Friday, December 5, 2008

കാട്‌ കത്തുന്ന മണം

അകലെ കാട്‌ കത്തുകയാണ്‌. നക്ഷത്രങ്ങളില്ലാത്ത ആകാശത്തേക്ക്‌ തീജ്വാലകളും തീപ്പൊരികളും ഉയര്‍ന്നു പൊങ്ങുന്നു. പകല്‍ വെളിച്ചത്തിലെ ഓര്‍മ്മയില്‍ നിന്നും ആ സ്ഥലം മനസ്സിലാക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നി. പിന്നെ ജനാലകളടയ്ക്കാതെ‍ ഞാനത് നോക്കി നിന്നു.

തീനാളങ്ങള്‍ മഞ്ഞയും ചുവപ്പും നിറത്തില്‍ ഒരു നേര്‍രേഖയില്‍ നൃത്തം ചെയ്യുന്നു. ഉള്‍ക്കാടുകളിലെ ഈ ഉയരങ്ങളില്‍ നിന്ന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്ന് ഞാനോര്‍ത്തു. കാട്‌ കത്തുന്ന മണം കാറ്റില്‍ പറന്നു വന്നു. നാളെ ആകാശം കറുത്ത പുക മേഘങ്ങള്‍ കൊണ്ട്‌ നിറയും. പിന്നെ പുകമണം നിറഞ്ഞൊരു മഴപെയ്യും. വേനലിലെ ആദ്യ മഴയിലെ ഇറവെള്ളം പോലെ ഈ മഴയ്ക്കും നിറ വിത്യാസമുണ്ടാകും. നിരത്തിവച്ച പാത്രങ്ങളില്‍ ഇറവെള്ളം പിടിച്ചു വയ്ക്കുന്ന എന്‍റെ ബാല്യം ഒരു നിമിഷം ഓടിപ്പാഞ്ഞെത്തും.

ഓര്‍മ്മകള്‍ക്കു മേല്‍ മറവിയുടെ പുതപ്പു വലിച്ചിട്ടു കിടന്നുറങ്ങാന്‍ ഞാനേറെ ആഗ്രഹിച്ചു. പക്ഷെ കാട്‌ കത്തുന്ന കാഴ്ച്ച എന്നെ പിടിച്ചു നിര്‍ത്തുന്നു. വീശിപ്പടരുന്ന കാറ്റില്‍ തീനാളങ്ങള്‍ നേര്‍രേഖയില്‍ നിന്ന് മാറി കത്താന്‍ തുടങ്ങി. ഒരര്‍ദ്ധ വൃത്തം ചമച്ച് കാട്ടുതീ അതിന്‍റെ നൃത്തം തുടര്‍ന്നു കൊണ്ടിരുന്നു.

തീജ്വാലകള്‍ മുന്നോട്ട് മുന്നോട്ട് പടരുകയാണ്. ഓര്‍മ്മകളില്‍ പുഴ തെളിഞ്ഞു. അതെ വൃക്ഷക്കൂട്ടങ്ങള്‍ക്കപ്പുറം പുല്‍മേടുകളും കുറ്റിക്കാടുകളുമാണ്. അതിനുമപ്പുറം പുഴ. പുല്‍മേടിനെ പകുത്തു കൊണ്ടൊഴുകുന്ന പുഴ കണ്ണെത്തുന്ന അവസാന കാഴ്ചയില്‍ ‍ തിരിഞ്ഞു മറയുന്നത്‌ പകല്‍ വെളിച്ചത്തില്‍ ഞാന്‍ കാണാറുണ്ട്‌. പുഴയോരം വരെ മാത്രമേ ഈ തീ പടരൂ. പിന്നെ അണയുകയേ നിവൃത്തിയുള്ളൂ. എന്തെന്നില്ലാത്ത ഒരാശ്വാസം എന്നില്‍ ഉറവെടുക്കുന്നത്‌ ഞാനറിഞ്ഞു.

