Saturday, October 25, 2008

ആത്മാവുകളെ വിളിച്ച് വരുത്തുന്നവര്‍

അന്ന്‌ ആകാശം ഇരുണ്ട്‌ കിടന്നു. ഹോസ്റ്റലിന്‍റെ ഇടനാഴികളിലൂടെ കടലിന്‍റെ തണുപ്പും മണവും കലര്‍ന്നൊരു കാറ്റ്‌ ചുറ്റിത്തിരിഞ്ഞു. ഇടനാഴിയുടെ കിഴക്കുവശം കായലിലേക്കും പടിഞ്ഞാറുവശം കടലിലേക്കും തുറന്നു കിടക്കുന്നു. തീരത്ത് പാകിയിരിക്കുന്ന കരിങ്കല്ലില്‍ വന്നിടിച്ച് തിരമാലകള്‍ ചിതറിപ്പോകുന്നുണ്ടായിരുന്നു. അവിടെ നിശബ്ദമായ രാത്രി എന്നൊന്നുണ്ടായിരുന്നില്ല. കാറ്റിന്‍റെ ഭയാനകമായ ചൂളം വിളി, അല്ലെങ്കില്‍ കരിങ്കല്ലുകളില്‍ ആഞ്ഞടിക്കുന്ന കൂറ്റന്‍ തിരമാലകളുടെ ആരവം. കൂര്‍ത്ത കരിങ്കല്ലുകള്‍ മിനുസമായിട്ടും, ഒരു മനുഷ്യനും കയറാന്‍ പറ്റാതെ വഴുക്കുന്നവയായിട്ടും തിരമാലകള്‍ ഈ മിനുസപ്പെടുത്തല്‍ അവസാനിപ്പിച്ചില്ല. ഇന്ന്‌ കാറ്റും തിരമാലയും മത്സരിക്കുകയാണ്‌.

മുറിയിലെ ഇരുളിലേയ്ക്ക് കണ്ണും തുറന്ന് കിടക്കുമ്പോള്‍ എനിക്കു മുന്നില്‍ കുറെ കുഞ്ഞു കണികകള്‍ നൃത്തം ചെയ്യുന്നതായി തോന്നി. ഒരിക്കല്‍ കൂടി കണ്‍പോളകള്‍ അടച്ച് തുറന്ന് ഞാന്‍ ഉറങ്ങുകയല്ല എന്ന് ഉറപ്പ് വരുത്തി. ഇല്ല അവ എന്‍റെ മുന്നില്‍ നൃത്തം ചെയ്യുന്നു, നിറഭേദങ്ങളോടെ. ഇരുളിന്‍റെ നിശ്ശബ്ദതയിലേയ്ക്ക് കണ്ണ് തുറന്ന് കാതോര്‍ത്ത് കിടക്കുന്ന നാളുകളിലെല്ലാം ഈ അനുഭവം ഉണ്ടാവാറുണ്ട്‌.


വാര്‍ഡന്‍ ഒരു റൌണ്ട്‌ കഴിഞ്ഞ്‌ പോയിരിക്കുന്നു. ഇനി ഒരു തവണ കൂടി അവര്‍ വന്നുപോകും. രാത്രി വളര്‍ന്നു കൊണ്ടിരുന്നു. ഞാന്‍ കാതോര്‍ത്ത് കിടന്നു. ഒരിക്കല്‍ കൂടി അവരുടെ ചിലമ്പിച്ച ശബ്ദം ആ ഇടനാഴികളിലെ കാറ്റിനൊപ്പം ഉയര്‍ന്നു കേട്ടു. എല്ലാ ജനാലകളിലെയും വെളിച്ചം അണഞ്ഞു. കഴിഞ്ഞു , ഇനി അവര്‍ വരില്ല. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന്‌ പുറത്തിറങ്ങി. കനത്ത ഇരുളിനെ വകഞ്ഞു മാറ്റി കാറ്റിലൂടെ തുഴഞ്ഞെത്തുന്ന രൂപങ്ങളെ നോക്കി ഞാന്‍ നിശ്ചലം നിന്നു. പിന്നെ കടലിലേക്കു തുറക്കുന്ന ജാലകങ്ങള്‍ ഉള്ള ഇടനാഴിയിലെ അവസാന മുറിയിലേക്ക്‌ ഇരുട്ടിലൂടെ മുഖമില്ലാത്തവരായ് ഞങ്ങള്‍ നടന്നു പോയി. അകത്തു കയറി കടലിന്‍റെ ഇരമ്പലിനെ പുറത്താക്കി വാതില്‍ അടച്ചു.

വെളിച്ചമില്ലാത്ത മുറിയില്‍ ഇരുള്‍ രൂപങ്ങള്‍ കൃത്യമായ സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചു. ഒരു വലിയ വൃത്തത്തിലകപ്പെട്ടത്‌ പോലെ വട്ടത്തിലായിരുന്നു ഞങ്ങളുടെ ഇരുപ്പ്‌. ശ്വാസമെടുക്കുന്ന ശബ്ദവും നെഞ്ചിടിപ്പും പുറത്തറിയാന്‍ പറ്റുന്ന അത്ര ഭീതിയും ഞങ്ങള്‍ക്കോരോരുത്തര്‍ക്കൊപ്പവും സ്ഥാനം പിടിച്ചിരുന്നു. ഒരു ചീറ്റലോടെ കത്തിത്തെളിഞ്ഞ തീപ്പെട്ടിക്കോലിന്‍റെ പ്രകാശത്തില്‍ എല്ലാവരുടെയും മുഖം കണ്ടു. മെഴുകുതിരിയിലേക്കു പ്രകാശം പകരുമ്പോഴേക്കും എല്ലാവരും ചിട്ടയോടെ അവരവരുടെ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. വാച്ചിലെ സൂചികള്‍ അടുത്ത ദിവസത്തിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. സമയമായിരിക്കുന്നു.എല്ലാം കൃത്യമല്ലെ എന്നൊരിക്കല്‍ക്കൂടി നോക്കി.

