Wednesday, August 31, 2011

മാഞ്ഞതും മറഞ്ഞതും പിന്നെ മായ്ചു കളഞ്ഞതും!

പടിഞ്ഞാറ് കുന്നിന്‍ മുകളില്‍ ചെന്തീക്കനല്‍ പോലെ സൂര്യന്‍ നിന്നു. കുന്നിറങ്ങി താഴേക്ക് ചെല്ലുംതോറും പ്രകാശം കുറഞ്ഞ് കുറഞ്ഞ് വന്നു. രണ്ടു കുന്നുകള്‍ക്കിടയിലൂടെ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെമ്മണ്‍ പാത പ്രകാശത്തിന്റെ അവസാന രേഖ പോലെ തെളിഞ്ഞു കിടന്നു.

വേനല്‍ക്കാലങ്ങളില്‍ നിവര്‍ത്തി വിരിച്ചൊരു നീലപ്പുതപ്പ് കണക്കെ കരിനീലപ്പൂക്കളുമായ് കണലികള്‍ കണ്ണെത്താദൂരം കുന്നിന്‍ ചെരിവുകളില്‍  പടര്‍ന്നു നിന്നിരുന്നു. താഴ്വരകളിലെ പാറമടകളില്‍ കല്ലടിക്കുന്നവര്‍ കണലിയുടെ കമ്പ് മുറിക്കാന്‍ കുന്നു കയറി വന്നു. മുക്കാലിഞ്ചും ഒന്നരയിഞ്ചും ചുറ്റികകള്‍ ഉറപ്പിക്കുന്നത് കനലില്‍ വാട്ടിയ കണലിക്കമ്പിലാണ്.  കരിങ്കല്ലുകളില്‍ ചുറ്റിക മുട്ടുന്ന താളം കുന്നുകളില്‍ തട്ടി പലതായ് പെരുകും. എല്ലാം മറഞ്ഞു പോയിരിക്കുന്നു. കരിങ്കല്ലിന്റെ താളം ഇന്ന് കൂറ്റന്‍ യന്ത്രങ്ങളുടെ ഇരമ്പലിന് വഴിമാറിയിരിക്കുന്നു. കരിങ്കല്ലുകളെ മുക്കാലിഞ്ചും ഒന്നരയിഞ്ചും  പൊടിയും ആക്കി മാറ്റുന്ന യന്ത്രത്തിന്റെ ഇരമ്പല്‍.  വേനല്‍ വെയിലില്‍ മെടഞ്ഞ ഓലയുടെ കീഴില്‍ കല്ലടിച്ചിരുന്നവര്‍ കാലത്തെ അടയാളപ്പെടുത്തുന്ന ഓര്‍മ്മ പോലും അല്ലാതായിരിക്കുന്നു.

മലകള്‍ക്കിടയിലൂടെ മഴക്കാലങ്ങളില്‍ ശബ്ദത്തോടെ ഒഴുകുന്ന അരുവി വരണ്ടു കിടക്കുന്നു.   അരുവിയുടെ ഉറവിടം തെളിനീരുറവയുള്ള  ഒരു ഓലിയില്‍ നിന്നായിരുന്നു. വന്മരങ്ങളും വള്ളിപ്പടര്‍പ്പുകളും കുറ്റിച്ചെടികളും ഓലിയെ മറച്ചു വച്ചിരുന്നു. അടിത്തട്ടിലെ മഞ്ഞ മണല്‍  കാണും വിധത്തില്‍ സ്ഫടികം പോലെ വെള്ളം തെളിഞ്ഞ് നിറഞ്ഞു കിടക്കും. ചുറ്റിനും ഉരുളന്‍ കല്ലുകള്‍ അതിരിട്ടിരിക്കുന്നു. ഓലിയുടെ ഉള്ളില്‍ കിഴക്കുവശത്തായി ഒരു കുഞ്ഞു കിണറുണ്ട്. ഉറവയുടെ ഉറവിടം ഒരാള്‍ താഴ്ചയുള്ള ഈ കിണറാണ്. നല്ല വേനലില്‍ ഈ ഉറവ വറ്റും വരെ ഓലി കവിഞ്ഞ് ഒരു കുഞ്ഞു വെള്ളച്ചാട്ടമായ് ഉരുളന്‍ കല്ലുകളില്‍ തട്ടിച്ചിതറി താഴേയ്ക്കൊഴുകി ഒറ്റയടിപ്പാതയ്ക്കു സമാന്തരമായ് ഒഴുകും. എല്ലാം മാഞ്ഞുപോയിരിക്കുന്നു. തെളിനീരുറവയുടെ ഓലി മണ്ണിനടിയിലേയ്ക്കെവിടെയോ മറഞ്ഞു പോയിരിക്കുന്നു.