കുറ്റിക്കാടുകളിലെ ഉണക്കമരങ്ങള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്നുണ്ട്. പച്ചിലകള്‍ ഞെരിഞ്ഞു കത്തുന്ന ശബ്ദത്തിനു വേണ്ടി പിന്നെയും ഞാന്‍ കാതോര്‍ത്തു. ‍ അതെ ഇലകളിലെ പച്ച ഞരമ്പുകളില്‍ തീ പിടിക്കുമ്പോള്‍ കടുകുമണികള്‍ പൊട്ടുന്ന പോലെ ശബ്ദം കേള്‍ക്കാം. ഒപ്പം പച്ചിലകള്‍ കത്തുന്ന കയ്പ്പ് നിറഞ്ഞ ഒരു ഗന്ധവും.

ഈ തീ അണഞ്ഞിട്ടെ ഇനിയെനിക്കുറങ്ങാനാവൂ. പുഴയിലെ തെളിഞ്ഞ വെള്ളത്തില്‍ തീനാളങ്ങള്‍ പാമ്പുകളെപ്പോല്‍ ഇഴയുന്നുണ്ടാവും.‍ ഒരായിരം കടുക് മണികള്‍ ഒരുമിച്ച് പൊട്ടിത്തെറിക്കുന്ന ശബ്ദം പിന്നെയും കേട്ട് കൊണ്ടിരുന്നു. മരങ്ങളില്‍ നിന്ന് അസ്വസ്ഥമായ ചിറകടികളോടെ വവ്വാലുകള്‍ പറന്നകലുകയും വീണ്ടുമവിടേക്കു തിരിച്ച് വരുന്നതും എനിക്ക് കാണാം. നാളെ മഴ പെയ്യുമ്പോള്‍ ഇവയെന്തു ചെയ്യും?

മഴക്കാല രാത്രികളില്‍ മരം പെയ്യുന്ന ശബ്ദം കേട്ട് നടക്കുമ്പോള്‍ വെളുത്ത കുഞ്ഞുപൂക്കള്‍ വിരിയുന്ന തണല്‍ മരങ്ങളില്‍ ചിറകിലെ നനവ് കുടഞ്ഞു കളയുന്ന വവ്വാലുകള്‍ സ്ഥിരം കാഴ്ച്ചകളിലൊന്നായിരുന്നു. മഴയില്‍ കുതിര്‍ന്ന് തിളങ്ങുന്ന വഴികളിലൂടെയുള്ള നടത്തം... കാലങ്ങള്‍ക്ക് പിന്നില്‍ നിന്ന് മലയിറങ്ങി വരുന്ന തണുത്ത കാറ്റിന് ഇലഞ്ഞിപ്പൂക്കളുടെ ഗന്ധമായിരുന്നു. മഴയില്‍ കുതിര്‍ന്ന ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം. അന്നെന്‍റെ പുസ്തകത്താളുകളില്‍ മയില്‍പ്പീലിക്കു പകരം ഇലഞ്ഞിപ്പൂക്കളായിരുന്നു. ആ വഴികളിലിന്നും തണലും സുഗന്ധവും ഇലഞ്ഞി മരങ്ങള്‍ തന്നെ. കാലത്തെ തിരിച്ചു പിടിക്കാനെന്ന വണ്ണം ഞാന്‍ കണ്ണുകളടച്ചു.

ഇപ്പോള്‍ കാട്‌ നിശബ്ദമാണ്‌. അത് കത്തിയമര്‍ന്നു കഴിഞ്ഞു. വീശിയടിക്കുന്ന കാറ്റില്‍ ചെറിയ തീ നാളങ്ങള്‍ അവിടിവിടെ ഉയരുന്നെങ്കിലും ഒന്നിനും പടരാന്‍ ശക്തിയില്ല. എനിക്ക്‌ ഉറങ്ങാന്‍ സമയമായിരിക്കുന്നു. നാളത്തെ പുകമണമുള്ള മഴയെ സ്വപ്നം കണ്ട് ഞാനുറങ്ങാന്‍ പോകുന്നു. കാട്ടുതീ അണഞ്ഞിരുന്നു. എന്നിട്ടും കാടിനെ കത്തിച്ച കനലുകള്‍ അണയാന്‍ മടിച്ച് തിളങ്ങിക്കൊണ്ടിരുന്നു.