അടുത്ത്‌ വച്ചിരുന്ന സ്റ്റീല്‍ ഗ്ളാസ്സ്‌ എടുത്തപ്പോഴുണ്ടായ കുഞ്ഞു ശബ്ദം വീണ്ടും മുറിയില്‍ ഭീതി നിറയ്ക്കുന്നത്‌ ഞാനറിഞ്ഞു. അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. കാറ്റും തിരമാലകളും അപ്പോഴും മത്സരം തുടര്‍ന്ന് കൊണ്ടേയിരുന്നു. ഞങ്ങളാകുന്ന വൃത്തത്തിനുള്ളില്‍ അക്ഷരമാലകളും അക്കങ്ങളും തീര്‍ത്ത വട്ടത്തിനുള്ളില്‍, ഒരു ഇരുപത്തിയഞ്ചു പൈസാ നാണയത്തിനു മുകളില്‍ മെഴുകുതിരി ജ്വലിച്ചു നിന്നു. അല്‍പ്പം മുന്നോട്ട്‌ നീങ്ങിയിരുന്ന് മെല്ലെ ആ മെഴുകുതിരിയെ ഞാന്‍ ഗ്ളാസ്‌ കൊണ്ട്‌ മൂടി. പ്രകാശം ഒരു കുഞ്ഞു വൃത്തത്തിനുള്ളിലേക്കു ചുരുങ്ങി ചുരുങ്ങി വന്നു. വീ‍ണ്ടും ആ മുറിയെ ഭയത്തിലേക്ക് ആഴ്ത്തിക്കൊണ്ട്‌ ഇരുട്ട് നിറഞ്ഞു. എല്ലാവരും പിന്നെയും ഇരുള്‍‌രൂപങ്ങളായി.

ഗ്ളാസിന്‍റെ മുകളില്‍ തൊട്ടിരിക്കുന്ന ചൂണ്ടുവിരല്‍ പൊള്ളുന്നത്‌ ഞാനറിഞ്ഞു. ആ നീറ്റലിലേക്കു വിരല്‍ ശക്തമായി അമര്‍ത്തിപ്പിടിച്ചു കണ്ണുകള്‍ അടച്ചു. മനസ്സിനെ ആത്മാവുകളുടെ ലോകത്തേക്കു കൊണ്ടു പോയി. അനേക കോടി ആത്മാക്കളിലൊരെണ്ണത്തെയെങ്കിലും അവിടേക്കു വിളിച്ചു കൊണ്ടു വരേണ്ടത്‌ അന്നത്തെ എന്‍റെ ദൌത്യമായിരുന്നു. ആത്മാര്‍ത്ഥമായിത്തന്നെ വിളിച്ചു, ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ , വിശ്വാസങ്ങളെ ശരിയെന്നോ തെറ്റെന്നോ തെളിയിക്കാന്‍. തലക്കുള്ളില്‍ ഒരു പെരുപ്പല്ലാതെ ഒന്നും തോന്നിയില്ല. കാറ്റിന്‍റെ ചൂളം വിളി എന്‍റെ തലയ്ക്കുള്ളില്‍ കിടന്നു കറങ്ങിത്തുടങ്ങി. ഇരുട്ടിന്‍റെ ഗുഹകളിലൂടെ അതിവേഗതയില്‍ മനസ്സ് പാഞ്ഞു നടന്നു. ഹോസ്റ്റല്‍ മുറിയും, എനിക്ക് ചുറ്റുമിരിക്കുന്നവരും എല്ലാം ഞാന്‍ മറന്നുപോയി.

കാതടപ്പിക്കുന്ന ശബ്ദവും ഭയങ്കരമായ ഒരു നിലവിളിയൊച്ചയുടെ തുടക്കവും പിന്നെയുള്ള അമര്‍ത്തിപ്പിടിക്കലും കേട്ട്‌ കണ്ണ് തുറക്കുമ്പോഴും തലയ്ക്കുള്ളിലെ പെരുപ്പവസാനിച്ചിരുന്നില്ല. എന്താ സംഭവിച്ചതെന്നൊ സംഭവിക്കുന്നതെന്നോ അറിയാതെ ഞാന്‍ ഇരുള്‍ രൂപങ്ങളെ നോക്കി മിഴിച്ചിരുന്നു. എന്‍റെ വിരല്‍ത്തുമ്പിനു താഴെ ഗ്ലാസില്ല എന്നു ഞാന്‍ മനസ്സിലാക്കി. ആര്‍ക്കും മിണ്ടാന്‍ വയ്യാത്ത അവസ്ഥ. അവര്‍ ശ്വാസം കഴിക്കുന്ന ഒച്ച മാത്രം മുറിയില്‍ നിറഞ്ഞു നിന്നു. നിമിഷങ്ങള്‍ ഒന്നൊന്നായി ഇരുളിലേക്കടര്‍ന്നു വീണു. "എന്താ സംഭവിച്ചത്? ആരാ കരഞ്ഞത്?" അടക്കിപ്പിടിച്ച ആകാംക്ഷയില്‍ എന്‍റെ ശബ്ദം മുറിഞ്ഞു പോകുന്നതറിയാതെ ഞാന്‍ ചോദിച്ചു. കിതപ്പിന്‍റെ ശബ്ദമല്ലാതെ വേറൊരു ശബ്ദവും ആ ഇരുളിലുണ്ടായിരുന്നില്ല. ഉത്തരം കിട്ടാത്ത ദേഷ്യവും , നടന്നതറിയാനുള്ള ആകാംക്ഷയും കാരണം വാര്‍ഡനെ മറന്ന് ഞാന്‍ ലൈറ്റിടാന്‍ എണീറ്റു. മരവിച്ച കാലുകള്‍ നിലത്തമരുമ്പോഴുള്ള പെരുപ്പില്‍ ജീവന്‍ പോകുന്നത് പോലെ തോന്നി.

