Tuesday, January 13, 2009

മരണത്തിന്‍റെ ഗന്ധമുള്ള കാറ്റ്

ഉച്ചതിരിഞ്ഞ നേരം. ഉരുകിത്തിളച്ച വെയിലിനു മേല്‍ കാറ്റു പടര്‍ന്നു. കരിയിലകളെ പറപ്പിച്ചു കൊണ്ട്‌, ഇലപൊഴിച്ചു നില്‍ക്കുന്ന റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ ഒരു കാറ്റ്‌ ചുറ്റിത്തിരിഞ്ഞു. വല്ലാത്തൊരസ്വസ്ഥത മനസ്സില്‍ പടരുന്നത്‌ വകവയ്ക്കാതെ ഞാന്‍ അടുത്ത മലയും കയറാന്‍ തുടങ്ങി.

മലഞ്ചെരുവിലൂടെ നടക്കാനിറങ്ങുമ്പോള്‍ മനസ്സില്‍ ബാല്യത്തിന്‍റെ തിമിര്‍പ്പ്‌ ഒട്ടുമില്ലായിരുന്നു. കണ്ണെത്തുന്ന ദൂരത്തെല്ലാം റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ കുന്നുകളും താഴ്‌വരകളുമാണ്‌. കുറ്റിക്കാടുകളില്‍ മൈലോമ്പിയും ഞാറപ്പഴങ്ങളും പരതി നടന്ന ബാല്യം. കുന്നിക്കുരു ഉണ്ടാവുന്ന വള്ളിച്ചെടിയും, മഞ്ചാടിയുണ്ടാകുന്ന മരവും വലിയ കായ്കള്‍ ശബ്ദത്തോടെ പൊട്ടിച്ചിതറി പറന്നു വരുന്ന അപ്പൂപ്പന്‍താടികളും എല്ലാം ഓര്‍മ്മകളുടെ മഴയായ്‌ പെയ്ത്‌ എന്‍റെ മനസ്സിനെ ആര്‍ദ്രമാക്കി. പേഴിന്‍റെ അടര്‍ന്നു വീഴുന്ന കായ്കളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധം ഇന്നും തിരിച്ചറിയാം. ഇലവു മരം പൂത്തൂലഞ്ഞ്‌ പൂവു കൊഴിച്ച്‌ കാലങ്ങള്‍ പോയതറിയാതെ കണ്ണടച്ചു നില്‍ക്കുന്നു.

എല്ലാം അവിടെ മനോഹരമായിരുന്നു. എങ്കിലും ഒരറിയാ വ്യഥ എന്നില്‍ തിങ്ങി വളരുന്ന പോലെ. മനസ്സിന്‍റെ അസ്വസ്ഥത കൂടിക്കൂടി വന്നു. പാമ്പിന്‍പത്തി പോലുള്ള കായ്‌കള്‍ വീണു കിടക്കുന്ന മഹാഗണിയുടെ ചുവട്ടില്‍ ഞാനിരുന്നു.

 മുന്നില്‍ ഇനിയും ഒരു മലയാണ്‌. റബ്ബര്‍മരങ്ങളുടെ നീണ്ടുപോകുന്ന നിര. അവയ്ക്കിടയില്‍ നിറയെ ശിഖരങ്ങളുമായ്‌ ചാഞ്ഞുകിടക്കുന്നൊരു കശുമാവ്‌... ഓര്‍മ്മകളില്‍ മരണത്തിന്‍റെ ഗന്ധമുള്ളൊരു കാറ്റ് വീശി. ഹൃദയത്തിലൊരു നടുക്കത്തോടെ ഞാന്‍ ആ സ്ഥലം തിരിച്ചറിഞ്ഞു. മലഞ്ചെരിവുകളില്‍ കരിയിലകള്‍ പറത്തുന്ന കാറ്റിന്‌ ശക്തി കൂടുന്നത്‌ ഞാനറിഞ്ഞു.

