Sunday, July 27, 2008

പ്രണയത്തിന്‍റെ താഴ്വരകള്‍

ധനുമാസത്തിന്‍റെ കുളിരില്‍ ഞാനുറങ്ങാതെ വ്രതമെടുത്ത്‌ ചുവടു വച്ച രാത്രി...
ഒരു തിരുവാതിരക്കുളിരുമായ്‌ ഓര്‍മ്മകളുടെ വേലിയേറ്റം... ഇരുട്ടില്‍ തണുപ്പിന്‍റെ ചുരുളുകള്‍ ഒന്നൊന്നായി നിവരാന്‍ തുടങ്ങി.

വൃക്ഷത്തലപ്പുകളില്‍ ചന്ദ്രകിരണങ്ങള്‍ നൃത്തം വച്ചു തുടങ്ങിയിരിക്കുന്നു. നിലാവിന്‍റെ ഉതിര്‍ന്നു വീഴുന്ന തുണ്ടുകള്‍ പ്രകാശത്തിന്‍റെ കൊച്ചു കൊച്ചു തുരുത്തുകളായി തൊടിയിലെങ്ങും ചിതറിക്കിടക്കുന്നു.

മനസ്സിന്‍റെ വരണ്ട പ്രതലങ്ങളില്‍ നീ മഴയായ്‌ പെയ്തു. പിന്നെ ഉഴുതു മറിച്ച്‌ സ്വപ്നങ്ങളുടെ വിത്തു പാകി. പിന്നെയും പെയ്ത സ്നേഹത്തിന്‍റെ പൊടിമഴയില്‍ ഒരിളം തളിരു നാമ്പെടുത്തു. കാലത്തിന്‍റെ കുതിപ്പില്‍ പടര്‍ന്നു പന്തലിച്ച് ഒരു വന്‍മരമായി അത് മാറിയിരിക്കുന്നു. ഹൃദയത്തിന്‍റെ താഴ്‌വരയില്‍ വസന്തത്തിന്‍റെ വിരലുകള്‍ പൂവിടര്‍ത്തുന്നു.
ഇപ്പോള്‍ എനിക്കു ജീവിതത്തോട്‌ വല്ലാത്ത ഒരിഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നു. എല്ലാം നിന്നോടൊത്തു മാത്രം....

ദു:ഖങ്ങളില്‍, പുസ്തകത്താളുകളില്‍ എല്ലാം ഞാന്‍ എന്നെ കൊരുത്തിട്ടിരുന്നു. സ്വയം തീര്‍ത്തൊരു തടവറ. അവിടെ നിന്നാണ്‌ ലാഭനഷ്ട്ങ്ങളുടെ കണക്കു നോക്കാതെ നീ എന്നെയെടുത്ത്‌ നിന്‍റെ ഹൃദയത്തില്‍ സൂക്ഷിച്ചത്‌. സ്നേഹിക്കാതിരിക്കാന്‍ വയ്യാത്തൊരവസ്ഥയില്‍ പിന്നെ നിന്നെ ഞാന്‍ സ്നേഹിച്ചു തുടങ്ങി.

ഞാന്‍ കാതോര്‍ക്കുന്നു എന്‍റെ മുറ്റത്തൊരു കാലൊച്ച കേട്ടുവോ? ഇല്ല, എന്‍റെയുള്ളിലെ സ്വപ്നങ്ങള്‍ ഓടിക്കളിക്കുന്ന ശബ്ദം മാത്രമാണത്‌. രാത്രിയേറെ വളര്‍ന്നിരിക്കുന്നു. താഴ്‌വരകളില്‍ മഞ്ഞിറങ്ങിത്തുടങ്ങി. ഞാന്‍ തിരിച്ചു പോകുന്നു മുറ്റത്തെ തിരുവാതിര ചുവടുകളിലേക്ക്‌. ഇടക്ക്‌ തോന്നും ഉമ്മറപ്പടിയില്‍ കുസൃതി കലര്‍ന്നൊരു നോട്ടവുമായ്‌ നീയുണ്ടെന്ന്‌. അടുത്ത തിരുവാതിര.... നമ്മളൊരുമിക്കുന്ന എന്‍റെ പൂത്തിരുവാതിര. അന്നീ ഉമ്മറപ്പടിയില്‍ നീയുണ്ടാകും , എന്‍റെ വ്രതങ്ങളുടെ പുണ്യമായ്‌. എനിക്ക് ഇനിയും തിരുവാതിരകള്‍ നോല്‍ക്കണം, ജന്മാന്തരങ്ങളിലും നാമൊരുമിക്കാന്‍...

അടുത്ത തിരുവാതിരയിലേക്ക് എന്‍റെ സ്വപ്നങ്ങളെ പറത്തിവിട്ടു കൊണ്ട് ഓര്‍മ്മകളുടെ ചിറകുകള്‍ ഞാനൊതുക്കി വയ്ക്കുന്നു...