വെളിച്ചത്തിന്‍റെ ധൈര്യത്തില്‍ ഓരോരുത്തരും തലയുയര്‍ത്തി. ചിലര്‍ ഇരു ചെവികളും അപ്പോഴും മൂടിപ്പിടിച്ചിരുന്നു. ചിലര്‍ അടുത്തിരുന്നവരുടെ കൈത്തണ്ടിലിറുകെപ്പിടിച്ചിരുന്നു. വൃത്തത്തില്‍ വിടവുകള്‍ വീഴ്ത്തി ഓരോരുത്തരായി എഴുന്നേറ്റ് ബെഡ്ഡിലേക്കിരുന്നു. അക്ഷരങ്ങളും അക്കങ്ങളും, യെസ് ഒര്‍ നോ തുണ്ടുകളും , മെഴുകുതിരിയും ഗ്ലാസ്സും മാത്രം തറയില്‍ ബാക്കിയായി.

"ഗ്ളാസ്സ്‌ അനങ്ങാന്‍ തുടങ്ങിയപ്പോള്‍ അടുത്ത മെഴുകുതിരി കത്തിക്കാന്‍ തീപ്പെട്ടിയെടുത്തു“. സൂര്യ പറഞ്ഞു തുടങ്ങി. “ തീപ്പെട്ടിയുരച്ചതും ഗ്ലാസ് മറിഞ്ഞു വീണു, പിന്നെ എന്തോ പൊട്ടുന്ന പോലെ, ചില്ലുടയുന്ന പോലെ ഉച്ചത്തിലുള്ള ശബ്ദം. അപ്പൊ ആരോ ഇവിടെ കരയുകയും ചെയ്തു.“ സൂ‍ര്യ ഓരോരുത്തരെയും മാറി മാറി നോക്കി. “ഇല്ല, ഞാന്‍ കരഞ്ഞില്ല” ഓരോരുത്തരും മത്സരിച്ച് ആണയിട്ടു. “അത് വല്ലാത്തൊരു ഷാര്‍പ് വോയിസ് ആയിരുന്നു, ഒറ്റ സെക്കന്‍റ് മാത്രം”‍ സൂര്യ ചിന്താഭാരത്തോടെ പറഞ്ഞു. ഭീതിയുടെ നിഴലുകള്‍ വീണ്ടും പരക്കുന്നത് ഞാനറിഞ്ഞു. വെറുതേ പറന്നു പോയ ഒരു നോട്ടം പടിഞ്ഞാറേയ്ക്കു തുറക്കുന്ന ചില്ലു ജാലകങ്ങളില്‍ മുട്ടി നിന്നു . ഹൃദയത്തില്‍ ഭയത്തിന്‍റെ വിള്ളലുകള്‍ വീഴ്ത്തിക്കൊണ്ട് ചിലന്തിവല പോലെ തകര്‍ന്നിരിക്കുന്ന ചില്ലുപാളികള്‍ ഞാന്‍ കണ്ടു. മെല്ലെ ലൈറ്റണച്ച് പുറത്തു കടന്നു. അവരാരും അതു കണ്ടില്ലല്ലൊ എന്നു ഞാന്‍ ആശ്വസിച്ചു. അല്ലെങ്കില്‍ ഈ രാത്രി ആരും ഉറങ്ങില്ല. ഇരുള്‍ വകഞ്ഞു മാറ്റി എല്ലാവരും അവനവന്‍റെ മുറികളിലേക്ക്‌ നടന്നു.

(പിറ്റേന്ന് എല്ലാവരുമറിഞ്ഞു, ഇടനാ‍ഴിയിലെ അവസാനത്തെ മുറിയുടെ കടലിലേക്കു തുറക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ന്നിരിക്കുന്നത്. ഞങ്ങളൊന്നുമറിയാത്ത പോലെ എന്നാല്‍ ഉള്‍ക്കിടിലത്തോടെ പരസ്പരം നോക്കാതെ നടന്നു. ഉച്ചകഴിഞ്ഞ് വാര്‍ഡന്‍ വന്നു. ആരെയെന്നില്ലാതെ കുറെ ചീത്ത വിളിച്ചു. ചില്ലു മാറാന്‍ വന്നയാള്‍ ഒന്ന് അമര്‍ത്തിത്തൊട്ടപ്പോള്‍ ചില്ലു തുണ്ടുകള്‍ മുറിക്കകത്തേക്കും പുറത്തേക്കും അടര്‍ന്ന് വീണു. “ഇതെങ്ങനെയാ ഇങ്ങനെ പൊട്ടുന്നത്?“ അയാളുടെ ആത്മഗതം. അത് തന്നെയാ ഞങ്ങള്‍ക്കും അറിയേണ്ടത്, ഒപ്പം ആരുടെ നിലവിളിയാണ് ഞങ്ങള്‍ കേട്ടതെന്നും)