 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ഇതുപോലൊരു വേനല്‍ക്കാറ്റ്‌ വീശുന്ന ദിവസം ഞാനാ മലമുകളില്‍ പോയിരുന്നു. വട്ടയിലയില്‍ മൈലോമ്പിപ്പഴങ്ങളും പൂച്ചപ്പഴങ്ങളും പൊതിഞ്ഞു പിടിച്ച് പിന്നെയും കുറ്റിക്കാടുകളില്‍ കാട്ടുപഴങ്ങള്‍ തിരഞ്ഞു നടന്നു. മലമുകളില്‍ ഒന്നു വട്ടം തിരിയുമ്പോള്‍ ആ കാഴ്ച്ച കണ്ടു. കശുമാവിന്‍റെ കൊമ്പില്‍ നിന്നു താഴേക്ക്‌ എടുത്ത്‌ ചാടുന്ന ഒരു സ്ത്രീ. കണ്ണുവിടര്‍ത്തി നോക്കി നില്‍ക്കുമ്പോള്‍ ഞാനറിഞ്ഞു അവര്‍ നിലത്തെത്തിയിട്ടില്ല. ഒരു തുണ്ടു കയറില്‍  വായുവില്‍ അവര്‍ കുതറി പിടഞ്ഞു. ഞാനലറിക്കരഞ്ഞുവോ? അറിയില്ല. ഓര്‍മ്മ വരുമ്പോള്‍ അപ്പൂപ്പന്‍ എന്നെ എടുത്തിരിക്കുകയാണ്‌ . ആടിയുലഞ്ഞ കശുമാവിന്‍ ചില്ലകള്‍ അനക്കമില്ലാതെ നില്‍ക്കുന്നു. അപ്പൂപ്പന്‍റെ തോളില്‍ നിന്നും മെല്ലെ മുഖമുയര്‍ത്തി ചുറ്റും നോക്കുമ്പോള്‍ അകലെ അലമുറകള്‍ക്കും ആള്‍ക്കൂട്ടത്തിനുമിടയിലൂടെ ഞാനാ കാലുകള്‍ കണ്ടു. അപ്പൂപ്പന്‍റെ വിരലുകള്‍ എന്‍റെ കുഞ്ഞുകണ്ണുകളെ മൂടിപ്പിടിച്ചു.

അതെ, ഞാന്‍ എത്തി നില്‍ക്കുന്നത്‌ അതേ മലഞ്ചെരുവിലാണ്‌. ബാല്യത്തിന്‍റെ മനസ്സ് അലറിക്കരഞ്ഞു. കശുമാവിന്‍ ചില്ലകളില്‍ മരണത്തിന്‍റെ ഗന്ധമുള്ള കാറ്റ് പിടഞ്ഞുണര്‍ന്നു. ഒരിക്കല്‍ക്കൂടി ഉറക്കെ കരയാന്‍ , ആ ഇരുപ്പില്‍ നിന്നെണീറ്റോടാന്‍, ഒന്നിനും വയ്യാതെ ഞാന്‍...  കാറ്റിനു ശബ്ദം കൂടുന്നതും കരിയിലകള്‍ പറന്നരികിലെത്തുന്നതും കണ്ട്‌ മുഖം പൊത്തിയിരുന്നു .

ആ‍ നിമിഷങ്ങളില്‍  റബ്ബര്‍മരങ്ങള്‍ക്കിടയിലൂ‍ടെ അപ്പൂപ്പന്‍റെ  വിളിയൊച്ച മലഞ്ചെരിവുകളിലെങ്ങും  മുഴങ്ങി. എന്‍റെ കൈകാലുകള്‍ക്ക്‌ ജീവന്‍ വച്ചു. കരിയിലകള്‍ക്കു മുകളില്‍ മറ്റൊരു കാറ്റായ്‌ ഞാനും പറന്നു, അപ്പൂപ്പന്‍റെ കൈകളിലേക്ക്‌. എത്ര വളര്‍ന്നാലും എന്‍റെ അഭയവും ആശ്വാസവും കുഴമ്പു മണക്കുന്ന ആ കൈകളാണെന്ന തിരിച്ചറിവിലേക്ക്.

