Wednesday, March 11, 2015

ചന്ദ്രനും വാൽനക്ഷത്രങ്ങളും പിന്നെ ഉൽക്കകളും!


കഥാപരിസരം ശിവന്റെ വീട്. ശിവൻ ഓഫീസിൽ. അടുക്കള കലാപരിപാടികളൊക്കെ കഴിഞ്ഞ് കർട്ടൻ താഴ്ത്തി അമ്മയും ഞാനും പട്ടാളോം കൂടി കഥ പറഞ്ഞിരിക്കുമ്പോളാണ് തലയിലൊരു ബാഗുമായ് ഒരാൾ കേറി വന്നത്. പട്ടാളത്തിനാണേൽ ഇവരെ കാണുന്നതേ അലർജ്ജിയാ. പണ്ടൊരിക്കൽ സേവന പിള്ളെരുടെ കഷ്ടപ്പാട് കണ്ട് പാവം തോന്നിയ ആശാൻ ഒരു സെറ്റ് കറിപൗഡേർസ് വാങ്ങി അവരെ സഹായിച്ച്. സഹായ പ്രതിഫലം അടുക്കളേട്ട് ട്രാൻസ്ഫർ ചെയ്യുന്നവരെ അതിലെ അപകടം പട്ടാളത്തിന് മനസ്സിലായില്ല. മ്മ്‌ളല്ലെ ടീംസ്. സാമ്പാറ്, കടലക്കറി, മുട്ടക്കറി എന്തിന് ഫിഷ്ഫ്രൈ പോലും ഇവരുടെ മസാലയിൽ മുക്കിപ്പൊരിച്ച്.
വായിൽ വച്ചത് തുപ്പാൻ പോലും നിക്കാതെ പട്ടാളം തോക്കുമായ് വന്ന് ഗർജ്ജനം തുടങ്ങി. ധീരാ വീരാ നേതാവെ ധീരതയോടെ നയിച്ചോളു എന്നുമ്പറഞ്ഞ് ഞാനമ്മേനെ ഉന്തിത്തള്ളി പട്ടാളത്തിന്റെ മുമ്പിലേക്കിട്ട് കൊടുത്ത് നമ്മൾ സെയ്ഫായി പിറകിൽ നിന്നു. നീയൊക്കെ കറി വച്ച് പഠിയ്ക്കയാണോ, പട്ടാളം കട്ടകലിപ്പിലാണ്. ഛെ! അമ്മേനെ അൽപ്പം കലിപ്പിച്ച് വിടാർന്നെന്ന് തിങ്ക് ചെയ്യുമ്പോഴേയ്ക്കും എന്റെ സഹായമില്ലാതെ തന്നെ അമ്മ കലിച്ച് തുടങ്ങി. ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കല്ല്, നിങ്ങളല്ലെ ആരാണ്ടെ സേവിയ്ക്കാൻ കുറേ മസാലകൾ വാങ്ങിവച്ചത്? വൗ, അമ്മെ, വെൽഡൺ മൈ ഡിയർ മദറെന്ന് പറഞ്ഞ് ഞാനമ്മയെ എന്റെ ഝാൻസി റാണിയാക്കി.
അതിന്? പട്ടാളത്തിന്റെ ജലദോഷം പിടിച്ചതെങ്കിലും പിന്നേം ഗർജ്ജനം. അമ്മ ശരിക്കും ഝാൻസിറാണിയായി. ഉറയിൽ നിന്ന് വാള് വലിച്ചൂരി. കാശെന്നാ വെറുതെ ഉണ്ടാകുന്നതാണോ മനുഷ്യാ. കാശ് കൊടുത്ത് വാങ്ങിച്ച സാധനം കളേണ്ടാന്ന് പറഞ്ഞ് എല്ലാത്തിലും വാരിയിട്ടതാ. എന്നിട്ടിപ്പോ നിങ്ങടെ വായിലിരിക്കണതും കേൾക്കണന്ന് പറഞ്ഞാൽ കുറേ കഷ്ടമാ.
ഹോ! ക്‌ളാപ്സ് മൈ മദർ. ആ ഡയലോഗ് ഡെലിവറിയിൽ ഞാനങ്ങ് പുളകം കൊണ്ട് പോയി. നോക്കുമ്പോൾ പട്ടാളം തോക്ക് സ്വന്തം നെഞ്ചത്തോട്ട് തിരിച്ച് വച്ച് എല്ലാം വാരിവലിച്ച് വിഴുങ്ങിക്കോണ്ട് എഴുന്നേറ്റ് പോയി. പിന്നെ ആ മസാലകൾ തീരും വരെ പാവം പൂവർ ഫാദർ, ഭക്ഷണം കഴിയ്ക്കുവല്ല വിഴുങ്ങുവാർന്ന്. കരിഞ്ഞ സവാളയൊക്കെ മസാലയിട്ട് അഡ്ജസ്റ്റ് ചെയ്ത ഞങ്ങൾ അങ്ങനെ കടുത്ത് സേവന ഫാൻസുമായി.
ഈ ഓർമ്മയുടെ ഞെട്ടലിൽ പട്ടാളം ചാടിയെണീറ്റ് അയാൾക്ക് സ്റ്റോപ് ബോർഡടിച്ച്. ട്രാഫിക് തെറ്റിച്ച് വരണ വണ്ടിക്കാരനെപ്പോലെ അയാൾ അച്ഛന്റെ സ്റ്റോപ്പ് ബോർഡ് കണ്ടില്ലെന്ന് നടിച്ച് വരാന്തയിൽ ബാഗിറക്കി. തുറക്കരുത്, ബാഗ് തുറക്കരുത് പട്ടാളം ആക്രോശിച്ച്. അയാൾ അന്തംവിട്ട് അച്ഛനെയും ചിരിച്ച് മരിയ്ക്കണ ഞങ്ങളേം നോക്കി പിന്നേം സിഗ്നൽ തെറ്റിച്ച് ബാഗ് തുറന്ന്. എന്തൊക്കെയോ അൽഗുലുത്ത് സാധനങ്ങൾ. ഹാവൂ, മസാലകളല്ല, പട്ടാളം തോക്ക് താഴെ വച്ച്. ചീപ്പ് സോപ്പ് പ്ലാസ്റ്റിക് എന്താണോക്കെ അയാൾ വലിച്ച് വാരിയിട്ട് വിവരണം തുടങ്ങി.
