Wednesday, September 24, 2008

ഇലക്കൂടാരങ്ങള്‍

ചൂളം വിളിച്ചു കൊണ്ട്‌ ഒരു കാറ്റ്‌ മലയിറങ്ങി വന്നു. അപ്പോഴും അകലങ്ങളിലേക്ക് അഴിഞ്ഞു വീഴുന്ന നോട്ടവുമായ് അയാള്‍ കാവലിരിക്കയാണ്. ആ ഒറ്റയടിപ്പാതയുടെ വിദൂരതയില്‍ അവളുടെ രൂപം തെളിയുന്നുവോ? ഇല്ല, അവള്‍ വരില്ല. എങ്കിലും അവസാനമില്ലാത്ത പ്രതീക്ഷകള്‍ പിന്നെയും മുന്നോട്ട് നടത്തുന്നു.

ഇലകൊഴിച്ചു നില്‍ക്കുന്ന റബ്ബര്‍മരങ്ങള്‍ക്കപ്പുറം മലഞ്ചെരുവില്‍ പാറക്കൂട്ടങ്ങളാണ്‌. അവയ്ക്ക് കുടയായി‍ തഴച്ചു വളരുന്ന ഊതൂണി മരങ്ങള്‍. ഓര്‍മ്മകളുടെ കുടീരം പോലെ അവയിന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ഹൃദയത്തിലെ മുറിവുകള്‍ ഒന്നു വിങ്ങിയോ...? മലയിറങ്ങി വന്ന കാറ്റ് ആര്‍ദ്രമായ് താഴ്വരകളിലെങ്ങും വീശിത്തുടങ്ങി. അടക്കാനാവാത്ത ഒരു വേദനയില്‍ അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

ഇവിടെ ഇല കൊഴിക്കുന്ന മരങ്ങളും, നാരകത്തില്‍ നിന്ന് അടര്‍ന്നു വീഴുന്ന പൂക്കളും എന്നെ കാലത്തിന്‍റെ ഒഴുക്കറിയിക്കുന്നു; അയാളോര്‍ത്തു. ഒരിക്കല്‍ ഈ മലഞ്ചെരിവുകള്‍ കുറ്റിക്കാടുകളായിരുന്നു. കുന്നിക്കുരുവും കാട്ടുചെത്തിയും സമൃദ്ധമായി വളരുന്നയിടം. ഓണക്കാലങ്ങളില്‍ പൂക്കള്‍ തേടിവരുന്ന കുട്ടികളൊഴിച്ചാല്‍ എല്ലായ്പ്പോഴും ഈ മലയോരങ്ങള്‍ വിജനമാണ്. വായനശാലയില്‍ നിന്നെടുക്കുന്ന പുസ്തകങ്ങളുമായി നേരെ വരുന്നത് ഇവിടേക്കായിരുന്നു. ഈ കുന്നിന്‍ ചെരിവുകളിലിരുന്ന് റഷ്യയിലെ മഞ്ഞുകാലം വിഭാവനം ചെയ്ത നാളുകള്‍... ഇന്ന് മലഞ്ചെരിവുകളേറെയും തരിശ്ശായിരിക്കുന്നു. ബാക്കിയുള്ളിടത്ത് മുള്ളിന്‍ പൂക്കളും കലമ്പട്ടയും മാത്രം.

വരയും വര്‍ണ്ണങ്ങളും ലഹരിയും നഷ്ടപ്പെടുത്തിയ ഒരു ജീവിതത്തിന്‍റെ ബാക്കിപത്രം. വരച്ചു കൂട്ടിയ ചിത്രങ്ങളും മടുത്തു പോയൊരു മനസ്സുമായി ഗ്രാമത്തില്‍ വണ്ടിയിറങ്ങുമ്പോള്‍ മൂര്‍ച്ചയുള്ള ഒരായുധത്തിനായി സിരകള്‍ ദാഹിച്ചിരുന്നു. അന്ന്‌ എല്ലാം അവസാനിക്കേണ്ടതായിരുന്നു, അവസാനിപ്പിക്കേണ്ടതായിരുന്നു. പക്ഷെ...

