Tuesday, June 14, 2011

ഋതുഭേദങ്ങളിലൂടെ....


ഗ്രീഷ്മം...

വേനലാണിത്. ടാറിട്ട റോഡുകളില്‍ നിന്ന് തിരമാലകള്‍ പോലെ ചൂടുയരുന്ന വേനല്‍. വെയില്‍ വിതയ്ക്കുന്ന ഉഷ്ണം നഗരത്തെ വിയര്‍പ്പിക്കും. ചാവാലിപ്പട്ടികള്‍ വഴിയോരങ്ങളിലെ പൂഴിമണ്ണില്‍ അണച്ചു കൊണ്ട് കിടക്കും. കുരുവികളും കുഞ്ഞു പക്ഷികളും കൂടുകളിലേയ്ക്കൊതുങ്ങും.


വേനലാണിത്. വഴികളിലേക്കു പടര്‍ന്ന് പൂത്തുലഞ്ഞു കിടക്കുന്ന ശീമപ്പുല്ലാന്തിയുടെ മണം കലര്‍ന്ന ചൂടുകാറ്റ് വീശുന്ന വേനല്‍. വഴികളിലെങ്ങും മഞ്ഞമഴ പോലെ വേനല്‍മരങ്ങള്‍ പൂ കൊഴിച്ചു കൊണ്ടിരിക്കും. ഗുല്‍‌മോഹറുകള്‍ തീക്കനല്‍ പോലെ പൂത്തുനില്‍ക്കും.ഇലകളില്ലാതെ, മഞ്ഞമരങ്ങളായ് കണിക്കൊന്നകള്‍ പൂക്കും.ആകാശം വെളുത്ത മേഘങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കും.

വര്‍ഷം...
വര്‍ഷമാണിത്. വേനലില്‍ വരണ്ട് വിണ്ടു കീറിയ മുറിവുകളിലേയ്ക്ക് മഴ മരുന്നായ് പെയ്തിറങ്ങുന്ന വര്‍ഷകാലം. മണ്ണിലാണ്ടുകിടന്ന വിത്തുകള്‍ നനഞ്ഞുണരും.  പുഴകള്‍ കലങ്ങി മറിഞ്ഞ് നിറഞ്ഞൊഴുകും.

വര്‍ഷമാണിത്. തുമ്പിക്കൈവണ്ണത്തില്‍ തുള്ളിയ്ക്കൊരു കുടം മഴപെയ്യുന്ന വര്‍ഷകാലം. വെള്ളം ഉയര്‍ന്നുയര്‍ന്ന് വയലും കരയും പുഴയും  ഒന്നാകും. മീനുകള്‍ പുഴയുടെ വഴിയറിയാതെ വെള്ളത്തിന്റെ പുറകെ വയലുകളിലേയ്ക്കും കരകളിലേയ്ക്കും പായും. രാത്രികളില്‍ ചിമ്മിനി വിളക്കുകളും തൂക്കി ഊത്ത പിടിയ്ക്കാനിറങ്ങുന്നവരുടെ പുറത്തെ ചാക്കുകളില്‍ നിന്നും മഴക്കാലം ആഘോഷിക്കാനെത്തിയ പച്ചത്തവളകളുടെ വിളി മുഴങ്ങും.

ശരത്...
 മഴയൊതുങ്ങി നരച്ച ആകാശം നാട്ടുവെളിച്ചമായ് വഴികളില്‍ പടരുന്ന ശരത്ക്കാലം. ഞാറ്റടികളെ ഉഴുതു മറിച്ച്  കൂട്ടം കൂട്ടമായ് ആമകള്‍ വന്നെത്തും. ഞാറ്റടി ചാലുകളെ പിന്തുടര്‍ന്നെത്തുന്നവര്‍ ആമകളെ  പിടിച്ച് വട്ടയിലകളിലും കാട്ടു ചേമ്പിന്റെ ഇലകളിലും പൊതിഞ്ഞു കൊണ്ടു പോകും. പുറന്തോടിനുള്ളിലേയ്ക്ക് വലിഞ്ഞ് സുരക്ഷിതരെന്നു വിശ്വസിച്ച് ആമകള്‍ സ്വസ്ഥരായിരിക്കും. തിളയ്ക്കുന്ന വെള്ളത്തിലേയ്ക്കു വലിച്ചെറിയപ്പെടുമ്പോള്‍ സുരക്ഷിതത്വം എന്നത് ഒരു മിഥ്യയാണെന്ന് അവര്‍ക്കു ബോധ്യപ്പെടും.