അതിനെടേലാണ് ഞാനത് കാണുന്നത്. മുറീടെ മോളിലൊട്ടിയ്ക്കണ, രാത്രീ തിളങ്ങണ നക്ഷ്ത്ര സ്റ്റിക്കറുകൾ. വൗ, ഇത് തന്നെ നുമ്മ തേടി നടന്ന സംഭവന്ന് പറഞ്ഞ് ചാടിപ്പിടിച്ച്. എന്റെ ഫ്രണ്ടിന്റെ വീട്ടിലുണ്ടാർന്ന്, അത് കാണാൻ വേണ്ടിമാത്രം അവിടെപ്പോയി ആ റൂം കൈയ്യടക്കുമാർന്ന അധിനിവേശ ചരിത്രമൊക്കെ ഞാൻ പട്ടാളത്തിനും അമ്മയ്ക്കും വിവരിച്ച് കേൾപ്പിച്ച് കൊട്ത്ത്. എന്നിട്ടും അവർക്കത്ര വിശ്വാസം പോരാ. ദിതൊക്കെ ശുദ്ധതട്ടിപ്പാന്ന് പറഞ്ഞ് പട്ടാളം നിരുത്സാഹപ്പെടുത്താൻ ശ്രമിച്ച്. വന്നോനാകട്ടെ എന്റാവേശം കണ്ടന്തംവിട്ടതെടുത്ത് തിരിച്ചും മറിച്ചും നോക്കി എന്റെ കൂടെകൂടി ഗുണഗണ വിവരണം തുടങ്ങി. പട്ടാളം അയയുന്നില്ല, അമ്മ അയഞ്ഞു. എന്തൊക്കെപ്പറഞ്ഞാലും ഝാൻസീറാണീടെ മരുമോളല്ലെ ഞാ, വാങ്ങിപ്പിച്ച്. നക്ഷ്ത്രോം ചന്ദ്രനും, ഗ്രഹങ്ങളും സ്പേസ് ഷിപ്പും പറക്കുംതളികേം എന്തിന് ഉൽക്കവരെ വാങ്ങി.
അടുത്ത കടമ്പ, ഇതെല്ലാം ഒട്ടിയ്ക്കണം. കട്ടിലിന്മേൽ സ്റ്റൂള് കയറ്റിയിട്ട് ഞാനെന്റെ അഞ്ചടി രണ്ടിഞ്ച് പൊക്കത്തെ മറികടന്ന് ഒട്ടിപ്പ് തുടങ്ങി. കെട്ടിയോൻ വരണേനു മുൻപ് തീർക്കണം. ചറപറാ ഒട്ടിച്ച്. മോളിലോട്ട് നോക്കി കഴുത്തൊടിഞ്ഞപ്പോ കീഴോട്ട് നോക്കി ഒട്ടിച്ച് ഉൽക്കേന്റാത്ത് നക്ഷത്രോം പറക്കുംതളികേൽ ചന്ദ്രനും എന്നു വേണ്ട അതിവിചിത്രമായ ഒരു ആകാശഗംഗ സൃഷ്ടിച്ചു. അതിനെടേൽ പട്ടാളവും അമ്മയും ഇടയ്കിടെ വന്ന് ഞാൻ സ്റ്റൂളിന്റെ മേളിൽത്തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തി പോണത് കണ്ട്. ഏകദേശം രണ്ട് മണിക്കൂർ കൊണ്ട് ആ മുറി അതിവൈവിധ്യമാർന്ന ആകാശമായ്ത്തീർന്ന്. എന്റെ കഴുത്തും തീർന്ന് കയ്യും തീർന്ന്. കെട്ടിയോനെ അറിയിക്കരുതെന്ന് എല്ലാരോടും ചട്ടം കെട്ടി.
കെട്ടിയോൻ വന്ന്. മുറീൽ അധികം നേരം നിർത്താതെ പുറത്തിറക്കി. എന്നാലല്ലെ കിടക്കുമ്പോ ലൈറ്റോഫ് ചെയ്ത് എന്റെ നക്ഷ്ത്രസാമ്രാജ്യം സർപ്രൈസാക്കാൻ പറ്റു. ഒരു വിധത്തിൽ അത്താഴം കഴിച്ചെന്ന് വരുത്തി ഞാനെണീറ്റ്. നോക്കുംമ്പൊ അതിയാൻ ടീവിടെ മുന്നിൽ. എനിക്കൊറക്കം വരുന്നെന്ന് പറഞ്ഞ് ഞാൻ കൈയ്യേപ്പിടിച്ച് വലി തുടങ്ങി. സംഭവങ്ങളുടെ ഉള്ളുകള്ളികൾ അറിയാവുന്ന അമ്മ കൂടി സഹകരിച്ച് മകനെ ബെഡ്രൂമിലെത്തിച്ച്. നോക്കുമ്പോ അങ്ങേർ കമ്പ്യൂടറിന്റെ മുന്നിൽ. ഹോ കമ്പ്യൂട്ടറിന്റെ പവർ സ്വിച്ചിനെ ഞാൻ കുത്തിക്കൊന്ന്. എനിക്ക് പ്രാന്തായോന്ന് സംശയിച്ച് കെട്ടിയോൻ വന്ന് കിടന്ന്. ഞാൻ മെല്ലെ ലൈറ്റോഫ് ചെയ്ത്. ഇപ്പ തെളിയും. ഹോ, സന്തോഷം കൊണ്ട് ഞാനിപ്പൊ പൊട്ടിപ്പോകുമെന്ന അവസ്ഥ. നോക്കി നോക്കി കണ്ണു കഴച്ച്, ഒന്നും തെളിഞ്ഞില്ല. ങ്ഹേ, അന്തരാളങ്ങളിൽ നിന്നൊരു ഞെട്ടൽ വന്നത് ഞാൻ തട്ത്ത് നിർത്തി. സർപ്രൈസ് പൊളിക്കാൻ പാടില്ലല്ലൊ. ഒന്നൂടെ എണീറ്റ് ലൈറ്റിട്ട് ഓട്ടക്കണ്ണിട്ട് മോളിലോട്ട് നോക്കി. ഉണ്ട് എല്ലാം അതാതിന്റിടങ്ങളിൽ ഇരിക്കണ്. പിന്നേം ലൈറ്റോഫ് ചെയ്ത് നോക്കി, ഒന്നും കാണണില്ല. കിലുക്കത്തിലെ രേവതീടവസ്ഥേൽ ഞാൻ നിന്ന്. പെട്ടെന്ന് ഭർത്താവിന്റെ ആക്രോശം, നില്ല് നില്ല് ലൈറ്റിട്. ഞാൻ ഞെട്ടി. അങ്ങേർ മോളിലോട്ട് നോക്കണു. ഞാൻ പിന്നേം ഞെട്ടി. ആരാടാ മോളിലെല്ലാം സ്റ്റിക്കറൊട്ടിച്ച് വൃത്തികേടാക്കിയെ? ചീത്തവിളിയ്ക്കാൻ വന്ന മനുഷ്യൻ എന്റെ കദനകഥ കേട്ട് അന്നു തുടങ്ങിയ ചിരിയാ. ഇപ്പ ക്രിസ്തുമസ്സിന് നക്ഷത്രെങ്ങളെക്കാണുമ്പോൾ പോലും എന്നെയാ ദുരന്ത കഥയോർമ്മിപ്പിയ്ക്കും.
അനുബന്ധം: പിറ്റേന്ന് രാവിലെ സർപ്രൈസിന്റെ ഫലമറിയാൻ കാത്ത് നിന്ന അമ്മായിയമ്മ ഒറ്റയ്ക്ക് ചെല്ലണ മകനോട്, അവളെവിടെ?
ആ..അവളിന്നലെ ഒരാകാശ വിസിറ്റ് നടത്തി. ഉൽക്ക വീണതാന്ന് തോന്നണ്, കഴുത്തൊടിഞ്ഞ് അവിടെക്കിടപ്പുണ്ട്. മക്കളേന്ന് വിളിച്ച് വന്ന് പാഞ്ഞു വന്ന അമ്മായിയമ്മ കാണുന്നത് ഇടതും വലതുമില്ലാതെ ആകാശം മാത്രം നോക്കിക്കിടക്കണ എന്റെ തല.