37 comments:

  1. എന്റെ ഓര്‍മ്മകളിലും ഇപ്പോള്‍ കാട് കത്തുകയാണ്... സില്‍‌വര്‍ ഓക്ക് മരങ്ങളുടെ പച്ച ഇലകള്‍ കരിയുന്ന ഗന്ധം. അതിലേയ്ക്ക് മഴത്തുള്ളികള്‍ വീഴുമ്പോഴുണ്ടാകുന്ന പുകമണം. പിന്നെ കാറ്റിന്റെ അസ്വസ്ഥമായ മോങ്ങല്‍.... എനിക്കും വല്ലാതെ വിഷമം തോന്നുന്നു... എന്നാല്‍ നിന്നെപ്പോലെ ഞാനും ആശ്വസിക്കുന്നു... ഏറിയാല്‍ പുഴ വരെ...... ഇപ്പോള്‍ ഞാനും ആഗ്രഹിച്ചു പോകുന്നു, ഇലഞ്ഞികള്‍ പൂക്കുന്ന വഴിയിലൂടെ മഴ നനഞ്ഞു നടക്കാന്‍......

    ReplyDelete
  2. നല്ല ഓര്‍മകള്‍....
    ഇലഞ്ഞിപ്പൂക്കളുടെ മണവും...
    ഇനി എന്റെ അടുത്ത പ്ലാന്‍ ഇലഞ്ഞിപ്പൂകളെ കാമെറാക്കുള്ളിലാക്കുകയാണ്...
    നന്ദി...

    ReplyDelete
  3. മഴക്കാലങ്ങളിലെ മരം പെയ്യുന്ന പ്രഭാതങ്ങളില്‍ അവയ്ക്കിടയിലൂടെ നടക്കാന്‍ എനിയ്ക്കും തോന്നുന്നു

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട്‌......ഇതുവായിച്ചപ്പോള്‍ എന്റെ മനസ്സും ബാല്യത്തിലേയ്ക്കൊരു യാത്രപോയി.......കുന്നിക്കുരുവും മഞ്ചാടിയും പെറുക്കിനടന്ന ബാല്യത്തിലേയ്ക്ക്‌.......

    ReplyDelete
  5. നന്നായിരിക്കുന്നു ഈ പോസ്റ്റ്. പക്ഷേ ഒരു നെരിപ്പോട് ഞാനിതില്‍ കാണുന്നു. വെന്തു നീറുന്ന നെരിപ്പോട്. മനസു കത്തുന്ന ചിത്രമാണ് ഇതിലൂടെ വായിച്ചെടുക്കാനാകുന്നത്. അതിന്റെ ഗന്ധമാണ് എനിക്ക് ഇതില്‍ കിട്ടുന്നത്.

    കുറച്ചുകാലത്തെ അജ്ഞാത വാസം. അതു കഴിഞ്ഞ് വീണ്ടുമൊരു പോസ്റ്റ്. അതും ഓര്‍മ്മകളില്‍ തീ പടരുന്ന ഒരു പോസ്റ്റ്. പാപ്പിക്കിതെന്തുപറ്റി..? വെറു മോരു പോസ്റ്റ് എന്നതിനപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ ഈ കത്തുന്ന കാട്ടിനകത്ത്?

    ReplyDelete
  6. അപ്പൂ :)
    ഞാന്‍ ഒരു കാ‍ടല്ല, അത് കത്തുന്നുമില്ല.
    എന്തോ എഴുത്ത് ഇങ്ങനെ ആയിപ്പോകുന്നു.
    ഞാന്‍ മഞ്ഞുകാലമല്ലെ അപ്പു, അവിടെങ്ങനെ തീ പിടിക്കാന്‍? ;-)

    ReplyDelete
  7. ഗുഡ് പ്രസന്റേഷന്‍
    ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍
    ജെ പി അങ്കിള്‍

    ReplyDelete
  8. കാടിനെ കത്തിച്ച കനലുകള്‍ അണയാന്‍ മടിച്ച് തിളങ്ങിക്കൊണ്ടിരുന്നു...