49 comments:

  1. ഗതി കിട്ടാതലയുന്ന ആത്മാക്കളോട് അദ്വൈതമോതി നടന്ന നാറാണത്തിനെ ഓര്‍ത്തു പോകുന്നു (അതിനിവിടെ സാംഗത്യമില്ലെങ്കിലും)

    നമ്മില്‍ തന്നെ ഉറങ്ങൂന്ന നാമറിയാത്ത മോഹങ്ങളല്ലീ ഈ രോദനം മുഴക്കുന്ന പ്രേതങ്ങള്‍ ???

    ReplyDelete
  2. എത്ര പ്രതീക്ഷയോടെ എന്തൊക്കെ പറയാന്‍ ആഗ്രഹിച്ചാവണം ആ അത്മാവ് നിങ്ങളുടെ അരികിലേയ്ക്ക് ഇരുളിലൂടെ വന്നത്.....ഒറ്റ നിമിഷം കൊണ്ട് എല്ലാം പോയില്ലേ....ഇപ്പോഴും ഒരുപാട് പരിഭവങ്ങളുമായി കടല്‍‌ക്കാറ്റ് വീശുന്ന ഇടനാഴികളിലൂടൊക്കെ അത് അലഞ്ഞ് നടക്കുന്നാവാം....

    ReplyDelete
  3. കപ്പലപകടത്തില്‍ മരിച്ച ഒരു നാവികനായിരുന്നു അത്. പെണ്‍കുട്ടികള്‍, അതും മെഴുകുതിരി വെട്ടത്തില്‍... ആത്മാവാണെങ്കിലും മോഹങ്ങള്‍ ബാക്കിയല്ലേ!
    കൊച്ചിയിലെ ഒരു ബാറില്‍ വച്ച് ഒരിക്കല്‍ എതിരേ വന്നിരുന്നു. ടക്വീല ഉണ്ടോ എന്ന് വെയിറ്ററോട് ചോദിച്ചു. ഒറ്റ വിഴുങ്ങലില്‍ ടക്വീലയും മൂപ്പരും ആവിയായിപ്പോയി!

    സരിജാ.. എഴുത്ത് അതിന്റെ ട്രാക്കിലേയ്ക്ക് വീണിട്ടുണ്ട്.

    ReplyDelete
  4. അങ്ങനെ സരിജ ട്രാക്ക് ഒന്നു മാറി.. കഴിഞ്ഞ കുറെ പോസ്റ്റുകളിലായി വിഷാദവും കാത്തിരിപ്പുമൊക്കെയായി കുറ്റിയില്‍ തളക്കപ്പെട്ടവളെ പോലെ ചുറ്റിത്തിരിയുകയായിരുന്നു സരിജ. ഈ പോസ്റ്റില്‍ വ്യത്യസ്തമായ ഒരു വിഷയം തനിക്ക് മാത്രം സ്വന്തമായ ശൈലിയില്‍ ഭംഗിയായി എഴുതി ഫലിപ്പിച്ചിരിക്കുന്നു. "തനിക്ക് എല്ലാം വഴങ്ങും" എന്ന് ബൂലോകരെ അറിയിക്കാന്‍ കൂടിയാണോ ഈ പോസ്റ്റ്? എന്തായാലും അഭിനന്ദനങ്ങള്‍ ....

    ReplyDelete
  5. മനോഹരമായ ശൈലി...


    ഓടോ :

    അകത്തുള്ള അത്മാവുകളെ കണ്ട് പുറത്തെ ആത്മാവ് പേടിച്ചുകാണും. :)

    ReplyDelete
  6. പേടിപ്പിയ്ക്കാന്‍ വേണ്ടി ഓരോന്ന് എഴുതി വച്ചോളും....
    ;)

    ReplyDelete
  7. അഭിനന്ദനങ്ങള്‍........

    ReplyDelete
  8. അഹാ, ഗംഭീരം. ഓരോ വരികളിലും ആ‍കാംക്ഷ. അവസാനിപ്പിച്ച രീതിയും ഗംഭീരം. പഴയ്തൊക്കെ വാ‍യിക്കട്ടെ ഇനി.

    ഓടോ: ആ ആ‍ത്മാവിനെ വിളിച്ചു വരുത്തുന്ന വിദ്യ ഇമെയില്‍ ചെയ്താല്‍ കോന്നിലം പാടത്തെ പ്രേതത്തെ വിളിച്ച് വരുത്താമായിരുന്നു.

