Wednesday, June 4, 2008

ആലിപ്പഴങ്ങള്‍ അപ്പോഴും പൊഴിയുമായിരിക്കും...

ഇവിടെ ഒരു മഴ പെയ്തു തീരുകയാണ്‌...
വീണ്ടുമൊരു മഴക്കാലത്തിന്‍റെ വരവറിയിച്ചു കൊണ്ട്‌.

വര്‍ഷങ്ങള്‍ക്കു പിറകില്‍ ഒരു മഴക്കാലമുണ്ടായിരുന്നു,
എന്‍റെ ബാല്യത്തെ നനയിച്ച്‌, മഴയെ സ്നേഹിക്കാന്‍ പഠിപ്പിച്ച കാലം.
പിന്നെത്രയോ ഇടവപ്പാതികള്‍ എന്നെ നനച്ച്‌ കടന്നുപോയി.

എങ്കിലും എന്‍റെ മലയോരങ്ങളില്‍ പെയ്തിരുന്ന മഴ...

മലനിരകള്‍ക്കപ്പുറത്ത്‌ നിന്നു മഴ പാറി വരും. കശുമാവിന്‍ തോട്ടങ്ങള്‍ കടന്ന്‌, കാറ്റിലുലയുന്ന പുല്ലാന്തിക്കാടുകള്‍ താണ്ടി, എന്‍റെ മുറ്റത്തെത്തും.
അടക്കാനാവാത്ത ആഹ്ളാദത്തിമിര്‍പ്പില്‍ എടുത്തു ചാടിയ മഴക്കാലങ്ങള്‍, പിന്നെ എന്തൊക്കെയൊ ഉള്ളിലൊതുക്കിപ്പിടിച്ച്‌ നിശബ്ദമിരുന്ന മറ്റൊരു കാലം; അങ്ങനെ എത്രയെത്ര മഴക്കാലങ്ങള്‍.

ആലിപ്പഴം വീഴുന്ന മഴ കാണുമ്പോള്‍ തന്നെ അപ്പൂപ്പന്‌ തിരിച്ചറിയാമായിരുന്നു.
"പാപ്പി ഇന്ന്‌ ആലിപ്പഴം വീഴൂട്ടൊ". ചാട്ടം നിര്‍ത്തി ശ്രദ്‌ധയോടെ ഓരോ മഴത്തുള്ളിയെയും നോക്കിയിരിക്കും. കാപ്പിക്കുരു വറുത്തു പൊടിച്ചുണ്ടാക്കിയ കട്ടന്‍ കാപ്പി കുടിക്കുമ്പോഴും നോട്ടം മുറ്റത്തെ മഴത്തുള്ളികളിലായിരിക്കും.

എപ്പോഴും ആലിപ്പഴം ആദ്യം കാണുന്നത്‌ അപ്പൂപ്പനാവും. "പാപ്പി ദാ അവിടെ".
എടുത്തു ചാടി ആലിപ്പഴമെടുത്ത്‌ തിരികെ കയറുമ്പോള്‍ അപ്പൂപ്പന്‍ തോര്‍ത്ത്‌ തിരയുകയാവും എന്‍റെ തല തുവര്‍ത്താന്‍. ഒരസുഖക്കുട്ടിയല്ലാത്തതിനാല്‍ എനിക്കു മുന്നില്‍ വിശാലമായൊരു ലോകമുണ്ടായിരുന്നു.

മഴ പെയ്ത്‌ തോര്‍ന്ന്‌ പിന്നെ മരം പെയ്ത്‌ തോരാനുള്ള ക്ഷമയില്ലാതെ ഇറങ്ങിയോടും മാഞ്ചോട്ടിലേക്ക്‌. വൃക്ഷത്തലപ്പുകളില്‍ നിന്നൊരു മഴ എന്നെ നനച്ചുകൊണ്ടേയിരിക്കും. കുടയും മാമ്പഴം പെറുക്കാന്‍ കുട്ടയുമായി അപ്പൂപ്പന്‍ പിന്നിലുണ്ടാവും. ഒപ്പം കമുകിന്‍പാള കൊണ്ട്‌ എനിക്കുണ്ടാക്കിത്തന്ന തൊപ്പി കളഞ്ഞതിനുള്ള ചീത്തവിളിയും കേള്‍ക്കുന്നുണ്ടാകും.

ഇന്ന്‌ എന്‍റെ അപ്പൂപ്പനും അമ്മൂമ്മയും തനിച്ചാണ്‌, മഴക്കാലത്തും വേനല്‍ക്കാലത്തും എല്ലാക്കാലത്തും . ഒരിക്കല്‍ എല്ലാം അവസാനിപ്പിച്ച്‌ അഴുക്കു മണമുയര്‍ത്തുന്ന നഗരത്തിണ്റ്റെ മഴകളില്‍ നിന്നു എനിക്കു തിരിച്ചു പോകണം. കാണാതെ പോയ എന്‍റെ കമുകിന്‍പാളത്തൊപ്പി അപ്പൂപ്പന്‍ എടുത്തു വച്ചിട്ടുണ്ടാവണം. ആലിപ്പഴങ്ങള്‍ അപ്പോഴും പൊഴിയുമായിരിക്കും...

13 comments:

  1. മറവിയുടെ കുട ചോര്‍ന്നൊലിച്ചിടത്താണ്
    ഞാന്‍ ഓര്‍മ്മയുടെ കുളിരുള്ള
    മഴ നനഞ്ഞൊലിക്കാന്‍ തുടങ്ങിയത്..

    ReplyDelete
  2. മനോഹരമായ എഴുത്ത്. നന്നായി ഇഷ്ടപ്പെട്ടു.
    :)

    ReplyDelete
  3. സരിജേ, ഇങ്ങനെ കുട്ടിക്കാലത്തെയും, മഴക്കാലത്തെയും ഓര്‍മപ്പെടുത്തല്ലെ...എന്തൊക്കെയോ നഷ്ടപ്പെട്ട വേദന..

