Sunday, June 22, 2008

അവസാനമായി നിന്നോടു പറയാന്‍


ജീവിതത്തിന്‍റെ പടവുകളില്‍ ഞാന്‍ കിതച്ചു തുടങ്ങിയിരിക്കുന്നു. ഇനിയേറെ ദൂരമില്ല എന്നറിയുമ്പോള്‍ വീണ്ടും അടുത്ത പടവിലേക്ക്‌.... പിന്നിട്ട വഴികള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു, തനിയെ ഈ ദൂരമത്രയും....


എനിക്കൊപ്പം നീയെപ്പോഴാണ്‌ നടന്നു തുടങ്ങിയത്‌? നിന്‍റെ ഹൃദയത്തോട്‌ നീയെന്നെ ചേര്‍ത്തു നിര്‍ത്തിയതെപ്പോഴാണ്‌?
നേടലിനും നഷ്ടപ്പെടലിനും ഇടയില്‍ ഞാന്‍ വീണു പിടഞ്ഞ നിമിഷങ്ങള്‍...
മൂടലില്‍ വിളര്‍ത്ത ചന്ദ്രപ്രകാശം ഒറ്റയടിപ്പാതകളില്‍ പരക്കുന്നു. എന്‍റെ വന്യമായ ഏകാന്തയിലേയ്ക്ക്‌ , ഘനീഭവിച്ചുറഞ്ഞ വിഷാദങ്ങളിലേക്ക്‌ എന്തിനു നീ ഇറങ്ങി വന്നു? ഒരു കരച്ചില്‍ ഹൃദയത്തോളമെത്തി നിശബ്ദമാകുന്നു.


നീയറിയുക, എന്‍റെ ആയുസ്സിന്‍റെ പുസ്തകത്തിനു താളുകള്‍ കുറവാണ്‌. താളുകളേറെയും മറിഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്‍റെ വഴികളില്‍ ആഗ്രഹങ്ങള്‍ കുറവായിരുന്നത്‌ കൊണ്ടാവാം നിരാശകളും കുറവായിരുന്നു . ഈ അവസാന താളുകള്‍ കണ്ണീരില്‍ കഴുകിയെടുക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. നിരാശകളില്ലാതെ ഞാനെന്‍റെ ജീവന്‍റെ പുസ്തകം വായിച്ചു തീര്‍ക്കട്ടെ , ഞാനെന്‍റെ വഴികള്‍ നടന്നു തീര്‍ക്കട്ടെ.


നാമൊരുമിച്ച്‌ യാത്ര തുടങ്ങിയാല്‍ പാതി വഴിയില്‍ നീ തനിച്ചാകും. നീയില്ലാത്ത ലോകത്ത്‌ ഞാനും തനിച്ചാകും. നിന്നെ സ്നേഹിച്ചു തീരാത്ത എന്‍റെ ആത്മാവ്‌ വീണ്ടുമൊരു ജന്‍മത്തിനായ്‌ ദാഹിക്കും. ജന്‍മജന്‍മങ്ങളില്‍ നിന്നൊരു മോചനമെന്ന എന്‍റെ സ്വപ്നം വീണുടയും.

നിനക്കിനിയും ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. എന്‍റെ ഓര്‍മ്മകളെ ഈ വഴിവക്കില്‍ കുടഞ്ഞു കളയുക. നീ നിന്‍റെ യാത്ര തുടരുക.
ഇതുവരെ കാണാത്ത നമ്മള്‍ ഇനിയൊരിക്കലും കാണാതിരിക്കട്ടെ...
അവസാനമായി നിന്നോടു പറയാന്‍ ഞാന്‍ നെരൂദയുടെ വാക്കുകള്‍ കടമെടുക്കുന്നു.

