Wednesday, February 10, 2010

മലമ്പുള്ളുകള്‍

ഗ്രാമത്തിനുമേല്‍ രാത്രിയുടെ കരിമ്പടം നിവര്‍ന്നു. ഒന്നും ചെയ്യാനില്ലാതെ ഞാന്‍ നിശബ്ദമായിരുന്നു. പിന്നെ ടെറസിലേയ്ക്കുള്ള പടികള്‍ കയറാന്‍ തുടങ്ങി. ഇവിടെ എന്റെ കാഴ്ചയുടെ ലോകം അങ്ങകലെ വയലുകള്‍ക്കരെ, കാടിന്റെ അതിര്‍ത്തി വരെ നീ‍ണ്ടു കിടന്നു. പകലുകളില്‍  വയലിന്റെ പച്ചക്കടലില്‍ നിന്നൊരു കാറ്റ് എന്നെ ചുറ്റിത്തിരിയാന്‍ തുടങ്ങും. ‍ അലയിളകും പോലെ വയലില്‍ ഞാറുലയും. കാട് കടന്നു വരുന്ന കാറ്റിന് പുല്ലിന്റെയും പൂക്കളുടെയും മണമാ‍യിരുന്നു.  പുതിയ ലോകങ്ങളില്‍‍ സ്വയം നഷ്ടപ്പെട്ടു ഞാന്‍ നില്‍ക്കും.

ഒരു കാറ്റായിരുന്നെങ്കില്‍... ഒരിക്കലും തിരിച്ചു വീശാത്ത, മുന്നോട്ടു മാത്രം സഞ്ചരിക്കുന്ന ഒരു കാറ്റ്. കാടുകള്‍ക്കും നദികള്‍ക്കും മീതെ ഞാന്‍ സഞ്ചരിക്കും. മരപ്പൊത്തുകളിലും കുന്നിന്മുകളിലെ ഗുഹകളിലും ഞാനുറങ്ങും. നഗരങ്ങളെ ഞാന്‍ വെറുക്കും. അവയില്‍ നിന്നു വഴിമാറി നടക്കും. വസന്തങ്ങള്‍ നൃത്തമാടുന്ന താഴ്വരകളില്‍ ഞാന്‍ വസിയ്ക്കും.  ചൂളംകുത്തുന്ന മഞ്ഞുകാറ്റായ് ശിശിരങ്ങളില്‍ ഞാന്‍ പറന്നു നടക്കും. വേനലില്‍, ഒരിയ്ക്കലും ഉറവു വറ്റാത്ത നദീ തടങ്ങളില്‍ ഞാന്‍ തണുപ്പു തേടും. മരങ്ങളോടും കിളികളോടും സംസാരിക്കും. വയലറ്റു പൂക്കളുതിര്‍ക്കുന്ന മണിമരുതുകളുടെ ചില്ലയിലിരുന്ന് ഞാന്‍ മഴ കാണും. മഴമേഘങ്ങളെ മരുഭൂ‍മികള്‍ക്കു മുകളില്‍ വച്ച് പിഴിഞ്ഞെടുക്കും. ശരത്കാലങ്ങളില്‍ അടര്‍ന്നു വീഴുന്ന ഇലകളോടൊപ്പം നൃത്തം ചെയ്യും. തളരുമ്പോള്‍ പൂ‍ത്തുകിടക്കുന്ന പുല്ലാന്തിക്കാടുകളില്‍ വിശ്രമിക്കും.

