Tuesday, April 23, 2013

Jean de Florette:


മനോഹരമായൊരു ഫ്രഞ്ച് ചിത്രം. മനുഷ്യൻ അവന്റെ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കുന്നതിനായ് ആരെയും ചതിയിലകപ്പെടുത്തും എന്നോർമ്മിപ്പിക്കുന്ന ചിത്രം. സാമൂഹ്യജീവി എന്നത് വെറുമൊരു സങ്കൽ‌പ്പം മാത്രമാണെന്ന് തോന്നിപ്പോയൊരു ചിത്രം.

സിനിമ തുടങ്ങുന്നത് ഒരു മലയോരപ്രദേശത്തേയ്ക്കുള്ള വാഹനത്തിൽ നിന്നാണ്. വണ്ടിയിൽ നിന്നിറങ്ങി പൊടിമണ്ണു പാറുന്ന വഴിയിലൂടെ ധൃതിയിൽ നടന്നു പോകുന്ന Ugolin. വരണ്ട മണ്ണുള്ള മലമ്പ്രദേശങ്ങളാണ് എവിടെയും. മലയടിവാരത്തിൽ അമ്മാവന്റെ വീട്ടിലെത്തി അധികം സംസാരിക്കാൻ കൂട്ടാക്കാതെ താക്കോലും വാങ്ങി മലമുകളിലെ തന്റെ വീട്ടിലേയ്ക്ക് നടക്കുന്ന അയാളിൽ അസാധാരണമായൊരാവേശം നമുക്കു കാണാം.

മലയാകെ കരിങ്കൽ കഷണങ്ങളും ഇടയ്ക്കിടെ പുല്ലു മൂടിയും കിടന്നിരുന്നു. പൊടിപിടിച്ച വീട്ടിലേയ്ക്ക് ചെന്നു കയറുന്ന ഉഗോലിൻ വളരെ സൂക്ഷിച്ച് പൊതിഞ്ഞു വച്ചിരിക്കുന്ന കടലാസ് പൊതി ഓരോ കടലാസുകളായ് തുറക്കുന്നു. വളരെ വിശുദ്ധമായതെന്തോ പോലെ അയാൾ കൂടെക്കൊണ്ടു വന്നത് Dianthus caryophyllus എന്ന ചെടികളായിരുന്നു. മുറ്റം കൊത്തിക്കിളച്ച് ഈ തൈകൾ നട്ട് അമ്മാവനിൽ നിന്ന് പോലും മറച്ച് വച്ച് രഹസ്യമായവയെ വളർത്തുന്നു.

പച്ചപ്പ് കുറഞ്ഞ വിഷ്വലുകൾ ആ മലമ്പ്രദേശങ്ങൾ മഴ കുറഞ്ഞ ഇടങ്ങളാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. ജനവാസം കുറഞ്ഞ് വിജനമായ , കുന്നും താഴ്വരകളും നിറഞ്ഞ , കൃഷിയിടങ്ങൾ മാത്രം. ഉഗോലിൻ ആ മലനിരകളിൽ തന്റെ കൃഷി ആരംഭിക്കുകയാണ്. അൽ‌പ്പം വികൃതമായ മുഖത്തോടെയും ചില അസാധാരണ ഭാവങ്ങളാലും അയാൾ സാധാരണ ചിന്താഗതിക്കാരനല്ല എന്ന് പലപ്പോഴും കാഴ്ചക്കാരനു തോന്നും. കൃഷിയും കൃഷിയിടവും പിന്നെ പപെറ്റ് എന്നയാൾ വിളിക്കുന്ന അമ്മാവനും മാത്രമാണ് അയാളുടെ ലോകം. അപരിഷ്കൃതമായ സ്വന്തം ജീവിതത്തിലേയ്ക്ക് ഒരു കൂട്ട് വേണമെന്നു പോലും അയാൾക്കില്ല. കുടുംബം സ്നേഹം എന്നതൊക്കെ വലിയ കാര്യമായ് അയാൾക്കു തോന്നുന്നില്ല. അവിവാഹിതനായ അമ്മാവന്റെ പാത പിന്തുടരുന്ന മരുമകന് എല്ലാവിധത്തിലും താങ്ങ് അമ്മാവൻ തന്നെയാണ്.

