Sunday, July 27, 2008

പ്രണയത്തിന്‍റെ താഴ്വരകള്‍

ധനുമാസത്തിന്‍റെ കുളിരില്‍ ഞാനുറങ്ങാതെ വ്രതമെടുത്ത്‌ ചുവടു വച്ച രാത്രി...
ഒരു തിരുവാതിരക്കുളിരുമായ്‌ ഓര്‍മ്മകളുടെ വേലിയേറ്റം... ഇരുട്ടില്‍ തണുപ്പിന്‍റെ ചുരുളുകള്‍ ഒന്നൊന്നായി നിവരാന്‍ തുടങ്ങി.

വൃക്ഷത്തലപ്പുകളില്‍ ചന്ദ്രകിരണങ്ങള്‍ നൃത്തം വച്ചു തുടങ്ങിയിരിക്കുന്നു. നിലാവിന്‍റെ ഉതിര്‍ന്നു വീഴുന്ന തുണ്ടുകള്‍ പ്രകാശത്തിന്‍റെ കൊച്ചു കൊച്ചു തുരുത്തുകളായി തൊടിയിലെങ്ങും ചിതറിക്കിടക്കുന്നു.

മനസ്സിന്‍റെ വരണ്ട പ്രതലങ്ങളില്‍ നീ മഴയായ്‌ പെയ്തു. പിന്നെ ഉഴുതു മറിച്ച്‌ സ്വപ്നങ്ങളുടെ വിത്തു പാകി. പിന്നെയും പെയ്ത സ്നേഹത്തിന്‍റെ പൊടിമഴയില്‍ ഒരിളം തളിരു നാമ്പെടുത്തു. കാലത്തിന്‍റെ കുതിപ്പില്‍ പടര്‍ന്നു പന്തലിച്ച് ഒരു വന്‍മരമായി അത് മാറിയിരിക്കുന്നു. ഹൃദയത്തിന്‍റെ താഴ്‌വരയില്‍ വസന്തത്തിന്‍റെ വിരലുകള്‍ പൂവിടര്‍ത്തുന്നു.
ഇപ്പോള്‍ എനിക്കു ജീവിതത്തോട്‌ വല്ലാത്ത ഒരിഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നു. എല്ലാം നിന്നോടൊത്തു മാത്രം....

ദു:ഖങ്ങളില്‍, പുസ്തകത്താളുകളില്‍ എല്ലാം ഞാന്‍ എന്നെ കൊരുത്തിട്ടിരുന്നു. സ്വയം തീര്‍ത്തൊരു തടവറ. അവിടെ നിന്നാണ്‌ ലാഭനഷ്ട്ങ്ങളുടെ കണക്കു നോക്കാതെ നീ എന്നെയെടുത്ത്‌ നിന്‍റെ ഹൃദയത്തില്‍ സൂക്ഷിച്ചത്‌. സ്നേഹിക്കാതിരിക്കാന്‍ വയ്യാത്തൊരവസ്ഥയില്‍ പിന്നെ നിന്നെ ഞാന്‍ സ്നേഹിച്ചു തുടങ്ങി.

ഞാന്‍ കാതോര്‍ക്കുന്നു എന്‍റെ മുറ്റത്തൊരു കാലൊച്ച കേട്ടുവോ? ഇല്ല, എന്‍റെയുള്ളിലെ സ്വപ്നങ്ങള്‍ ഓടിക്കളിക്കുന്ന ശബ്ദം മാത്രമാണത്‌. രാത്രിയേറെ വളര്‍ന്നിരിക്കുന്നു. താഴ്‌വരകളില്‍ മഞ്ഞിറങ്ങിത്തുടങ്ങി. ഞാന്‍ തിരിച്ചു പോകുന്നു മുറ്റത്തെ തിരുവാതിര ചുവടുകളിലേക്ക്‌. ഇടക്ക്‌ തോന്നും ഉമ്മറപ്പടിയില്‍ കുസൃതി കലര്‍ന്നൊരു നോട്ടവുമായ്‌ നീയുണ്ടെന്ന്‌. അടുത്ത തിരുവാതിര.... നമ്മളൊരുമിക്കുന്ന എന്‍റെ പൂത്തിരുവാതിര. അന്നീ ഉമ്മറപ്പടിയില്‍ നീയുണ്ടാകും , എന്‍റെ വ്രതങ്ങളുടെ പുണ്യമായ്‌. എനിക്ക് ഇനിയും തിരുവാതിരകള്‍ നോല്‍ക്കണം, ജന്മാന്തരങ്ങളിലും നാമൊരുമിക്കാന്‍...

അടുത്ത തിരുവാതിരയിലേക്ക് എന്‍റെ സ്വപ്നങ്ങളെ പറത്തിവിട്ടു കൊണ്ട് ഓര്‍മ്മകളുടെ ചിറകുകള്‍ ഞാനൊതുക്കി വയ്ക്കുന്നു...