    ReplyDelete
  9. അനുഭവങ്ങളെ വാരിവലിച്ചെഴുതുകയല്ല.മറിച്ച്‌ എഴുതുന്നതിലൊക്കെ ഒരു മൌലികത നില നിര്‍ത്താന്‍ സരിജയ്ക്ക്‌ കഴിയുന്നുണ്ട്‌.ഭാവിയിലെ ഒരു നല്ല സാഹിത്യകാരിയുടെ എല്ലാ ലക്ഷണങ്ങളൂം സരിജയില്‍ തെളിഞ്ഞു കാണാം.എന്തായാലും ഈ പരിപാടി എനിക്കുമൊന്ന്‌ പറഞ്ഞു തരണം.തമാശയായിട്ടെടുക്കരുത്‌.ഒരിക്കല്‍ ചെയ്യാന്‍ ശ്രമിച്ച്‌ ചീറ്റി പോയതാണ്‌.ഒരാത്മാവും അടുത്ത്‌ വന്നില്ല.ഒരു പക്ഷെ ചെയ്തതില്‍ എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടാവാം

    ReplyDelete
  10. എനിക്കു മുന്നില്‍ കുറെ കുഞ്ഞു കണികകള്‍ നൃത്തം ചെയ്യുന്നതായി തോന്നി

    രണ്ടു പെഗ്ഗില്‍ കൂടുതല്‍ കഴിക്കരുതെന്ന് എത്ര വട്ടം പറഞ്ഞു....:)


    ഇത്തവണ എന്തായാലും വിഷാദം കണ്ടില്ല.. ഒപ്പം പുതുമയുള്ള ഒരു സബ്ജക്ട്..മനോഹരമായ എഴുത്ത്..
    ആശംസകള്‍

    ReplyDelete
  11. നല്ല ശൈലി..

    ആ വിദ്യ ഒന്നു പറഞ്ഞുതാ..എന്തൊക്കെ സാമഗ്രികള്‍ വേണം? എപ്പോഴാണ് ചെയ്യേണ്ടത്..?

    ReplyDelete
  12. എയര്‍ഫോഴ്സിലെ പൈലറ്റിന്റെ ജോലി ഉപേക്ഷിച്ച് പതിനഞ്ച് വര്‍ഷമായി പരേതാത്മക്കളെക്കുറിച്ച് ഗവേഷണം നടത്തുകയും അവരോട് സംസാരിക്കുകയും ചെയ്യുന്ന ഒരാളെ എനിക്കു അറിയാം.അതു കൊണ്ട് കഥ വാ‍യിച്ചപ്പോള്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ല.കഥാതന്തുവും ശൈലിയും ഇഷ്ടമായി സരിജ എന്‍ എസ്സ്.

    ReplyDelete
  13. സരിജ......

    ഏറെയൊന്നും പറയാനില്ല

    സ്നേഹപൂര്‍വ്വം

    ReplyDelete
  14. വളരെ നന്നായി സരിജ..പണ്ടു ഹോസ്റ്റലില്‍ ആയിരുന്നപ്പോള്‍ ഓജോ ബോര്‍ഡ് ഉപയോഗിച്ച് ആത്മാക്കളെ വരുത്തിയതും ആതമാവിനോറ്റു ഓരോ ചോദ്യങ്ങള്‍ ചോദിച്ചതും ഒക്കെ ഓര്‍മ്മ വരുന്നു..തീരെ മനക്കട്ടി ഇല്ലാത്തവര്‍ ആണെങ്കില്‍ നന്നായി പേടിക്കും

    അപ്പോള്‍ ആരായിരുന്നു ആ ജനല്‍ ചില്ലു പൊട്ടിച്ചത് ??

    ReplyDelete
  15. വളരെ മനോഹരമായിരിക്കുന്നു, സരിജയുടെ ശൈലി, കഥയെ കൂടി വിളിച്ചു വരുത്തുനവർ, ആശംസകൾ

    ReplyDelete
  16. എന്‍റെ അക്ഷരങ്ങള്‍ കാറ്റു പോലെയാകണം:
    വന്‍മരങ്ങളെ കടപുഴക്കുന്ന കൊടുങ്കാറ്റായും
    പിന്നെ അരുമയായ്‌ തഴുകി കടന്നു പോകുന്ന വയല്‍ക്കാറ്റായും ....
    ഉറപ്പായും അതുതന്നെ സംഭവിക്കും...ആശംസകള്‍....
    എഴുത്തിന്റെ ശൈലി ശരിക്കും ഇഷ്ട്ടപ്പെട്ടു ..പെട്ടെന്ന് തീര്‍ന്നതില്‍ വിഷമം....

    ReplyDelete
  17. വിരഹത്തിന്റെയും വിഷാദത്തിന്റെയും നടപ്പുപാതകളില്‍ നിന്ന്
    വഴിമാറി നടന്ന് പുതിയൊരു വിഷയത്തെ തന്മയത്വത്തോടെ
    അവതരിപ്പിച്ചിരിക്കുന്നു.ആകാംക്ഷാഭരിതമായ എഴുത്ത്.

    അഭിനന്ദനാര്‍ഹം ഈ കയ്യൊതുക്കം.

    --മിന്നാമിനുങ്ങ്

    ReplyDelete
  18. നന്നായി ടീച്ചറെ.

    ReplyDelete
  19. സരിജാ, വളരെ നന്നായിരിക്കുന്നു, ഈ പോസ്റ്റ്. വായിച്ചു തീരുംവരെ ആകാക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി. ശരിയ്ക്കും ഇത് നടന്നതാണോ? എന്തായാലും വെറുതെ ഒരു പരീക്ഷണത്തിന് ഞാനില്ല.(എന്തൊരു ധൈര്യം! എന്നെ സമ്മതിക്കണം) :)

    ReplyDelete
  20. പ്രേതം!! അയ്യോ പേടിയാകുന്നു.