ഇടവഴികളിലെങ്ങും പൂക്കളുടെ ഗന്ധം നിറയും. കയ്യാലകളില്‍ മുക്കുറ്റികള്‍ പൂത്തുനില്‍ക്കും. ചാണകം മെഴുകിയ മുറ്റങ്ങളില്‍ പൂക്കളങ്ങള്‍ നിറയും. പറമ്പുകളുടെ അതിരുകളിലെങ്ങും അത്തച്ചെടികള്‍ നീലപ്പൂവിടര്‍ത്തും. വീണ്ടച്ചെടികളുടെ മൊട്ടുകള്‍ തേടി നാട്ടിന്‍‌പുറങ്ങളിലെ കുട്ടികള്‍ മലകയറും. മലഞ്ചെരിവുകള്‍ക്കു കൊങ്ങിണിപ്പൂക്കളുടെ മണമായിരിക്കും.

ഹേമന്തം...
പൂവുകള്‍ കൊഴിഞ്ഞ് പൂക്കുലകള്‍ ബാക്കിയാകും. വീണ്ടയും അത്തപ്പൂച്ചെടിയും കരിയാന്‍ തുടങ്ങും. കലമ്പട്ടകള്‍ പൂവില്ലാത്ത കുറ്റിച്ചെടികളാകും. വന്മരങ്ങള്‍ ഇലകൊഴിയ്ക്കും. പകല്‍ വെയിലില്‍ മലഞ്ചെരിവുകളില്‍ ഇല പറത്തുന്ന കാറ്റ് ചുറ്റിത്തിരിയും. രാത്രികള്‍ തണുപ്പില്‍ വെറുങ്ങലിച്ചു നില്‍ക്കും.

ശിശിരം...
ഇരുട്ടിന്റെ താഴ്വരകളില്‍ മിന്നാമിനുങ്ങുകള്‍ കൂട്ടത്തോടെ നൃത്തം ചെയ്യുന്ന ശിശിരം. പ്രഭാതങ്ങളില്‍ ചില്ലുജാലകങ്ങള്‍ക്കപ്പുറത്ത് മൂടല്‍മഞ്ഞ് കനത്തു നില്‍ക്കും. ഇലപൊഴിച്ചു നില്‍ക്കുന്ന മരച്ചില്ലകള്‍ ആകാശത്തേയ്ക്കു ചൂണ്ടുന്ന മെലിഞ്ഞ കൈവിരലുകള്‍ പോലെ തോന്നും. മഞ്ഞിന്റെ വെളുപ്പില്‍ മരങ്ങളും മനുഷ്യരും കറുത്ത രൂപങ്ങളാകും. മരവിച്ച വൃക്ഷത്തലപ്പുകള്‍ ഇരുണ്ട ഭൂഖണ്ഡങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് നിശ്ചലം നില്‍ക്കും. നിറമില്ലാത്ത ശിശിരം! എനിക്കേറ്റവും പ്രീയപ്പെട്ട മഞ്ഞുകാലം.

വസന്തം...

ഉത്സവങ്ങളുടെ, ആഘോഷങ്ങളുടെ വസന്തം. ശിശിരം തല്ലിക്കൊഴിച്ച ഇലകള്‍ക്കു പകരം ഇളംതളിരുകള്‍ മുളയിടും. എങ്ങും ജീവന്റെ പച്ചപ്പ് തുടിച്ചു നില്‍ക്കും. വഴിയോരങ്ങളില്‍ കച്ചവടക്കാര്‍ പഴക്കൂടകളുമായ് യാത്രികരെ കാത്തു നില്‍ക്കും.

 വേനല്‍ വന്നതും വെയിലുരുകുന്നതും ഞാനറിയാതെ പോയി. മഞ്ഞമരങ്ങള്‍ പൂത്തതും പുല്ലാന്തിപ്പൂമണം തണുപ്പില്‍ പടര്‍ന്നതും ഞാനറിയാതെ പോയി. മഴ പെയ്തു നിറഞ്ഞതും ഗന്ധര്‍വ്വന്‍ കാവ് മുങ്ങിപ്പോയതും ചെമ്പകമരം മറിഞ്ഞു വീണതും ഞാനറിയാതെ പോയി.  തണുത്ത് മരവിച്ച  മുറിയില്‍, കീബോര്‍ഡുകളിലെ യാന്ത്രികമായ ലോകത്തില്‍എന്റെ പകലുകള്‍ തീര്‍ന്നു പോകുന്നു.

