Tuesday, April 23, 2013

Dersu Uzala



ഇന്നലെ, യാദൃശ്ചികമായ് കണ്ട് മുട്ടുന്ന രണ്ട് വ്യക്തികളുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ഒരു ചിത്രം കണ്ടു. അകിരാ കുറസോവയുറെ Dersu Uzala.

ആയിരത്തിത്തൊള്ളായിരത്തിരണ്ട് കാലഘട്ടങ്ങളിൽ റഷ്യയുടെ വനപ്രദേശങ്ങളിൽ സർവേ നടത്താനിറങ്ങിയ പട്ടാളക്കാർക്കൊപ്പം നമ്മളും കാട് കയറുകയാണ്. കാടിന്റെ വന്യത അലട്ടാതിരിക്കാനും ക്ഷീണമറിയാതിരിക്കാനുമാകണം നിരാശനായ വേട്ടക്കാരന്റെ ദിവസത്തെക്കുറിച്ചുള്ള പാട്ടും പാടി അവർ നടക്കുന്നത്.

സ്വന്തം വയസ്സ് പോലും അറിയാത്ത, കാട്ടിൽ ജീവിക്കുന്ന ഒരു വേട്ടക്കാരനെ അവർ കണ്ട് മുട്ടുന്നു. ക്യപ്റ്റന്റെ അഭ്യർത്ഥന മാനിച്ച് അയാൾ അവരുടെ വഴികാട്ടിയാവുന്നു. കാടിന്റെ ഭാഷ അറിയുന്ന, കാടിന്റെ ഹൃദയത്തെ അറിയുന്ന, ഒരിക്കലും പിഴയ്ക്കാത്ത ലക്ഷ്യമുള്ള ആ വൃദ്ധൻ പട്ടാളക്കാർക്കൊപ്പം ചേരുകയാണ്.

സുന്ദരമായ ഭൂപ്രദേശങ്ങൾ, മാറിമാറി വരുന്ന ഋതുക്കൾ എല്ലാംകൊണ്ടും മനോഹരമായൊരു സിനിമ.

പ്രകൃതിയുടെ ഭാവമാറ്റം തിരിച്ചറിയുന്ന ദെർസു , പലപ്പോഴും ക്യാപ്റ്റനെയും സംഘത്തെയും പല അപകടങ്ങളിൽ നിന്നും രക്ഷിക്കുന്നു. ഒരിക്കൽ മഞ്ഞ്മൂടിയ തടാകക്കരയിൽ വച്ച് വീശിയടിച്ച മഞ്ഞുകാറ്റ് അവരുടെ കാൽ‌പ്പാടുകളെ മായ്ച്ച് വഴിതെറ്റിച്ചു. ദിശതെറ്റിയ ക്യാപ്റ്റനും ദെർസുവും കടുത്ത മഞ്ഞുകാറ്റിൽ നിന്ന് രക്ഷപെടാൻ വേണ്ടി പുല്ലുകൊണ്ട് വീടുണ്ടാക്കാൻ ശ്രമിക്കുന്നു. സൂര്യനസ്തമിച്ചാൽ ആഞ്ഞടിക്കുന്ന മഞ്ഞുകാറ്റിനു മുൻപേ പുല്ലുകൾ വെട്ടിക്കൂട്ടുന്ന പ്രയത്നത്തിൽ ക്യാപ്റ്റൻ വീണു പോകുന്നു. മിനിറ്റുകൾ കൊണ്ട് ആളെക്കൊല്ലുന്ന ഭീകരമായ മഞ്ഞുകാറ്റിൽ നിന്ന് ദെർസു ക്യാപ്റ്റനെ രക്ഷിക്കുന്നതോടെ അവർക്കിടയിൽ രൂപം കൊണ്ടുവന്ന അടുപ്പം അളക്കാനാവാത്ത ആഴമുള്ള ഒന്നായ് വളർന്നു.

സർവ്വേ കഴിഞ്ഞ് തിരികെ പോകാനൊരുങ്ങുമ്പോൾ ക്യാപ്റ്റൻ ദെർസുവിനെ കൂടെ വിളിക്കുന്നു. പക്ഷെ നാട്ടിൽ വന്നിട്ടെന്തു ചെയ്യാനെന്ന് ചിന്തിക്കുന്ന ദെർസു അവരോട് യാത്ര പറഞ്ഞ് വീണ്ടും നായാട്ടിനായ് കാട്ടിലേയ്യ്ക്ക് തിരിച്ചു പോകുന്നു. ഇരു ദിശകളിലേയ്ക്കു നടക്കുന്ന അവർക്കിടയിൽ പട്ടാളക്കാർ പതിഞ്ഞ ശബ്ദത്തിൽ വീണ്ടും പാടുന്നു, നിരാശനായ ഒരു വേട്ടക്കാരന്റെ ദിവസത്തെക്കുറിച്ചുള്ള പാട്ട്... ഒരു വിളിയിൽ ഒരു ബന്ധത്തിന്റെ തീവ്രത , ആഴം കാണിയ്ക്കാൻ പറ്റുമെന്ന് ഞാൻ മനസിലാക്കിയത് ഈ ഒരു രംഗ ചിത്രീകരണത്തിൽ നിന്നാണ്. മഞ്ഞുമല കയറി കാഴ്ചയുടെ അതിർത്തിയ്ക്കപ്പുറത്തേയ്ക്ക് പോകും മുൻപ് ഒരു നിമിഷം ദെർസു നിൽക്കുന്നു. അതേ നിമിഷം ക്യാപ്റ്റനും തിരിയുന്നു. “കപ്പീത്താ” എന്ന വിളിയിൽ, ദെർസൂ എന്ന മറുവിളിയിൽ ഒരു ജന്മത്തിന്റെ മുഴുവൻ സൌഹൃദവും വിരഹവും നിറഞ്ഞു നിന്നിരുന്നു.