    ഞാന്‍ നടന്ന വഴികളില്‍ പതുങ്ങിയിരുന്ന്‍ എന്റെ ഇളം കാലുകളെ പൊള്ളിച്ചത് ഈ കനലുകളായിരുന്നിരിക്കണം.

    ReplyDelete
  9. ഓര്‍മ്മകള്‍ക്ക് തീപിടിക്കുന്ന എഴുത്ത്.
    ഓര്‍മ്മകള്‍ക്ക് തീ പിടിച്ചാല്‍ ഒന്നും ഇല്ലാതാവുകയല്ല എല്ലാം കൂടുതല്‍ തെളിച്ചത്തോടെ ചൂടോടെ ചൂരോടെ അങ്ങനെ കനലു പോലെ തിളങ്ങുകയാണ്.... കാ‍ടാണ്, മനസ്സ് വെട്ടി മിനുക്കാതെ ഇട്ടിരുന്നതെല്ലാം കത്തി ഉരുകി വരുമ്പോള്‍ ഉണ്ടാവുന്ന
    ആ പൊള്ളല്‍.. ആ വേവല്‍... ആ നീ‍റ്റല്‍.. ആ ഗന്ധം ..
    പച്ചില കത്തുമ്പോള്‍ കടുക് പൊട്ടും പോലെ...
    ഒര്‍മ്മകള്‍ കത്തുമ്പോള്‍ ബോംബ് പൊട്ടും പോലെ
    അഗ്നി കറ്റില്‍ ചുറ്റി അടിക്കുമ്പോള്‍ ഓടുകയാണ് മനസ്സ്
    ഒരു പുഴതേടി.......

    ഉള്ളില്‍ കുത്തുന്ന ഒരു വികാരമുണരുന്നു
    “കാട്‌ കത്തുന്ന മണം ”
    വായിച്ചപ്പോള്‍ .ഈ എഴുത്ത് ഇഷ്ടായി,
    അഭിവാദനങ്ങള്‍...

    ReplyDelete
  10. എഴുത്ത് നന്നായി.

    അവസാനഖണ്ഢികയിലെ ഒരു വരിയൊഴികെ എല്ലാം അവസാനിപ്പിച്ചിരിയ്ക്കുന്നത് “ന്നു” വില്‍ ആണ്. :-)
    ആശംസകള്‍
    :-)
    ഉപാസന

    ReplyDelete
  11. നല്ല ശൈലിയില് എഴുതിയിരിക്കുന്നു..
    പക്ഷെ സംഭവം എന്താണെന്ന് മനസ്സിലായില്ല....

    ReplyDelete
  12. രസിപ്പിച്ചു ..നല്ല പോസ്റ്റ്
    congrats

    ReplyDelete
  13. പതിവുപോലെ ആസ്വാദ്യകരമായ ആഖ്യാനം. ഒരു തടസ്സവുമില്ലാതെ അനര്‍ഗ്ഗളമായി ഒഴുകുന്ന നന്ദി പോലെ.. സുന്ദരമായിട്ടുണ്ട് വരികള്‍


    നന്ദന്‍/നന്ദപര്‍വ്വം

    ReplyDelete
  14. നിരത്തിവച്ച പാത്രങ്ങളില്‍ ഇറവെള്ളം പിടിച്ചു വയ്ക്കുന്ന എന്‍റെ ബാല്യം ....

    എനിക്കുമുണ്ടായിരുന്നു,അങ്ങനെ ഒന്ന്‌...നന്ദി,ഈ മനോഹരമായ വായന പ്രദാനം ചെയ്തതിന്..
    എവിടെയായിരുന്നു മാഷേ..കുറേക്കാലമായല്ലോ കണ്ടിട്ട്???

    ReplyDelete
  15. അങ്ങ് എവിടെയോ അടിക്കാടുകള്‍ കത്തുന്ന മണം വായനയ്ക്കു മുന്നില്‍ പുകയായ് ചുറ്റുന്നു.
    നല്ല എഴുത്ത്.

