Tuesday, February 7, 2012

മനസ്സുകൾക്കിടയിലെ അണക്കെട്ടുകൾമനുഷ്യർ എന്നാണ് ഇല്ലാതെ ആയത്? എവിടെ വച്ചാണ് മനുഷ്യ മനസാക്ഷികൾ ഇല്ലാതെ ആയത്? എപ്പോഴാണ് മലയാളിയും തമിഴനുമായ് മനുഷ്യർ മാറിയത്? മുല്ലപ്പെരിയാർ ഒരു നദിയ്ക്കു കുറുകെ കെട്ടിയ അണയാണ്. നിങ്ങളേവരും നിങ്ങളുടെ മനസ്സുകൾക്കു കുറുകെ അണകെട്ടിയിരിക്കുകയാണോ? മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനെ എതിർക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഒരു ദിവസത്തെ അനുഭവമാണ്.

ഡിസംബർ അവസാന നാളുകളിൽ തിരുവനന്തപുരത്ത് കനത്ത മഴ പെയ്തു. നെയ്യാറിന്റെ വൃഷ്ടിപ്രദേശങ്ങൾ നിറഞ്ഞു കവിഞ്ഞു. കനത്ത മഴയിൽ അന്തരീക്ഷം ഇരുണ്ടുറഞ്ഞു കിടന്നു. ഡിസംബറിലെ അവസാ‍ന ദിവസം. പുതുവർഷത്തിന്റെ തലേദിവസം. ഉച്ചയോടെ മഴ തോർന്നു. ആകാശം തെളിഞ്ഞു തുടങ്ങി. അന്തരീക്ഷത്തിന്റെ കനം കുറഞ്ഞു. ഓഫീസിന്റെ ചില്ലു ജാലകങ്ങൾ മഴയുടെ അവശേഷിപ്പുകളുമായ് തിളങ്ങി നിന്നു.

റോഡിൽ പതിവില്ലാത്ത തിരക്കും ബഹളവും. ആക്സിഡന്റ് ആയിരിക്കും എന്ന് ഓഫീസിൽ ആളുകൾ പരസ്പരം പറഞ്ഞു.
പുറത്തു പോയിരുന്ന ഒരു പയ്യൻ തിരിച്ചു വരുമ്പോഴാണ് അറിയുന്നത്, കിള്ളിയാർ നദി കര കവിഞ്ഞൊഴുകുകയാണ്. പാലത്തിനൊപ്പം വെള്ളമെത്തി. ജലനിരപ്പ് ഇനിയും ഉയരുകയാണ്. സമീപ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഒരോന്നായി തുറന്നു വിടുകയാണ്.

മുഴുവൻ കേൾക്കാൻ എനിക്കായില്ല. കിള്ളിയാറിന്റെ തീരത്തു നിന്ന് ഒരു കിലോമീറ്റർ പോലും ദൂരമില്ല ഞങ്ങളുടെ വീട്ടിലേയ്ക്ക്. വീട്ടിൽ ഒരു വയസ്സു തികയാറായ മകനും, അവനെ നോക്കുന്ന വയസ്സായ സ്ത്രീയും മാത്രം. അവനാണെങ്കിൽ മുട്ടുകുത്തി പാഞ്ഞു നടക്കുന്ന സ്വഭാവം. ഇറങ്ങുമ്പോൾ ഓഫീസിൽ എല്ലാവരും തടഞ്ഞു. ഓട്ടോക്കാർ ആരും വരില്ല. നടക്കാൻ പറ്റുമെന്നു തോന്നുന്നില്ല.

ശിവൻ എത്താൻ വൈകും. കാത്തുനിൽക്കാൻ നേരമില്ല. ഞാൻ ഓടുകയായിരുന്നു. നാഷണൽ ഹൈവെ മുറിച്ചു കടന്നതും മുന്നിൽ ആദ്യമായൊഴുകുന്ന പുഴ പോലെ വെള്ളം കയറി വരുന്നു. പോക്കറ്റ് റോഡുകൾ കാണാനില്ല. അരയ്ക്കൊപ്പം വെള്ളം. കൂടിക്കിടന്ന മാലിന്യക്കവറുകളെ ഒഴുക്കി വെള്ളം ഹൈവേയിലേയ്ക്കു കയറുകയാണ്. ഓടയും , സ്ലാബുകൾക്കിടയിലെ വിടവുകളും….. ഈശ്വരാ ഈ വഴി പോയാൽ ഞാൻ ഒരിക്കലും വീട്ടിൽ എത്തിയെന്നു വരില്ല.