ജീവിതത്തിലേക്ക് വീണ്ടും എന്നെ കൈപിടിച്ചുയര്‍ത്തിയത് അവളാണ്. എന്‍റെ കൌമാര സ്വപ്നങ്ങള്‍ക്ക് കളിപ്പറമ്പായ ആ മലയോരങ്ങളിലേക്ക് അവസാനമായി ഒരിക്കല്‍ക്കൂടി നടക്കണമെന്നു തോന്നിയ നിമിഷം. അത് അവളിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ യാത്രയിലെ ദൂരങ്ങള്‍ താണ്ടാന്‍ തനിക്കായില്ല എന്നയാള്‍ വേദനയോടെ തിരിച്ചറിഞ്ഞു. ഊതൂണി മരങ്ങളുടെ പച്ചപ്പില്‍ പുസ്തകത്താളുകളിലേക്ക് മുഖം പൂഴ്ത്തി അവളുണ്ടായിരുന്നു. ആ ഇലക്കൂടുകളില്‍ അവളുടെ സ്വപ്നങ്ങളുടെ തണുപ്പായിരുന്നു. ആത്മാവിലേക്കു വീണുകിട്ടിയ ആ തണുപ്പാണ്‌ ഇന്നും എന്‍റെ ജീവിതം.

കാറ്റിന്‍റെ ശബ്ദം നിറഞ്ഞ പാറക്കെട്ടുകള്‍ക്കിടയില്‍, തണല്‍ വിരിച്ചു നിന്ന ഊതൂണി മരങ്ങള്‍ക്കു താഴെ വിസ്മയം നിറഞ്ഞ കണ്ണുകളോടെ അവള്‍ അയാളെ നോക്കി നിന്നു. കാറ്റ്‌ ഇലകളിലടിച്ച്‌ ശബ്ദമുണ്ടാക്കുമ്പോള്‍ ഓര്‍മ്മകളും ഉള്ളില്‍ കലമ്പുന്നത് അയാളറിഞ്ഞു. മരണം അവളെക്കണ്ട് അയാളില്‍ നിന്ന് ദൂരെ മാറി നിന്നു. അക്ഷരങ്ങള്‍ ആത്മാവിനോട്‌ ചേര്‍ത്തു വച്ചവള്‍ നിറങ്ങള്‍ നെഞ്ചിലേറ്റിയവന്‍റെ വഴികാട്ടിയായി.

ജീവിതം ഒരിക്കല്‍ക്കൂടി എനിക്കവസരം നല്‍കുകയായിരുന്നു. ജയിക്കണം എന്ന്‌ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ ഒപ്പം അവളും. ഒടുവില്‍... വിജയങ്ങള്‍ കാണാന്‍ അവളുണ്ടായിരുന്നില്ല. ആത്മാവിലെ മുറിപ്പാടുകളെ തൊട്ടു വരുന്ന ഒരു നിശ്വാസത്തൊടെ അയാള്‍ മന്ത്രിച്ചു “അതെ തെറ്റ് എന്‍റേതാണ്, എനിക്കാണ്‌ തെറ്റിയത്‌. ആ പെണ്മനസ്സ് എന്‍റെ മനസ്സിലാക്കലുകളില്‍ നിന്നെത്രയോ ദൂരെയായിരുന്നു... “