"എന്നെ ഇനി ഒറ്റയ്ക്ക്‌ വിടൂ
ഞാനില്ലാതെ കഴിയാന്‍ പഠിക്കൂ
ഞാന്‍ കണ്ണടയ്ക്കാന്‍ പോകയാണ്‌.
എനിക്കു അഞ്ചു കാര്യങ്ങള്‍ മതി.
അഞ്ചു പ്രീയപ്പെട്ട വേരുകള്‍...
ഒന്ന്‌, അവസാനമില്ലാത്ത സ്നേഹം.
രണ്ട്‌, കാണാനൊരു ശരത്ക്കാലം;
ഇലകള്‍ പാറി മണ്ണില്‍ വീഴുന്നില്ലെങ്കില്‍
എനിക്കു നിലനില്‍ക്കാനാവില്ല.
മൂന്നാമത്തേത്‌, ഗംഭീരമായ ഹേമന്തം;
എനിക്കു പ്രീയപ്പെട്ട മഴ,
വന്യമായ തണുപ്പില്‍ അഗ്നിയുടെ മൃദുസ്പര്‍ശം.
നാലാമത്‌, തണ്ണിമത്തന്‍ പോലെ
കൊഴുത്തു സുന്ദരമായ ഗ്രീഷ്മകാലം.
അഞ്ചാമതായി...... നിന്‍റെ കണ്ണുകള്‍. "

Wednesday, June 11, 2008

ഞാനൊഴുകുകയാണ്‌....

ഞാനൊഴുകുകയാണ്‌.... പുഴയൊഴുകും പോലെ. തീരങ്ങള്‍ എനിക്കു സ്വന്തമല്ല എങ്കിലും നല്‍കുകയും വാങ്ങുകയും ചെയ്തു പോകുന്നു . നഗരവും ഗ്രാമവും വനഭൂമികളും ഞാന്‍ പിന്നിടുന്നു. അഴുക്കും നന്‍മയും എല്ലാം എന്‍റെ വഴികളില്‍ കാത്തിരിക്കുന്നു. ഞാന്‍ ഒന്നിനോടും ചേരുന്നില്ല എന്നാല്‍ എല്ലാം കടന്നു പോകുന്നു. ഒഴുക്കു മുറിക്കുന്ന വെയിലിലും വേനലിലും ഞാന്‍ ക്ഷമയോടേ കാത്തുകിടന്നു, മഴയും മഴക്കാലവും എന്‍റെ വേഗം കൂട്ടാന്‍.

കൊച്ചുപുല്‍ത്തുരുത്തുകളും ചുള്ളിക്കമ്പുകളും ഒഴുക്കില്‍ എനിക്കൊപ്പം നീങ്ങുന്നു. എന്നാല്‍ അവയൊക്കെ ഏതേതൊ തീരങ്ങളില്‍ അടിഞ്ഞു കൂടുന്നു. അവിടെ തലമുറകളെ സൃഷ്ടിക്കുന്നു...
ഞാന്‍ പിന്നെയും നിശബ്ദമായി ഒഴുകുന്നു. കാരണം എനിക്കു ചേരാന്‍ ഒരു കടലുണ്ട്‌. അവിടെത്തുംവരെ ഞാനൊഴുകേണ്ടിയിരിക്കുന്നു.

വഴിയോരക്കാഴ്ചകളേ, കാഴ്ച്ചക്കാരേ എന്തിനെന്നറിയാതെ നിങ്ങളോടു ഞാന്‍ വീണ്ടും പറയുന്നു , ഞാനൊഴുകുകയാണ്‌, പുഴയൊഴുകും പോലെ...

Wednesday, June 4, 2008

ആലിപ്പഴങ്ങള്‍ അപ്പോഴും പൊഴിയുമായിരിക്കും...

ഇവിടെ ഒരു മഴ പെയ്തു തീരുകയാണ്‌...
വീണ്ടുമൊരു മഴക്കാലത്തിന്‍റെ വരവറിയിച്ചു കൊണ്ട്‌.

വര്‍ഷങ്ങള്‍ക്കു പിറകില്‍ ഒരു മഴക്കാലമുണ്ടായിരുന്നു,
എന്‍റെ ബാല്യത്തെ നനയിച്ച്‌, മഴയെ സ്നേഹിക്കാന്‍ പഠിപ്പിച്ച കാലം.
പിന്നെത്രയോ ഇടവപ്പാതികള്‍ എന്നെ നനച്ച്‌ കടന്നുപോയി.

എങ്കിലും എന്‍റെ മലയോരങ്ങളില്‍ പെയ്തിരുന്ന മഴ...

