Tuesday, April 23, 2013

Achilles and the Tortoise


ചില സിനിമകൾ കണ്ടുതീരുമ്പോൾ മനസ്സിനൊരു ഭാരമായ് ചിന്തകളിൽ തൂങ്ങിപ്പിടിച്ച് നിൽക്കാറുണ്ട്. അതിലൊന്നാണ് ഈ ജാപ്പനീസ് സിനിമ. കലാകാരനാകാൻ ഉഴിഞ്ഞു വച്ച ജീവിതം അയാളെ ആരുമല്ലാതാക്കുന്ന അവസ്ഥ.

കല ഒരു കള്ളത്തരമാണെന്നും വിശക്കുന്നവന്റെ മുന്നിലെ ഒരു പാത്രം ചോറ് പിക്കാസയുടെ ചിത്രത്തേക്കാൾ വിലമതിക്കുന്നുവെന്നും ഒരു തട്ടുകടക്കാരനെക്കൊണ്ട് പറയിക്കുമ്പോൾ, അത് ഒരറിവായല്ല, ഓർമ്മിപ്പിക്കലായാണ് മനസ്സിലേയ്ക്ക് വന്നു വീഴുന്നത്. ഇത് കേൾക്കുന്ന ഒരു കഥാപാത്രം കോപിഷ്ടനായി അവൻ പിക്കാസയുടെ ചിത്രമെടുക്കും എന്ന് പറഞ്ഞ് തിരിച്ചു നടക്കുന്ന വഴി പാലത്തിൽ നിന്നും താഴെ റോഡിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്യുന്നു. കലയുടെ വഴിയിലെ ചില ദുരന്തങ്ങൾ ഭ്രാന്തമായ ആവേശമായ് അണഞ്ഞുപോയ ചില ജീവിതങ്ങളെ ഓർമ്മിപ്പിക്കാനാവണം...

കല കലയ്ക്കു വേണ്ടിയാണോ ജീവിതത്തിനു വേണ്ടിയാണോ എന്ന ചോദ്യം , എനിക്കുത്തരമറിയാ ചോദ്യം വീണ്ടും എന്നിൽ നിന്നാരോ ചോദിക്കുന്നു.

ചിത്രകലയും കലാകാരന്മാരും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന സമ്പന്ന കുടുംബത്തിൽ നിന്ന് ജീവിതമാരംഭിക്കുന്ന ഒരു ബാലൻ. അവന്റെ അച്ഛനെ കാണാനും ചിത്രം വിൽക്കാനും എത്തിപ്പെടുന്ന പ്രശസ്തരായ ചിത്രകാരന്മാർ... അവരിലൊരാൾ അവന്റെ കുഞ്ഞു തലയിൽ അയാളുടെ തൊപ്പി വച്ചു കൊടുക്കുന്നു. ഇപ്പോൾ നിനക്കിതു പാകമല്ല, ഒരിക്കൽ നിനക്കിതു പാകമാകും എന്ന് പറഞ്ഞ്. ആ ചിത്രത്തിലുടനീളം പാകമായൊ ഇല്ലയോ എന്നറിയാതെ അയാൾ ആ തൊപ്പി അണിയുന്നുണ്ട്.

ക്ലാസ്മുറിയിൽ പടം വരയ്ക്കുന്ന കുട്ടിയെ വഴക്കു പറയാത്ത അധ്യാപകൻ. അയാൾ അങ്ങനെ ചെയ്യുന്നതിന് ഒരു കാരണമുണ്ട്. അവൻ ഒരു ചിത്രകാരനാവേണ്ട ആളാണ്. അവന്റെ അച്ഛൻ അവനെ ഫ്രാൻസിലയച്ച് ചിത്ര രചന പഠിപ്പിക്കും.

സാഹചര്യങ്ങൾ എത്ര പെട്ടെന്നാണ് മാറുന്നത്! സമ്പത്തിന്റെ നടുവിൽ നിന്ന് ദാരിദ്ര്യത്തിന്റെയും അനാഥത്വത്തിന്റെയും നടുവിലേയ്യ്ക്ക് അവൻ വലിച്ചെറിയപ്പെടുന്നു. പക്ഷെ അവൻ വരച്ചു കൊണ്ടേയിരുന്നു, വരയ്ക്കാൻ വേണ്ടി മാത്രം ജനിച്ചവനെന്ന മട്ടിൽ. ചിത്രത്തിലുടനീളം അയാൾ നിരൂപകരുടെ നല്ല വാക്കുകൾക്കു വേണ്ടി പരിശ്രമിക്കുകയാണ്. വരച്ച് വരച്ച് മാനുഷ്യത്വവും മനോനിലയും തകരാറിലാവുന്ന ഒരവസ്ഥയിൽ എത്തിച്ചേരുന്നു. ആ യാത്രക്കിടയിൽ സംഭവിക്കുന്ന കുറേ മുഹൂർത്തങ്ങൾ, കല എന്നതിന്റെ പൊള്ളത്തരം പലപ്പോഴും കലാകാരനായിരിക്കുമ്പോൾ നമുക്കു തിരിച്ചറിയാൻ കഴിയില്ലെന്ന് അടിവരയിട്ട് പറയുന്നുണ്ട്.

മനോഹരമായ ഫ്രെയിമുകളാലും ചിത്രകലയുടെ പലവിധ സംവിധാനങ്ങളാലും സമ്പന്നമായ സിനിമ, ദുരന്തമാകുന്ന, തകരുന്ന കലാജീവിതങ്ങളുടെ ഒരു നേർക്കാഴ്ച തന്നെയാണ്.
ചിരിച്ചും ചിന്തിച്ചും കഥ പറഞ്ഞ് തീർക്കുംപ്പോൾ ഈ സിനിമ മനസ്സിലവശേഷിപ്പിക്കുന്നത്, കഴിവ് മാത്രം പോരാ ഒരു കലാകാരനാകണമെങ്കിൽ എന്ന് തന്നെയാണ്.

വളക്കുറുള്ള മണ്ണ് കിട്ടിയ വിത്തുകൾ തഴച്ചു വളർന്ന് വന്മരമാകും. പാറപ്പുറത്തെ മണ്ണിൽ വീണവയാകട്ടെ തളിർത്ത് വരുമ്പോഴേ കരിഞ്ഞു പോകും. മുൾക്കാടുകൾക്കിടയിൽ വീണവയാകട്ടെ ഞെങ്ങിഞെരുങ്ങി ദുർബലനായ് വളർന്ന് ആർക്കും പ്രയോജനപ്പെടാതെയുമാകും.

No comments:

Post a Comment