ഇലക്കൂടാരങ്ങളില്‍ ഇരുട്ട്‌ വീഴാന്‍ തുടങ്ങിയ ഒരു സന്ധ്യ. ഏതു ശാപം പിടിച്ച നിമിഷങ്ങളിലാണ്‌ ഞാന്‍ അവളില്‍ ഒരു പ്രണയിനിയെ തേടിയത്‌? അവളുടെ സാന്ത്വനത്തിന്‌ , സ്നേഹത്തിന്‌ പ്രണയം എന്നര്‍ത്ഥം കൊടുത്തത്‌? മങ്ങിയ നാട്ടുവെളിച്ചം പരന്ന ഒറ്റയടിപ്പാതയില്‍ അവള്‍ക്കു പിന്നില്‍ ഞാന്‍ നിശബ്ദനായി നടന്നു. മരങ്ങള്‍ക്കിടയിലൂടെ മിന്നാമിനുങ്ങുകളുടെ പച്ച പ്രകാശം പറന്നു കളിക്കുന്നു. ഒറ്റയടിപ്പാതയുടെ അടുത്ത തിരിവില്‍ അവള്‍ യാത്ര പറയും. ഹൃദയത്തില്‍ ഒരു വ്യഥ നിറയുന്നത്‌ ഞാനറിഞ്ഞു. ഇലകൊഴിഞ്ഞ മരങ്ങള്‍ക്കു മേല്‍ നിലാവുദിച്ചു. അകലെ ഒറ്റയടിപ്പാത ഇരുവഴിയായി പിരിയുന്നു. ഒരു നിമിഷം.... അവളെ ഞാനെന്‍റെ നെഞ്ചോട്‌ ചേര്‍ത്തു. മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ കാറ്റ്‌ ഓടിയൊളിച്ചു. നിലാവിനുമേല്‍ വീണ്ടും ഇരുട്ട്‌ പരന്നു. എന്നില്‍ നിന്നു കുതറിമാറിയ അവളുടെ നേരെ നോക്കാന്‍ എനിക്ക്‌ ധൈര്യമുണ്ടായിരുന്നില്ല. നിശബ്ദതയുടെ ആ നിമിഷങ്ങളില്‍ ഞാനില്ലാതെയായിരുന്നെങ്കില്‍.... മങ്ങിയ നിലാവിലൂടെ അവള്‍ നടന്നു മറയുമ്പോള്‍ ഞാനറിഞ്ഞിരുന്നില്ല ഈ മലയോരങ്ങളില്‍ , ഇലക്കൂടാരങ്ങളില്‍ ഇനി ഞാനൊറ്റയ്ക്കാകുമെന്ന്.

ഒരു പെണ്‍കിളി കൂടുപേക്ഷിച്ചു പറന്നു പോയിരിക്കുന്നു. അതിന്‍റെ ഓരോ ചിറകടിയും എന്‍റെ ഹൃദയത്തില്‍ മുറിവുകളാകുന്നു. നിസ്സഹായതയുടെ, ഒറ്റപ്പെടലിന്‍റെ ആഴങ്ങളിലേക്ക് എന്നെ വലിച്ചെറിഞ്ഞ് നീ പോയതെന്തിന്? ഏതോ നിമിഷത്തില്‍ നിന്നോട് തോന്നിപ്പോയ പ്രണയം, അത് ഇത്രമാത്രം നിന്നെ വേദനിപ്പിച്ചിരുന്നോ? . താഴ്വരയുടെ ഏകാന്തയില്‍ ഇന്നും ഞാന്‍ തനിച്ചാണ്, അവളുടെ ഇലക്കൂടാരത്തിന് കാവലായ്. ഹൃദയത്തില്‍ ഒരു നീറ്റലായ് പറയാന്‍ മറന്ന ഒരു പിടി വാക്കുകള്‍, അത് കേള്‍ക്കാനായെങ്കിലും അവള്‍ വന്നെങ്കില്‍...

44 comments:

  1. കൊള്ളാം ചില ഇടര്‍ച്ചകളുണ്ടെങ്കിലും.അയാള്‍ എന്നു തുടങ്ങി ഞാന്‍ എന്നു വരുന്നേടത്തു വച്ച് എന്തോ ഒരു വല്ലായ്മയുണ്ട് എഴുത്തിന് പക്ഷേ ആവര്‍ത്തിച്ചു വായിക്കാന്‍ തോന്നും വിധം എന്തോ ഒന്ന് ഭംഗിയായി ഉണ്ട്.