പാചകമെന്ന മഹാപ്രതിഭാസം!

അതിവിചിത്രമായ ടേസ്റ്റ്ബഡ്സുകളോടെ ജനിച്ച വ്യക്തിയാണ് മി.ശിവകുമാർ. അതിന്റെ പരിണിതഫലങ്ങൾ അദ്ദേഹത്തിന്റെ മുപ്പതു വയസ്സു വരെ അമ്മയും അതിനുശേഷം ഈ പാവം ഞാനും അനുഭവിയ്ക്കുന്നു. വാട്ട് റ്റു ഡു, അനുഭവിച്ചല്ലെ പറ്റു. അമ്മയുടെ അനുഭവം വച്ച് അദ്ദേഹത്തിന്റെ ചെറുപ്പകാലം തൊട്ട് ഈ ടെയിസ്റ്റ് ബഡ്സ് അമ്മയ്ക്കൊരു പ്രശ്നായിരുന്നു. അൽപ്പമേ കഴിയ്ക്കു, പക്ഷെ അതിന് ഭയങ്കര ടെയിസ്റ്റ് വേണം. കല്യാണം കഴിഞ്ഞ് വലതുകാൽ വച്ച് വന്നപ്പോൾ എന്നെക്കാത്ത് ഇത്ര ഭീകരമായ പരീക്ഷണം ഉണ്ടെന്ന് ഞാനറിഞ്ഞില്ല. അന്ന് ആക്രാന്തമില്ലാത്തോണ്ട് ഒരു തീറ്റപ്രാന്തനെ വേണമെന്ന ഡിമാന്റ് വയ്ക്കാൻ മറന്നു പോയി. 

എന്റമ്മ എനിക്കുവേണ്ടി ഒരു മുൻകൂർ ജാമ്യമെടുത്തിരുന്നു കല്യാണത്തിനു മുന്നേ. ഒരു വഹ വെയ്ക്കാനറിയില്ലാന്ന് അമ്മായിയമ്മോട് പറഞ്ഞ് കൊട്ത്ത്. അതുകൊണ്ട് അമ്മായിയമ്മ പുള്ളിക്കാരീടെ റെസിപ്പീസ് എല്ലാം ക്ഷമയോടെ എന്നെ പഠിപ്പിച്ചെടുത്ത്. കുറച്ച് നാശനഷ്ടങ്ങൾ അമ്മയ്ക്ക് വരുത്തിവച്ചെങ്കിലും ഞാൻ പാചക കലയിൽ ബഹുദൂരം മുന്നേറി. വരുത്തിവച്ച നാശനഷ്ടങ്ങൾ, രണ്ട് കിലോ വെളിച്ചെണ്ണ തൂകിക്കളഞ്ഞതും ഒരു കിലോ മുളകുപൊടിച്ചത് കുപ്പിയോടെ താഴെയിട്ടതും നാലുകിലോ പഞ്ചാര ബക്കറ്റിന്റെ അടപ്പിൽ പിടിച്ചെടുത്തപ്പോൽ നിലത്തുപോയതുമായ ചീളു കേസുകൾ. പിന്നൊരു മൂന്നു മൺചട്ടി പൊട്ടിച്ച പെറ്റിക്കേസുകൾ. "സാരമില്ല മക്കളേ" ന്ന് ഇവർക്കെങ്ങനെ പറയാൻ പറ്റണ്ന്ന് ഞാൻ അന്തംവിട്ട് നിന്ന്. 
എന്റമ്മയാരുന്നേൽ ചൂലെടുത്ത് വീക്കിയേനെ.

ഏകദേശം ഒരുമാസം കഴിഞ്ഞു. അമ്മയുടെ പാചകറാണി ടെസ്റ്റുകൾ ഞാൻ പാസ്സായി. അസ്സൽ തിരുവനന്തപുരം പാചകം. അങ്ങനെ പാചകമെന്ന -ശിവനു വേണ്ടി പ്രത്യേകിച്ച്- ആ ജൂനിയർ മാൻഡ്രേക്കിനെ അമ്മ എനിക്ക് കൈമാറി.അമ്മ രക്ഷപെട്ട് ഞാൻ പെട്ട്.

 പഠിച്ചാപ്പിന്നെ പഠിച്ചതുപോലെ ചെയ്യുക എന്നൊന്ന് എന്റെ നിഘണ്ടൂലില്ല സോ ഞാൻ മോഡിഫിക്കേഷൻസ് ആരംഭിച്ചു. അമ്മായിയമ്മയും അനിയന്മാരും എനിക്ക് ജയ് വിളിച്ച് തുടങ്ങി.
പക്ഷെ എന്റെ കെട്ടിയോനെന്ന വിചിത്രമായ ടെയിസ്റ്റ് ബഡ്സുള്ള മനുഷ്യൻ അതിനെയെല്ലാ പുറംകാലുകൊണ്ട് തട്ടിയെറിഞ്ഞ്. അവർക്കൊന്നും ടെയിസ്റ്റ് സെൻസില്ലെന്ന് അവരെ അപമാനിക്കേമ്മ് ചെയ്തു. എക്സ് പട്ടാളം അമ്മായിയച്ഛനു പിന്നെ രുചിയേക്കാൾ പ്രധാനം സമയമായിരുന്നതോണ്ട് അങ്ങേരു വയലന്റാകുന്നത് ഭക്ഷണ സമയം ഒരു സെക്കന്റ് മുന്നോട്ട് ചലിച്ചാൽ മാത്രമാണ്. അതോണ്ട് അലാറം വച്ചാണ് ഞങ്ങൾ കുക്ക് ചെയ്യുന്നത്. ഒരു സെക്കന്റ് തെറ്റിയാൽ , രണ്ട് പേരുണ്ടായിട്ടും ഇവിടെ ഒന്നും സമയത്തിനു നടക്കൂല്ലേന്നൊരു ഗർജ്ജ്നം കേൾക്കാം.

ഞങ്ങളൊറ്റയ്ക്കായപ്പോൾ എങ്ങനേലും ഒപ്പിയ്ക്കാൻ ഞാനും ശ്രമിച്ച് തുടങ്ങി. കാരണം എന്നെ സപ്പോർട്ട് ചെയ്യാൻ ഇവിടെ അമ്മേം അനിയന്മാരുമ് ഇല്ലല്ലോ.
പാവം കെട്ടിയോൻ , ഒത്താലൊത്തു എന്ന എന്റെ പാചകകലയിൽ പെട്ട് പലപ്പോഴും പട്ടിണിയായി. മാൻഡ്രേക്കിനെ കൈയ്യീന്ന് വിട്ടതോടെ കെട്ടിയോൻ അമ്മയുടെ പാചകത്തെ പുകഴ്ത്തുന്നതും കേൾക്കേണ്ടി വന്നെനിയ്ക്ക്. ഈ മാൻഡ്രേക്കിനെ കൈമാറാൻ അങ്ങേരെ വേണങ്കിൽ ഒന്നൂടി കെട്ടിയ്ക്കാംന്നൊരവസ്ഥേൽ വരെ ഞാനെത്തി. പക്ഷെ എന്ത് ചെയ്യാം കർത്താവു പോലും ഒരു കുരിശേ ചുമന്നുള്ളൂന്ന് പറഞ്ഞ് അങ്ങേരതിനെ തള്ളിക്കളഞ്ഞ്. ഒടുവിൽ അങ്ങേരൊരു കാര്യം തീരുമാനിച്ച്, എന്നെ അങ്ങേരുടെ വേർഷൻ പാചകം പഠിപ്പിയ്ക്കാൻ. അതും ഞാൻ പഠിച്ചു. ഇപ്പോൾ സവാള വഴറ്റുന്നത് സ്റ്റോപ്പ് വാച്ച് വച്ചാണ്. പിന്നെ തൊട്ടും മണത്തും ഗുണിച്ചും ഹരിച്ചുമെല്ലം പാകം നോക്കണം. അങ്ങനെ ഒരു വിധം ഒപ്പിച്ചോണ്ടിരിയ്ക്കണ്.
ഈ പോസ്റ്റിന്റെ പ്രചോദനം: ഇന്നലത്തെ നത്തോലിക്കറിയും അദ്ദേഹത്തിന്റെ അമ്മ വയ്ക്കുമ്പോലുള്ള മഞ്ഞളിട്ട കപ്പയും വൻവിജയമാരുന്നെന്ന് അങ്ങേര് സർട്ടിഫൈ ചെയ്ത്