രാപ്പക്ഷികളുടെ ശബ്ദം എന്നെ കാറ്റല്ലാതാക്കി. ചിറകുകള്‍ തളര്‍ന്ന് ഞാനിതാ ഈ ടെറസ്സില്‍ ആകാശം നോക്കി കിടക്കുന്നു.  ആകാശത്ത് നക്ഷത്രങ്ങളുടെ എണ്ണം പെരുകുന്ന പോലെ.  ഒരു ചെറിയ തീ‍ഗോ‍ളം ആകാ‍ശത്തു കൂടി പാഞ്ഞു പോയി. കാതോര്‍ത്താല്‍ കാലങ്ങള്‍ക്കു പിന്നില്‍ നിന്ന് വല്യപ്പൂപ്പന്റെ ശബ്ദം കേള്‍ക്കാം. “അതേ ഒരു നക്ഷത്രം അടര്‍ന്നു വീണതാ. നോക്കിയിരുന്നൊ അത് താഴെ വന്നു വീഴും. രാ‍ത്രികളില്‍ നല്ല തിളങ്ങി കിടക്കും” വെള്ളത്താടിയ്ക്കും വെള്ളമുടിയ്ക്കും ഇടയില്‍ നിന്നൊരു  പൊട്ടിച്ചിരി മുഴങ്ങും. എത്രയോ രാത്രികള്‍ കണ്ണുമിഴിച്ച്  ആകാശം നോക്കിക്കിടന്നു, അടര്‍ന്നു വീഴുന്ന നക്ഷത്രത്തുണ്ടെടുക്കാന്‍.  ഇപ്പോള്‍ എനിക്കൊന്നു ചിരിക്കാന്‍ തോന്നുന്നു.

കാറ്റ് കയറാത്ത മുറി പോലെ കാ‍ട് നിശ്ചലമായിരുന്നു.എങ്ങും നിശബ്ദത. രാത്രിയേറെ വളര്‍ന്നിരിക്കുന്നു. അകലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും മലമ്പുള്ളിന്റെ കൂ‍വല്‍. കാടിനെ മുഴക്കി വയലു താണ്ടി ആ ശബ്ദം ഹൃദയത്തില്‍ ഭയമാ‍യി വന്നു വീ‍ണു. ഓരോ കൂ‍വലുകളും ഉച്ചത്തില്‍ നിന്നുച്ചത്തിലേയ്ക്ക് ഉയര്‍ന്നു കൊണ്ടിരുന്നു. കുട്ടിക്കാ‍ലത്തിന്റെ കുഞ്ഞുമനസ്സ് ഞെട്ടിയുണര്‍ന്നു. ചിറകിനടിച്ച് കാ‍ലുകള്‍ തളര്‍ത്തി പറന്നു പോകുന്ന പക്ഷി. പിടഞ്ഞെണീറ്റ് പടികള്‍ ഓടിയിറങ്ങുമ്പോള്‍ വീണ്ടും കാലങ്ങള്‍ക്കു പിന്നില്‍ നിന്ന് എനിക്ക് കാവല്‍ നില്‍ക്കുന്ന ശബ്ദം,“പേടിയ്ക്കണ്ട കുട്ടി, ഇത്തിരി ഉപ്പുകല്ല്ലെടുത്ത് അടുപ്പിലിട്ടാല്‍ മതി. പുള്ള് പറപറക്കും.“

24 comments:

  1. "മഴമേഘങ്ങളെ മരുഭൂ‍മികള്‍ക്കു മുകളില്‍ വച്ച് പിഴിഞ്ഞെടുക്കും" ethra nalla bhavana.. I was waiting your post for a long time.. and I am so glad and excited to read it.. ethra manoharamaya varikal... Keep up the good work.. and I know I will be always excited to read your lines..

    ReplyDelete
  2. ഹായ് സരിജ

    (എന്റെ അക്ഷരങ്ങള്‍ കടല്‍ പോലെയാകണം:
    ആഴങ്ങളില്‍ അത്ഭുതങ്ങള്‍ ഒളിപ്പിക്കുന്ന അപാരമായ ശാന്തതയുടെ ആഴക്കടലും
    പിന്നെ തിരകള്‍ ശബ്ദം വച്ച്‌ ഓടിക്കളിക്കുന്ന തീരക്കടലും.

    എന്റെ അക്ഷരങ്ങള്‍ കാറ്റു പോലെയാകണം:
    വന്‍മരങ്ങളെ കടപുഴക്കുന്ന കൊടുങ്കാറ്റായും
    പിന്നെ അരുമയായ്‌ തഴുകി കടന്നു പോകുന്ന വയല്‍ക്കാറ്റായും.

    എന്റെ അക്ഷരങ്ങള്‍ മഴ പോലെയാകണം:
    ഒരു ചാറ്റല്‍ മഴപോലെ പെയ്തു തുടങ്ങി
    പിന്നെ തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേല പോലെയും.