    അഭിനന്ദനങ്ങള്‍.

    ReplyDelete
  2. നഷ്ടപ്പെടലിന്റെ ദുഃഖം, വേര്‍പാടിന്റെ വേദന, കാത്തിരിപ്പിന്റെ തീക്ഷ്ണത... ഇതൊക്കെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ശോകാഗ്നിയില്‍ ആവാഹിച്ചെടുത്ത ഈ വരികള്‍...

    മനുഷ്യരിലെ സ്ഥായിയായ ഭാവം ദുഖമാണെന്ന് പറയാറുണ്ട്. സരിജയുടെ എഴുത്തിലെ സ്ഥിരഭാവവും മറ്റൊന്നല്ല. പറയാന്‍ മറന്ന വാക്കുകളുമായുള്ള കാത്തിരിപ്പ്‌ തുടരുക...വരും ഒരു നാള്‍; വരാതിരിക്കില്ല...

    ആശംസകള്‍...

    ReplyDelete
  3. ഞാനും നിന്നെ കാത്തിരിക്കുകയാണ്. പറയാന്‍ മറന്ന ഒരു പിടി വാക്കുകള്‍, അത് കേള്‍ക്കാനായെങ്കിലും ഒരിക്കല്‍ നീ വന്നെങ്കില്‍... ഒരിക്കല്‍ മാത്രം. .....

    നന്നായിരിയ്കുന്നു സരിജ

    സ്നേഹപൂര്‍വ്വം
    നചികേത്..

    ReplyDelete
  4. “അക്ഷരങ്ങള്‍ ആത്മാവിനോട്‌ ചേര്‍ത്തു വച്ചവള്‍ നിറങ്ങള്‍ നെഞ്ചിലേറ്റിയവന്‍റെ വഴികാട്ടിയായി.“ സൊ ടച്ചിംഗ്

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നഷ്ടസ്വപ്നങ്ങള്‍ ആത്മനൊമ്പരങ്ങളായി ഉതിര്‍ന്നുവീഴുന്നു.ആത്മാവില്‍ കൊളുത്തിവലിക്കുന്ന
    വരികളില്‍ വിരഹം കൂടുകൂട്ടുന്നു.ഏകാന്തതയുടെ വിരസതയിലും വരും;വരാതിരിക്കില്ലെന്ന പ്രതീക്ഷ
    സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നു.

    കാവലാന്‍ സൂചിപ്പിച്ച പോലെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ വരികളില്‍ ഒളിഞ്ഞുകിടപ്പുണ്ട്.

    --മിന്നാമിനുങ്ങ്

    ReplyDelete
  7. ശരത്കാലത്തിലെ അവസാന ഇലയും പൊഴിഞ്ഞു വീഴും മുമ്പ്...ദേശാടനക്കിളികള്‍ യാത്ര പറഞ്ഞ് പോകുന്നതിനു മുമ്പ്...വയലറ്റ് നിറമുള്ള ആകാശത്തിന് താഴെ....പാറക്കെട്ടുകള്‍ക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ...ഒരു നാള്‍ അവള്‍ നടന്നു വരും...ഇനിയും ഒരിക്കല്‍ കൂടി...ഊതൂണി മരങ്ങളിലേയ്ക്ക് ഇരുട്ട് ഒഴുകിയെത്തുന്ന ഒരു സന്ധ്യയില്‍...ഇരുള്‍ മഴയായ് പെയ്തിറങ്ങാന്‍...

    ReplyDelete
  8. ഇപ്പോള്‍ മുതല്‍ ഞാനും ആഗ്രഹിക്കുന്നു...ഒരിക്കല്‍ കൂടി വന്നെങ്കില്‍ എന്ന്..