ആരൊക്കെയോ ചേർന്ന് എനിക്ക് മറ്റേതോ വഴി വിശദീകരിച്ചു തന്നു. ഓടുന്നതിടയിൽ പലവട്ടം വീട്ടിലേയ്ക്കു വിളിച്ചു നോക്കി. ആരും എടുക്കുന്നില്ല. വാഹനങ്ങൾ ഒന്നും ഓടുന്നില്ല. എങ്ങും വെള്ളം. മുട്ടൊപ്പം വെള്ളത്തിലൂടെ ഓടാനും നടക്കാനുമാവാതെ എനിക്കു കരച്ചിൽ വന്നു. വഴികളിലെങ്ങും നിലവിളികളും പരക്കം പായുന്ന ജനങ്ങളുമാണ്. വൈദ്യുത ലൈനുകളെല്ലാം ഓഫ് ചെയ്തിരിക്കുന്നു.
മുന്നോട്ടുള്ള വഴി അരയ്ക്കൊപ്പം വെള്ളത്തിലാണ്. കുഞ്ഞുങ്ങളെ വാരിപ്പിടിച്ചു നിൽക്കുന്ന അമ്മമാരെ കണ്ട് എന്റെ മനസ്സു കരഞ്ഞു.
“ആന്റി, അങ്ങോട്ടൊന്നും പോകാൻ പറ്റില്ല. പ്രേം നഗർ വെള്ളത്തിലായിക്കഴിഞ്ഞു.” ടെറസിൽ നിന്ന് ഒരു ചെറിയ കുട്ടി വിളിച്ചു പറഞ്ഞു.
മുന്നിൽ മൂന്നു റോഡുകളാണ്. അല്ല മൂന്നു പുഴകളാണ്. ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് എങ്ങനെയൊക്കെയോ വീട്ടിൽ എത്തി. ദൂരെ നിന്നു കണ്ടു മോനെയും എടുത്ത് ഗേറ്റിൽ അവർ നിൽക്കുന്നത്. വെള്ളവും ഗേറ്റും തമ്മിൽ ഒരടി അകലം മാത്രം.

ഒടുവിൽ ഹീര ഫ്ലാറ്റ് ബിൽഡിങ്ങിന്റെ മതിൽ നാട്ടുകാർ തകർത്തു, വെള്ളത്തിന്റെ വരവ് കുറയ്ക്കാൻ… ആ‍ ദിവസം ഞങ്ങളനുഭവിച്ച ദുരിതങ്ങൾ. അതെത്ര വിവരിച്ചാലും അനുഭവിച്ചവന്റെ തീവ്രത വായിക്കുന്നവർക്കുണ്ടാവില്ല.

അഞ്ച് ജീവനുകളെയാണ് അന്ന് വെള്ളമെടുത്തത്. ഒന്നര വയസുള്ള ഒരു കുഞ്ഞുൾപ്പെടെ അഞ്ചു ജീവിതങ്ങൾ.

നെയ്യാർഡാമിന്റെ ഷട്ടറുകൾ ഓരോന്നായി തുറന്നു വിട്ടപ്പോഴാണ് കിലോമീറ്ററുകൾക്കിപ്പുറത്ത് ഈ ദുരിതങ്ങൾ നടന്നത്. അപ്പോൾ മുല്ലപ്പെരിയാർ പൊട്ടിയാലൊ?
ഒരു ഭൂപ്രദേശം മുഴുവൻ വെള്ളത്തിനാൽ തുടച്ചു മാറ്റപ്പെടും. ലക്ഷക്കണക്കിന് ജീവനുകൾക്കായ് രാഷ്ട്രീയക്കാർ മെഴുകുതിരികൾ കത്തിക്കും. ലോകം മുഴുവൻ ഈ ദുരന്തം ആഘോഷിക്കപ്പെടും. മരിച്ചു പോയവരുടെ സ്വപ്നങ്ങളോർത്ത് വിലപിക്കും.