    ReplyDelete
  16. സരിജാ..,ഇനിയുമണയാന്‍ മടിക്കുന്ന കനലുകള്‍ ബാക്കി വെച്ചു ,പുകയുന്ന മനസ്സ് കൂടി എനിക്കിതില്‍ കാണാനാവുന്ന പോലെ‍....മനോഹരമായി എഴുതിയിരിക്കുന്നു..:)

    ReplyDelete
  17. സരിജയുടെ "ആത്മാവുകളെ വിളിച്ച് വരുത്തുന്നവര്‍" വളരെ നന്നായിരുന്നു അത് വയ്ച്ചപ്പോള്‍ തോന്നി സംഭവിച്ചു പോയതായിരിക്കാം എന്ന് പക്ഷെ "കാട് കത്തുന്ന മണം"എന്ന കൃതിയും സരിജ വളരെ മനോഹരമായി ഒഴുക്കോടെ എഴുതിയിരിക്കുന്നു. സരിജയില്‍ വ്യത്യസ്തവും നവീനവുമായ ഒരു എഴുത്തുകാരിയുന്ടെന്നു സാക്ഷ്യപെടുത്തുന്നു ."ഈ കൃതി അവസാനിപ്പിക്കുന്നതും ഗംഭീരമായിരിക്കുന്നു
    "ഇപ്പോള്‍ കാട്‌ നിശബ്ദമാണ്‌. അത് കത്തിയമര്‍ന്നു കഴിഞ്ഞു. വീശിയടിക്കുന്ന കാറ്റില്‍ ചെറിയ തീ നാളങ്ങള്‍ അവിടിവിടെ ഉയരുന്നെങ്കിലും ഒന്നിനും പടരാന്‍ ശക്തിയില്ല. എനിക്ക്‌ ഉറങ്ങാന്‍ സമയമായിരിക്കുന്നു. നാളത്തെ പുകമണമുള്ള മഴയെ സ്വപ്നം കണ്ട് ഞാനുറങ്ങാന്‍ പോകുന്നു. കാട്ടുതീ അണഞ്ഞിരുന്നു. എന്നിട്ടും കാടിനെ കത്തിച്ച കനലുകള്‍ അണയാന്‍ മടിച്ച് തിളങ്ങിക്കൊണ്ടിരുന്നു."
    കാറ്റും,മഴയും,മഞ്ഞും, ഭൂരിപക്ഷ കൃതികളിലും വിഷയമാക്കുന്ന ഈ എഴുത്തുകാരിക്ക് എന്റെ ആശംസകള്‍ നേരുന്നു

    ReplyDelete
  18. ഇവിടെ എല്ലാം എരിഞ്ഞുകൊണ്ടിരിക്കുകയാണല്ലൊ സരിജ.സ്നേഹത്തിന്റെ ഒരു പുഴയ്ക്കും കെടുത്താന്‍ കഴിയാത്ത രീതിയില്‍.സരിജയുടെ എഴുത്തിന്റെ പ്രത്യേകത അതിന്റെ ഒരിക്കലും തെറ്റാത്ത ശ്രുതിയാണ്‌.ആഴങ്ങളുടെ ആ ശ്രുതിയാണ്‌ വായനക്കരനെ പിടിച്ചിരുത്തുന്നത്‌

    ReplyDelete
  19. സരി
    " കാട് കത്തുന്ന മണം " എന്ന ഈ പോസ്റ്റും പതിവുപോലെ, അല്ലെങ്കിൽ പതിവിലുമേറെ നന്നായിരിക്കുന്നു സരി.
    ശിവയുടെ കമന്റും ഇഷ്ടപ്പെട്ടു. തുടരുക.

    ഇനി നന്ദേട്ടനോട്...