    ReplyDelete
  9. ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ട് നീയോടി മറഞ്ഞു. നിസ്സഹായതയുടെ, ഒറ്റപ്പെടലിന്‍റെ ആഴങ്ങളിലേക്ക് എന്നെ വലിച്ചെറിഞ്ഞ് നീ പോയതെന്തിന്? താഴ്വരയുടെ ഏകാന്തയില്‍ ഇന്നും ഞാന്‍ തനിച്ചാണ്, നിന്‍റെ ഇലക്കൂടാരത്തിന് കാവലായ്.


    നല്ല വരികള്‍ സരിജ..പറയാന്‍ മറന്നു ബാക്കി വെച്ച വരികള്‍ കേള്‍ക്കാനായി ആ കിളി വരും..വരാതെവിടെ പോകാന്‍..

    ReplyDelete
  10. നന്നായിരിക്കുന്നു മഞ്ഞുകാലം, ആശംസകള്‍...

    ReplyDelete
  11. “നഷ്ടസ്വപ്നങ്ങള്‍ എല്ലായിപ്പോഴും ഇങ്ങിനെവരാതെവണ്ണം നഷ്ടപ്പെടുന്നു.അതൊരു പ്രകൃതിനിയമമാണ്.വിലപിച്ചിട്ട് കാര്യമില്ല.
    നന്നായിട്ടുണ്ട്.keep it up. ആശംസകള്‍......“
    വെള്ളായണി

    ReplyDelete
  12. എല്ലാ തരം സ്നേഹങ്ങളെയും ഒരേ അര്‍ത്ഥത്തില്‍ കാണാന്‍ ശ്രമിയ്ക്കുന്നതാണ് പല ബന്ധങ്ങളും തകരുവാന്‍ ഇടയാക്കുന്നത്.

    ചില നഷ്ടങ്ങള്‍ പിന്നീടൊരിയ്ക്കലും നികത്തിയെടുക്കാനാകുകയുമില്ലല്ലോ...

    എഴുത്ത് പതിവു പോലെ നന്നായിരിയ്ക്കുന്നു...

    ReplyDelete
  13. സ്നേഹത്തിന്റെ വിവിധ ഭാവങ്ങളിലൊന്ന് തന്നെ വിരഹവും... അത് കൊണ്ടാവാം വിരഹത്തില്‍ വെച്ച് സ്നേഹത്തെ തിരിച്ചറിയൂന്നവര്‍ ആണ് അധികവും.

    ചില വേര്‍പാട് ശരിക്കും മുറിവേല്‍പ്പിക്കുന്ന ചില നിമിഷങ്ങളുണ്ട് ജീവിതത്തില്‍. അവരുടെ സാന്നിധ്യം മാത്രം നല്‍കിയിരുന്ന ധൈര്യം ചോര്‍ന്ന് പോയത് അറിയുമ്പോഴാവും പലപ്പോഴും ആ വേര്‍പാടുകളുടെ ആഴം തൊട്ടറിയുന്നത്.

    നന്നായിരിക്കുന്നു... (എന്തൊക്കെയോ ബാക്കിവെച്ച പോലെ തോന്നി)

    ReplyDelete
  14. ഹൃദ്യമായ എഴുത്ത്...ഹൃദയം കൊണ്ടുള്ള എഴുത്ത്

    ReplyDelete
  15. നന്നായിട്ടുണ്ട്‌

    ReplyDelete
  16. കാത്തിരിപ്പിനുമൊരു സുഖമുണ്ടെന്നറിയുക

    ReplyDelete
  17. ഇത്ര മനോഹരമായ ഒരു പോസ്റ്റിനെ വര്‍ണ്ണിക്കാന്‍ തക്ക ഭാഷ എന്റെ പക്കലില്ലാത്തതിനാല്‍...
    എളുപ്പത്തില്‍ - നന്നായിരിക്കുന്നു, മനോഹരം, ഹൃദ്യം -
    എന്നിങ്ങനെ കുറിച്ച് നിറഞ്ഞ മനസ്സോടെ ഞാന്‍ പോവുന്നു.

