത്തട്ടില്‍ ഞാന്‍ വീണുറങ്ങി. 

അവന്‍റെ ശബ്ദമാണ് എന്നെ ആ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത് .  ‍അവന്‍ പറയുന്നു ചിറകുകളില്ലാത്ത എന്നെയാണ്‌ ഇഷ്ടമെന്ന്‌. എന്‍റെ വഴികളില്‍ വസന്തം വരുമെന്നും താഴ്‌വരകള്‍ തളിരണിയുമെന്നും ഉണങ്ങിപ്പോയെന്നു കരുതിയ  വൃക്ഷങ്ങള്‍ പൂമരങ്ങളാകുമെന്നും അവന്‍ പറയുന്നു. ആ വഴികളിലൂടെ നാമൊരുമിച്ച്‌ നടക്കുമെന്നും ദു:ഖങ്ങളെല്ലാം ഞാന്‍ മറക്കുമെന്നും അവന്‍ പറയുന്നു. അവിടെ എനിക്കു പ്രീയപ്പെട്ട മഞ്ഞുകാലവും തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും ഉണ്ടെന്ന്‌ അവന്‍ പറയുന്നു.  

ഒരിക്കല്‍ക്കൂടി ഞാന്‍ ആകാശത്തേക്കു നോക്കി. അവിടെ വെള്ള മേഘങ്ങള്‍ക്കിടയില്‍ നിന്ന് ദൈവം പുഞ്ചിരിക്കുന്നുണ്ടായിരുന്നു.