അടുക്കള റെയ്ഡും ആഫറ്റ്ർ എഫക്ട്സും


അവധി ദിവസങ്ങൾ ഞങ്ങൾക്ക് കളരിപ്പയറ്റ് പ്രാക്ടീസിന്റെ ദിവസങ്ങളാണ്. നാക്കിനൊരു പണീമില്ലല്ലോ സോ രാവിലെ തൊട്ട് ആരംഭിയ്ക്കുന്ന പയറ്റ് രാത്രി ഉറങ്ങും വരെ ഉണ്ടാകും. സൗഹൃദമത്സരമായ് തുടങ്ങുന്ന പയറ്റ് രാഷ്ട്രീയാ സാമൂഹിക സാമ്പത്തിക മേഖലകൾ കടന്ന് വൃത്തിപ്രാന്തിലെത്തുമ്പോഴേയ്ക്കും വാശിയേറിയ അന്താരാഷ്ട്ര മത്സരമായ് മാറുകയും അനന്തരം മല്ലയുദ്ധമെന്ന കൈയ്യാങ്കളിയ്ക്ക് മുതിരുകയും ചെയ്യും. മുല്ലപ്പെരിയാർ ഇപ്പ പൊട്ടും കാലത്ത് ഞങ്ങളെത്ര ഗ്‌ളാസും പ്‌ളേറ്റും പൊട്ടിച്ചിരിയ്ക്കണ്. തർക്കശാസ്ത്രത്തിൽ അഗ്രഗണ്യരായ രണ്ട് പേർ ഏറ്റ്മുട്ടുമ്പോൾ ഇതെല്ലാം സ്വഭാവികമാണെന്ന് പറഞ്ഞ് രാത്രീ പുറത്ത് പോയ് കൊത്തുപൊറേട്ടേം ചിക്കൻ ഫ്രൈയും ഒക്കെ കഴിച്ച് പിറ്റേന്നത്തെ തർക്കത്തിനുള്ള ശക്തി സംഭരിയ്ക്കും.

അങ്ങനെ ഒരവധി ദിവസം ഞാനെന്റെ പാചകപരീക്ഷണലാബിൽ ഐറ്റങ്ങൾ മിക്സ് ചെയ്ത് പരീക്ഷണം നടത്തിക്കൊണ്ടിരിയ്ക്കുമ്പോൾ ശിവൻ ആ വഴി പോവുകയും എന്തോ സംഭവങ്ങളൊക്കെ അലുഗുലുത്തായി അവിടേം ഇവിടേം കിടക്കണ കണ്ട് അങ്ങേർ അടുക്കളയിൽ ഒരു മിന്നൽ റെയ്ഡ് ആരംഭിച്ച്. പൊട്ടിച്ചിടാതെ ഇപ്പോഴും പാക്കറ്റിലിരിയ്ക്കുന്ന ചെറുപയർ, പരിപ്പ്, കടല ടീമുകളെ തൂക്കിയെടുത്ത് എന്റെ നേരെ ഒരാക്രോശം; "ഇതൊക്കെയെന്താ ടിന്നിലിടാത്തെ?" ആസ് യൂഷ്വൽ എന്റെ റെഡിമെയ്ഡ് ആൻഡ് കൂൾ റിപ്ലൈ "സമയം കിട്ടിയില്ല"

അന്നത്തെ റെയ്ഡിൽ പൊങ്ങുന്ന ഓരോ പ്രതികൾക്കും ഒൻപത് ചീത്ത വച്ച് ഞാൻ കേട്ട്. ഈ സമയത്ത് ആത്മസംയമനം കാണിച്ചാൽ അരമണിക്കൂറിൽ അടുക്കള സുന്ദരമായ് അടുക്കിക്കിട്ടുമെന്നതിനാൽ ഞാൻ കടിച്ച് പിടിച്ചങ്ങ് മിണ്ടാതിരുന്നു. അങ്ങനെ കവറുകൾക്കുള്ളിൽ ശാപമോക്ഷം കിട്ടാതിരുന്ന എല്ലാ സംഭവങ്ങളും ജാറുകളിൽ കയറി കുട്ടപ്പന്മാരായിരുന്നു. ഒപ്പം ഉപ്പിരിക്കേണ്ടടത്ത് പരിപ്പും പരിപ്പിന്റെ സ്ഥാനത്ത് പഞ്ചസാരയും ഇരുന്നു.

ഞാൻ വീണ്ടും ലാബിലേയ്ക്ക് തിരിച്ചെത്തുമ്പോഴേയ്ക്കും അടുപ്പിലിരുന്ന ഐറ്റം എനിക്ക് പോലും തിരിച്ചറിയാൻ വയ്യാത്ത സ്റ്റേറ്റിലാരുന്നു. ഇനി അതെന്ത് ചെയ്യുംന്ന് തലപുകഞ്ഞ് പണ്ടാരടങ്ങി ഞാൻ നിന്നു. പോലിസേമാൻ ഈ പരിസര പ്രദേശത്തുണ്ടല്ലോ സോ എടുത്ത് കളയണ കണ്ടാൽ എന്റെ ലാബും പൂട്ടിയ്ക്കും ഒപ്പം ഞാൻ നശിപ്പിച്ച ഐറ്റങ്ങളുടെ ഇരട്ടിപ്പിച്ച വിലയും കേ‌ൾക്കേണ്ടിവരും. സെയ്ഫായിട്ട് ഒരവസരം കിട്ടണവരെ ഞാനതിനെയങ്ങ് തിളയ്ക്കാൻ വിട്ടു. നോക്കുമ്പോൾ പോലീസ് ഫ്രിഡ്ജ് റെയ്ഡിലേയ്ക്ക് കടക്കണു.