    ReplyDelete
  21. സരിജ എന്ന എഴുത്തുകാരിയുടെ വളരെ വിത്യസ്തമായ രചന ......അധിമനൊഹരമായ ഭാഷാ ശൈലി "പയറ്റി തെളിഞ്ഞ എഴുത്തുകാരിയുടെ ആറ്റി കുറുക്കിയ രചന " പോലെ
    ചില വാക്കുകളും വാചകങ്ങളും കൃതിയെ അധിമനൊഹരമക്കിയിരിക്കുന്നു.(ഉദാ:. മരവിച്ച കാലുകള്‍ നിലത്തമരുമ്പോഴുള്ള പെരുപ്പില്‍ ജീവന്‍ പോകുന്നത് പോലെ തോന്നി,അവ എന്‍റെ മുന്നില്‍ നൃത്തം ചെയ്യുന്നു, നിറഭേദങ്ങളോടെ. ഇരുളിന്‍റെ നിശ്ശബ്ദതയിലേയ്ക്ക് കണ്ണ് തുറന്ന് കാതോര്‍ത്ത് കിടക്കുന്ന നാളുകളിലെല്ലാം ഈ അനുഭവം ഉണ്ടാവാറുണ്ട്‌.
    )
    എം മുകുന്ദന്‍ തലയ്ക്കു പിടിച്ചു നടന്ന കാലത്ത് എം മുകുന്ദന്റെ വിമര്‍ശകരോട് ഞാനും എന്റെ സുഹൃത്തുകളും പറയാറുണ്ടായിരുന്നു .."മുകുന്ദന്റെ വിഷയങ്ങള്‍ ,കഞ്ചാവ് ,ചരസ്സ് ,മദ്യം ,പെണ്ണ് എന്തും തന്നെ ആയികൊള്ളട്ടെ പക്ഷെ അയാളുടെ ഭാഷാ ശൈലി ,കഥ പറയുന്ന രീതി ഇതെല്ലം വീണ്ടും വീണ്ടും അദേഹത്തിന്റെ പുസ്തകങ്ങള്‍ നമ്മളെകൊണ്ട് വായിപ്പികുന്നു..സരിജയുടെ ഈ രചന ഭാവിയിലെ നല്ലൊരു എഴുത്തുകാരിയെ നമുക്ക് കാണിച്ചു തരുന്നു ....അഭിനന്ദനങ്ങള്‍ അറിയിക്കുന്നു ..... എന്ന് ബ്ലോഗറല്ലാത്ത ഒരു വായനകാരന്‍

    ReplyDelete
  22. അർജ്ജുനൻ
    ‘ഫ‘*ൽഗുനൻ
    പാർത്ഥൻ
    കിരീടി
    ....
    ....
    ....
    അർജ്ജുന പത്ത് ചൊല്ലിയത് പേടിമാറാനാണെന്ന് സരിജ വിചാരിക്കും. ഹെന്തിന്? ഹതിനെനിക്ക് ലവലേശം പേടിയില്ലല്ലോ? പിന്നെ ഈ പനി. അത് ഇന്നലെ മഴ നനഞ്ഞതിന്റെയാ...ഹല്ല പിന്നെ. :)

    പതിവുപോലെ തന്നെ നന്നായിരിക്കുന്നു സരിജ.

    ReplyDelete
  23. സരിജ, അന്ന് ഞാനതു വഴി കടല്‍ കാറ്റു കൊള്ളാന്‍ വന്നിരുന്നു. എന്നെക്കണ്ട്‌ നിങ്ങടെ വാര്‍ഡന്‍ ന്നിലവിളിച്ച ഒച്ചയാണ്‌ നിങ്ങള്‍ കേട്ടത്. നിലവിളി കേട്ടപ്പോള്‍ എനിക്കു തോന്നിയത് ഏതോ കില്ലപ്പട്ടിയായിരിക്കുമെന്നാണ്. ഇരുട്ടല്ലേ ഒന്നും കാണാനും വയ്യ. ഒരു കല്ലെടുത്ത് ശബ്ദം കേട്ട ദിക്കിലേക്ക് ഒരു കീച്ചു കീച്ചി. ഛില്‍ എന്നൊരു ഒച്ചയും കേട്ടു. ഇപ്പോഴാണു മനസ്സിലാവുന്നത് ഹോസ്റ്റലിന്‍റെ ചില്ലു പൊട്ടിയ ഒച്ചയായിരുന്നു അതെന്ന്.

    നല്ല ശൈലി. നല്ല ഫ്രെയിമിംഗ്.. ഇതെനിക്കിഷ്ടമായി ആശംസകള്‍.

    ReplyDelete
  24. Thudakkaththil chila kallukadikal thOnniyenkilum middle and last part valare nannaayi.
    :-)
    Upasana

    ReplyDelete
  25. ഗ്രാഫ് വീണ്ടും മുകളിലോട്ട് :)
    പതിവിനു വിപരീതമായി തിരഞ്ഞെടുത്ത (എഴുതേണ്ടി വന്ന?) വിഷയവും അന്തരീക്ഷവും നന്ന്, ആവിഷ്കാരവും. ഒരു ഫീല്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്. വായിച്ചു വരുമ്പോള്‍ വിവരണങ്ങള്‍ ദൃശ്യങ്ങളായി മനസ്സിലേക്കു വരികയും ഒരു പിരിമുറുക്കം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
    ടൈറ്റില്‍ ഇഷ്ടമായില്ല :(
    ആദ്യ ഭാഗം ഒന്നു കൂടി വായിച്ചു നോക്കു, പ്രത്യേകിച്ച് ആദ്യ പാരഗ്രാഫ്. തുടക്കത്തില്‍ എന്തോ ഒരു സുഖക്കുറവ്..

