Tuesday, March 11, 2008

മാധവിക്കുട്ടിക്ക്‌ എഴുതിയത്‌

പ്രിയപ്പെട്ട എഴുത്തുകാരിക്ക്,
ഇടനാഴികളില്‍ പടര്‍ന്ന ഇരുട്ടില്‍ നിന്നൊരു കാറ്റ് എന്നെ കടന്നു പോയി,
നീര്‍മാതളപ്പൂക്കളുടെ മണമില്ലാതെ ... നിലാവിലും നേര്‍ത്ത നിലാവായി എന്റെ ജാലകങ്ങള്‍ക്കപ്പുറം നീര്‍മാതളപ്പൂക്കളുടെ ധവളിമയില്ല.
എങ്കിലും...
അക്ഷരങ്ങളെ അനുഭവങ്ങളാക്കിത്തീര്‍ക്കുന്ന എഴുത്തുകാരി; നിന്റെ വരികള്‍ എനിക്കെല്ലാം തരുന്നു.
പച്ചയും ചുവപ്പും പുറം താളുകളുള്ള പുസ്‌തകം എന്നിലെപ്പോഴോ നീര്‍മാതളത്തിന്റെ സൌന്ദരയ്യവും സുഗന്ധവും നിറച്ചിരുന്നു.
നിനക്കു നന്ദി!
ലളിതവും സുന്ദരവുമായ പദങ്ങള്‍ കൊണ്ട് നീ സൃഷ്‌ടിച്ച മനോഹാരിത
ഹൃദയത്തിന്റെ ആഴങ്ങളില്‍ അജ്‌ഞാതമായ ഒരു വ്യഥയുണര്‍ത്തി. എന്റെ ഗ്രാമത്തിന്റെ നിറവില്‍ തിരുവാതിരക്കുളിരില്‍ കുളിര്‍ന്നു വിറയ്‌ക്കുന്ന പൂക്കളുമായി ഒരു നീര്‍മാതളമുണ്ടായിരുന്നില്ല. ഒരിക്കലും കാണാതെ, ആ സുഗന്ധം അറിയാതെ ഞാന്‍ നീര്‍മാതളത്തെ സ്‌നേഹിച്ചു, നിന്റെ സുഗന്ധം പരത്തുന്ന അക്ഷരങ്ങളിലൂടെ...
ഉറക്കം വരാതെ കിടക്കുന്ന രാത്രികളില്‍, ജാലകങ്ങള്‍ക്കപ്പുറം നിലാവില്‍ കുതിര്‍ന്നു നില്ക്കുന്ന ഒരു നീര്‍മാതളമുണ്ടായിരുന്നെങ്കില്‍ എന്നെത്ര ആശിച്ചു! പെയ്‌തു തിമിര്‍ത്ത മഴയ്‌ക്കു പുറകെ കാറ്റു കടന്നു വന്നു. ചിതറിയോടുന്ന കാറ്റില്‍ എന്റെ ജാലകങ്ങള്‍ക്കപ്പുറത്തെ പുളിമരം വെള്ളം കുടഞ്ഞു കളഞ്ഞു. വികൃതിപ്പയ്യന്റെ തല തോര്‍ത്തികൊടുക്കുന്ന അമ്മയെപ്പോലെ കാറ്റു പിന്നെയും പുളിമരത്തെ ചുറ്റിപ്പറന്നു...