    എന്റെ അക്ഷരങ്ങള്‍ മഞ്ഞു പോലെയാകണം:
    കട്ടികൂടുന്തോറും ധവളിമയേറുന്ന
    പിന്നെ ഒരു വെയിലില്‍ ഇല്ലാതെയാകുന്ന... )


    ഈ വരികള്‍ ആണ് എന്നെ നിങ്ങളുടെ ബ്ലോഗിലെക്കടുപ്പിച്ചത് .ചിലപ്പോള്‍ നിങ്ങളുടെ ബ്ലോഗ്‌ വായിക്കുന്ന മറ്റു പലരും ഈ കാരണം കൊണ്ട് തന്നെ തന്നെ ആയിരികുമെന്നു ഞാന്‍ കരുതുന്നു അത്രയ്ക്ക് മനോഹരമാണ് ആ വരികള്‍ അഭിനന്ദനങ്ങള്‍! മലംമ്ബുള്ള്കളും മനോഹരമായിരിക്കുന്നു വിഷയത്തില്‍ പുതുമയില്ലന്കിലും വരികള്‍ മനോഹരമായിരിക്കുന്നു.
    ഇപ്പോള്‍ നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ സമയം കിട്ടാത്ത വായനയെ സ്നേഹിക്കുന്ന ഈ എളിയ വായനകാരന്‍ ജോലി തിരകിനിടയിലും വായിക്കാന്‍ ഒരു ആശ്വാസമായി കണ്ടെത്തുന്നത് ബ്ലോഗുകള്‍ ആണ് ഒരു പാട് ചപ്പു ചവറുകള്‍ ഉള്ള ബ്ലോഗുകളില്‍ ഇതുപോലെത്തെ നല്ല ബ്ലോഗുകള്‍ കിട്ടുന്നത് ഒരു ആശ്വാസമാണ് അഭിനന്ദനം അറിയിക്കുന്നു .

    ReplyDelete
  3. സരിജേച്ചീ.. എവിടെയായിരുന്നു....മലമ്പുള്ളിനെ എനിക്കും പേടിയാ...ഒരു കാ‍റ്റായിരുന്നെങ്കില്‍.. തിരിച്ചു വരാ‍തെ വീശാതെ പറക്കാമായിരുന്നല്ലെ???

    ReplyDelete
  4. kure kalathinu shesham..manoharamaaya bhashayumaayi ..ishtaayi..

    ReplyDelete
  5. മനസ്സ് ഒരു ചിത്ര ശലഭത്തെപോലെ ഒഴുകി നടകുന്നു.ഗ്രാമത്തിലൂടെ നല്ല മനോഹരമായ ഒരു യാത്രപൊലെ

    ReplyDelete
  6. http://www.youtube.com/watch?v=f_9KeGnrIok#

    ReplyDelete
  7. kollam paapi..
    kure kalamaayi ithu vazhiyokke vannitt.
    kandappo santhoshayi..
    nalla oru vayanaanubhavam.
    kuttikkalathekk oru madangipokk...
    kollam.

    ReplyDelete
  8. As usual nice one Sarija!!! feels like a breeze touched on the face!!! can see a world between the lines..

    Keep writing...:-)

    ReplyDelete
  9. Hellooo... Sarija ( or Sreeja NS ? )...

    Great Post..... I was a fan of Sreeja NS and the style exactly same here. I doubt... this is sreeja... my old friend

    ReplyDelete
  10. കുറേക്കാലത്തിനു ശേഷമുള്ള വരവാണല്ലോ...

    പോസ്റ്റ് ഇഷ്ടമായി

    ReplyDelete
  11. Went through ur blog ...
    met ur spirit ..
    we used to call spirit during our hostel days ...
    met ur appoppan ammmoomma ....

    Happy to be here ....
    happy reading really

    Tell me how to follow you ?

    ReplyDelete
  12. അഭിനന്ദനങ്ങൾ! വരിമുറിച്ച് കവിതയാക്കാതിരുന്നതിന്. കവിതാത്മകമായ ഗദ്യമോ ഗദ്യാത്മക കവിതയോ എന്ന് പ്രയാസപ്പെടുത്താതിരുന്നതിന്.

    അടുപ്പിലിടാൻ ഉപ്പുകല്ലെവിടെ? ഉപ്പുകല്ലിടാൻ അടുപ്പെവിടെ? കാറ്റു കയറാത്ത അടുക്കളയിൽ ഉള്ളത് ഒരു ഇലക്ട്രിക് ഹോട്ട് പ്ലേറ്റ് മാത്രം.