ഇലകളുണങ്ങിയ മരോട്ടിമരം കുന്നിനു താഴെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് നിന്നു. മരോട്ടിയ്ക്കകള്‍ തല്ലിപ്പറിക്കുമ്പോള്‍ കീറിപ്പറിഞ്ഞു പറന്നു പാറിയ പച്ചയിലകള്‍ പോലെ എന്റെ ഓര്‍മ്മകള്‍ തുണ്ടു തുണ്ടായ് മുറിഞ്ഞ് പറന്നു പോയ്.


വയലറ്റു നിറമുള്ള കച്ചോലപ്പൂവിന്റെ ഗന്ധം, തേനിന്റെ മണവുമായ് പൂക്കുന്ന പെരുവലം, പറമ്പിന്റെ തെക്കേമൂലയിലെ രാമച്ചപ്പുല്ലിന്റെ കൂട്ടം. തെരുവക്കാടുകള്‍ക്കിടയില്‍ കൂടു വച്ചു മുട്ടയിട്ട കാട്ടുകോഴി, തേക്കിന്‍‌ തൈയുടെ ഇലകള്‍ ചുരുട്ടി ചകിരിയും പഞ്ഞിയും നിറച്ച്  കൂടുണ്ടാക്കിയ  ചുണ്ടങ്ങാപ്പക്ഷികള്‍...  ഇല്ല, ഇന്നിവിടെ മനോഹരമായതൊന്നും അവശേഷിക്കുന്നില്ല. കാറ്റില്‍ ഇലഞ്ഞിപ്പൂമണമില്ല. പനയില്‍ പടര്‍ന്നു കയറിയ ഇഞ്ചവള്ളിയില്ല. കല്ലുവെട്ടാം‌മടയില്‍ കൂടുവച്ച പൊന്മാനില്ല. പാഴ്മരങ്ങളില്‍ മരംകൊത്തി തീര്‍ത്ത കൂട്ടില്‍ താമസിക്കുന്ന പച്ചിലക്കുടുക്കളില്ല. ഞാന്‍ കണ്ടുവളര്‍ന്ന കളിച്ചു വളര്‍ന്ന എന്റെ ലോകം എവിടെയൊ മാഞ്ഞു പോയിരിക്കുന്നു. 

എങ്ങനെയാണ് ഇവയെല്ലാം മാഞ്ഞുപോയത്? എങ്ങോട്ടാണ് ഇവയെല്ലാം മറഞ്ഞു പോയത്? എന്തിനാണ് ഞാന്‍ മാത്രം അവശേഷിക്കുന്നത്?എന്റെ ഓര്‍മ്മകളെ എനിക്കീ മണ്ണില്‍ വീണ്ടും സൃഷ്ടിക്കാനാകുമൊ? സുന്ദരമായ ആ കാലത്തെ തിരികെ കൊണ്ടുവരാന്‍ എനിക്കാവുമൊ?

12 comments:

  1. കൊച്ചുനാളിലെ ഓര്‍മ്മകള്‍ മനസ്സിലെവിടെയോ ശ്രദ്ധാപൂര്‍വ്വം കുറിച്ചു വച്ചത് ഭംഗിയായി പകര്‍ത്തി എഴുതുകയായിരുന്നു സരിജ എന്ന തോന്നലാണ് ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്കുണ്ടായത്. ചുറ്റുവട്ടത്തെ കൊച്ചു ചലനങ്ങള്‍ പോലും കണ്ണും മനസ്സും തുറന്നു ആര്‍ത്തിയോടെ നോക്കിക്കണ്ട ആ ബാല്യം ഈ വരികളില്‍ വ്യക്തമായി വായിക്കാം. അവശേഷിക്കാതെ മാഞ്ഞുപോയ അവയെ ഒക്കെ ജീവസ്സുറ്റ ഓര്‍മ്മകള്‍ ആയി സൂക്ഷിച്ചു നല്ലൊരു വായനാനുഭവം ആക്കിയ സരിജക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  2. പഴമകള്‍ പലതും ഇന്ന് കാണാനില്ല..എവിടെ പോയി എന്റെ തുമ്പക്കുടം. എവിടെ നമ്മുടെ സ്വന്തം മുക്കൂറ്റി പുവ്, കോളാമ്പിയും മൊസാന്തയും എവിടെ.. എന്തിനേറെ ശവംനാറിപൂക്കളേയും തൊട്ടാവാടി ഇലകളെയും ചൊറിഞ്ഞണത്തെയും വരെ കാണുന്നില്ല. സുന്ദരമായ പഴയകാലത്തെ തിരികെകൊണ്ടുവരാന്‍ കഴിയില്ല സരിജ. ഇത് പോലെ ചില നനുത്ത ഓര്‍മ്മകള്‍ നല്‍കുന്ന മനോഹരമായ ഭൂതകാലം മാത്രമാവുന്നു അവ. ഇരുണ്ട വര്‍ത്തമാനത്തിലും വരണ്ടുഷാരമായേക്കാവുന്ന ഭാവിയിലും നമുക്കെന്ത് ബാക്കിയുണ്ടാവും..