മഞ്ഞുപെയ്യുന്ന താഴ്വരകളില്‍, ചാറ്റല്‍മഴ വീഴുന്ന പുല്‍‌മേടുകളില്‍,മേഘങ്ങളുറങ്ങുന്ന കുന്നിന്‍ ചെരിവുകളില്‍ ഒരിക്കല്‍ക്കൂടി ...

19 comments:

  1. നമ്മളറിയാതെ കടന്നു പോകുന്ന ഋതുക്കള്‍ . അത്ഭുതം കൂറി നിന്നിട്ടുണ്ട് എത്രയോ ഋതുകള്‍ കണ്ടന്നു പോയി എന്ന് ഓര്‍ത്തു.
    ഗൃഹാതുരത ഉണര്‍ത്തുന്ന വരികള്‍ . നമ്മളെല്ലാം കുടിയേറി പാര്‍ത്ത വരണ്ട നഗരങ്ങളില്‍ ഗന്ധര്‍വന്മാരും പൂക്കളവും മഞ്ഞുതുള്ളികള്‍ കൊണ്ട് തിളങ്ങുന്ന പുല്‍ക്കൊടികളും ഒന്നും ഇല്ലല്ലോ

    ReplyDelete
  2. വേനലാണിത്. വഴികളിലേക്കു പടര്‍ന്ന് പൂത്തുലഞ്ഞു കിടക്കുന്ന ശീമപ്പുല്ലാന്തിയുടെ മണം കലര്‍ന്ന ചൂടുകാറ്റ് വീശുന്ന വേനല്‍. ..........ippol ithu ariyukayanu...divasavum ulla yatrakalil

    ReplyDelete
  3. ശീതീകരിച്ച മുറിയിലെ യാന്ത്രീകതയില്‍ ഋതുഭേദങ്ങളുടെ വരവ് അറിയാതെ പോയ അവസ്ഥ ഹൃദ്യമായി എഴുതിവച്ചിരിക്കുന്നു. ഇല പൊഴിയുന്നതും തളിര്‍ക്കുന്നതും മരം പൂക്കുന്നതും കായ്ക്കുന്നതും അറിയാതെ പോകുന്നതിനപ്പുറം യാന്ത്രീകത മനുഷ്യസാധ്യവുമല്ലല്ലോ? കാലചക്രത്തിന്റെ കറക്കം അനുസ്യൂതം തുടരുക തന്നെ ചെയ്യും. നഷ്ടപ്പെടലുകളെ കുറിച്ച് ഓര്‍ത്തു നേരം കെടുത്താതെ ഇനിയൊരു ഋതുഭേദവും കളഞ്ഞുകളയില്ലെന്നു ഉറപ്പാക്കാനാവട്ടെ തുടര്‍ന്നുള്ള എല്ലാ ശ്രമങ്ങളും.

    മാസങ്ങളായി എഴുതാത്തതിന്റെ പോരായ്മകള്‍ അങ്ങിങ്ങ് കാണാം. അതുകൊണ്ട് തന്നെ "മുറിവില്ലാതെ എഴുതാന്‍" ഇനി ശ്രദ്ധിച്ചാലും. നന്ദി നല്ല ഈ വായനാനുഭവത്തിന്... എല്ലാ ആശംസകളും....

    ReplyDelete
  4. വേനല്‍ മഴ പോലെ നിന്റെ അക്ഷരങ്ങള്‍ , സരിജ ..

    നന്ദി

    ReplyDelete
  5. സരിജ..