    നന്ദന്‍/നന്ദപര്‍വ്വം

    ReplyDelete
  26. ശരിക്കും ഒരു വിഷ്വല്‍ സൃഷ്ടിക്കാന്‍ പോന്ന എഴുത്ത്.

    കല്‍ക്കെട്ടുകളില്‍ ആഞ്ഞടിക്കുന്ന തിരമാലകളുടെ ശബ്ദം, ആ ഹോസ്റ്റല്‍ എന്നെ അസൂയപ്പെടുത്തുന്നു.

    ആശംസകള്‍.

    ReplyDelete
  27. സിരിജ,

    കഥ ഒന്നില്‍ കൂടുതല്‍ തവണ വായിച്ചു. കഴിഞ്ഞ പോസ്റ്റില്‍ നിന്ന് ഈ പോസ്റ്റിലെത്തുമ്പോള്‍ താങ്കള്‍ക്ക് മന:പൂര്‍വ്വമായ അതുമല്ലെങ്കില്‍ ശ്രദ്ധേയമായ എഴുത്തു മാറ്റങ്ങള്‍ കാണാനാകുന്നു എന്നുള്ളത് സന്തോഷിപ്പിക്കുന്നു. ഒരു നോവല്‍ വായിക്കുന്ന പ്രതീതിയോ അതു മല്ലെങ്കില്‍ ഒരു സിനിമ കാണുന്ന പ്രതീതിയൊ തോന്നിപ്പിക്കുന്ന വിഷ്വത്സ് നിറയ്ക്കുവാനും അതൊന്നും പൊട്ടിച്ചിതറുന്ന ചിത്രങ്ങളല്ലെന്നും അതൊക്കെയും കാമ്പുള്ള കഥയുടെ വരികളാണെന്നും വായനക്കാരനെ ബോധ്യപ്പെടുത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞു എന്നുള്ളത് ഈ രചനയുടെ വിജയമാകുന്നു. അഭിനന്ദനങ്ങള്‍.
    തീര്‍ച്ചയായും നല്ല വിഷ്വലുകള്‍ മനസ്സിലുള്ള താങ്കള്‍ വിഷയം തിരഞ്ഞെടുക്കുമ്പോഴും അതു പോലെ അവതരണത്തിലും വൈവിധ്യങ്ങള്‍ പുലര്‍ത്തിയാല്‍ വായനക്കാരന് അതൊരു ഉത്സവമാകും എന്നതില്‍ തര്‍ക്കമില്ല.
    കഥയുടെ പശ്ചാത്തലം ഒരു പക്ഷെ എല്ലാ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും സുപരിചിതമായതു കൊണ്ട് തന്നെ വായനക്കാരെ കഥ എളുപ്പത്തില്‍ പിടിച്ചു നടത്തുന്നു താങ്കളുടെ കഥാപാത്രങ്ങളിലേക്ക്.
    വാര്‍ഡനും റും മേറ്റ്സും ഒക്കെയും എല്ലാവര്‍ക്കും സുപരിചിതര്‍.
    ഒരിക്കല്‍ കൂടി അഭിനന്ദങ്ങള്‍. ഒപ്പം അടുത്ത കഥയ്ക്ക് തിരക്ക് കൂട്ടാതെ അനുഭവങ്ങളെ പാകപ്പെടുത്തി എഴുതും എന്ന് പ്രതീക്ഷിച്ച് കൊണ്ട്
    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

    ReplyDelete
  28. I dont believe in this....but the story
    has a fearful impact....

    ReplyDelete
  29. പരിചയമുള്ള സംഭവങ്ങളും പരിസരവുമായിട്ട് കൂടി എഴുത്ത് നല്ല പുതുമ തന്നു.ആശംസകള്‍.

    ReplyDelete
  30. സരിജേ,
    എഴുത്തിന്റെ ശൈലി ഉഗ്രൻ!
    അപരിചിതൻ(പേര് അതാണെന്നാണോർമ്മ) എന്ന സിനിമ ഇതുപോലൊരു പരീക്ഷണത്തെപ്പറ്റിയല്ലേ?

    ReplyDelete
  31. മാസങ്ങൾക്ക് ശേഷമാണു ഞാൻ സരിജയെ വായിക്കുന്നത്.[കുറച്ചു മാസങ്ങൾ ഞാൻ ബ്ലോഗിൽ ഒട്ടും ആക്റ്റീവ് അല്ലായിരുന്നു] പഴയ പോസ്റ്റുകൾ എല്ലാം വായിച്ചു. വളരേ കുറഞ്ഞ കാലയളവിൽ തന്നെ എഴുത്തിൽ ശക്തമായ ഒരു ശൈലി[ തനതു ശൈലി]സരിജ സ്വായത്തമാക്കിയിരിക്കുന്നു, അതിശയിപ്പിക്കും വിധം. മനസ്സിനെ തൊടുന്ന എഴുത്ത്. എല്ലാ വിധ ആശംസകളും

    ReplyDelete
  32. സരിജക്കുഞ്ഞേ,
    നിന്‍റെ ജീവിതത്തിലെ എല്ലാ തകര്‍ച്ചകള്‍ക്കും
    കാരണം നിന്‍റെ സാത്താന്‍ സഹവാസമാണ്.
    തീയിലേയ്ക്ക് പറന്നടുക്കുന്ന ഈയാം പാറ്റ
    കള്‍. ഇപ്പോള്‍ സാങ്കേതിക വിദ്യ അന്വേഷിച്ച്
    നടക്കുന്നവരുടേയും കാര്യം
    കട്ടപ്പൊക

    ReplyDelete
  33. ഒരു കമന്റിടാന്‍ വേണ്ടി കംന്റിടുന്നു എന്നു മാത്രം.
    “പോസ്റ്റുണ്ടോ ബ്ലോഗാവേ ഒരു കമന്റെടുക്കാന്‍” അവലംബം: ബര്‍ലിവാക്യം 24-10-08, യുവ മലയാള മനോരമ....