"നീ എന്താ ഇതിനാത്ത് ഹിമാലയം ഉണ്ടാക്കണോ" ഫ്രീസറിലെ ഡീഫ്രോസ്റ്റ് ചെയ്യാത്ത ഐസ്മല പിടിയ്ക്കപ്പെടും എന്നറീയാവുന്ന കൊണ്ട് ഞാൻ ആൻസറൊക്കെ പ്രിപ്പയർ ചെയ്ത് വച്ചിർന്ന്. "നമ്മൾ രണ്ടൂസം ഇവിടെ ഇല്ലാരുന്നല്ലോ, അതാവും" ഹോ എനിക്കിത്ര നിഷ്ക്കുവാകാൻ പറ്റൂന്ന് അപ്പോഴാ മനസ്സിലാവുന്നെ. നോക്കുമ്പോൾ എന്റെ മൂർച്ചയേറിയ ടൂൾസൊക്കെ എടുത്ത് അങ്ങേർ പണിതുടങ്ങി. "മനുഷ്യാ, നിങ്ങക്ക് ഒരു ബോധോമില്ലേ, ആ ഡീഫ്രോസ്റ്റ് ബട്ടൺ ചുമ്മാ അവിടേ വച്ചേക്കുവാണോ" കിട്ടിയ സമയത്ത് ഒരു കൊട്ട് കൊടുത്തില്ലേൽ പിന്നെ ഞാനാരാ.
ഉടൻ ഉണ്ടക്കണ്ണുരുട്ടി, "എന്നിട്ട് വേണം ഇനിയിവിടെ വെള്ളപ്പൊക്കം കൂടിയുണ്ടായി ആൾക്കാരൊലിച്ച് പോകാൻ". അതെനിക്കിട്ടാണ്. ഡീഫ്രോസ്റ്റ് ചെയ്യാനിട്ടിട്ട് മറന്ന് വല്ലോടത്തും പോയിരുന്നു തിരിച്ച് വന്ന് ആ വെള്ളത്തിൽ തന്നെ തെന്നി നടുവിടിച്ച് വീഴുന്നത് എനിക്കൊരു ഹോബിയാർന്ന്. പിന്നെ ഒന്നും മിണ്ടാതെ ഞാൻ ലാബിൽ പുതിയ ഒരു സംഭവത്തിനായ് ഐറ്റങ്ങൾ പരതാൻ തുടങ്ങി.

അവിടെ ഹിമാലയ പർവ്വതങ്ങൾ ഒന്നൊന്നായി തകർന്ന് വീണുകൊണ്ടിരുന്നു. വീഴുന്ന പർവ്വതങ്ങളെ താങ്ങിയെടുത്ത് വാഷ്ബേസിനിൽ പ്രതിഷ്ഠിയ്ക്കും. ജെ.സി.ബി കുന്നിടിച്ച് നിരത്തുമ്പോലെ അങ്ങേരാ ഐസ്മലയെ നിലമ്പരിശാക്കി. ടൂൾസുകൾ ഒരോന്നായി മാറ്റി മാറ്റി പരീക്ഷിച്ച് വിജയത്തോടടുത്തോണ്ടിരിയ്ക്കണ്. പെട്ടന്നായിരുന്നു "ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്" എന്നൊരു ശബ്ദവും ഒപ്പം അതിയാന്റെ അലർച്ചയും നാലുകാലേലോട്ടവും.
"എന്താ, എന്താ" ഞാനും അലറിവിളിച്ച്.
"ഗ്യാസ് പോയെടി, ഗ്യാസ്"
ഗ്യാസോ, അതിനിങ്ങേർക്ക് ഇത്രമാത്രം ഗ്യാസ് എവിടിരിയ്ക്കണന്ന് അന്തംവിട്ടാലോചിക്കുമ്പോളാണ് ഞാനാക്കാഴ്ച കാണുന്നത്. ഡാൻസിന് സ്റ്റേജിൽ പുകവരുത്തുമ്പോലെ ഫ്രീസറിനുള്ളിൽ നിറയെ പുക. പൊട്ടിച്ച് പൊട്ടിച്ച് ഫ്രിഡ്ജിന്റെ ഹാർട്ടും അങ്ങേര് കുത്തിപ്പൊട്ടിച്ചെന്ന ഭീകര സത്യം ഞാൻ മനസ്സിലാക്കി. പിന്നെ അവിടെ വിളിയ്ക്കണ് ഇവിടെ വിളിയ്ക്കണ്. നോ രക്ഷ. ഒടുവിൽ അന്നുവൈകിട്ട് ഒരു ചുമപ്പ് ഫ്രിഡ്ജിന്റെ മൃതദേഹവും കൊണ്ട് ഒരു വണ്ടി ക്യു.ആർ.എസിനെ ലക്ഷ്യമാക്കി പാഞ്ഞു. അതിനെ അവിടെത്തട്ടി പുതിയ ഒരു ഫ്രിഡ്ജും ഒഴിഞ്ഞ പോക്കറ്റുമായ് നമ്മുടെ നായകൻ ആദ്യമായ് തലകുനിച്ച് കയറിവന്നു.

ആഫ്റ്റർ ആൾ ദ ഇവന്റ്സ്:
"അല്ല, ഗ്യാസ് പോയപ്പോൾ നിങ്ങളെന്തിനാ മനുഷ്യാ അലറിക്കൊണ്ടോടിയെ"
"അത്.. പിന്നെ.. അതീന്ന് വരുന്നത് എന്തോ ശ്വസിയ്ക്കാൻ പറ്റാത്ത വാതകല്ലേ, അതോണ്ടാ"
"ങ്ഹേ.... പിന്നെന്താ, എന്നെ വിളിക്കാണ്ടോടിയെ?"
"അത് നിനക്കെന്ത് ശ്വസിച്ചാലും കുഴപ്പോല്ലല്ലോ, അതോണ്ടാ"
പി.എസ്: അന്നു തൊട്ടിന്നുവരെ വീട്ടിലെ ജെ.സി.ബി ഫ്രീസറിൽ കേറി പ്രവർത്തിച്ചിട്ടില്ല

ഒരു 'ഗോ ഗ്രീൻ' വീട്ടിലെ കഥ!


ശിവന്റെ വീട്ടുകാർ ജന്മനാ അതിഭയങ്കര 'ഗോഗ്രീൻ' പ്രവർത്തകരാണ്. സപ്പോട്ട, സീതപ്പഴം,പാഷൻഫ്രൂട്ട്, മാവുകൾ, പ്ലാവുകൾ, പുളികൾ, തെങ്ങുകൾ, വാഴകൾ, മുളകുകൾ എന്നിങ്ങനെ ആകെ മൊത്തം പച്ച. ഇതിലേയ്ക്ക് എന്റെ രംഗപ്രവേശം എന്നുവച്ചാൽ വന്നുകയറിയത് അതായതു വലതുകാൽ വച്ചത്, ഒരു സന്ധ്യയ്ക്കാരുന്നു. സോ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല. അല്ലേലും ആദ്യ ദിവസം തന്നെ ചുറ്റും തിരിഞ്ഞ് വായിനോക്കണത് മോശല്ലെ, മ്മ്ള് നോക്കണത് പ്രകൃതിയാണേലും ആളോളു കാണണത് മ്മ്‌ളെയല്ലെ!