പ്രകൃതിയുടെ ശക്തി ആർക്കും പ്രവചിക്കാൻ പറ്റുന്ന ഒന്നല്ല. പുതിയ അണക്കെട്ടുകളെപ്പോലും തകർത്ത പ്രകൃതി ക്ഷോഭങ്ങൾ ഈ ലോകത്ത് ഉണ്ടായിട്ടുണ്ട്. അപ്പോഴും നമ്മൾ ഇവിടെ വർഷങ്ങൾ പഴകിയ അണക്കെട്ടുമായ് പരസ്പരം യുദ്ധം ചെയ്യുന്നു. എന്നു ഭൂമി കുലുങ്ങും അത് എത്ര തീവ്രതയിൽ ആയിരിക്കും എന്ന് ആർക്ക് പറയാനാകും? കാലവർഷം എത്രമാത്രം മഴ പെയ്യിക്കും എന്ന് ആർക്ക് പ്രവചിക്കാൻ പറ്റും? 

വെള്ളമല്ല അവകാശങ്ങളും അധികാരങ്ങളുമാണ് ഇവിടെ പ്രശ്നമാകുന്നത്. മനുഷ്യജീവനുകൾക്ക് ഇത്ര വിലയില്ലാതായ് മാറുകയാണോ നമ്മുടെ രാജ്യത്ത്? നിന്റെ ജീവനേക്കാൾ വലുത് എനിക്കെന്റെ കൃഷിയാണെന്ന് പറയുമ്പോൾ നമ്മൾ മനുഷ്യരല്ലാതെ ആവുകയല്ലെ?

ഒരു രാത്രി പുലരുമ്പോൾ ലക്ഷക്കണക്കിന് ആൾക്കാർ ഒരോർമ്മ മാത്രമാകുന്നത് എത്ര വലിയ ദുരന്തമാണെന്ന് നിങ്ങൾക്ക് ചിന്തിക്കാനാവുമൊ? സ്നേഹം എന്നത് എനിക്കും എന്റെ കുടുംബത്തിനും മാത്രമാണോ? പത്രങ്ങളിൽ വായിക്കുന്ന ചില ദുരന്തങ്ങൾ നമ്മെ കരയിക്കാറില്ലെ? അതുപോലെ ബാക്കിയാവുന്നവർക്ക് കരയാനുള്ള ഒരു വാർത്തയാകരുത് മുല്ലപ്പെരിയാർ. ഓർമ്മിക്കുക, പശ്ചാത്താപങ്ങൾക്കു തിരിച്ചു കൊടുക്കാൻ പറ്റുന്ന ഒന്നല്ല മനുഷ്യ ജീവനുകൾ.

29 comments:

 1. വായിച്ചിട്ട് പേടി ആവുന്നു സരിജ .. ഡാം പൊട്ടിയാല്‍ ആദ്യം മുങ്ങുന്ന ഇടത്താണ് എന്റെ വീടും ...

  ReplyDelete
  Replies
  1. chumma kothippikkallea ttoo

   ende bus il oru traffic jam kurayumallo :)

   Delete
 2. സംഭവം നടന്നു മാസം കഴിഞ്ഞാണോ പോസ്റ്റുന്നേ...
  ഈ നെയ്യാര്‍ ഡാം പരിസരത്തു പണ്ടു ട്രക്കിംഗിനു വന്നിട്ടുണ്ട്
  എന്തായാലും പോസ്റ്റ് നന്നായിട്ടുണ്ട്...... മുല്ലപെരിയാര്‍ ഇപ്പോ ഒരു വിഷയം അല്ലാതായി എല്ലാവര്‍ക്കും

  ReplyDelete
 3. വളരെ ഗൌരവത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയം തന്നെയാണ് മുല്ലപ്പെരിയാർ. കേരളം അർഹിക്കുന്ന തരത്തിലുള്ള ഒരു നടപടി കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാവും എന്നു തന്നെ നമുക്ക് പ്രത്യാശിക്കാം