32 comments:

  1. ആ താഴ്വരയില്‍ ഇപ്പോഴും റബ്ബര്‍മരത്തിന്‍റെ ഇലകള്‍ പൊഴിഞ്ഞു വീ‍ഴുന്നുണ്ടാകും. നീയിപ്പോഴും അത് നോക്കിയിരിക്കുന്നുണ്ടാകും. ഒരുനാള്‍ ഞാനും നടന്നുവരും ആ നാട്ടുവഴിയിലൂടെ...... മൈലോമ്പിയും ഞാറപ്പഴങ്ങളും അപ്പൂപ്പന്‍‌താടിയുമൊക്കെയുള്ള ആ താഴ്വരയിലേക്ക്....

    ReplyDelete
  2. ഭീകരമായ എഴുത്ത്.....പറയാതെ വയ്യ.........

    ReplyDelete
  3. സരിജാ, ഇതു വായിച്ചപ്പോള്‍ എന്റെ മനസ്സിലുമൊരു കാറ്റുവീശി,ഓര്‍മ്മകളുടെ കരിയിലകള്‍ പറത്തിക്കൊണ്‌ട്‌...വളരെ നന്നായിട്ടുണ്ട്‌.....

    ReplyDelete
  4. പെട്ടെന്ന് അവസാനിപ്പിച്ചതു പോലെ...

    ReplyDelete
  5. ആകെപ്പാടെയൊരു വശപ്പെശകാണല്ലോ!!!

    ഞങ്ങളെ വിട്ടേച്ചു പോകരുത് കെട്ടോ...

    ReplyDelete
  6. കോഴിക്കോടാണോ വീട്? കഥ നടക്കുന്ന സ്ഥലം എനിക്ക് നല്ല പരിചയം പോലെ...
    നല്ല ഒഴുക്കുള്ള ഭാഷ..... കഥ എനിക്കു ഇഷ്ടമായി....

    ഇതേ ലൊക്കേഷന്‍ല്‍ ഞാന്‍ ഒരു കഥ ങ്ങനെ രൂപപ്പെടുത്തി വരുവാരുന്നു. ഇനി അതു ഡിലീറ്റാം :)

    ReplyDelete
  7. njanum a vazhikalilude nadannapole.....vayichu kondirunnapol theeralle ennu thonnipoyi

    ReplyDelete
  8. paapi.. nannayirikkunnu.. enikkum undaayittund erekkure ithu poloru anubhavam... vayichappo aa ormmaklilekk njanum poyi

    ReplyDelete
  9. ആ‍ നിമിഷങ്ങളില്‍ റബ്ബര്‍മരങ്ങള്‍ക്കിടയിലൂ‍ടെ അപ്പൂപ്പന്‍റെ വിളിയൊച്ച മലഞ്ചെരിവുകളിലെങ്ങും മുഴങ്ങി. എന്‍റെ കൈകാലുകള്‍ക്ക്‌ ജീവന്‍ വച്ചു. കരിയിലകള്‍ക്കു മുകളില്‍ മറ്റൊരു കാറ്റായ്‌ ഞാനും പറന്നു, അപ്പൂപ്പന്‍റെ കൈകളിലേക്ക്‌.....

    സരിജാ,
    ഭയമാകുന്നൂ.
    - ഇങ്ങനെ ഒരവസാനിപ്പിക്കല്‍ വേണമായിരുന്നോ?
    കാരണം?

    ശ്രീ പറഞ്ഞത്...
    ഹരിഷ് സുചിപ്പിച്ചത്...

    എഴുതിക്കൊണ്ടിരിക്കൂ!