    ReplyDelete
  18. നന്ദി എല്ലാവര്‍ക്കും

    ReplyDelete
  19. ഹൃദ്യമായി സരിജാ.
    ആശംസകള്‍..

    ReplyDelete
  20. കൊള്ളാം.. കഥാസന്ദര്‍ഭത്തിന്റെ നല്ലൊരു ഫീല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്..:)

    ReplyDelete
  21. നന്നായിട്ടുണ്ട് സരിജ..പറയാനുള്ളത് കേള്‍ക്കാനൊരു അവസരം..പല നല്ല ബന്ധങ്ങളും അറ്റ് പോകുന്നത് അങ്ങനെ തന്നെ ആണ്...മനോഹരമായിരിക്കുന്നു

    ReplyDelete
  22. അവള്‍ വരുമായിരിക്കും. കാത്തിരിക്കാം.

    ReplyDelete
  23. സരിജയുടെ എഴുത്ത് എപ്പോഴും നല്ല വായന നല്‍കുന്നു. സന്തോഷം

    ReplyDelete
  24. നന്നായിട്ടുണ്ട്.........

    ReplyDelete
  25. നല്ല വായനാസുഖമുള്ള എഴുത്ത്. ഇനിയും വരാം.

    ReplyDelete
  26. നന്നായിരിക്കുന്നു....
    അവതരണത്തില്‍ കേട്ടു പഴകിയ ശൈലി വിട്ട്
    പുതുമ തേടിയാല്‍ കൂടുതല്‍ നന്നാവും....

    ആശംസകള്‍ ......

    ReplyDelete
  27. “ആ പെണ്മനസ്സ് എന്‍റെ മനസ്സിലാക്കലുകളില്‍ നിന്നെത്രയോ ദൂരെയായിരുന്നു...“

    എല്ലാ പെണ്‍ മനസ്സും അങ്ങനെത്തന്നെയാണെന്ന് തോന്നുന്നു. ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ്, മനസ്സിലാക്കാന്‍.

    നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
  28. ഇനിയുമെന്തിനാ അവളുടെ പിറകെ. ഊഴ്ന്നുവടിയില്ലാതെ നടക്കാന്‍ ശീലിക്കുക.

    ReplyDelete
  29. ആദ്യം പബ്ലിഷ് ചെയ്ത (എഡിറ്റ് ചെയ്യുന്നതിന് മുമ്പ്) പോസ്റ്റാണ് ഇതിനേക്ക്കാളും മികച്ചത് എന്നാണ് എന്റെ അഭിപ്രായം.

    പൊതുവെ നന്നായെങ്കിലും താളപ്പിഴകള്‍ കുറച്ചല്ല.

    ആദ്യം വായിച്ചപ്പോ (പോസ്റ്റ് സരിജ എഡിറ്റ് ചെയ്യുന്നതിന് മുമ്പ്) നായകനാ‍യ വ്യക്തിയിലേയ്ക്ക് കഥ എന്റര്‍ ചെയ്യുന്ന രീതിയില്‍/ട്രാന്‍സിഷനില്‍ ഒരു സ്വാഭാവികതയില്ലെന്ന് തോന്നി. ഇപ്പോഴും അതേ അഭിപ്രായം ഞാന്‍ പറയുന്നു.

    ചോദ്യോത്തര ശൈലി വാചകങ്ങളുടെ വിദഗ്ദമായ വിന്യാസത്താല്‍ ഇല്ലാതാക്കുന്നതാണ് നല്ലത്, പ്രത്യേകിച്ചും ഒരാള്‍ മാത്രമേ അത് വരെ കഥയില്‍ വന്നിട്ടുള്ളൂവെങ്കില്‍.