    എന്ദാ നന്ദാ? (എന്താ നന്ദേട്ടാ?) :)

    " പതിവുപോലെ ആസ്വാദ്യകരമായ ആഖ്യാനം.
    ഒരു തടസ്സവുമില്ലാതെ അനര്‍ഗ്ഗളമായി ഒഴുകുന്ന നന്ദി പോലെ..
    സുന്ദരമായിട്ടുണ്ട് വരികള്‍

    നന്ദന്‍/നന്ദപര്‍വ്വം "

    നന്ദേട്ടാ, ഉദ്ദേശിച്ചത് നദിയെയാണോ?
    അതോ നന്ദിയെത്തന്നെയോ?
    നന്ദി തന്നെയാണ് ഉദ്ദേശിച്ചതെങ്കിൽ മിക്കവാറും "അനര്‍ഗ്ഗളമായി ഒഴുകുന്ന നന്ദി പോലെ.. "
    എന്ന ഈ പ്രയോഗത്തിൽ നിന്ന് പോങ്ങുമ്മൂടന്റെ ഒരു കമന്റിന് 2 നന്ദി എന്ന രീതീയിൽ 'അനർഗ്ഗളമൊഴുകുന്ന നന്ദി'
    പ്രകാശനത്തെയാവും സൂചിപ്പിച്ചതല്ലേ? :)

    എനിക്ക് മനസ്സിലായി. ബുദ്ധിമാൻ :)

    ReplyDelete
  20. "കാലത്തെ തിരിച്ചു പിടിക്കാനെന്ന വണ്ണം ഞാന്‍ കണ്ണുകളടച്ചു. ".

    വളരെയധികം ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്... ങ്ങളൊരു സംഭവം തന്നെ...

    ReplyDelete
  21. കാട് കത്തുന്നതു വയിച്ചപ്പോള്‍ വിഷമം തോന്നി, എന്തൊ ഉള്ളില്‍ കിടന്ന് പച്ചക്കു കത്തിയത് പോലെ.. ആരെക്കയോ രക്ഷപെടാന്‍ വേണ്ടി കരയുന്നതു കേട്ട പോലെ...
    നന്നായിട്ടുണ്ട്..

    ReplyDelete
  22. how old r u sir/madm?

    ReplyDelete
  23. മഴയില്‍ കുതിര്‍ന്ന ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം. അന്നെന്‍റെ പുസ്തകത്താളുകളില്‍ മയില്‍പ്പീലിക്കു പകരം ഇലഞ്ഞിപ്പൂക്കളായിരുന്നു. ആ വഴികളിലിന്നും തണലും സുഗന്ധവും ഇലഞ്ഞി മരങ്ങള്‍ തന്നെ. കാലത്തെ തിരിച്ചു പിടിക്കാനെന്ന വണ്ണം ഞാന്‍ കണ്ണുകളടച്ചു.

    തെളിനീരുപോലുള്ള എഴുത്ത്.... സൂപ്പര്‍..

    ReplyDelete
  24. Sarii, Nannaayittundu.
    Manassile aardratha muzhuvan ninte aksharangalil nirayunnu.

    _Jithu

    ReplyDelete
  25. maithreyi said...
    ഈ അഗ്നിനാളങ്ഗൾ ഭയപ്പെടുത്തുന്നു കുട്ടീ!

    ReplyDelete
  26. കാട്ടുതീയുടെ ഭീകരസൌന്ദര്യവും പൊള്ളുന്ന ചൂടും
    ഈ വരികൾ ആവാഹിയ്ക്കുന്നുണ്ട്

    ReplyDelete
  27. എന്തൊരു സുന്ദരമായ രചന!
    ബ്ലോഗിനു പുറത്തേക്ക് വരണം... അച്ചടി മീഡിയക്ക് നഷ്ടമാവരുത് ഈ മുത്തുകള്‍.

    ReplyDelete
  28. ഓര്‍മ്മകള്‍ ഇഷ്ടപ്പെട്ടു മാഷേ
    പുതുവത്സര ആശംസകള്‍

    ReplyDelete
  29. othiri othiri ishtamayee..happy new year

    ReplyDelete
  30. മനസ്സിലൊരു കാട് കത്തിയെരിഞ്ഞുകഴിഞ്ഞിരിക്കുന്നു. ചാരം മൂടിയ ഓര്‍മ്മകള്‍ക്കിടയില്‍ ഇന്നും കനലെരിയുന്നുണ്ട്, അതിന്റെ പുകമണവും.

    പുതു വത്സരാശംസകള്‍.

    ReplyDelete
  31. എഴുതാനറിയാവുന്ന താങ്കൾ കഥകളെഴുതുമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.
    ആശംസകൾ

    ReplyDelete