    ReplyDelete
  10. അപ്പൂപ്പന്‍ താടിയായി പുനര്‍ജ്ജനിക്കാനാണൊ ഇഷ്ടം ?അപ്പോള്‍ കുന്നിന്‍ മുകളിലും റബ്ബര്‍ തോട്ടത്തിലും പറന്നു നടക്കാലോ !

    ReplyDelete
  11. appooppane kandu thirichu vannekkanam.

    nalla bhasha..

    ReplyDelete
  12. കരിയിലകള്‍ക്കു മുകളില്‍ മറ്റൊരു കാറ്റായ്‌ ഞാനും പറന്നു, അപ്പൂപ്പന്‍റെ കൈകളിലേക്ക്‌.....

    ചുമ്മാ കൊതിപ്പിക്കരുത് ;)

    (അപ്പോ കാത്തിരിക്കുന്നവര്‍ക്ക് വിഷമം ആവില്ലേ?)

    ReplyDelete
  13. ഇഷ്ടപ്പെട്ടു കഥ.

    ReplyDelete
  14. പോര സരിജ ആ പഴയ ഇന്റെന്‍സിറ്റി ഇല്ല

    ReplyDelete
  15. വരികളിലെ ഓരോ പൊട്ടും പൊടിയും അനുഭവിപ്പിക്കുന്നയെഴുത്തു....കൊള്ളാം ട്ടോ..:)

    ReplyDelete
  16. ഒരിക്കല്‍ക്കൂടി ഉറക്കെ കരയാന്‍ , ആ ഇരുപ്പില്‍ നിന്നെണീറ്റോടാന്‍, ഒന്നിനും വയ്യാതെ ഞാന്‍... കാറ്റിനു ശബ്ദം കൂടുന്നതും കരിയിലകള്‍ പറന്നരികിലെത്തുന്നതും കണ്ട്‌ മുഖം പൊത്തിയിരുന്നു .


    വിഷാദത്തിന്റെ തൂവല്‍‌‌സ്പര്‍ശമുള്ള മറ്റൊരു സരിജാ പോസ്റ്റ്

    (പെട്ടെന്ന് നിര്‍ത്തേണ്ടിയിരുന്നില്ല.)

    ReplyDelete
  17. റബ്ബര്‍ മരങ്ങള്‍ ഉള്ളയിടത്ത് ജനുവരിക്കാറ്റടിക്കുമ്പോള്‍ ഒറ്റക്ക്...ഭയന്നു പോകും, ആവശ്യമില്ലാത്തവയൊക്കെ പിന്തുടര്‍ന്ന് വന്ന്..

    ReplyDelete
  18. കരിയിലകള്‍ പറന്നരികിലെത്തുന്നതും കണ്ട്‌ മുഖം പൊത്തി, ഞാനും ഒരറിയാ വ്യഥയായി, കാലങ്ങള്‍ പോയതറിയാതെ, കണ്ണടയ്ക്കാതെ നില്‍ക്കുന്നു.
    സരിജാ,
    ആശംസകള്‍...

    ReplyDelete
  19. മലഞ്ചെരുവ്,കാറ്റ്,കുന്നിക്കുരു,മരണം,കത്തുന്ന വെയിൽ,ഞാറപ്പഴം, ഇലവ് മരം... മാങ്ങാത്തൊലി.

    സരി നീ എന്താ മനുഷ്യനെ ഭ്രാന്താക്കാൻ നടക്കുകയാണോ?
    ചുമ്മാ ഒരോന്നൊക്കെ എഴുതിവയ്ക്കും മൂഡ് കളയാൻ.