അഞ്ചുവർഷങ്ങൾക്കു ശേഷം വീണ്ടും മലകയറുകയാണ് ക്യാപ്റ്റൻ. ഒരു സിനിമയ്ക്ക് ഇത്രയ്ധികം പ്രേക്ഷകനെ മുന്നോട് നടത്താൻ സാധിയ്ക്കുമോ? ക്യാമറയുടെ ഫ്രെയിമിലേയ്ക്ക് ദെർസു വരാൻ ക്യാപ്റ്റനേക്കാൾ അക്ഷമയോടെ കാത്തിരിക്കയായിരുന്നു ഞാൻ. അത് വസന്തത്തിന്റെ തുടക്കമായിരുന്നു. മഞ്ഞുകട്ടകൾ അലിഞ്ഞ് നദിയായ് തുടർന്നൊഴുകുന്ന കാഴ്ച എത്ര സുന്ദരം!!!
പച്ചപ്പ് നിറഞ്ഞ കാടിന്റെ ഓരോ ചെരിവിലും ക്യാപ്റ്റന്റെ കണ്ണുകൾ ദെർസുവിനെ തേടുന്നു. ഒടുവിൽ ഒരു പട്ടാളക്കാരൻ വന്നു പറയുന്നു, സാർ , കാട്ടിൽ വൃദ്ധനായ ഒരു നായാട്ടുകാരനെ കണ്ടു, അയാൾ നമ്മുടെ യൂണിറ്റിനേക്കുറിച്ചും ക്യാപ്റ്റനെക്കുറിച്ചും തിരക്കി. കാടിന്റെ വന്യതയിലൂടെ ഓടുന്ന ക്യാപ്റ്റന്റെ കാലുകളേക്കാൾ കുതിയ്ക്കുന്ന മനസ്സായിരുന്നു എന്നിലെ കാഴ്ചക്കാരിയ്ക്ക്.

വീണ്ടും ദെർസു അവരുടെ വഴികാട്ടിയാവുന്നു. അതിനിടയിൽ കാടിന്റെ വന്യതയും ഭംഗിയും മഴയും മഞ്ഞും ഇലപൊഴിയും കാലവും എല്ലാം കടന്നു പോകുന്നു. അപകടങ്ങളും രക്ഷപെടുത്തലും എല്ലാംകഴിഞ്ഞ് ഒടുവിൽ ചിത്രം അതിന്റെ അനിവാര്യമായ അന്ത്യത്തിളേയ്ക്കെത്തുന്നു. ദെർസുവിന്റെ കാഴ്ച മങ്ങുന്നു. ലക്ഷ്യം തെറ്റുന്നു. കാട് തന്നെയുപേക്ഷിച്ചെന്ന് പറഞ്ഞ് കരയുന്ന ദെർസുവിനെ ക്യാപ്റ്റൻ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നു. ക്യാപ്റ്റന്റെ മകന്റെ ഹീറോ ആയി മാറുന്ന ദെർസുവിന് പക്ഷെ നഗര ജീവിതത്തോട് ഒരിയ്ക്കലും പൊരുത്തപ്പെടാൻ പറ്റുന്നില്ല. ഒരു പെട്ടിയ്ക്കുള്ളിൽ ജീവിക്കുന്നതെങ്ങനെ എന്ന് ചോദിക്കുന്ന ആ വൃദ്ധൻ കാട്ടിലേയ്ക്ക് തിരിച്ചു പോകുന്നു, ക്യാപ്റ്റൻ കൊടുത്ത പുതിയ തോക്കുമായ്.

ഒടുവിൽ ഒരു ടെലിഗ്രാമിലൂടെ നാം അറിയുന്നു, ദെർസൂ മരിച്ചെന്ന്. മൃതദേഹത്തിൽ കണ്ടെടുത്ത കാർഡിലെ വിലാസത്തിൽ വന്നതാണ് ആ ടെലിഗ്രാം. ആ നല്ല തോക്കിനുവേണ്ടി ആരോ ദെർസുവിനെ കൊല്ലുകയായിരുന്നു!

മൂന്നുവർഷങ്ങൾക്കു ശേഷം ദെർസുവിനെ അടക്കിയ സ്ഥലം തിരഞ്ഞ് വരുന്ന ക്യാപ്റ്റനിൽ നിന്ന് തുടങ്ങുന്ന സിനിമ ബാക്കിവയ്ക്കുന്നത് ബന്ധങ്ങളുടെ ആഴത്തെയും കാടിന്റെ നന്മയെയുമാണ്.

സിനിമയിലുടനീളം മുഴങ്ങുന്ന കപ്പീത്താ എന്ന വിളിയിൽ അടങ്ങിയിരിക്കുന്ന വിനയം സ്നേഹം , ഭാഷയ്ക്കും ഡബ്ബിങ്ങ് ആർട്ടിസ്റ്റിനും എന്റെ സല്യൂട്ട്

1 comment: