Tuesday, February 5, 2013

പൂമരങ്ങളുടെ വേനൽ - വഴിയോരക്കാഴ്ചകൾ

വേനലിന്റെ നിറം മഞ്ഞയാണോ? വിഷാദത്തിന്റെ, വാൻ‌ഗോഗിന്റെ സൂര്യകാന്തിപ്പൂക്കളുടെ  മഞ്ഞ? അതോ ചുവപ്പോ? ഗുൽമോഹറുകളുടെ, കുഞ്ഞ് കൊങ്ങിണിപ്പൂക്കളുടെ ചുവപ്പ്?

എന്റെ പാതകളിലെവിടെയും പൂമരങ്ങളാണ്.
മഞ്ഞയുടെ ഗുൽമോഹറുകൾ... കനം‌കുറഞ്ഞ കടലാസു പൂക്കൾ പോലുള്ള ഇതളുകളുമായ് ആകാശം നോക്കി ഒരു നിത്യഹരിത മരം. കാറ്റിലടർന്നും ദിവസം തീർന്നും വീഴുന്ന പൂക്കൾ പാതകളിൽ മഞ്ഞപ്പട്ടു വിരിക്കുന്നു. ഭൂമിയെ തൊടാൻ കൈനീട്ടി നിൽക്കുന്ന പൂക്കുലകളുമായ് ഇലകൊഴിച്ചു പൂക്കുന്ന കൊന്നമരം. വീണ്ടും ഒരു മഞ്ഞ വസന്തം! പൂവെന്നൊ പൊടിയെന്നൊ വേർതിരിക്കാനാവാതെ മഞ്ഞത്തൊങ്ങലുമായ് അക്വേഷ്യ മരങ്ങൾ... പൊട്ടിത്തെറിയ്ക്കുന്ന മഞ്ഞപ്പൂങ്കുലകളുമായ് യെല്ലൊ ബെത്സ്. വെയിൽ തിളയ്ക്കുന്ന ഈ വേനലിൽ മഞ്ഞ എനിക്ക് വിഷാദത്തിന്റെ നിറമല്ല, തണുപ്പോളിപ്പിച്ച കാറ്റുറങ്ങുന്ന ഒരു കാടാണ് എനിക്കീ മഞ്ഞമരങ്ങൾ...


ചുവപ്പിന്റെ , അതിൽ ഇളംവെള്ള രാശികലർന്ന ഗുൽമോഹറുകളുടെ വേനൽ. ഇലകൊഴിച്ച് പൂത്തു തുടങ്ങുന്നേയുള്ളു. കനലൊളിപ്പിച്ച പച്ചയാണ് ഇപ്പൊ കണ്ണിൽ തെളിയുന്നത്. 
നഗരങ്ങളിൽ കാട്ടുകൊങ്ങിണികൾ അപൂർവ്വമാണ്. പക്ഷെ എന്റെ വഴികളിൽ ഒരുകൂട്ടം കാട്ടുകൊങ്ങിണികൾ പൂത്തുനിൽക്കുന്നു. കാറ്റിലറിയാം കാട്ടുകൊങ്ങിണികളുടെ ഗന്ധം.
ഇരുണ്ട പച്ചയിലകൾക്കിടയിൽ തീക്കനൽ പോലുള്ള ചമതപ്പൂക്കൾ...കാട്ടുവഴികളിലെ പലാശപ്പൂങ്കുലകൾക്ക് പുരാണത്തോളം പഴക്കമുണ്ട്. ഈ ചുവപ്പ് വിപ്ലവത്തിന്റേതല്ല, ഉണർവ്വിന്റെ ഒരു കടലാണ് ഈ ചുവപ്പു പൂക്കൾ...

ഇനിയുമുണ്ട്... മരങ്ങളിൽ ചുറ്റിപ്പടർന്ന് വെള്ളയും റോസും ചുവപ്പും കലർന്ന പൂക്കുലകളുമായ് പുല്ലാന്തി വള്ളികൾ. നാട്ടിൻ‌പുറത്തെ വീട്ടിൽ, വേനൽക്കാല രാത്രികളിലെ തണുപ്പിൽ കലർന്നു വരുന്ന പൂമണം ഈ പുല്ലാന്തിപ്പൂക്കളുടേതായിരുന്നു. പിന്നെ പുല്ലിൽ വീണു പോയ നീലനക്ഷത്രങ്ങൾ പോലെ പൂക്കളുമായ്  നിലം‌പറ്റി വളരുന്ന മറ്റൊരു വള്ളിച്ചെടി.
ഇടയ്ക്കിടെ കുഞ്ഞു കുഞ്ഞ് വെള്ളപ്പൂക്കളുമായ് കമ്മ്യൂണിസ്റ്റ് പച്ചകളുടെ കൂട്ടം.