    “അകലെ ഒറ്റയടിപ്പാത ഇരുവഴിയായി പിരിയുന്നു. ഒരു നിമിഷം.... നിന്നെ ഞാനെന്‍റെ നെഞ്ചോട്‌ ചേര്‍ത്തു. മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ കാറ്റ്‌ ഓടിയൊളിച്ചു. നിലാവിനുമേല്‍ വീണ്ടും ഇരുട്ട്‌ പരന്നു. എന്നില്‍ നിന്നു കുതറിമാറിയ നിന്‍റെ നേരെ നോക്കാന്‍ എനിക്ക്‌ ധൈര്യമുണ്ടായിരുന്നില്ല.“

    കുറച്ച് കൂടെ സ്റ്റഫ്സ് ചേര്‍ത്ത് ഈ രംഗം തേച്ച് മിനുക്കണമെന്ന് തോന്നി.
    ഇതാണ് ഈ പോസ്റ്റിന്റെ ടൈറ്റില്‍. പക്ഷേ പെട്ടെന്ന് തീര്‍ന്നു പോകുന്നു. കുറച്ച് കൂടെ വികാരഭരിതമാക്കേണ്ടതുണ്ട് ഈ സീന്‍, എന്റെ അഭിപ്രായത്ഥില്‍.
    നായകന്റെ ആ പ്രവൃത്തി പെണ്‍കുട്ടിയില്‍ എത്രത്തോളം അന്ധാളിപ്പ്/അമ്പരപ്പ്/വിഷമം സൃഷ്ടിച്ചു എന്ന് സരിജ എഴുതുന്നില്ല ഈ രംഗത്ത്. അത് അത്യാവശ്യമാണ്.

    എഴുതാന്‍ ശ്രമിച്ച ത്രെഡിന്റെ പ്രത്യേകത മൂലമായിരിയ്ക്കാം ഇപ്പോള്‍ എഴുതിയതിലും നന്നാക്കാനാവാത്തത്.
    മഞ്ഞുകാലത്തില്‍ ഞാന്‍ വായിച്ചിട്ടുള്ള കഥകള്‍ വെച്ച് ഞാന്‍ നിര്‍ണയിച്ച ബെഞ്ച്മാര്‍ക്കില്‍ നിന്നും വളരെ താഴെപ്പോയി ഈ പോസ്റ്റ്. :-(

    ഇത്രയൊന്നും ചുഴിഞ്ഞ് വായിക്കേണ്ട കാര്യമൊന്നുമില്ല.
    എന്നാലും...
    :-)
    ഉപാസന

    ഓ. ടോ: ‘മഴ’ ഇല്ലാത്ത പോസ്റ്റുകള്‍ ഒരു വെല്ലുവിളിയാണെന്ന് തോന്നുന്നു.

    ReplyDelete
  30. ഒരു യുവാവിന്റെ മനഃപ്രയാസങ്ങൾ വിവരിക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചിട്ട്‌... ആശംസകൾ...

    ഈ വരികൾ ശ്രദിക്കുക..
    കാറ്റിന്‍റെ ശബ്ദം നിറഞ്ഞ പാറക്കെട്ടുകള്‍ക്കിടയില്‍, തണല്‍ വിരിച്ചു നിന്ന ഊതൂണി മരങ്ങള്‍ക്കു താഴെ വിസ്മയം നിറഞ്ഞ കണ്ണുകളോടെ അവള്‍ അയാളെ നോക്കി നിന്നു. കാറ്റ്‌ ഇലകളിലടിച്ച്‌ ശബ്ദമുണ്ടാക്കുമ്പോള്‍ ഓര്‍മ്മകളും ഉള്ളില്‍ കലമ്പുന്നത് അയാളറിഞ്ഞു. മരണം അവളെക്കണ്ട് അയാളില്‍ നിന്ന് ദൂരെ മാറി നിന്നു. അക്ഷരങ്ങള്‍ ആത്മാവിനോട്‌ ചേര്‍ത്തു വച്ചവള്‍ നിറങ്ങള്‍ നെഞ്ചിലേറ്റിയവന്‍റെ വഴികാട്ടിയായി.