ഒടുവിൽ അയാളുടെ രഹസ്യം , ഡയാന്തസ് ചെടികളുടെ വസന്തം അയാൾ അമ്മാവനെ കാണിക്കുന്നു. തനി ഒരു കച്ചവട മനസുള്ള പപ്പെറ്റിനെ ഇമ്പ്രസ്സ് ചെയ്യിക്കാൻ ആ ചുവപ്പ് ഡയാന്തസ് പൂക്കൾക്കായില്ല. ഉഗോലിൻ ഈ പൂക്കളിറുത്ത് അമ്മാവനുമൊത്ത് കുതിരവണ്ടിയിൽ മാർകറ്റിലേയ്ക് പോകുന്നു. ആ പൂക്കൾക്ക് മാർക്കറ്റിൽ കിട്ടിയ ഉയർന്ന വില പപ്പെറ്റിനെ അമ്പരപ്പിക്കുകയും ആഹ്ളാദിപ്പിക്കുകയും ചെയ്യുന്നു. വിപുലമായ് ഡയാന്തസ് കൃഷി നടത്താൻ പ്ലാനിടുന്ന ഉഗോലിന് പക്ഷെ വെള്ളം ഒരു പ്രശ്നമാകുന്നു. ആവശ്യത്തിന് മഴയോ വെള്ളമോ ഇല്ലാതെ എങ്ങനെ പൂക്കൾ കൃഷി ചെയ്യും? കുശാഗ്ര ബുദ്ധിക്കാരനായ പപ്പെറ്റിന് അടുത്ത ഭൂമിയിലെ ഒരിക്കലും വറ്റാത്ത ഒരുറവയെക്കുറിച്ചറിയാം. അവിടമെങ്ങും കൃഷിയൊന്നുമില്ലാതെ കാടുപിടിച്ച് കിടക്കുകയാണ്. അവർ ആ സ്ഥലം വാങ്ങാൻ തീരുമാനിക്കുന്നു.

പുല്ലുമൂടി കിടക്കുന്ന നനഞ്ഞ മണ്ണിൽ ഷൂകൊണ്ട് ചവിട്ടി വെള്ളം വരുത്തുന്ന പപ്പെറ്റ്. ഉഗോലിൻ അത്ഭുതത്തോടെ നോക്കി നിൽക്കുന്നു. അവിടം കുഴിച്ചാൽ ഒരിക്കലും വറ്റാത്ത ഉറവ കിട്ടും. പക്ഷെ സ്ഥലമുടമ അത് വിൽക്കാൻ തയ്യാറാകുന്നില്ല. മാത്രമല്ല ഇവരെ അപമാനിക്കുകയും ചെയ്യുന്നു. അവിടെ വച്ചുണ്ടാകുന്ന സംഘട്ടനത്തിൽ സ്ഥലമുടമ മരിക്കുന്നു. വേനലിൽ നരച്ച കുന്നിൻ മുകളിലെ ഒരു മരച്ചുവട്ടിൽ ആ ശവമുപേക്ഷിച്ച് നടന്നു മറയുന്ന അമ്മാവനും മരുമകനും കുറ്റബോധം ഇല്ല എന്നു മാത്രമല്ല അനന്തരാവകാശികളിൽ നിന്ന് ഉറവയുള്ള സ്ഥലം സ്വന്തമാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണവർ.

ജലദൌർലഭ്യം എത്ര ഭീകരമായ അവസ്ഥയാണെന്ന് ഈ സിനിമയിലുടനീളം നമ്മുക്ക് കാണാൻ കഴിയും. വെള്ളമുണ്ടെങ്കിൽ ആരെങ്കിലും ആ സ്ഥലം വാങ്ങും എന്ന ഭയത്താൽ ആ ഉറവ കണ്ടുപിടിക്കാതിരിക്കാൻ മണ്ണ് കുഴിച്ച് ഉറവ വരുന്ന ദ്വാരം സിമന്റും കട്ടകളും വച്ച് അടച്ചു വയ്ക്കുകയാണ് പപ്പെറ്റും ഉഗോലിനും.