57 comments:

  1. അടുത്ത തിരുവാതിര.... നമ്മളൊരുമിക്കുന്ന എന്‍റെ പൂത്തിരുവാതിര. അന്നീ ഉമ്മറപ്പടിയില്‍ നീയുണ്ടാകും , എന്‍റെ വ്രതങ്ങളുടെ പുണ്യമായ്‌. എനിക്ക് ഇനിയും തിരുവാതിരകള്‍ നോല്‍ക്കണം, ജന്മാന്തരങ്ങളിലും നാമൊരുമിക്കാന്‍...


    ഒരു പ്രണയ സങ്കല്‍പ്പം

    ReplyDelete
  2. "താഴ്‌വരകളില്‍ മൂടല്‍മഞ്ഞിറങ്ങിത്തുടങ്ങി. ഞാന്‍ തിരിച്ചു പോകുന്നു".....

    ഹലോ.....മൂടല്‍ മഞ്ഞൊന്നുമല്ലല്ലോ..
    ഇതെന്താണു പരിപാടി? പ്രണയത്തിന്റെ പൊടിമഞ്ഞാണല്ലോ പാറി വീഴുന്നത്...! തിരുവാതിരയ്ക്കിനിയും ഏതാണ്‍ട് നാലഞ്ചുമാസം കഴിയണം കേട്ടോ
    കൊള്ളാം വിവരണങ്ങളില്‍ പോലും മഞ്ഞുകണങ്ങളുടെ ഒരു കുളിര്‍മ്മയുണ്ട്.
    തുടരുക ഭാവുകങ്ങള്‍...

    ReplyDelete
  3. സംഭവം കൊള്ളാം...
    നന്നായി അവതരിപ്പിച്ചിരിക്കുന്നു പാപ്പി.
    എന്തോ ധനുമാസ കുളിര്‍ പകരുന്ന പോസ്റ്റ്.
    കുളിരുപകരുന്ന ധനുമാസ രാവ്, പ്രണയം,കാത്തിരിപ്പ്, പ്രത്യാശ... കൊള്ളാം. എല്ലാം കൂടി ഒരു വേണു നാഗ്ഗവള്ളി ലൈന്‍.
    പക്ഷേ...
    ഇടത്തു നിന്നു വലത്തേക്കും വലത്തു നിന്ന് ഇടത്തേക്കും ഇരുപക്ഷവും വായിച്ച ശേഷം
    "അനുകൂലിയല്ലാ ഞാന്‍
    പ്രതികൂലിയല്ലാ ഞാന്‍
    രണ്ടാം കൂലിയാകയാലേ"
    എന്ന കുഞ്ഞുണ്ണിക്കവിത ചൊല്ലാം. ഹഹഹ.. ചുമ്മാ ഒന്ന് തമാശിച്ചതാണെ..

    പ്രണയത്തിനു വേണ്ടിയുള്ള കാത്തിരിപ്പായതോണ്ട് പറഞ്ഞതാ മാഷെ... വായിച്ചപ്പോ എന്തോ അങ്ങിനെ പറയാനാ എനിക്ക് തോന്നണേ എന്റെ പാപ്പിയേ..എന്തായാലും സംഗതി കലക്കി.

    ReplyDelete
  4. 'പ്രണയത്തിന്റെ താഴ്വര' വായിച്ചു. ഇഷ്ടപ്പെട്ടു .പിന്നെ മുന്പെഴുതിയതെല്ലാം...
    'ആലിപ്പഴങ്ങള്‍ അപ്പോഴും പൊഴിയുമായിരിക്കും' അതി മനോഹരം
    റിയാലിറ്റി അവതാരിക ഭാഷ കടമെടുത്താല്‍ 'സൊ ടച്ചിംഗ്...'
    സത്യം ...ഭൂതകാലത്തെ ആലിപ്പഴങ്ങള്‍ തേടിയുള്ള മടുക്കുയത്രയുടെ രേഖാചിത്രം വല്ലാതെ സ്പര്‍ശിച്ചു .

    ആശംസകളോടെ
    വിക്രമാദിത്യന്‍

    ReplyDelete
  5. കമന്റ് പബ്ലിഷ് ചെയ്തപ്പോള്‍ വന്നത് രണ്ടാവര്‍ത്തി . അതാണൊന്നിനെ സംഹരിച്ചത്

    ReplyDelete
  6. സരിജയുടെ എഴുത്ത് വളരെയേറെ interesting ആണ് ട്ടോ... ആശംസകള്‍

    ReplyDelete
  7. ഒരു തവണയേ വായിച്ചുള്ളു.. തിരുവാതിര രാവിന്റെ... പ്രണയത്തിന്റെ... കുളിര്‍‍മ്മ മനസ്സിലേക്കെത്തി. അഭിനന്ദനങ്ങള്‍

    ReplyDelete
  8. പ്രണയത്തിന്റെ താഴ് വരകളിലെ തിരുവാതിരകള്‍

    നല്ല സങ്കല്‍പ്പം തന്നെ

    ശരിക്കും ഒരു തിരുവാതിര-രാത്രിയുടെ ഫീലിങ്ങ്!!
    അനുഭവിച്ചു...