  ReplyDelete
  Replies
  1. ഭയാനകമായ ഈ സിറ്റുവേഷന്‍ എന്നിട്ടും അധികാരികളും ഒരു പരിധിവരെ ജനങ്ങളും തിരിച്ചറിയുന്നില്ലല്ലോ എന്ന വിഷമം മാത്രം. കുറേ നാളുകള്‍ക്ക് ശേഷം പേടിപ്പിക്കുന്നതാണെങ്കിലും ഒരു പോസ്റ്റുമായി തിരികെയെത്തിയല്ലോ.. സന്തോഷം. അതല്ലെങ്കിലും പേടിപ്പിക്കുന്നതാണെന്ന് കരുതി റിയാലിറ്റിയുടെ നേരെ വാതില്‍ കൊട്ടിയടച്ചിട്ട് എന്ത് കാര്യം അല്ലേ?

   Delete
 4. ഭയപ്പെടുത്തുന്ന സത്യത്തെ മൂടിവെക്കാനുള്ള പാഴ്ശ്രമം എത്ര നാളത്തേക്ക്...?

  ReplyDelete
 5. വായിച്ചു. ചിന്തിപ്പിക്കുന്ന പോസ്റ്റ്.

  ReplyDelete
 6. വെള്ളമല്ല അവകാശങ്ങളും അധികാരങ്ങളുമാണ് ഇവിടെ പ്രശ്നമാകുന്നത്

  ReplyDelete
 7. "ഓർമ്മിക്കുക, പശ്ചാത്താപങ്ങൾക്കു തിരിച്ചു കൊടുക്കാൻ പറ്റുന്ന ഒന്നല്ല മനുഷ്യ ജീവനുകൾ... "

  വിഷയത്തിന്റെ തീവ്രത മനസ്സിലക്കാൻ പറ്റുന്നു.. എന്നിട്ടും നമുക്കെന്തു ചെയ്യാൻ പറ്റും എന്ന നിഷ്ക്രിയ ചിന്ത ബാക്കി

  ReplyDelete
 8. എന്നെങ്കിലും സംഭവിച്ചേക്കാവുന്ന ദുരന്തം ആഘോഷമാക്കാൻ കാത്തിരിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും മുല്ലപ്പെരിയാറിനു താഴെ ഉറക്കം നഷ്ടമായ ആയിരങ്ങളുടേ നെഞ്ചിടിപ്പ് അറിയുന്നില്ല.

  ReplyDelete
 9. ആരോട് പറയാൻ! ജയലളിതയോടോ കരുണാനിധിയോടോ? മുല്ലപ്പെരിയാറൊക്കെ മാധ്യമങ്ങളിൽ പെയ്തൊഴിഞ്ഞ മഴയായി.

  ReplyDelete
 10. കണ്ണടച്ച് ഇരുട്ടുആക്കുന്നവര്‍

  ReplyDelete
 11. .....പറഞ്ഞ് പറഞ്ഞ് തൊണ്ട കീറി ...നിരന്തരമായ അവഗണനയാല്‍ ഞാനടക്കമുള്ളവര്‍ നിഷ്ക്രിയരാകുന്നുവോ !!

  ReplyDelete
 12. ദുരന്തങ്ങള്‍ ആഘോഷിക്കുന്നത് കാണാന്‍
  ഇട വരാതിരിക്കട്ടെ..!!

  ReplyDelete
 13. ഡാമിറ്റ്...
  എന്ന് പറഞ്ഞപോലെ എല്ലാവരും കാത്തിരിക്കുകയാണല്ലോ...അല്ലേ സരിജേ