മലനിരകള്‍ക്കപ്പുറത്ത്‌ നിന്നു മഴ പാറി വരും. കശുമാവിന്‍ തോട്ടങ്ങള്‍ കടന്ന്‌, കാറ്റിലുലയുന്ന പുല്ലാന്തിക്കാടുകള്‍ താണ്ടി, എന്‍റെ മുറ്റത്തെത്തും.
അടക്കാനാവാത്ത ആഹ്ളാദത്തിമിര്‍പ്പില്‍ എടുത്തു ചാടിയ മഴക്കാലങ്ങള്‍, പിന്നെ എന്തൊക്കെയൊ ഉള്ളിലൊതുക്കിപ്പിടിച്ച്‌ നിശബ്ദമിരുന്ന മറ്റൊരു കാലം; അങ്ങനെ എത്രയെത്ര മഴക്കാലങ്ങള്‍.

ആലിപ്പഴം വീഴുന്ന മഴ കാണുമ്പോള്‍ തന്നെ അപ്പൂപ്പന്‌ തിരിച്ചറിയാമായിരുന്നു.
"പാപ്പി ഇന്ന്‌ ആലിപ്പഴം വീഴൂട്ടൊ". ചാട്ടം നിര്‍ത്തി ശ്രദ്‌ധയോടെ ഓരോ മഴത്തുള്ളിയെയും നോക്കിയിരിക്കും. കാപ്പിക്കുരു വറുത്തു പൊടിച്ചുണ്ടാക്കിയ കട്ടന്‍ കാപ്പി കുടിക്കുമ്പോഴും നോട്ടം മുറ്റത്തെ മഴത്തുള്ളികളിലായിരിക്കും.

എപ്പോഴും ആലിപ്പഴം ആദ്യം കാണുന്നത്‌ അപ്പൂപ്പനാവും. "പാപ്പി ദാ അവിടെ".
എടുത്തു ചാടി ആലിപ്പഴമെടുത്ത്‌ തിരികെ കയറുമ്പോള്‍ അപ്പൂപ്പന്‍ തോര്‍ത്ത്‌ തിരയുകയാവും എന്‍റെ തല തുവര്‍ത്താന്‍. ഒരസുഖക്കുട്ടിയല്ലാത്തതിനാല്‍ എനിക്കു മുന്നില്‍ വിശാലമായൊരു ലോകമുണ്ടായിരുന്നു.

മഴ പെയ്ത്‌ തോര്‍ന്ന്‌ പിന്നെ മരം പെയ്ത്‌ തോരാനുള്ള ക്ഷമയില്ലാതെ ഇറങ്ങിയോടും മാഞ്ചോട്ടിലേക്ക്‌. വൃക്ഷത്തലപ്പുകളില്‍ നിന്നൊരു മഴ എന്നെ നനച്ചുകൊണ്ടേയിരിക്കും. കുടയും മാമ്പഴം പെറുക്കാന്‍ കുട്ടയുമായി അപ്പൂപ്പന്‍ പിന്നിലുണ്ടാവും. ഒപ്പം കമുകിന്‍പാള കൊണ്ട്‌ എനിക്കുണ്ടാക്കിത്തന്ന തൊപ്പി കളഞ്ഞതിനുള്ള ചീത്തവിളിയും കേള്‍ക്കുന്നുണ്ടാകും.

ഇന്ന്‌ എന്‍റെ അപ്പൂപ്പനും അമ്മൂമ്മയും തനിച്ചാണ്‌, മഴക്കാലത്തും വേനല്‍ക്കാലത്തും എല്ലാക്കാലത്തും . ഒരിക്കല്‍ എല്ലാം അവസാനിപ്പിച്ച്‌ അഴുക്കു മണമുയര്‍ത്തുന്ന നഗരത്തിണ്റ്റെ മഴകളില്‍ നിന്നു എനിക്കു തിരിച്ചു പോകണം. കാണാതെ പോയ എന്‍റെ കമുകിന്‍പാളത്തൊപ്പി അപ്പൂപ്പന്‍ എടുത്തു വച്ചിട്ടുണ്ടാവണം. ആലിപ്പഴങ്ങള്‍ അപ്പോഴും പൊഴിയുമായിരിക്കും...