ഗ്രാമത്തിന്റെ ആര്‍ദ്രത പിന്നിലവശേഷിപ്പിച്ച്, നഗരത്തിന്റെ തിരക്കേറിയതും യാന്ത്രികവുമായ ഒഴുക്കില്‍ ഞാനൊരില മാത്രമായി. അപ്പോഴും വായനയും പുസ്‌തകങ്ങളും കൂട്ടുണ്ടായിരുന്നു. ‘എന്റെ കഥയും’ ‘നഷ്‌ടപ്പെട്ട നീലാംബരി‘യും എല്ലാം ഹൃദയത്തിന്റെ വിങ്ങലുകളായി.
നിന്റെ പ്രണയത്തിന്റെ കുത്തൊഴുക്കില്‍ പലപ്പോഴും ഞാനൊലിച്ചു പോയിരുന്നു. അക്ഷരങ്ങളിലെ നിന്റെ പ്രണയവും യൌവനവും അതെല്ലാം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു. പക്ഷേ നിന്നെ വിവാദത്തിന്റെ വേനലിലെത്തിച്ചതും ഇതു തന്നെ. ഹൈന്ദവതയുടെ പടിയിറങ്ങി നീ പോകുമ്പോള്‍ വിവാദങ്ങളുടെ തിരമാല നിന്നെ പിന്തുടരുന്നതു കണ്ട് ഞാന്‍ നിശബ്‌ദമിരുന്നു. മതത്തിന്റെ സുരക്ഷിതത്വത്തിനപ്പുറം മറ്റെന്തോ തേടിയാണ് നിന്റെ യാത്രയെന്ന് ചിന്തിക്കാന്‍ തോന്നിയത്, ഒടുവില്‍ ശരിയായി. ഏതോ മനസിന്റെ തണലു തേടിയുള്ള ഈ യാത്ര നിന്നെ എത്തിച്ചത് ഉരുകുന്ന വേനലിലേക്കായിരുന്നോ?
നേരില്‍ കാണുമ്പോള്‍ ചോദിക്കാന്‍ ഒത്തിരി ചോദ്യങ്ങള്‍ മനസിലുണ്ട്. നിന്റെ ചിലമ്പിച്ച സ്വരത്തില്‍ അതിനുത്തരങ്ങള്‍ കേള്‍ക്കാന്‍ ഒരിക്കല്‍ ഞാനെത്തും; എത്താന്‍ ആഗ്രഹിക്കുന്നു.
ഏതോ ആഴ്‌ചപതിപ്പിന്റെ അകംതാളില്‍ നിന്റെ കവിത, നിന്റെ മനസിന്റെ കീറിപ്പറിഞ്ഞ തുണ്ട് ഞാന്‍ കണ്ടു. കാലത്തിന്റെ വേഗതയില്‍ വരിതെറ്റാതെ മനസില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. ഓര്‍മയില്‍ തങ്ങി നിന്ന വാക്കുകള്‍:
“എന്റെ പ്രണയചിന്ത പോലുംനിനക്കിന്ന് പാപസ്‌മരണയായോ”
മാപ്പ്, പദവിന്യാസം തെറ്റിച്ചെങ്കില്‍....എങ്കിലും കണ്ണീരിന്റെ നനവുള്ള അതിന്റെ അര്‍ഥം മേല്‍പ്പറഞ്ഞ വരികള്‍ പോലെ ആയിരുന്നു. നിന്റെ കവിത എന്നിലൊരു മുറിപ്പാടു തീര്‍ത്തു.
‘പുലിക്കുട്ടിയെന്നു വിചാരിച്ച് സ്‌നേഹിച്ചയാള്‍ ഒരു പൂച്ച പോലും ആയിരുന്നില്ല’ എന്ന നിന്റെ പ്രഖ്യാപനം എനിക്കിഷ്‌ടപ്പെട്ടു. ഇപ്പോഴും അതോര്‍ക്കുമ്പോള്‍ എവിടെ നിന്നോ ഒരു ചിരി പറന്നു വരും.
‘അര്‍ദ്‌ധ രാത്രിയിലൊക്കെ വിളിച്ച് കവിത ചൊല്ലിത്തന്നാല്‍ ആര്‍ക്കാ ഇഷ്‌ടം തോന്നാതിരിക്ക്യാ?’ നിഷ്‌കളങ്കമായ നിന്റെ ചോദ്യം എന്നില്‍ ചിരിയും പ്രണയത്തിന്റെ ചൂടുമുണര്‍ത്തി. പക്ഷേ... എവിടെയൊക്കെയോ നിനക്കു തെറ്റിയിരുന്നോ? ചില മാറ്റങ്ങള്‍ നിനക്കു വേണ്ടെന്നു വയ്‌ക്കാമായിരുന്നു. എങ്കിലും ഞാനാശ്വസിക്കുന്നു, വേഷവും മതവും മാറിയതു പോലെ നീ അക്ഷരങ്ങളും എഴുത്തും മാറ്റിയില്ലല്ലോ!
നിനക്കെഴുതാന്‍ ഒത്തിരിയുണ്ട് മനസില്‍ ഇനിയും. പക്ഷെ എനിക്കെന്റെ തിരക്കിലേക്കു മടങ്ങണം. എല്ലാം ഹൃദയത്തില്‍ സൂക്ഷിക്കുന്നു, ഒരിക്കല്‍ നിന്നോടു ചോദിക്കാന്‍.
കമ്പ്യൂട്ടറിനു മുന്നിലെ ദിവസം മുഴുവന്‍ നീളുന്ന തപസു തുടങ്ങാന്‍ സമയമായി.ഒരു മത്‌സരം പോലെ നിനക്കെഴുതേണ്ടി വന്നതില്‍ ദു:ഖമുണ്ട്. ഇതൊരു തുറന്ന അവസരമായതു കൊണ്ട് പാഴാക്കിയില്ല എന്നു മാത്രം.
പുതിയ എഴുത്തുകാരെയൊക്കെ വായിക്കുമ്പോള്‍ ഒരടുപ്പം തോന്നുന്നില്ല. കാരണം നിങ്ങളുടെയൊക്കെ തലമുറ പ്രതിഷ്‌ഠിച്ച ഉയരങ്ങളിലെത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല.
എഴുത്തിന്റെ ലോകത്തു നീ നട്ട നീര്‍മാതളം കാലങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും സുഗന്ധം പരത്തുന്നു. ഏറെയെഴുതിയ നിന്റെ കൈവിരലുകള്‍ക്ക് ഇനിയുമേറെ എഴുതാന്‍ കഴിഞ്ഞെങ്കില്‍......
സ്‌നേഹപൂര്‍വ്വം
സരിജ

6 comments:

  1. nandi..ente manassu katteduth ingane aa ammakku ezhuthiyathinu...

