Sunday, July 27, 2008

പ്രണയത്തിന്‍റെ താഴ്വരകള്‍

ധനുമാസത്തിന്‍റെ കുളിരില്‍ ഞാനുറങ്ങാതെ വ്രതമെടുത്ത്‌ ചുവടു വച്ച രാത്രി...
ഒരു തിരുവാതിരക്കുളിരുമായ്‌ ഓര്‍മ്മകളുടെ വേലിയേറ്റം... ഇരുട്ടില്‍ തണുപ്പിന്‍റെ ചുരുളുകള്‍ ഒന്നൊന്നായി നിവരാന്‍ തുടങ്ങി.

വൃക്ഷത്തലപ്പുകളില്‍ ചന്ദ്രകിരണങ്ങള്‍ നൃത്തം വച്ചു തുടങ്ങിയിരിക്കുന്നു. നിലാവിന്‍റെ ഉതിര്‍ന്നു വീഴുന്ന തുണ്ടുകള്‍ പ്രകാശത്തിന്‍റെ കൊച്ചു കൊച്ചു തുരുത്തുകളായി തൊടിയിലെങ്ങും ചിതറിക്കിടക്കുന്നു.

മനസ്സിന്‍റെ വരണ്ട പ്രതലങ്ങളില്‍ നീ മഴയായ്‌ പെയ്തു. പിന്നെ ഉഴുതു മറിച്ച്‌ സ്വപ്നങ്ങളുടെ വിത്തു പാകി. പിന്നെയും പെയ്ത സ്നേഹത്തിന്‍റെ പൊടിമഴയില്‍ ഒരിളം തളിരു നാമ്പെടുത്തു. കാലത്തിന്‍റെ കുതിപ്പില്‍ പടര്‍ന്നു പന്തലിച്ച് ഒരു വന്‍മരമായി അത് മാറിയിരിക്കുന്നു. ഹൃദയത്തിന്‍റെ താഴ്‌വരയില്‍ വസന്തത്തിന്‍റെ വിരലുകള്‍ പൂവിടര്‍ത്തുന്നു.
ഇപ്പോള്‍ എനിക്കു ജീവിതത്തോട്‌ വല്ലാത്ത ഒരിഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നു. എല്ലാം നിന്നോടൊത്തു മാത്രം....

ദു:ഖങ്ങളില്‍, പുസ്തകത്താളുകളില്‍ എല്ലാം ഞാന്‍ എന്നെ കൊരുത്തിട്ടിരുന്നു. സ്വയം തീര്‍ത്തൊരു തടവറ. അവിടെ നിന്നാണ്‌ ലാഭനഷ്ട്ങ്ങളുടെ കണക്കു നോക്കാതെ നീ എന്നെയെടുത്ത്‌ നിന്‍റെ ഹൃദയത്തില്‍ സൂക്ഷിച്ചത്‌. സ്നേഹിക്കാതിരിക്കാന്‍ വയ്യാത്തൊരവസ്ഥയില്‍ പിന്നെ നിന്നെ ഞാന്‍ സ്നേഹിച്ചു തുടങ്ങി.

ഞാന്‍ കാതോര്‍ക്കുന്നു എന്‍റെ മുറ്റത്തൊരു കാലൊച്ച കേട്ടുവോ? ഇല്ല, എന്‍റെയുള്ളിലെ സ്വപ്നങ്ങള്‍ ഓടിക്കളിക്കുന്ന ശബ്ദം മാത്രമാണത്‌. രാത്രിയേറെ വളര്‍ന്നിരിക്കുന്നു. താഴ്‌വരകളില്‍ മഞ്ഞിറങ്ങിത്തുടങ്ങി. ഞാന്‍ തിരിച്ചു പോകുന്നു മുറ്റത്തെ തിരുവാതിര ചുവടുകളിലേക്ക്‌. ഇടക്ക്‌ തോന്നും ഉമ്മറപ്പടിയില്‍ കുസൃതി കലര്‍ന്നൊരു നോട്ടവുമായ്‌ നീയുണ്ടെന്ന്‌. അടുത്ത തിരുവാതിര.... നമ്മളൊരുമിക്കുന്ന എന്‍റെ പൂത്തിരുവാതിര. അന്നീ ഉമ്മറപ്പടിയില്‍ നീയുണ്ടാകും , എന്‍റെ വ്രതങ്ങളുടെ പുണ്യമായ്‌. എനിക്ക് ഇനിയും തിരുവാതിരകള്‍ നോല്‍ക്കണം, ജന്മാന്തരങ്ങളിലും നാമൊരുമിക്കാന്‍...