പിറ്റേന്ന് നേരം വെളുത്തെണീറ്റ് വന്നതും കാണുന്നത് അനിയൻ മുറ്റമടിയ്ക്കണത്. "ശ്ശോ ആൺകുട്ടികളു മുറ്റമടിയ്ക്കുവോ, ങ്ങ് താ ഉണ്ണി ചേച്ചി ചെയ്തോളാം ഇതൊക്കെ" ഓടിച്ചെന്ന് ചൂലുവാങ്ങി.
വീട്ടിൽ ഒരിലയെടുത്ത് അങ്ങോട്ട് വയ്ക്കില്ല എന്ന നല്ലപേരുള്ള ഞാൻ മുറ്റം തൂക്കണു പ്ഫ്.. ആ ഈ പുത്തനച്ചി സ്റ്റൈൽ അങ്ങു മാറുമ്പോൾ ചൂലെടുത്ത് വല്ല അട്ടത്തും വയ്ക്കാം എന്നൊക്കെ ചിന്തിച്ച് സമാധാനിച്ച് തൂക്കാൻ തുടങ്ങി. ഭയങ്കര തൂക്കൽ, അതിനിടയിൽ അമ്മായിയമ്മ വന്ന് തടയാൻ ഒരു ശ്രമം നടത്തി. എവിടെ, നമ്മൾ വിടുവോ! "അവൾക്കിതൊക്കെ ഇഷ്ടാമ്മെ, ചെയ്തോട്ടെ" ശിവന്റെ സപ്പോർട്ടും. മറ്റ് പെണ്മണികളൊന്നും ഇല്ലാത്ത വീടായതിനാൽ അമ്മ വീണ്ടും അടുക്കളയിലേയ്ക്ക് പിൻവാങ്ങി. ഒരു മണിക്കൂർ തൂത്ത് നടുവൊടിഞ്ഞ് ഒരു വിധത്തിൽ മുറ്റത്തിന്റെ അങ്ങേയറ്റം വരെ എത്തിച്ചു. അവിടെ നിന്ന് നോക്കുമ്പോൾ ഞാനാ ഭീകര ദൃശ്യം കണ്ടു. ഈ മുറ്റത്ത് നിന്ന് കണക്റ്റ് ചെയ്ത് മറ്റൊരു മുറ്റം തെക്കോട്ട്. "എന്റെ ദൈവമേ എന്നേം അങ്ങ് തെക്കോട്ടെടുത്തേക്കണേന്ന്" അന്ന് തുടങ്ങിയ പ്രാർത്ഥനയാ. "എന്താടാ?" ശിവന്റെ ചോദ്യം. "ഈ മുറ്റോം തൂക്കണോ?" എന്റെ അതിദയനീയാവസ്ഥ മനസ്സിലാക്കാതെ അതോ മനസ്സിലാക്കീട്ടോ ആ കശ്മലൻ പറഞ്ഞു "പിന്നേ,ഇതൊക്കെ എന്നും തൂക്കണതാ, ഇനി പടിഞ്ഞാറു വശത്തും മുൻവശത്തെപ്പോലെ ഒരു മുറ്റമുണ്ട്, അതും തൂക്കണം". "ഹെന്റെ ദൈവങ്ങളേ" അന്തരാളങ്ങളിൽ നിന്നു വന്ന ഒരലർച്ച ഞാൻ തൊണ്ടയിൽ വച്ച് ബ്രേക്ക് ചെയ്ത് മാനം രക്ഷിച്ചു. "ഉണ്ണീ" , ആയുധം വച്ചുമാറാൻ ആണുങ്ങൾ മുറ്റമടിച്ചാലും കുഴപ്പമില്ല എന്നു ചേച്ചി പോളിസി മാറ്റിയ വിവരം അവനെ അറിയിക്കണ്ടെ. "എന്താ ചേച്ചീ, ഞാൻ കുളിക്കാൻ പോകുവാ" പറഞ്ഞതും അവൻ പാഞ്ഞുപോയ് കുളിമുറീൽ കേറി വാതിലടച്ചു. നാലേക്കർ മുറ്റം തൂക്കാൻ എന്റെ ജന്മം ദേ ഇനിയും ബാക്കി.

 പിന്നേം തൂക്കാൻ തുടങ്ങി, നോക്കുമ്പോൾ ഈ മുറ്റം ആദ്യത്തേതിലും മാരകമാണ്. മൊത്തം ഇലകൾ. അതും പുളിയില!!! പിന്നെ മാവില, പ്ലാവില, സീതാ ഫൽ കി(കോ, കെ, ഏതാന്ന് വച്ചാ സൗകര്യം പോലെ ചേർത്ത് വായിച്ചോ) ഇല എന്നിങ്ങനെ മുറ്റത്തൊരു സർവ്വമത സമ്മേളനം! തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോരോ പുളിയിലകളും ഞാൻ തൂത്തുകളഞ്ഞു അല്ല പെറുയ്ക്കിമാറ്റി. ഈ മരങ്ങൾക്കൊക്കെ ഇലപൊഴിയ്ക്കണന്ന് ഇത്ര നിർബന്ധാ? ഹോ!! അന്നാദ്യമായ് ഞാൻ മരങ്ങളെ പ്രാകിക്കൊന്നു.ദിതുപോലുള്ള അനേക പെണ്മണീകളുടെ കരച്ചിൽ കാരണമാവണം ഗ്രീനൊക്കെ കുറയണത്.

അങ്ങനെ മുറ്റം ഒരു പരുവവും ഞാൻ അതിദയനീയ പരുവവും ആയപ്പോൾ ശിവൻ മൊബൈലിൽ കുത്തിക്കൊണ്ട് വിശേഷം ചോദിയ്ക്കാൻ ഒരു വരവ്, "കഴിഞ്ഞോ?" "ഇല്ല, ആ പറമ്പും കൂടി തൂക്കാനുണ്ട്" പുതുപ്പെണ്ണിനത്യാവശ്യം വേണ്ട വിനയം, ബഹുമാനം എല്ലാം നാടുകടന്നു തുടങ്ങി.
"ആ എന്നാൽപ്പിന്നെ നീ അതൂടി കഴിഞ്ഞു വാ, ഞാൻ വല്ലോം കഴിയ്ക്കട്ടെ" എന്നുമ്പറഞ്ഞ് നടന്നുപോകുന്ന ആ കശ്മലനെയാണല്ലൊ ദൈവേ ഞാൻ പ്രേമിച്ച് കെട്ടിയത്.

അന്നു ഞാൻ ഇഡ്ഡലിം സാമ്പാറും കഴിച്ചപ്പോൾ മണി പത്ത്. അതിനിടയിൽ അമ്മായിയമ്മ ചോദിയ്ക്കണു, "എന്തിനാ മോളെ തെക്കുവശോം പടിഞ്ഞാറുമൊക്കെ തൂത്തെ, അത് സാധാരണ വൈകുന്നേരമാ തൂക്കുന്നെ". ദേഷ്യംകൊണ്ട് തുറിച്ച് നോക്കുമ്പോ ഒരാൾ ഒന്നുമറിയാത്തെ പോലെ നാലഞ്ച് ഇഡ്ഡലീനെ ഒരു ലിറ്റർ സാമ്പാറിൽ മുക്കിക്കൊന്ന് തട്ടിക്കൊണ്ടിരിയ്ക്കുന്നു.

