Thursday, May 13, 2010

പഞ്ചഭൂതങ്ങള്‍!

ഓരോ മനുഷ്യരുടെ ഉള്ളിലും ഒരു കടലുണ്ട്.  ഒരു കടലുണ്ടാവാന്‍ ഇടം കൊടുക്കരുതെന്ന് ഞാന്‍  ആഗ്രഹിച്ചെങ്കിലും ഒരോ തുള്ളികളായ് വന്നു വീണ് പിന്നെയൊഴുകിപ്പടര്‍ന്ന് ഒരു കടലുണ്ടായത് ഞാനറിഞ്ഞിരുന്നില്ല.  അന്നു മുതല്‍ ഉള്ളില്‍ ഒരു കടലിനെയൊതുക്കി ജീവിയ്ക്കാന്‍ ഞാന്‍ പഠിച്ചു.

ഓരോ മനുഷ്യരുടെ ഉള്ളിലും ഒരഗ്നിപര്‍വ്വതമുണ്ട്. എന്റെയുള്ളില്‍ അഗ്നിപര്‍വ്വതങ്ങള്‍ക്കിടയില്ല എന്നു ഞാന്‍ പ്രഖ്യാപിച്ചു. വന്നു വീണ തീപ്പൊരികളെ ജാഗ്രതയോടെ മണ്ണിട്ടു മൂടി. മണ്ണുയര്‍ന്ന് മലയായ്. അതിനുള്ളിലണയാതെ കത്തുന്ന തീപ്പൊരികളുണ്ടെന്ന് ഞാനറിഞ്ഞത് ഒരു പൊട്ടിത്തെറിയുടെ നോവറിഞ്ഞപ്പോഴായിരുന്നു. പിന്നെയവ ഒരു സുഷുപ്തിയിലാണ്ടു. അതെ ഉറങ്ങുന്ന ഒരഗ്നിപര്‍വ്വതമുണ്ട് എന്റെയുള്ളില്‍.

ഓരോ മനുഷ്യരിലും ഒരു കാറ്റുണ്ട്. എനിക്കു ചുറ്റുമുള്ളവര്‍ കടപുഴകി  വീണപ്പോഴായിരുന്നു എന്നിലെ കൊടുങ്കാറ്റിനെ ഞാന്‍ തിരിച്ചറിഞ്ഞത്. മനസ്സിന്റെ മതിലുകളെ ശക്തമാക്കി ഞാനെന്നില്‍ തന്നെ നിന്നെ തളച്ചു നിര്‍ത്തി. അതെ എന്റെയുള്ളില്‍ ചങ്ങലയ്ക്കിട്ടൊരു കൊടുങ്കാറ്റ് മുരളുന്നുണ്ട്. 

ഓരോ മനുഷ്യരും ഓരോ ഭൂമികളാണ്. എന്റെയുള്ളില്‍ ഒരു സമതലം സൃഷ്ടിക്കാന്‍ ഞാനാഗ്രഹിച്ചെങ്കിലും വനസ്ഥലികളും മരുഭൂമികളും അഗാധമായ താഴ്വരകളും ഉയര്‍ന്ന മലനിരകളും പേറുന്ന ഭൂമിയായ് ഞാന്‍ മാറിപ്പോയ്. 

ഓരോ മനുഷ്യരിലും ഒരാകാശമുണ്ട്. അതിരുകളില്ലാത്ത ആകാശം.  എന്റെ ആകാശം ഇരുണ്ടതാണ് .മറ്റു ചിലപ്പോള്‍ നരച്ചതുമാണ്. എന്തെന്നാല്‍ മഴക്കാലത്തെയും മഞ്ഞുകാലത്തെയും ഞാന്‍ സ്നേഹിക്കുന്നു.