    അങ്ങിനെ കംന്റെടുക്കാന്മാത്രം പോസ്റ്റുന്ന ബോഗാവുമാരുടെ ലോകത്തില്‍ നിന്ന് അതിനപ്പുറമുള്ളോരു ലോകം പാപ്പിക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് മാത്രം മനസിലാക്കുക.
    എഴുതുക. ഗൌരവമുള്ള എഴുത്തുകള്‍.
    ആശംസകള്‍.

    ReplyDelete
  34. മനോഹരമായ ശൈലി.

    വീണ്ടും വരാം.

    ആശംസകളോടെ
    നരിക്കുന്നൻ

    ReplyDelete
  35. സുന്ദരമായ വരികള്‍
    :)
    ഒരുപാട്‌ ഇഷ്ടമായി എഴുത്ത്‌

    ReplyDelete
  36. രസായിരിക്ക്ണൂ... പോസ്റ്റ് കഥയായി രൂപപ്പെട്ടിരിക്കുന്നു... പണ്ടു പവര്കട്ട് സമയത്ത് ഇതേ പോലെ ഒന്നു പരീക്ഷിക്കാന്‍ ശ്രമിച്ചതാ... മെഴുകുതിരി വാങ്ങാന്‍ പോയവന്‍ വെള്ളമടിയില്‍ പ്രലോഭിതനായി വേറെ റൂമില്‍ കയറിയത് കൊണ്ട് അത് നടന്നില്ല...

    ReplyDelete
  37. സ്വതസിദ്ധമായ എഴുത്ത്, സംഭവങ്ങളെ സാഹിത്യത്തലേക്കു സന്നിവേശിപ്പിക്കാന്‍ സരിജയ്ക്കാവുമെന്ന് തെളിയിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍.

    മുന്‍പത്തെ രണ്ടു പോസ്റ്റിലും അഭിരുചിയെ ഒരു കുറ്റിയില്‍ തളച്ചെഴുതിയെന്നു തോന്നിയിരുന്നു.

    ReplyDelete
  38. ഇഷ്ടമായി.. റിയലി നൈസ് :)

    ReplyDelete
  39. നല്ല എഴുത്ത്.
    -സുല്‍

    ReplyDelete
  40. നന്നായിരിക്കുന്നു, ശൈലി മനോഹരം. എത്ര ഒതുക്കത്തോടെ പുതുമ തോന്നുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. അതി ഗംഭീരം..

    ReplyDelete
  41. ethra manoharamaayirikkunnu aa shaily..
    i like it..
    congrats..

    ReplyDelete
  42. പേടിപ്പിക്കല്ലേ സരിജാ,നന്നായിരിക്കുന്നു.
    ആ ചിലല്‍ സൂക്ഷിച്ച് കൂടാരുന്നോ?ഒരു ഓര്‍മ്മക്ക്

    ReplyDelete
  43. അഭിനന്ദനങ്ങള്‍

    ReplyDelete
  44. സരിജ നാന്നായിട്ടുണ്ട്. ആത്മാക്കള്‍ സംസാരിക്കുമോ? നമുക്കൂ ആത്മാക്കളോട് സംസാരിക്കന്‍ കഴിയുമോ? ജസ്റ്റിസ് ക്യഷ്ണയ്യര്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ആത്മാവുമായി സംസാരിക്കറുണ്ടന്നു കേട്ടു. എന്തല്ലാം പ്രതിഭാസങ്ങള്‍.

    എന്റെ ഹോസ്റ്റലില്‍ റൂം നമ്പര്‍ 79 ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് പലപ്പോഴും ആറൂമില്‍ ലൈറ്റ് താനെ അണയുകയും, താനെ കത്തുകയും ചെയ്യാറുണ്ടായിരുന്നു. ലൈറ്റ് ഓഫ് ചെയ്ത് റൂം ലോക്ക് ചെയ്ത് പുറത്തുപോയി വരുമ്പോള്‍ ലൈറ്റ് കത്തികിടക്കിന്നുണ്ടാകും. അതുകൊണ്ട് ആരും ആറൂമില്‍ താമസിക്കറില്ലായിരുന്നു അധിക കാലം. കുറെകാലം റൂം ആര്‍ക്കും കൊടുക്കതെ പൂട്ടിയിടുകയും ഉണ്ടായി. 15 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ആരും സ്ഥിരമായി ആറൂമില്‍ താമസിക്കാറില്ലന്നു കേള്‍ക്കുന്നു.

    കഥ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

    സ്നേഹപൂര്‍‌വ്വം
    ബാലാമണി

    ReplyDelete
  45. സരിജാഉടെ പ്രൊഫൈല്‍ ആണ് എന്റെ പ്രോഫിലിനു ആധാരം ......
    എങ്ങെനെ സധികുന്നു ഇതു പോലെ എഴുതാന്‍ ...വല്ലാത്ത വരികള്‍ ..
    ഫോണ്ട് വലുതകിയാല്‍ ഇത്തിരി കൂടി വായിക്കാന്‍ ഈസി ആകും

    ReplyDelete