ആ ദിവസത്തിന്റെ ക്ലൈമാക്സിൽ ഉച്ചച്ചൂടിൽ നായകൻ നായികയോട് കഞ്ഞിവെള്ളം ചോദിയ്ക്കുന്നു. പുതുമണവാട്ടിയായ നായിക കഞ്ഞിവെള്ളപ്പാത്രം തപ്പുന്നു. നോക്കുമ്പോൾ ടേബിളിലിരിയ്ക്കുന്നു ഒരു ചെരുവം കഞ്ഞിവെള്ളം. "ചൂടില്ല, ഇത് മതിയോ" ഞാൻ വിളിച്ചു ചോദിച്ചു. "ഓഹ് മതി, ചൂടൊന്നും വേണ്ട" ടീവീടെ മുന്നീന്ന് മറുപടി വന്നു. വല്യൊരു കുട്ടകം പോലുള്ള ഗ്ലാസ് തപ്പിയെടുത്ത് നിറച്ചൊഴിച്ചു കൊടുത്തു. കുടിച്ചതും മുഖം ചുളിയുന്നു. "അല്ലേലും എങ്ങനെ കുടിയ്ക്കണു ഈ കഞ്ഞിവെള്ളം" ജന്മനാ കഞ്ഞിവെള്ള വിരോധിയായ എന്റെ ചോദ്യം കേട്ടതും അങ്ങേരു വാശിതീർക്കും പോലെ അത് മുഴുവൻ വലിച്ചു കുടിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ പറയണു, "എന്തോ പോലെ തോന്നണു, തലകറങ്ങുമ്പോലെ" . "ആ ഇനിയെത്ര കറങ്ങാനുള്ളതാ" എന്ന് ഒരു തമാശും പാസ്സാക്കി ഞാൻ അടുക്കളയിലെ അസിസ്റ്റന്റ് പണികളിലേയ്ക്ക് തിരിച്ചു പോയി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ ചോദ്യം "ആടിനു കൊടുക്കാൻ വച്ചിരുന്ന മരച്ചീനി വെള്ളമെവിടെ?" . "ഹെന്റെ മാതാവേ, എന്നെയങ്ങോട്ടെടുത്തോണെ" മരച്ചീനി വെള്ളം പോയവഴി മനസ്സിലാക്കിയ നായിക കുട്ടകം പോലുള്ള ഗ്ലാസും അതിൽ ബാക്കിയുള്ള തൊണ്ടിമുതലും വീണ്ടെടുക്കാൻ ശ്രമം തുടങ്ങി. "എന്താ അമ്മ ചോദിച്ചെ?" അപ്പുറത്ത്ന്ന് മകന്റെ ചോദ്യം? തകർന്നു, എല്ലാം തകർന്നു. മെല്ലെ ടീവിമുറിയിലേക്കെന്നൊത്തിനോക്കി, അമ്മയും മകനും ഭയങ്കര ഡിസ്കഷൻ. നായകൻ അമ്മയുടെ കൈയ്യിലേയ്ക്ക് ഗ്ലാസ് കൈമാറുന്നു, അമ്മ മണത്തും രുചിച്ചും സംഭവം ഐഡന്റിഫൈ ചെയ്യുന്നു. മകനോട് കൺഫേം ചെയ്യുന്നു. പിന്നെ നടന്നത്, "ധട്പുഠ്തോം" എന്നൊരു ശബ്ദത്തോടെ നായകൻ ബോധംകെട്ട് തറയിൽ. നായിക കല്യാണത്തിരക്കിൽ കാണാതെപോയ പേഴ്സ്തപ്പുന്നു, വണ്ടിക്കുലിയ്ക്കായ്.

അന്നമ്മയെന്ന പാട്ടുകാരി

മലമ്പ്രദേശമാണെങ്കിലും നാട്ടുകാർ കലാസ്വാദകരും സഹൃദയരുമായിരുന്നു. റേഡിയോ ഇല്ലാത്ത വീടുകളില്ല. രഞ്ജിനിയും യുവവാണിയും എസ്.എ സ്വാമിയുടെ സ്പാനിഷ് ഗിറ്റാറിൽ വായിച്ച പാട്ടുകളും  പത്തുദിവസം നീളുന്ന നാടകോത്സവവും വയലും വീടും പിന്നെ ഞായറാഴ്ചകളിൽ മാത്രം കേൾക്കൂന്ന ആർട്ട്സ് & സ്പോർട്ട്സ് ക്ലബുകൾ അവതരിപ്പിക്കുന്ന പരിപാടികളും ഒക്കെയായിരുന്നു അന്നത്തെ സംസാര വിഷയങ്ങൾ. ഇതിൽ നിന്നൊക്കെ പ്രചോദനമുൾക്കൊണ്ട് ഉണ്ടാക്കിയ ക്ലബ്ബാണ് തരംഗിണി. ഓണവും വിഷുവും പെരുന്നാളും എന്നുവേണ്ട സർവ്വമാന വിശേഷാവസരങ്ങളിലും തരംഗിണി പ്രോഗ്രാംസ് നടത്തി. ഡാൻസ് പഠിക്കുന്ന പിള്ളേരായിരുന്നു പരിപാടികളിലെ സ്റ്റാർസ്. തിത്തൈ തിത്തൈ തകധിമി തെയ്യം താരോ എന്ന് പിള്ളേരു സ്റ്റേജിൽ കിടന്ന് ചാടുന്നത് നോക്കി ഞാനും അന്നമ്മേം നെടുവീർപ്പിടും. ഞങ്ങൾക്ക് ഡാൻസ് ഭയങ്കര ഇഷ്ടാ പക്ഷെ വീട്ടുകാരുടെ കൺസപ്റ്റിൽ ഡാൻസ് എന്നു പറഞ്ഞാൽ സുന്ദരികൾക്കുള്ളതെന്നായിരുന്നു. കാലം ഞങ്ങളെ സുന്ദരികളാക്കും എന്ന് ചിന്തിക്കാനുള്ള ദീർഘവീക്ഷണം പൂവർ പാരൻസിനുണ്ടായില്ല. ഡാൻസുകാരെ തോല്പിക്കാൻ ഞങ്ങൾ സ്പോർറ്റ്സിൽ ചില്ലറ പരിശ്രമങ്ങളൊക്കെ നടത്തിയെങ്കിലും അതിദയനീയമായ് പരാജയപ്പെട്ട് കരകയറി. ഞങ്ങൾ ഓടിയെത്താൻ കാത്തുനിൽക്കുന്ന മറ്റു സഹമത്സരാർത്ഥികളെയും, അടുത്ത മത്സരം നടത്താൻ ട്രാക്കു ഫ്രീയായി കിട്ടാൻ നോക്കിയിരിക്കുന്ന നടത്തിപ്പുകാരെയും ഫെയ്സ് ചെയ്യാനുള്ള മടികൊണ്ട് ഇടവഴിയിലെ കപ്പത്തോട്ടത്തിലേക്ക് ഓടിരക്ഷപെട്ട് ഞങ്ങൾ ഞങ്ങളുടെ കായികജീവിതത്തിന് വിരാമമിട്ടു.