    ReplyDelete
  4. ചുരുക്കം ചിലരുടെ വരികളിങ്ങനെയാണ് ഓര്‍മ്മയുടെ പാഴ്നിലങ്ങളില്‍ ചാറിക്കൊണ്ടു നില്‍ക്കുന്ന ഒരു മഴ പോലെ.കുറേ നേരം അതിന്റെ കുതിര്‍മ്മ മനസ്സിലങ്ങനെ നില്‍ക്കും.വളരെ ആര്‍ദ്രമായി വിവരിച്ചിരിക്കുന്നു.

    അഭിനന്ദനങ്ങള്‍.

    ReplyDelete
  5. ഓര്‍മ്മയുടെ ഈ മഴ മനസ്സിനെ കുളിരണിയിച്ചു. നല്ല എഴുത്ത്. തുടരുക

    ReplyDelete
  6. വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു, ഓര്‍മ്മ
    ത്തുള്ളികള്‍ മഴയായി മുന്നില്‍ മിന്നിയെത്തുന്നു
    വെള്ളമേറും മുറ്റമിന്നൊരു പൊയ്കയാവുന്നു.. കളി
    വള്ളമിട്ടെന്നുള്ളവും കുളിരേറി നില്‍ക്കുന്നു..



    മനോഹരമായ മഴപോസ്റ്റ്

    ReplyDelete
  7. “വൃക്ഷത്തലപ്പുകളില്‍ നിന്നൊരു മഴ എന്നെ നനച്ചുകൊണ്ടേയിരിക്കും“

    പോസ്റ്റ് വായിച്ചുകഴിഞ്ഞിട്ടും ഓര്‍മ്മയുടെ മഴത്തുള്ളികള്‍ എന്നെ നനച്ചുകൊണ്ടിരുന്നു. കുളിരു പെയ്യുന്ന ഓര്‍മ്മയുടെ മഴത്തുള്ളികള്‍.

    നന്നായിരിക്കുന്നു.

    ReplyDelete
  8. കുളിരുള്ള നനവുള്ള ഓര്‍മ്മകള്‍.

    സുന്ദരമായ വിവരണം

    ReplyDelete
  9. എണ്റ്റെ ഓര്‍മ്മകളുടെ ആകാശത്തു നിന്നൊരു തുണ്ടാണ്‌ ഞാനിവിടെ കീറിയിട്ടത്‌. അതിനെ ഹൃദയത്തിലേറ്റിയ നിങ്ങളോട്‌ ഞാനെങ്ങനെ നന്ദി പറയണം. ഇനിയും അക്ഷരങ്ങള്‍ കൊരുക്കാന്‍ എനിക്കു ധൈര്യം നല്‍കുന്നതിനു നന്ദിയോടെ....

    ReplyDelete
  10. ഓര്‍മകളെ കുളിരണിയിച്ചു കൊണ്ട് വീണ്ടും മഴയെത്തിയല്ലേ..!

    പെരുമഴയത്ത് അമ്പലക്കുളത്തില്‍ ചെവിയോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന് മഴയുടെ സംഗീതം ആസ്വദിച്ചതെല്ലാം ഓര്‍ത്തു.
    പുഴ കലങ്ങി പാടത്തേക്ക് കയറുന്ന കുറുവകളെ ഒറ്റല്‍ വച്ച് പിടിച്ച കാലവും ഓര്‍ത്തു.
    മഴ തോര്‍ന്നിട്ടും നിര്‍ത്താതെ പെയ്യുന്ന ചെമ്പകത്തിന്റെ ചോട്ടില്‍ നിന്ന് കാലത്തിന്റെ വികൃതികളോട് കലഹിച്ചതും ഓര്‍ത്തു.

    മഴ ഒരര്‍ത്ഥത്തില്‍ ഓര്‍മകളുടെ കുളം ആണ് സുഹൃത്തേ.
    പായല്‍ മൂടിക്കിടക്കുന്ന കുളം.
    ആ പായല്‍ വകഞ്ഞ് മാറ്റി ഓര്‍മകളുടെ സുഗന്ധം (കട്: ദ്രൌപദി) ആസ്വദിക്കാന്‍ ഇത്തരം പോസ്റ്റുകള്‍ പോലുള്ള ഉദ്ദീപനങ്ങള്‍ സഹായിക്കുന്നു.

    സരിജ നന്നായി എഴുതിയിരിക്കുന്നു ട്ടോ.
    മഴയെപ്പോലെ മനസ്സും നിറയ്ക്കുന്ന ഈ കുറിപ്പ്.

    ആശംസകള്‍
    :-)
    ഉപാസന

    ഓ. ടോ: പ്രൊഫൈലിലെ ചില വാചകങ്ങള്‍ ആവര്‍ത്തന വിരസത ഉളവാക്കുന്നു. ഇത് മുമ്പാകെ ആരെങ്കിലും ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കി ഈ അറിയിപ്പ് അവഗണിക്കുക.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. മഴ..
    എത്ര എഴുതിയാലും മതിയാവാത്ത,
    എത്ര വര്‍ണ്ണിച്ചാലും മതിവരാത്ത
    പ്രകൃതിയുടെ ദൃശ്യവിരുന്ന്.

    മറവിയുടെ മാറാലനീക്കി
    ബാല്യത്തിന്റെ കുളിരേറുന്ന
    (അതോ കയ്പ്പുള്ളതോ)
    ഓര്‍മ്മകള്‍ ഇവിടെ പുനര്‍ജ്ജനിക്കുന്നു.

    ReplyDelete