അടുത്ത തിരുവാതിരയിലേക്ക് എന്‍റെ സ്വപ്നങ്ങളെ പറത്തിവിട്ടു കൊണ്ട് ഓര്‍മ്മകളുടെ ചിറകുകള്‍ ഞാനൊതുക്കി വയ്ക്കുന്നു...

Tuesday, July 8, 2008

സ്വപ്നങ്ങളാല്‍ വേട്ടയാടപ്പെടുന്നവര്‍...

എന്‍റെ മുന്നില്‍ എപ്പോഴോ ഒരു പ്രകാശം വന്നു നിന്നു. പിന്നെ അതു പടരാന്‍ തുടങ്ങി. പ്രകാശത്തിനു നടുവില്‍ അതിലും പ്രകാശത്തോടെ ഒരു രൂപം തെളിഞ്ഞു. തീത്തുള്ളി പോലെ തിളങ്ങുന്ന കണ്ണുകളാണ് ആദ്യം കണ്ടത്. ഏതോ ഗുഹക്കുള്ളില്‍ നിന്നെന്ന പോലെ ഒരു സ്വരം എന്നില്‍ വന്നിടിച്ചു "എനിക്കു നിന്നെ ഇഷ്ടമായി" . പേടിച്ചു പുറകോട്ട്‌ മാറുന്ന എന്‍റെ നേര്‍ക്കു തിളങ്ങുന്ന ചിരിയോടെ ആ പ്രകാശം പരത്തുന്ന രൂപം കൈകള്‍ നീട്ടി. ആ വിരലുകള്‍ എന്നെ തൊടുന്നതിനൊരു നിമിഷം മുന്‍പ് ഞാനലറിക്കരഞ്ഞു. ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദത്തെ മറികടന്നാ സ്വരം പാഞ്ഞു പോയി ഒപ്പം പൊന്‍വെയില്‍ പോലുള്ള ആ പ്രകാശവും. വീട്ടില്‍ വിളക്കുകള്‍ തെളിഞ്ഞു. എല്ലാവരുമെത്തുമ്പോള്‍ വിയര്‍ത്തു കുളിച്ച് ഇനിയൊരു കരച്ചിലിനു ത്രാണിയില്ലാതെ ഞാന്‍...

പിന്നീടുള്ള രാത്രികളില്‍ എന്‍റെയുറക്കം അപ്പൂപ്പന്‍റെയും അമ്മൂമ്മടെയും നടുക്കായി. എന്നിട്ടും "അമ്മേ എന്നെ കൊണ്ടുപോകല്ലേന്നു പറ" എന്നുറക്കെ കരഞ്ഞു കൊണ്ട്‌ ഞാനെണീക്കാന്‍ തുടങ്ങി. ആ സ്വപ്നം എന്നെ പിന്തുടരുകയാണ്.

ഓര്‍മ്മകളുമായി മലവെള്ളം കുത്തിയൊലിച്ചു വന്നു. ആ സ്വപ്നത്തിന്‍റെ തുടക്കം അവിടുന്നായിരുന്നു, കാലങ്ങള്‍ പഴക്കമുള്ള ഒരു ഗന്ധര്‍വ്വ പ്രതിഷ്ഠയില്‍ നിന്ന്‌.
......

അതും ഒരു മഴക്കാലമായിരുന്നു. വയലുകളെ വെള്ളക്കണ്ണാടിയാക്കി ആകാശം മുഖം നോക്കുന്ന സമയം. ആദ്യമായായിരുന്നു ഞാനാ ഗ്രാമത്തിലെത്തുന്നത്‌. അവിടെ മഴ അതിര്‍വരമ്പുകളെ മായ്ചു കളഞ്ഞിരുന്നു. അലകളില്ലാത്ത കടല്‍ കാറ്റിന്‍റെ കൈകളില്‍ ചാഞ്ചാടുന്നുണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പോയ വരമ്പുകള്‍ക്കിരുവശവും ഞൌണിങ്ങകള്‍ പറ്റിപ്പിടിച്ചിരുന്നു. വരമ്പുകളെ കറുപ്പിച്ച്‌ അവ തിങ്ങി നിറഞ്ഞിരിക്കുന്ന കാഴ്ച്ച മനസ്സില്‍ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി.