കാലമിങ്ങനെ മാറിമറിഞ്ഞ് ഓടിക്കൊണ്ടിരുന്നു.  വായനയിലേക്ക് തിരിഞ്ഞതോടെ എന്റെ കലാകായികമോഹങ്ങൾ തീർന്ന്. വായനയാണ് ലോകത്തെ ഏറ്റവും സുന്ദരമായ കല എന്നായി ഞാൻ. അന്നമ്മയ്ക്കാണേൽ പുസ്തകങ്ങൾ അലർജി. അവൾ വർത്തമാനം ഒരു കലയാക്കി.  തോട്ടത്തിലെ ഏതെങ്കിലും മരച്ചുവട്ടിൽ പുസ്തകങ്ങളുമായ് കുത്തിയിരിക്കുന്ന എന്നെത്തേടി അന്നമ്മ വരും. കണ്ണിമാങ്ങയും വറ്റൽമുളകും ഉള്ളീം ഉപ്പും എന്നിങ്ങനെ സഞ്ചരിക്കുന്ന ഒരു പച്ചക്കറിക്കടയാണവൾ . വർത്താനം പറയാൻ വരുന്നതാണ്. പക്ഷെ എന്ത് ചെയ്യാം ഞാൻ വായിച്ച് വായിച്ച് എന്റെ ഭാഷ മൊത്തം കാൽപ്പനികമായ്, അവൾക്ക് കേട്ട് പ്രാന്തായി. അങ്ങനെ അന്നമ്മ ദു:ഖിതയും ഏകാകിയുമായ് മാറി

അങ്ങനെയിരിക്കേ ഒരു ദിവസം അവളെന്നെ തേടി വന്നു. "എനിക്കൊരു പാട്ടു വേണം, ഓണപ്പരിപാടിയ്ക്ക് പാടാൻ". ങ്ഹേ!! ഞാൻ ഞെട്ടലോടെ പറഞ്ഞു, "നീ അവിവേകമൊന്നും കാട്ടരുത്, ഒത്തിരി ആൾക്കാരൊക്കെ വരുന്നതാ."  "നീയും അവളുമാരെപ്പോലെ തന്നെ" എന്നു പറഞ്ഞ് അന്നമ്മ മുഖം വീർപ്പിച്ച്.  നഷ്ടപ്പെടാൻ പോകുന്ന കണ്ണിമാങ്ങകളെയും ചാമ്പങ്ങകളെയും മുന്നിൽക്കണ്ട് ഞാനെന്റെ ലളിതഗാന പാഠബുക്ക് തുറന്ന്. ആകാശവാണിയിൽ അങ്ങേരു പഠിപ്പിക്കുമ്പോലെ തന്നെ അവളെ പഠിപ്പിയ്ക്കാൻ ശ്രമിച്ച്. "അത്രമേലിന്നും നിലാവിനെ സ്നേഹിച്ചൊരഞ്ചിതൾ പൂവിനും മൗനം" എന്ന് ഞാൻ പാടിക്കൊടുത്തതെത്ര ബോറായിരുന്നെന്ന് അവൾ പാടിക്കഴിഞ്ഞപ്പോ ഞാൻ തിരിച്ചറിഞ്ഞു. അന്നമ്മയിൽ ഒരു പാട്ടുകാരിയുണ്ടെന്ന സത്യം തിരിച്ചറിഞ്ഞ് ഞാൻ തരിച്ചിരുന്നു. ഈണവും സ്വരവും ഉണ്ട് പക്ഷെ കാണാതെ പഠിക്കാൻ അവളെക്കൊണ്ട് പറ്റൂല്ല. ആ പേജങ്ങ് കീറിക്കൊടുത്ത് ആ പ്രശ്നം പരിഹരിച്ച്.

ഓണപ്പരിപാടികളൊന്നൊന്നായ് അരങ്ങേറുന്നു. അങ്ങനെ ലളിതഗാന മത്സരത്തിന്റെ ഊഴമെത്തി. ആകെ അഞ്ചാറുപേരേയുള്ളു, മൂന്നാമതായി അന്നമ്മയുടെ പേര് അനൗൺസ് ചെയ്തു.  അന്നമ്മയുടെ ചേച്ചിമാരും വീട്ടുകാരും നാട്ടുകാരും ഒന്നടങ്കം അനൗൺസ്മെന്റ് കേട്ട് ഞെട്ടി. അനൗൺസ്മെന്റ് കേട്ടതും സ്റ്റേജിനു പുറകിൽ എനിക്കൊപ്പം നിന്ന അന്നമ്മയുടെ കാറ്റു പോയി. "അയ്യോ ഞാൻ പാടുല്ലായേന്ന്" ഒറ്റക്കരച്ചിൽ. ഒരുവിധത്തിൽ ഉന്തിത്തള്ളി സ്റ്റേജി കയറ്റി. "അയ്യോ കർട്ടൻ പൊക്കല്ലേ" ന്ന് പിന്നേം കരച്ചിൽ. ക്ലബ് നടത്തിപ്പ് ചേട്ടന്മാരൊക്കെ ഈ കാഴ്ച കണ്ട് അന്തംവിട്ട് നിന്ന്. "ശരി, എന്നാൽ കർട്ടൻ ഉയർത്തണില്ല, അല്ലാതെ തന്നെ പാടിക്കോ" ന്ന് അവർ കനിഞ്ഞു. അങ്ങനെ അന്നമ്മ പാടാൻ തുടങ്ങി. രാത്രിയുടെ നിശബ്ദതയിൽ സുന്ദരമായാ ശബ്ദം ജനമനസ്സുകൾക്കിടയിലേക്കിറങ്ങി ചെന്ന്. പാട്ടു പാതിയായതും കർട്ടൻ അവർ പതിയെ ഉയർത്താൻ തുടങ്ങി. ഒപ്പം അന്നമ്മയുടെ ശബ്ദത്തിന്റെ വിറയലും കൂടി. കർട്ടൻ മൊത്തം ഉയർന്നതും ആൾക്കാർ ഒന്നടങ്കം അന്നമ്മ എന്നാർത്ത് വിളിച്ചതും സ്വിച്ചോഫ് ചെയ്തതു പോലെ അവൾ പാട്ടു നിർത്തി. "അന്നമ്മ പാടണം എന്ന് മുന്നിലിരുന്ന ചെക്കന്മാരൊക്കെ ആർത്ത് വിളിച്ചു" അങ്ങനെ ഒരിക്കൽക്കൂടി അന്നമ്മ പാടി. പാടിയെന്നല്ല പാടി കീഴടക്കി ഒരു നാടിനെ. റൂൾസ് തെറ്റിച്ചതു കൊണ്ട് സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും ഓരോരുത്തരും അതിശയപ്പെട്ടു. "എന്റെ കൊച്ചിത്ര നന്നായി പാടുമായിരുന്നോ" എന്ന് മറിയാമ്മ ചേച്ചി അന്തംവിട്ട്. ചേച്ചിമാർക്ക് ശബ്ദമേ ഇല്ലാതായിപ്പോയി.  അന്ന് രാത്രി പൈലോച്ചേട്ടൻ വെള്ളമടിച്ചേച്ച് വന്ന് അന്നമ്മയെ വിളിച്ച്, "കൊച്ചേ, അന്നമ്മേ, നീയാ പാട്ടൊന്നു പാടിക്കേ." അങ്ങനെ ഏവരാലും തിരസ്ക്കരിക്കപ്പെട്ടു കിടന്ന അന്നമ്മ എല്ലാവരുടേയും പാട്ടുപെട്ടിയായ് മാറിയത് പിന്നത്തെ മലയോരചരിത്രം!