ശ്രമങ്ങളെല്ലാം വിഫലമായ് . സ്ഥലമുടമയുടെ സഹോദരീ പുത്രൻ, മുതുകിൽ കൂനുള്ള ജീൻ ഭാര്യയും തന്റെ മകളുമായ് കുതിരപ്പുറത്ത് കുന്നു കയറി വരുന്നു. അവരുടെ വരവ് ഉഗോലിനെ നിരാശനാക്കി. മഴ വീഴാത്ത മണ്ണിനേക്കാൾ വരണ്ട മനസ്സാണ് ചിലപ്പോൾ മനുഷ്യർക്ക്.

നഗരത്തിൽ നിന്നെത്തുന്ന ജീൻ ആകട്ടെ ആ കുന്നിൻ ചെരിവ് ഒരു സ്വർഗമാണെന്ന് വിശ്വസിക്കുന്നു. ജീൻ വരുമ്പോഴാണ് ക്യാമറയിൽ ആദ്യമായ് കാട്ടുപൂക്കളുടെ ചുവപ്പും മഞ്ഞയുമൊക്കെ തെളിയുന്നത്. ഇത്രനേരവും നാം കണ്ടിരുന്നത് ഉഗോലിന്റെയും പപ്പെറ്റിന്റെയും വരണ്ട കണ്ണിന്റെ കാഴ്ചകളായിരുന്നു. നരച്ച നിറത്തിൽ തെളിഞ്ഞ ചുവപ്പ് ഡയാന്തസ് പൂക്കൾ ഒരിക്കലും നമ്മെ ആകർഷിക്കില്ല, കാരണം അത് കാശൂണ്ടാക്കുന്ന ഒരു വസ്തു മാത്രമായിരുന്നു അവരുടെ കണ്ണിൽ.

കുന്നിൻ ചെരുവിലെ കൃഷിയിടത്തെക്കുറിച്ച് ആവേശ ഭരിതനാകുന്ന ജീനിനെക്കണ്ട് ഉഗോലിൻ പിന്നെയും നിരാശനാകുന്നു.ഉഗോലിൻ വിചാരിക്കുന്ന പോലെ ഒരവധിക്കാലം ആഘോഷിക്കാൻ വന്നവരായിരുന്നില്ല അവർ. പക്ഷെ പപ്പെറ്റിന്റെ ഉപദേശ പ്രകാരം നല്ലവനായ അയൽക്കാരനായ് ഉഗോലിൻ ജീനിനെ സഹായിക്കുന്നു.

ഇവിടം മുതൽ നമ്മുടെ മനസ്സിൽ ഉഗോലിൻ ഒരസ്വസ്ഥതയായ് വളരാൻ തുടങ്ങും. കാരണം അപ്പുറത്ത് ഉഗോലിനും പപ്പെറ്റും മദ്യപിച്ച് ജീനിനെതിരേ തന്ത്രങ്ങൾ മെനയുന്ന അതേ സമയം ഇവിടെ ജീൻ ഭാര്യയോടും മകളോടും ഉഗോലിൻ എത്ര നല്ല സുഹൃത്താണെന്നഭിപ്രായപ്പെടുന്നു. ചതിയുടേയും പരാജയപ്പെടുത്തലിന്റേയും ഈ കഥ നമ്മെ അലോസരപ്പെടുത്തും. ഉഗോലിനും പപ്പെറ്റും ചേർന്ന് നാട്ടുകാരെ ജീനിൽ നിന്നകറ്റുന്നു. ഉഗോലിന്റെ നിരുത്സാഹപ്പെടുത്തലുകളെ മറികടന്ന് ജീൻ കൃഷി തുടങ്ങുന്നു.

ജീനിനെ ഉഴാൻ സഹായിക്കുന്ന ഉഗോലിൻ അവിടെ നിന്ന് ഒരു പിടി മണ്ണെടുത്ത് പപ്പെറ്റിന്റെ അടുത്തെത്തുന്നു. മണ്ണിൽ വെള്ളമൊഴിച്ച് അത് രുചിച്ചു നോക്കുന്ന പപ്പെറ്റിലും ഉഗോലിനിലും മനുഷ്യത്വമില്ലെങ്കിലും നല്ല കൃഷിക്കാരാണ് അവരെന്ന് മനസ്സിലാവുന്നു.