    ഇനി ഉണ്ടായാലും ഉപ്പ് പൊട്ടിച്ച് നിന്നെ ഭയപ്പെടുത്തില്ല. നിന്റെ ശബ്ദം കേട്ട് പേടിക്കയുമില്ല. കാട് അവിടെയുണ്ടെന്ന് അറിയിക്കാനെങ്കിലും എന്റെ പുള്ളേ നീ വരിക. ഞാനെന്റെ ജനലുകൾ ഇതാ തുറന്നിടട്ടെ.

    ReplyDelete
  13. ഒരു കാറ്റായിരുന്നെങ്കില്‍... ഒരിക്കലും തിരിച്ചു വീശാത്ത, മുന്നോട്ടു മാത്രം സഞ്ചരിക്കുന്ന ഒരു കാറ്റ്. കാടുകള്‍ക്കും നദികള്‍ക്കും മീതെ ഞാന്‍ സഞ്ചരിക്കും

    ReplyDelete
  14. its ... tooo late ... to post some thing new ...
    sarija

    ReplyDelete
  15. പുള്ളുകളെ ആട്ടിയോടിക്കേണ്ട.. അവർ വരട്ടെ.വാതായനങ്ങൾ തുറന്നിടാം

    ReplyDelete
  16. സരിജ , ഈ പോസ്റ്റ് രണ്ട് ദിവസം മുൻപ് വായിച്ചു. എന്തു കൊണ്ടോ കമന്റാൻ കഴിഞ്ഞില്ല.. സത്യത്തിൽ ഹരീഷ് തൊടുപുഴയാണു എനിക്കീ ബ്ലോഗിന്റെ ലിങ്ക് തന്നത്.. ബ്ലോഗ് മീറ്റിന്റെ കാര്യം പറഞ്ഞകൂട്ടത്തിൽ. ABOUT ME യിൽ കുറിച്ചിരിക്കുന്ന വരികളിലെ മാസ്മരീകത പോസ്റ്റിനേക്കാൾ ഹൃദ്യം. അത് പോലെ ഗദ്യത്തിൽ ഇത്ര മനോഹരമായി കാവ്യാംശം.. ഹാറ്റ്സ് ഓഫ്.. ഇടക്ക് വരാം..

    ReplyDelete
  17. പ്രിയ സരിജ, മലമ്പുള്ളിന്റെ കൂവലായല്ല മഞ്ഞിന്റെ തണുപ്പായാണു് മനസ്സിലേക്ക് ഇറങ്ങിയത്.
    about meയിലെ വാക്കുകൾ മഞ്ഞുകാലത്തെ ഓർമിപ്പിക്കുന്നു....

    ReplyDelete
  18. Helped me have glance to my child hood. I am still remembering the question shoot to my cousin “evideyellam nakshathrangal vararundalle, ente veetill njan ithu kndittilla”. It may be an innocent question from a small kid, but I never seen stars because my grandfather never allowed us to go out during night.

    ReplyDelete
  19. Marannu....
    ee Link ayachuthannu enne vayanayude pookkalathilekke konduvanna suhruthu Sreedevikku nandiiii

    ReplyDelete
  20. ബാല്യകാലത്തെ നക്ഷത്രത്തിളക്കമുള്ള ഓര്‍മകളിലേക്ക് കൂട്ടികൊണ്ടു പോയീട്ടോ...
    യാദൃശ്ചികമായി ചേച്ചിപ്പെണ്ണിന്റെ ബസ്സില്‍ നിന്നും കിട്ടിയ ലിങ്ക് ആണ് ഇവിടെ എത്തിച്ചത്.... വന്നപ്പോഴോ,വേനലില്‍ പെയ്യുന്ന മഴയുടെ കുളിരുപോലെ , വസന്തത്തിലെ പൂക്കളുടെ സുഗന്ധവും ഇലപൊഴിയും ശിശിരത്തിന്റെ നോവും എല്ലാം അനുഭവിപ്പിക്കുന്ന പോസ്റ്റ്... ഏറെ ഹൃദ്യമായി !

    ReplyDelete