വാടിയ പച്ചപ്പുല്ലിന്റെ മണമാണ് വേനലിന്. കരിഞ്ഞുണങ്ങുന്ന വെയിലാണ് വേനലിന്. ഒപ്പം പൂക്കൾ നൃത്തം വയ്ക്കുന്ന വസന്തവുമാണ് വേനൽ. വേനലെ... കുറയാതെ കൂടാതെ നീ കടന്നു പോകുക. വരൾച്ചയുടെയും വറുതികളുടെയും കഥകളില്ലാതെ ഞങ്ങൾ ജീവിയ്ക്കട്ടെ.

15 comments:

 1. Venalinte Niram Neelayaanu...!

  Manoharam, Ashamsakal...!!!

  ReplyDelete
 2. മോഹങ്ങളും സ്വപ്നങ്ങളും അക്ഷരങ്ങളായി, വഴിയരികിലെ വിവിധങ്ങളായ പൂക്കളുടെ രൂപവും നിറവും സുഗന്ധവും ആവാഹിച്ചപ്പോള്‍ മികച്ച വാക്കുകളും വരികളുമായി ....വറുതിയുടെ കഥകള്‍ ഇല്ലാതെ ജീവിക്കാനുള്ള ആഗ്രഹത്തോടെ എഴുത്ത് അവസാനിക്കുമ്പോള്‍ സരിജയുടെ പുതിയ രീതിയില്‍ ഉള്ള എഴുത്തിനു നല്ലൊരു തുടക്കം ആവുകയാണെന്നു തോന്നി. എല്ലാ ഭാവുകങ്ങളും.....

  ReplyDelete
 3. സരിജാ... കാലങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടപ്പൊ ഒരു സന്തോഷം..

  ReplyDelete
  Replies
  1. എഴുതാൻ വീണ്ടും ഒരു ശ്രമം :)

   Delete
 4. Good to see you back.... No need to tell that writting is superb..:)

  ReplyDelete
  Replies
  1. മഞ്‌ജു, ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ പിന്നെയും എഴുതാൻ തോന്നും :-D

   Delete
  2. This comment has been removed by the author.

   Delete
 5. എനിക്ക് വേനലിന്റെ നിറം മഞ്ഞ ആണ് . ഞാന്‍ എന്നും യാത്ര ചെയ്യന്ന വഴിയാകെ പൂതുലുഞ്ഞു നില്‍കുന്ന കണിക്കൊന്നയുടെ മഞ്ഞ നിറം എനിക്ക് വേനലിന്റെ നിറം നല്‍കുന്നു.
  ശെരിയാണ്‌ വാടിയ പച്ച പുല്ലിന്റെ നിറത്തിന് വേനലിന്റെ നിറമുണ്ട് .
  തൂവെള്ള നിറവും ആരെയും മയക്കുന്ന സുഗന്തവും ഉള്ള ചെമ്പകത്തിന്റെ നിറമുണ്ട് സരിജയുടെ എഴുത്തിനു. എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 6. Manoharamaya ozukkulla ezhuth. Kooduthal pratheekshikkunnu

  ReplyDelete
 7. Manoharamaya ozukkulla ezhuth. Kooduthal pratheekshikkunnu

  ReplyDelete
 8. iniyum ithu pole ozukunna...pukkunna... ezhuthukal pratheekshikkunnu...... :-)

  ReplyDelete
 9. Because of my ignorance,some words i did not understand. But its Awesome!!!!!!!

  ReplyDelete
 10. എഴുതട്ടങ്ങനെ എഴുതട്ടെ ചന്നം പിന്നം ചാറട്ടെ

  ReplyDelete
 11. "വാടിയ പച്ചപ്പുല്ലിന്റെ മണമാണ് വേനലിന്. കരിഞ്ഞുണങ്ങുന്ന വെയിലാണ് വേനലിന്. ഒപ്പം പൂക്കൾ നൃത്തം വയ്ക്കുന്ന വസന്തവുമാണ് വേനൽ. വേനലെ... കുറയാതെ കൂടാതെ നീ കടന്നു പോകുക. വരൾച്ചയുടെയും വറുതികളുടെയും കഥകളില്ലാതെ ഞങ്ങൾ ജീവിയ്ക്കട്ടെ."

  വളരെ നന്നായിരിക്കുന്നു വരികൾക്ക്‌ ഒരു പ്രത്യേക ശിലപഭംഗി .സരിജയുടെ എഴുത്തിനു. എല്ലാ ആശംസകളും നേരുന്നു.


  ReplyDelete