    ReplyDelete
  2. ഇനിയും വായിക്കുക. ഇനിയും എഴുതുക. ഭാവുകങ്ങള്‍.

    ReplyDelete
  3. സരിജയുടെ എഴുത്ത് നന്നായി..പക്ഷെ “നീ” എന്ന പ്രയോഗം വല്ലാതെ തോന്നുന്നു!.
    ആംഗലേയത്തിൽ YOU എന്നാണുപയോഗിക്കുന്നതെങ്കിലും (അച്ചനെയും യൂ‍ എന്ന് സംബോധന ചെയ്യുന്നുണ്ടല്ലോ) മലയാളത്തിൽ അത് ശരിയാണെന്നു തോന്നുന്നില്ല!.
    ശ്രീമതി മാധവിക്കുട്ടിയുടെ കളിത്തോഴിയാൺ സരിജ എങ്കിൽ കുഴപ്പമില്ല!!

    തുടർന്നും എഴുതൂ..ഭാവുകങ്ങൾ!

    ReplyDelete
  4. നന്ദു എന്ന ബ്ളോഗര്‍ സുഹൃത്തിണ്റ്റെ കമണ്റ്റാണ്‌ ഈ പോസ്റ്റിനാധാരം. 'മാധവിക്കുട്ടിക്ക്‌ എഴുതിയത്‌' എന്ന എണ്റ്റെ ആദ്യത്തെ പോസ്റ്റില്‍ മാധവിക്കുട്ടിയെ 'നീ' എന്നു വിശേഷിപ്പിച്ചതിനെക്കുറിച്ചാണ്‌ ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്‌. 'നീ' എന്നു എഴുത്തില്‍ ഉപയോഗിച്ചത്‌ എണ്റ്റെ കളിക്കൂട്ടുകാരി ആയതു കൊണ്ടല്ല, ബഹുമാനകുറവുകൊണ്ടുമല്ല. എഴുത്തിണ്റ്റെ സ്വഭാവികമായ ഒഴുക്കില്‍ അതു സംഭവിച്ച്‌ പോയതാണ്‌. മനസ്സിണ്റ്റെ കാല്‍പനിക ഭാവത്തില്‍ നിന്ന്‌ എഴുതിയപ്പോള്‍ പ്രായഭേദത്തെക്കുറിച്ച്‌ ചിന്തിച്ചില്ല. ഒരു രണ്ടാം വായന നടത്താന്‍ തോന്നിയില്ല, സമയവും ഉണ്ടായിരുന്നില്ല. ഒരു മത്സരത്തിനു വേണ്ടി എഴുതിയതാണിത്‌, മറന്നിരിക്കുമ്പോള്‍ ഒന്നാം സമ്മാനവും തേടിയെത്തി. അതൊരു രണ്ടാം വായനക്ക്‌ അവസരമായി, അപ്പോഴും 'നീ' പ്രശ്നമായി തോന്നിയില്ല. പിന്നെ പൊതുവെ കവിതകളിലും ആധികാരിക ഭാവമില്ലാത്ത എഴുത്തുകളിലും ബഹുമാനത്തിനനുസരിച്ച്‌ പദപ്രയോഗം വേണമൊ എന്ന കാര്യത്തില്‍ എനിക്കു ഇപ്പോഴും സംശയമുണ്ട്‌. ഈ വിഷയത്തില്‍ മറ്റ്‌ ബ്ളോഗര്‍മാരുടെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ട്‌.

    ReplyDelete
  5. നന്നായിട്ടുണ്ട്. എപ്പോഴെഴുതിയതാണെങ്കിലും മാധവിക്കുട്ടിയെക്കുറിച്ചല്ലേ...ഇങ്ങിനെ ഒരു കത്തിലൂടെ ഒരു എത്തിനോട്ടം നല്ലവണ്ണം രസിച്ചു. നീ എന്നുള്ളത് കത്തിന്റെ ശൈലിക്ക് അനുയോജ്യമായി തോന്നുന്നു. ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു നന്ദി.

    ReplyDelete
  6. എനിക്ക് ആ നീ പ്രയോഗത്തില്‍ കുഴപ്പം ഒന്നും തോന്നുന്നില്ല. നന്ദു പറഞ്ഞത് നന്ദുവിന്റെ കാഴ്ച്ചപ്പാടാണ്. ഞാന്‍ പറയുന്നത് എന്റേയും.

    ReplyDelete