    അക്ഷരക്കൂട്ടുകളിലെ ഭാവങ്ങള്‍ കണ്ട്.. അവ കൂട്ടിയിണക്കിയതിലെ വശ്യത കണ്ട് വിസ്മയിച്ച് നില്‍ക്കുകയാണ് ഞാന്‍. എന്തൊരു മനോഹരമായ ഭാഷ! എത്ര മനോഹരമാണ് ആ അക്ഷരക്കൂട്ടുകള്‍. എനിക്കൊരൊറ്റ പരാതി മാത്രം . ഒരു നല്ല കവിതയുടെ ചേലില്‍ വായിക്കാവുന്ന ഒരു പോസ്റ്റായിരുന്നു ഇത്. പക്ഷെ വരികള്‍ മുറിച്ചത് കവിതപോലെയായില്ലല്ലോ എന്ന വിഷമം. മുകളില്‍ രഘു സൂചിപ്പിച്ച പോലെ മാസങ്ങളായി എഴുതാത്തതിന്റെ പോരായ്മകള്‍ ഉണ്ടെന്നത് കൂടെ പറയട്ടെ. എങ്കിലും കഥയെന്നോ , കവിതയെന്നോ എന്ത് പേരിട്ട് വിളിച്ചാലും ഇനി ഒരു പേരിട്ടു വിളിച്ചില്ലെങ്കിലും പ്രിയ സരിജ.. ഈ അക്ഷരക്കൂട്ടങ്ങളെ, ഈ വാഗ്ദ്ധോരണിയെ അത്ഭുതത്തോടെ നോക്കിക്കാണാനേ കഴിയുന്നുള്ളൂ.. തീവ്രമായ ഈ ഭാഷചാതുരി മാസത്തില്‍ ഒരിക്കലെങ്കിലും വായനക്കാര്‍ക്കായി പങ്കുവെക്കാന്‍ ശ്രമിക്കുക. നന്ദി. നല്ലൊരു വായന നല്‍കിയതിന്.

    ReplyDelete
  6. പൂവേളയുടെ വസന്താര്‍ത്തുവില്‍നിന്നും വിറമഞ്ഞിന്റെ ശിശിരത്തിലേക്ക് വരമൊഴിയുടെ തീര്‍ഥാടനം നടത്തുമ്പോള്‍ നല്ല പൂമരങ്ങള്‍ക്ക് ചേമന്തി സീമന്തമാകുമ്പോള്‍ വാക്കുകള്‍ക്ക് സരിജ സീമാന്തമാകട്ടെ ..

    ReplyDelete
  7. ഞാന്‍ തിരിഞ്ഞുനോകുകയാണ് നാട്ടില്‍ ജീവിച്ച കാലം എന്റെ കണ്മുമ്പില്‍ തെളിയുന്നു .ഋതുഭേദങ്ങളിലൂടെ.... സരിജയുടെ എഴുത്തുകള്‍ മനോഹരമാകുന്നുണ്ട്,പൊതുവേ പറഞ്ഞാല്‍ മനുഷ്യവസ്തയെകുരിച്ചുള്ള കാല്‍പനിക ധ്യാനങ്ങള്‍ പോലെ തോന്നിക്കും ഈ കൃതി അസ്സലായിട്ടുണ്ട് ...

    ReplyDelete
  8. ഋതുക്കളിലൂടെ ഒരു യാത്ര കൂട്ടിക്കോണ്ട് പോയതിന്‌ നന്ദി.
    അത്ര നന്നായി വരച്ചിട്ടിട്ടുണ്ട് ഓരോന്നും.

    ആശംസകളോടെ
    satheeshharipad.blogspot.com

    ReplyDelete
  9. വാക്കുകളെ വല്ലാതെ പ്രണയിക്കുന്ന മഴയും മഞ്ഞും കടലും വാക്കില്‍ ആവാഹിക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരിയെ കാണാം ഈ വരികളില്‍.

    ReplyDelete
  10. മൈത്രേയിയുടെ പോസ്റ്റ്‌ വഴി വന്നതാണിവിടെ, മനോഹരം.. ഒത്തിരി ഇഷ്ടായി...

    ReplyDelete
  11. ഇതൊരു നല്ല യാത്രയായി. ഭാവുകങ്ങള്‍

    ReplyDelete
  12. വേനല്‍ വന്നതും വെയിലുരുകുന്നതും ഞാനറിയാതെ പോയി. മഞ്ഞമരങ്ങള്‍ പൂത്തതും പുല്ലാന്തിപ്പൂമണം തണുപ്പില്‍ പടര്‍ന്നതും ഞാനറിയാതെ പോയി. മഴ പെയ്തു നിറഞ്ഞതും ഗന്ധര്‍വ്വന്‍ കാവ് മുങ്ങിപ്പോയതും ചെമ്പകമരം മറിഞ്ഞു വീണതും ഞാനറിയാതെ പോയി. തണുത്ത് മരവിച്ച മുറിയില്‍, കീബോര്‍ഡുകളിലെ യാന്ത്രികമായ ലോകത്തില്‍എന്റെ പകലുകള്‍ തീര്‍ന്നു പോകുന്നു.

    nalla post tto.

    ReplyDelete
  13. എടുത്തത് ഇഷ്ടമായില്ലെങ്കില്‍ അറിയിക്കുമല്ലോ

    ReplyDelete