വെള്ളം നിറഞ്ഞ തെങ്ങിന്‍ തോപ്പുകള്‍, കണ്ണെത്താ ദൂരം കടല്‍ പോലെ പരന്നു കിടക്കുന്ന വയല്‍.... എന്‍റെ വിഷാദങ്ങള്‍ കാറ്റില്‍ പറന്നു പോയി, മഴയിലലിഞ്ഞു പോയി. കുളിച്ചു തോര്‍ത്തിയ മണ്ണിലൂടെ കാഴ്ച്ചയുടെ പ്രളയത്തില്‍ സ്വയം നഷ്ടപ്പെട്ടു ഞാന്‍ നടന്നു.

മഴ നനഞ്ഞെത്തിയ കാറ്റില്‍ ചെമ്പകപ്പൂവിന്‍റെ ഗന്ധം. കാറ്റു വന്ന വഴി നോക്കി നടന്ന് തുടങ്ങി. എത്തിച്ചേര്‍ന്നത് ചെങ്കല്ലിന്‍റെ പടവുകള്‍ ഇളകിത്തെറിച്ചു നില്‍ക്കുന്ന കുളക്കരയില്‍. അവിടെ പാതി പൂ കുളത്തിനും പിന്നെ പാതി പടവിനുമായി ഉതിര്‍ത്തിടുന്ന ചെമ്പകം. ഇതളുകളില്‍ പാല്‍ നിറവും ഉള്‍പ്പൂവില്‍ മഞ്ഞ നിറവുമായി വസന്തം തീര്‍ത്തു നില്‍ക്കുന്ന പൂമരം. ഈ കാലത്തു ചെമ്പകം പൂക്കുമൊ ആവൊ? കുളത്തിലെ വെള്ളത്തിനു പച്ചിലകള്‍ ഇടിച്ചുപിഴിഞ്ഞ നിറമായിരുന്നു. അരികുകള്‍ പുല്ലു മൂടി കുളത്തിന്‍റെ വിസ്തൃതി കുറഞ്ഞ പോലെ. അടര്‍ന്നു വീണ പൂക്കളില്‍ അപ്പോഴും മഴയുടെ നനവ് ബാക്കിയുണ്ട്. മഴയില്‍ കുതിര്‍ന്ന പൂക്കളെ എന്തിനെന്നറിയാതെ വാരിയെടുത്തു മുഖത്തോട് ചേര്‍ത്തു. ആത്മാവിനെ ത്രസിപ്പിക്കുന്ന ഗന്ധം... തിരികെ കയറുമ്പോള്‍ എന്തൊ വെള്ളത്തില്‍ വീഴുന്ന ശബ്ദം. തിരിഞ്ഞു നോക്കുമ്പോഴേക്കും കുളം അതിനെ ഒളിപ്പിച്ചു കഴിഞ്ഞിരുന്നു. ഓളങ്ങള്‍ ഒന്നുമറിയാത്ത പോലെ തീരം തേടുന്നു.

ചെമ്പകത്തിനു പിന്നിലായി എന്‍റെ പകുതി മാത്രം ഉയരമുള്ള ഇടുങ്ങിയ ഒരു വീട്. ചെമ്പകച്ചോട്ടില്‍ ആരോ വച്ച കളിവീട്? കുമ്മായമടര്‍ന്ന ചുവരുകള്‍ വര്‍ഷങ്ങളുടെ പഴക്കം വിളിച്ചു പറയുന്നു. പായല്‍ പിടിച്ചു കറുത്ത ഓട്‌ യുഗങ്ങളുടെ മഴയും വെയിലും അതിജീവിച്ച പോലെ. മരയഴികള്‍ വിലങ്ങനെ വച്ചടച്ച വാതില്‍. മരയഴികള്‍ക്കപ്പുറത്തെ കനത്ത ഇരുട്ടില്‍ ഒന്നും കണ്ടെത്താന്‍ എനിക്കു കഴിഞ്ഞില്ല. എണ്ണയുടെ കനച്ച ഗന്ധം ആ ഇരുട്ടിലെവിടെയൊ തങ്ങി നില്‍ക്കുന്നു.

വീണ്ടുമൊരു മഴ എന്നെ ചുറ്റിപ്പറക്കുന്നു. വാരിപ്പിടിച്ച ചെമ്പകപ്പൂക്കളെ ആ മരയഴിക്കു മുന്നിലിട്ട്‌ മഴക്കു മുന്നില്‍ ഞാനോടാന്‍ തുടങ്ങി. ചെമ്പകപ്പൂക്കളുടെ ഗന്ധം വന്യമാകുന്നതും അതെന്നെ പിന്‍തുടരുന്നതും ആ നിമിഷങ്ങളില്‍ ഞാനറിയുന്നുണ്ടായിരുന്നില്ല.