കൃഷിയിടത്തിലെ ഉറവയെക്കുറിച്ചറിയാതെ ജീൻ അങ്ങ് താഴ്വരയിൽ നിന്ന് കഴുതപ്പുറത്ത് വെള്ളം കൊണ്ടുവരുന്നു. ആദ്യം കാര്യങ്ങൾ ജീനിനനുകൂലമായിരുന്നു. ഉഗോലിന്റെ വളരുന്ന നിരാശയും പപ്പെറ്റിന്റെ ദീർഘവീക്ഷണവുമായ് കഥ നന്മയും തിന്മയും ഒരു ത്രാസിൽ ഒരുപോലെ തൂങ്ങി നിന്ന് മത്സരിക്കുന്ന കുറച്ചു നിമിഷങ്ങൾ. മനോഹരമായ് പാടുന്ന ജീനിന്റെ ഭാര്യയും പച്ചക്കറികൾക്ക് വെള്ളമൊഴിക്കുന്ന കൊച്ച് പെൺ‌കുട്ടിയും എല്ലാമുള്ള സുന്ദരമായ ഫ്രെയിമുകൾ...

തകർത്ത് പെയ്യുന്ന മഴയിൽ ഓടി നടന്ന് വെള്ളം സംഭരിക്കുന്ന ജീനും കുടുംബവും ഒരു മഴയുടേയും ഓരോ തുള്ളി വെള്ളത്തിന്റേയും വില നമ്മെ ഓർമ്മിപ്പിക്കും. ചെറിയ ലാഭം വരാനിരിക്കുന്ന വലിയ തകർച്ചയുടെ തുടക്കമാണെന്ന് കരുതിയില്ല. വേനലെരിഞ്ഞു കത്തി.കഴുതയെപ്പോലെ വെള്ളം വലിച്ച് ജീൻ തളർന്നു. ഉഗോലിൻ വെള്ളം ചുമക്കാൻ കഴുതയെ കൊടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അത്രയും വെള്ളം കൂടി ആയാൽ ജീനിന്റെ കൃഷി രക്ഷപെടുമെന്ന് മനസ്സിലാക്കുന്ന പപ്പെറ്റും ഉഗോലിനും അയാളെ സഹായിക്കുന്നില്ല.

ജീനിന്റെ മുയലുകൾ വെള്ളമില്ലാതെ ചത്തൊടുങ്ങി. പാടങ്ങൾ കരിഞ്ഞു. പൊടിക്കാറ്റ് വീശിയടിച്ചു.
ഒരു രാത്രി, കുന്നുകൾ കടന്നു വരുന്ന കാർമേഘം കണ്ട് ജീൻ തുള്ളിച്ചാടുന്നു. ജീനിന്റെ കൃഷിയിടങ്ങൾക്കപ്പുറത്ത് മഴ ഇടിമുഴയ്ക്കി പെയ്യുന്നു. അകലങ്ങളിലെ മഴ കണ്ട് നെഞ്ചു തകർന്ന് കരയുന്ന ജീൻ ദൈവത്തോട് ദേഷ്യപ്പെടുന്നു. ആകാശത്തിലെ മേഘങ്ങൾക്കപ്പുറത്ത് ദൈവമുണ്ടോ എന്ന് സംശയിക്കുന്നു. ഒരു നിമിഷം നമ്മളും ദൈവത്തെ തള്ളിപ്പറഞ്ഞു പോകും.

സമ്പാദ്യമൊന്നുമില്ലാതെ തീർത്തും ദരിദ്രനാകുന്ന അവസ്ഥയിൽ ഉഗോലിൻ മദ്യം കൂടി വിളമ്പിക്കൊടുത്ത് അയാളെ കൂടുതൽ തകർക്കുന്നു. ഉഗോലിൻ ജീനിനോട് സ്ഥലം വിൽക്കാൻ ഉപദേശിക്കുന്നു. പക്ഷെ വിൽക്കാൻ മനസ്സു വരാതെ ജീൻ പപ്പെറ്റിനോട് പണയമായ് പൈസ വാങ്ങി ഒരു കിണർ കുഴിയ്ക്കാൻ തീരുമാനിക്കുന്നു.