    പറയുമ്പോൾ എല്ലാം പറയണമല്ലോ, പറ്റിവുപോലെ തന്നെ രസകരമായിട്ടുണ്ട്. :)

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. സരി,

    ആ പുടയൂരിനോട് ഒന്ന് പറഞ്ഞേക്കണം പോങ്ങുമ്മുട് വരെ ഒന്ന് വരാൻ. പോസ്റ്റ് രണ്ടാണ് ഞാനവിടെ ഉണക്കാൻ വച്ചിരിക്കുന്നത്. ആ ദുഷ്ട പെരുച്ചാഴി അങ്ങോട്ടേക്കൊന്ന് പാളി നോക്കിയതുപോലുമില്ല. :) എന്നിട്ടിവിടെ വന്ന് കിടന്ന് സമാനമായ അനുഭവങ്ങളിലേക്ക് ഊളിയിട്ടുകൊണ്ടിരിക്കുന്നു. കശ്മലൻ. :)

    ReplyDelete
  22. സത്യം പറയട്ടെ ..hair rising experience

    ഞെട്ടിച്ചു
    ആശംസകള്‍

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. മരണത്തിന്റെ ഗന്ധമുള്ള പോസ്റ്റ്!

    ആ landscape, പിന്നെ എഴുത്തിന്‍റെ ആ ഒരു... nostalgic feel... എല്ലാം ഇഷ്ടപ്പെട്ടു.

    ReplyDelete
  25. സരിജേ...നന്നായിട്ടുണ്ട്..ഒരിക്കല്‍ ഒരു രാത്രിയില്‍ കഥ പറഞ്ഞുറക്കിയ ഒരാളെ തിരഞ്ഞ് അകമുറിയ്യില്‍ ചെന്നപ്പോള്‍ തടഞ്ഞത് രണ്ട് കാലുകളായിരുന്നു,

    ReplyDelete
  26. സരിജ,
    പഴമയും വിഷാദവും ചാലിച്ചുള്ള എഴുത്ത്‌ നന്നായിട്ടുണ്ട്‌...

    ReplyDelete
  27. കഥയിലേക്കു വലിച്ചു കൊണ്ടു പോകുന്ന എഴുത്താണു സരിജ നിന്റേത്,വായിക്കുമ്പോള്‍ ആ പരിസരങ്ങളില്‍മാത്രം മനസ്സ് വ്യാപരിച്ചു പോകുന്നു അത് വായനയുടെ ഒടുക്കം ഒരു ഞെട്ടലുണ്ടാക്കുന്നു.
    അഭിനന്ദനങ്ങള്‍.

    വിടരുന്ന നവമുകുളങ്ങളുടെ സുഗന്ധമാവാഹിച്ച ഉന്മേഷദായകമായ കാറ്റ് ഇനിയും വീശും.

    "ഹാ വിജുഗ്വീഷുവാം മൃത്യുവിന്നാമോ
    ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍..."
    എന്ന് കവി ഭാഷ്യം.

    ReplyDelete
  28. ആസ്വദിച്ചു.ശരിക്കും നൊസ്റ്റാള്‍ജിയ

    ReplyDelete
  29. "കശുമാവിന്‍ ചില്ലകളില്‍ മരണത്തിന്‍റെ ഗന്ധമുള്ള കാറ്റ് പിടഞ്ഞുണര്‍ന്നു. ഒരിക്കല്‍ക്കൂടി ഉറക്കെ കരയാന്‍ , ആ ഇരുപ്പില്‍ നിന്നെണീറ്റോടാന്‍, ഒന്നിനും വയ്യാതെ ഞാന്‍... "

    വിഷയം വീണ്ടും വിഷാദമാണെന്കിലും ഓരോ പോസ്റ്റിലും എന്തൊക്കെയോ പുതുമകള്‍ ഉള്ളത് പോലെ... ഇത്തവണയും നന്നായിരിക്കുന്നു എഴുത്ത്...

    ReplyDelete
  30. എത്ര വളര്‍ന്നാലും എന്‍റെ അഭയവും ആശ്വാസവും കുഴമ്പു മണക്കുന്ന ആ കൈകളാണെന്ന തിരിച്ചറിവിലേക്ക്
    നന്നായിരിക്കുന്നു ആശംസകൾ

    ReplyDelete