പറന്നു വരുന്ന മഴ എന്നെ തോല്‍പ്പിക്കുമെന്നറിഞ്ഞിട്ടും എതിരെ വരുന്ന വൃദ്ധനു വഴിയൊഴിഞ്ഞു കൊടുത്ത്‌ വരമ്പില്‍ ഞാനൊതുങ്ങി നിന്നു. എന്നെ കടന്നു പോയ ആ നിമിഷം വായുവിലൊഴുകി വരുന്ന ചെമ്പകമണം അയാള്‍ ആഞ്ഞു ശ്വസിച്ചു. ഭീതിയും ക്രോധവും കലര്‍ന്ന ശബ്ദത്തില്‍ എനിക്കു പിറകില്‍ നിന്നാ ചോദ്യം പാഞ്ഞു വന്നു "കുട്ടി അവിടെപ്പോയല്ലെ?" വയലുകള്‍ക്ക്‌ നടുവില്‍ ഒരു പെണ്‍കുട്ടി പകച്ചു നിന്നു... "പാടില്ലായിരുന്നു, ഗന്ധര്‍വ്വനാണത്‌". കാലത്തിന്‍റെ ചലനം ഒരു നിമിഷം നിലച്ചു. ആകാശം കണ്ണടച്ചു. ഞങ്ങള്‍ക്കിടയില്‍ ഒരു കാറ്റ്‌ പകയോടെ ആഞ്ഞ്‌ വീശി. "കുട്ടി പൊയ്ക്കോളൂ" ചുറ്റും ഇരുണ്ട്‌ വരുന്ന അന്തരീക്ഷം നോക്കി അയാള്‍ പറഞ്ഞു. ഒരു രക്ഷപെടലിന്‍റെ ആശ്വാസത്തില്‍ ഞാനെന്‍റെ ഓട്ടം തുടര്‍ന്നു.

അന്നു രാത്രിയാണ്‌ ചെമ്പകപ്പൂക്കളുടെ വാസനയോടെ ആ സ്വപ്നം എന്നെ തേടി വന്നത്‌. പിന്നീടുള്ള ദിവസങ്ങളില്‍, രാത്രികള്‍ സ്വപ്നം കൊണ്ടും പകലുകള്‍ ഏതോ അദൃശ്യ സാന്നിധ്യം കൊണ്ടും ഭയത്തിന്‍റെ കയങ്ങളില്‍ എന്നെ മുക്കിത്താഴ്ത്തി.

കാലങ്ങള്‍ കടന്നു പോയി. സത്യമോ മിഥ്യയോ എന്നറിയാത്ത ആ സ്വപ്നങ്ങളില്‍ നിന്നൊരു രക്ഷപെടല്‍ എനിക്കു വേണ്ടിയിരുന്നു. പഠനമെന്ന പേരില്‍ ഗ്രാമത്തിന്‍റെ വേരുകളെ വിങ്ങുന്ന മനസ്സോടെ പറിച്ചെറിഞ്ഞ്‌ ഞാന്‍ പോയി. ഞാന്‍ പിഴുതെറിഞ്ഞത്‌ ആ സ്വപ്നത്തിന്‍റെ വേരുറയ്ക്കാത്ത ജീവനെക്കൂടിയായിരുന്നു.

ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലൊരു വേദന... ആ സ്വപ്നത്തിന്‍റെ ഓര്‍മ്മകളെ ഞാനെപ്പോഴോ സ്നേഹിച്ചു തുടങ്ങി. ഇപ്പൊ ആ സ്വപ്നത്തെ തന്നെയും. അതിനെ നഷ്ടപ്പെടുത്തേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍. ഓര്‍മ്മകളുടെ കുളത്തിനെ രക്ഷിക്കാന്‍ മറവിയുടെ പായലിനെ ദിവസവും വകഞ്ഞു മാറ്റി ഞാന്‍ മടുത്തു. എനിക്കാ സ്വപ്നം തിരിച്ചെടുക്കണം. ഇനിയൊരു തിരിച്ചുപോക്കുണ്ടാവുമെന്നു കരുതിയിരുന്നില്ല. ഒരു പിന്‍വിളി എന്‍റെ കാതില്‍ വന്നു വീഴുന്നു. പോയെ മതിയാവൂ...