    ഇവിടെ അവനും അവളും അല്‌പം സന്ദേകം ഉണ്ടാക്കാം. ആരുടെ ആത്മാവലോകനമാണ്‌ നടത്തുന്നത്‌ എന്നകാര്യത്തിൽ.

    ReplyDelete
  31. കാവലാനും ഉപാസനയും പിന്‍-ഉം പറഞ്ഞ അഭിപ്രായങ്ങള്‍ തന്നെ കഥയെക്കുറിച്ച് എനിക്കും. ഞാന്‍-അയാള്‍-അവള്‍ കൂടിപ്പിണഞ്ഞുകിടക്കുന്നത് എന്തോ അലോസരമുണ്ടാക്കുന്നു വായനക്ക്. ഒരു എക്സ്പിരിമെന്റായി തോന്നിയില്ല !
    ‘ആലിപ്പഴങ്ങള്‍..’ മുതല്‍ ‘ഇലക്കൂടാരങ്ങളി’ലേക്കെത്തുമ്പോള്‍ എഴുത്തിന്റെ നിലവാരം കുറയുകായാണെന്നു തോന്നുന്നു.

    ReplyDelete
  32. ആലിപ്പഴങ്ങള്‍..’ മുതല്‍ ‘ഇലക്കൂടാരങ്ങളി’ലേക്കെത്തുമ്പോള്‍ എഴുത്തിന്റെ നിലവാരം കുറയുകായാണെന്നു തോന്നുന്നു.

    സരിജാ
    നന്ദകുമാര്‍ പറഞ്ഞത് ശരിയാണ്.

    ReplyDelete
  33. കൊള്ളാം.. കഥാസന്ദര്‍ഭത്തിന്റെ നല്ലൊരു ഫീല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്..:)

    ReplyDelete
  34. എല്ലാവരും പറഞ്ഞതു ശരിയാണ്.

    എങ്കിലും....
    നന്നായിട്ടുണ്ട്!

    ReplyDelete
  35. ചെറുതെങ്കിലും വലിയൊരു കഥ വായിച്ച പോലെ...

    ReplyDelete
  36. താഴ്വരയുടെ ഏകാന്തയില്‍ ഇന്നും ഞാന്‍ തനിച്ചാണ്, അവളുടെ ഇലക്കൂടാരത്തിന് കാവലായ്. ഹൃദയത്തില്‍ ഒരു നീറ്റലായ് പറയാന്‍ മറന്ന ഒരു പിടി വാക്കുകള്‍, അത് കേള്‍ക്കാനായെങ്കിലും അവള്‍ വന്നെങ്കില്‍...
    --
    കമെന്റ്സ് ശ്രദ്ധിച്ചു.
    - മുകളിലെ വര്‍ണനയില്‍ തന്നെ ഹൃദയത്തില്‍ ഒരു നീറ്റലായ്... കഴിഞ്ഞ് ഒന്നോ രണ്ടോ കൊച്ച് വാക്യങ്ങള്‍ അതിനോട് കൂടി ചേര്ത്ത് നോക്കൂ...‍ തീവ്രത കൂടുന്നില്ലേ?

    ആശംസകള്‍!
    (ഇത് അഭിപ്രായം മാത്രം, വിമര്‍ശനമല്ല കേട്ടോ)

    ReplyDelete
  37. വളരെ നന്നായിരിക്കുന്നു, നഷ്ടസ്വപ്നങ്ങളുടെ ഈ കഥ. ഇനിയുമെഴുതുക. ആശംസകൾ.

    ReplyDelete
  38. ആശംസകള്‍! സസ്നേഹം,

    ReplyDelete
  39. അതി മനോഹരമായിരിക്കുന്നു, ആശംസകളോടെ

    ReplyDelete
  40. do not write like this to make all of u mood out...and nostalgic........we are living in yesterdays............

    ReplyDelete