  ReplyDelete
 14. അതേ ആ ദിവസം ഞാൻ ഇന്നും ഓർമ്മിക്കുന്നൂ....അത്യാവശ്യമായി തിരുവനന്തപുരം പോകേണ്ടി വന്നൂ..കാറിൽ ഞാനും ഭാര്യയും മാത്രാം.തമ്പാനൂരിൽ എത്തിയപ്പോൾ കാറിന്റെ പകുതിയോളം വെള്ളം കയറി...മസ്സിന്റെ വിശ്വാസമാകാം എങ്ങനെയൊക്കെയോ വണ്ടി തിരിച്ച് പൂജപ്പുരയിൽ എത്തിയപ്പോഴാണു ശ്വാസം ഉണ്ടെന്ന് മനസ്സിലായത്....സരിജേ താങ്കൾ പറഞ്ഞ അവസ്ഥ എനിക്ക് നന്നായി മനസ്സിലാകും..ഞാനും അനുഭവിച്ചതാണല്ലോ...പിന്നെ ഒരു ഭയാശങ്ക...നെയ്യാർ ഡാമിനടുത്താണു എന്റെ വീട് കഷ്ടി 5 കിലോമീറ്റർ...പണ്ട് നെയ്യാർ ഡാമിൽ ചോർച്ചയുണ്ടെന്ന ഒരു കിംവദന്തി പറന്നിരുന്നൂ...അന്ന് ഈ നാട്ടുകാർ മൊത്തം പേടിച്ചിരുന്നൂ...ഏതാണ്ട് മുല്ലപ്പെരിയാറിന്റെ അനിയത്തീടെ പ്രായമായി നെയ്യാർ ഡാമിനും... ഇതു രണ്ടും പൊട്ടിയാലും കേളൻ കുലുങ്ങില്ലാ.... കാരണം കേളനു മനസ്സെന്ന ഒരു സാധനം ഇല്ലാ..... അപ്പോൾ മുല്ലപ്പെരിയാറിനെ എല്ലാരും മറന്നു..............അല്ലേ??????????

  ReplyDelete
 15. ഈ അവഗണനകളുടെ പര്യവസാനം എന്തായിതീരുമോ ആവോ?
  ഓര്‍ക്കുമ്പോള്‍ നെഞ്ചിടിപ്പിന് വേഗം കൂടുന്നു .

  ReplyDelete
 16. പേടിയാകുന്നു.......

  ReplyDelete
 17. "മനുഷ്യർ എന്നാണ് ഇല്ലാതെ ആയത്? എവിടെ വച്ചാണ് മനുഷ്യ മനസാക്ഷികൾ ഇല്ലാതെ ആയത്?" - പലപ്പോഴും ഇത് ചോദിച്ച് പോകുന്നു ...
  നന്നായി എഴുതി.

  ReplyDelete
 18. ഹേയ്... ആരും പേടിക്കണ്ടാന്നെ... അത് പൊട്ടത്തൊന്നുമില്ലാ.. അതൊരു കടലാസു പുലിയായിരുന്നു..

  ReplyDelete
 19. പശ്ചാത്താപങ്ങൾക്കു തിരിച്ചു കൊടുക്കാൻ പറ്റുന്ന ഒന്നല്ല മനുഷ്യ ജീവനുകൾ.‍

  ReplyDelete
 20. ഫോണ്ടിനു വലിപ്പം കുറവായതുകൊണ്ട് വായിക്കാൻ ബുദ്ധിമുട്ടി.

  ReplyDelete
 21. വരികളിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സ് ഭയത്തില്‍ മുങ്ങുന്നു ,ദൈവമേ നമ്മുടെ കുഞ്ഞുങ്ങള്‍ ,സഹോദരങ്ങള്‍ ,സഹോദരികള്‍ ,ഒന്നും ഉണ്ടാവരുതേ എന്ന് പ്രാര്‍ത്ഥനകളുടെ മതില്‍ കെട്ടാം ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 22. മുല്ലപ്പെരിയാര്‍ സജീവ ചര്‍ച്ച അല്ലാതായിക്കഴിഞ്ഞ ഈ സമയത്തുള്ള സരിജയുടെ ഈ പോസ്റ്റ്‌ ഒരു ഓര്‍മ്മപ്പെടുത്തലാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളികളും മാധ്യമങ്ങളും കാണിച്ച അതിവൈകാരിക ഇന്നെവിടെ പോയി? മഴ ഒന്ന് കനത്തു പെയ്തപ്പോള്‍ ഒരു മനസ്സ് അനുഭവിച്ച ആധിയും വ്യഥയും നല്‍കുന്ന സൂചനകള്‍ കാണാതെ പോകാതിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.

  ReplyDelete