    പഴയകാലത്തേക്ക് , നല്ല കാലത്തേക്ക് ഒരിക്കല്‍ കൂടി കൂട്ടിക്കൊണ്ട് പോയതിന് നന്ദി..

    ReplyDelete
  3. കച്ചൂലം മണക്കുന്ന ഓര്‍മ്മകള്‍ മനോഹരമായിരിക്കുന്നു സരിജ .
    ഒരു മൂട് കച്ചൂലം ഞാന്‍ വളര്‍ത്തുന്നുണ്ട് . അതെന്നെ അമ്മവീടിന്റെ കച്ചോലം കാണപ്പെട്ടിരുന്ന കരോട്ടെ പറമ്പിലേക്ക് കൊണ്ടോവും ..

    ReplyDelete
  4. ഒർമ്മകൾ മനോഹരമായിരിക്കുന്നു,

    ReplyDelete
  5. ഓർമകളിൽ പൂത്തുലഞ്ഞു നിൽക്കുന്നല്ലോ, മാഞ്ഞു പോയ ഒരു പൂക്കാലം. തളിരു പോലെ മൃദുലം ഈ മൊഴി.

    ReplyDelete
  6. കണ്ണാംതളിയും കാട്ടുക്കുറിഞ്ഞിയും കണ്ണാടി നോക്കുന്ന പോലെ...

    ReplyDelete
  7. സങ്കടം വരുത്താന്‍ എല്ലാര്‍ക്കും ഓരോ കാരണങ്ങള്‍ കിട്ടും ... കഴിഞ്ഞത് കഴിഞ്ഞു... ഇന്ന് മാത്രമേ നമുക്കുള്ളൂ .
    ഒത്തിരി ഓര്‍മ്മകള്‍ എനിക്കുമുണ്ട് ... മധുരമായ ഓര്‍മ്മകള്‍ അതാണ്‌ എന്റെ ഏറ്റവും വലിയ സമ്പത്ത്

    ReplyDelete
  8. എന്ത് എഴുതണം എന്നറിയില്ല...ആഗ്രഹിക്കുന്നത് കിട്ടും എന്ന് പറയാന്‍ വയ്യല്ലോ...ഓര്‍മയില്‍ സൂക്ഷിക്കാം.
    "മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം" എന്ന് പറയുമ്പോഴും മനസ്സില്‍ ആഗ്രഹിക്കുന്നു ഇതൊന്നും മരാതിരുനെന്ക്കിലെന്നു

    ഓര്‍മകളെ ചൂടുപിടിപ്പുക്കുന്ന ഒരു ചെറിയ തിരി തെളിച്ചതിന്നു നന്ദി!!!!

    ReplyDelete
  9. എന്നത്തേയും പോല നല്ല എഴുത്ത്. സരിജ എഴുതിയ പല ചെടികളുടേയും പൂവുകളുടേയും പേര് എനിക്ക് അപരിചിതം. ഞങ്ങളുടെ നാട്ടില്‍ അറിയപ്പെടുന്നത് വേറേ പേരുകളിലാവാം. കാലഘടികാരം ഓടിയേ പറ്റൂ. മാറ്റങ്ങള്‍ അനിവാര്യം.

    ReplyDelete
  10. കണലികള്‍, മാരോട്ടി ഇവ വിശദീകരിച്ചുതരാമോ?

    ReplyDelete
  11. എഴുത്തിനു പതിവുപോലെ ഭംഗിയുണ്ട് .പക്ഷെ വരച്ചിടുന്ന ചിത്രങ്ങള്‍ വിഷയാധിഷ്ടിതമാക്കൂ . പ്ലോട്ടുകള്‍ക്കിടയില്‍ ഇതേ ചിത്രങ്ങള്‍ വരചിടുമ്പോള്‍ മനോഹരമായ സൃഷ്ടികള്‍ ആയിരിക്കും പിറക്കുക എന്ന് ഓര്‍ക്കുക.

    ReplyDelete
  12. എങ്ങനെയാണ് ഇവയെല്ലാം മാഞ്ഞുപോയത്? എങ്ങോട്ടാണ് ഇവയെല്ലാം മറഞ്ഞു പോയത്?
    എന്തിനാണ് ഞാന്‍ മാത്രം അവശേഷിക്കുന്നത്?എന്റെ ഓര്‍മ്മകളെ എനിക്കീ മണ്ണില്‍ വീണ്ടും സൃഷ്ടിക്കാനാകുമൊ?

    ReplyDelete