സ്വന്തം താഴ്വരയിലെ ഒരിക്കലും വറ്റാത്ത ഉറയെക്കുറിച്ചറിയാതെ ഒരു മനുഷ്യൻ വെള്ളത്തിനു വേണ്ടി സ്വന്തം ജീവൻ വരെ കളയുന്നു. അതെ, കിണർ കുഴിയ്ക്കാൻ വച്ച ഡൈനമിറ്റ് പൊട്ടിത്തെറിയിൽ ഒരു കല്ല് തലയിൽ വീണ് ജീൻ മരിക്കുന്നു.

ഉഗോലിൻ കരയുകയാണ്. ഉറക്കെ കരയുന്ന ഉഗോലിനോട് പപ്പെറ്റ് ചോദിക്കുന്നു. നീ കരയുകയാണോ? അല്ല, എന്റെ കണ്ണുകളാണ് കരയുന്നത്.
ജീനിന്റെ മരണത്തിലും ആ കുടുംബത്തിന്റെ തകർച്ചയിലും ആരുടെയും മനസ്സുകൾക്ക് മാറ്റമുണ്ടാകുന്നില്ല. പണം ഭരിക്കുന്ന മനസ്സുകൾ എപ്പോഴും ഇങ്ങനെയായിരിക്കുമോ?

ജീനിന്റെ ഭാര്യയും മോളും അവിടം വിടുന്ന വരെ കാത്ത് നിൽക്കാനുള്ള ക്ഷമപോലും കാണിയ്ക്കാതെ അവർ സ്വന്തമാക്കിയാ ആ ഭൂമിയിലെ ഉറവയെ മണ്ണു കിളച്ച് പുറത്തെടുക്കുന്നു. ജലത്തിന്റെ തള്ളിവരവിൽ ഉന്മത്തരാകുന്നു. അവരറിയാതെ ഇത് കണ്ട് നിൽക്കുന്ന ജീനിന്റെ മകൾ ഒരു നിലവിളിയോടെ പിന്തിരിഞ്ഞോടുന്നു. ആ നിലവിളി അവർക്ക് തോന്നുന്നത് പരുന്ത് പിടിച്ച ഒരു മുയൽക്കുഞ്ഞിന്റെ കരച്ചിൽ പോലെയാണ്. അതെ, ശരിക്കുമത് ഒരു പരുന്ത് വേട്ടയാടിയ മുയലിന്റെ കുഞ്ഞ് കരഞ്ഞത് തന്നെയായിരുന്നു.

ഉടമസ്ഥരുടെ ചോര മണക്കുന്ന ആ വെള്ളം കൊണ്ട് പപ്പെറ്റ് തന്റെ മരുമകനെ ജ്ഞാനസ്നാനം ചെയ്യുന്നിടത്തവസാനിയ്ക്കുന്ന സിനിമ നിക്ഷ്പക്ഷമായ് കഥ പറഞ്ഞു തീർത്ത പോലെ തോന്നുമെങ്കിലും, സിനിമ തീർന്നാലും അത് മനസ്സിൽ നിന്നിറക്കാത്ത എന്നെപ്പോലുള്ളവർ പിന്നെയും നന്മ തിന്മകളുടെ യുദ്ധത്തെ വിശകലനം ചെയ്തു പരാജയപ്പെട്ടുകൊണ്ടേയിരുന്നു.

ഒരു നോവലിനെ അടിസ്ഥാനമാക്കി 1968 ഇൽ ഇറങ്ങിയ ഈ സിനിമയിലെ കഥാതന്തു തന്നെയാണ് ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ നാം കണ്ടത്. പക്ഷെ മലയാളീകരിച്ചപ്പോൾ അതിൽ നായികമാരും അവിഹിത ബന്ധവും നായകനു പകരം ഇരയാവാൻ ഉപനായകനും വഴുവഴുക്കുന്ന തമാശുകളും കുറേയധികം കഥാപാത്രങ്ങളും ഒക്കെ ഉണ്ടാക്കേണ്ടി വന്നു എന്ന് മാത്രം.

No comments:

Post a Comment