    ReplyDelete
  9. എന്‍റെ അക്ഷരങ്ങള്‍ മഞ്ഞു പോലെയാകണം:
    കട്ടികൂടുന്തോറും ധവളിമയേറുന്ന
    പിന്നെ ഒരു വെയിലില്‍ ഇല്ലാതെയാകുന്ന...
    അതെ അങ്ങനെയാകണം എന്‍റെ ലോകവും.

    ആശംസകള്‍

    ReplyDelete
  10. തിരുവാതിരവിളക്കുപോലെ സുന്ദരമായ പ്രണയത്തെ നന്നായി വരികളില്‍ വരച്ചുകാട്ടിയിരിക്കുന്നു.
    മഞ്ഞുപോലെ മനസ്സിനെ കുളിരണിയിക്കുന്ന വരികള്‍..
    ഈ ശൈലി എനിക്ക് ഇഷ്ടാട്ടൊ ഭാവുകങ്ങള്‍.

    ReplyDelete
  11. മഞ്ഞ്, നിലാവ് തീര്‍ത്ത പ്രകാശത്തിന്റെ തുരുത്തുകള്‍, പൊടി മഴ, തിരുവാതിര.... പ്രണയിച്ചുപോകുന്ന ബിംബകല്‍പ്പനകള്‍.

    സ്വപ്നങ്ങളെ പറത്തിവിടാതെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുക...

    നല്ലവരികള്‍. ഒത്തിരി ഇഷ്ടായി... അഭിനന്ദനങ്ങള്‍.

    ReplyDelete
  12. നന്നായിരിക്കുന്നു....ഒരുപാടിഷ്ടപ്പെട്ടു.സങ്കല്പമാനെങ്കിലും അതെല്ലാം ഇനിയും ആവര്‍ത്തിക്കപ്പെടാന്‍ ഒരു പൂതി.ഒപ്പം ഇത്തിരി കുശുമ്പ് തോന്നി....എനിക്കിനി അതൊക്കെ സങ്കല്‍പ്പിക്കാന്‍ മാത്രമെ പറ്റൂ...പൂത്തിരുവാതിരയോക്കെ ഒരു അഞ്ചു വര്ഷം മുന്പ് കഴിഞ്ഞു ..

    ReplyDelete
  13. പ്രണയത്തിനു മുന്‍പൊരിക്കലും കാണാത്തയൊരു ചാരുത ഇതു വായിച്ചപ്പോള്‍ തോന്നുന്നു....തിരുവാതിരയുടെ കുളിരില്‍ ഓര്‍മ്മകളുടെ ചുവട് വെയ്പ്പ്....ഈ മഞ്ഞുകാലത്തിലെന്നും ഇതു പോലെ കുളിരായ് പെയ്തിറങ്ങുന്ന ഓര്‍മ്മകളാണല്ലോ സരിജാ...ഇനിയും തുടരൂ ട്ടോ...ആശംസകള്‍..:)

    ReplyDelete
  14. പ്രണയം... ഒരു തിരുവാതിര ഞാറ്റുവേല പോലെ...

    എഴുത്ത് നന്നായിട്ടുണ്ട്.
    :)

    ReplyDelete
  15. എത്ര സുന്ദരമായ പ്രണയ സങ്കല്പം...

    ഇങ്ങനെയൊക്കെ കരുതുന്ന...കാത്തിരിക്കുന്ന..തിരുവാതിരകള്‍ നോല്‍ക്കുന്ന...ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നയാള്‍ എന്തു ഭാഗ്യവാനായിരിക്കണം...

    ആഗ്രഹിക്കുന്നതു പോലെ അടുത്ത തിരുവാതിരയില്‍ ഉമ്മറപ്പടിയില്‍ കുസൃതി കലര്‍ന്നൊരു നോട്ടവുമായ്‌ അയാള്‍ ഉണ്ടാവട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു...

    ReplyDelete
  16. നേരിട്ടൊരിക്കലും കാണാത്ത (സ്കൂള്‍ യുവജനോത്സവത്തിന് ഒരുപാട് കണ്ടിട്ടുണ്ട്. അത് വേറേ..)ധനുമാസ തിരുവാതിരയുടെ വികാരവിചാരങ്ങള്‍ പകര്‍ന്നു തന്നതിന് നന്ദി.

    ReplyDelete
  17. പൂത്തിരുവാതിര! ആശംസകള്‍..

    ReplyDelete
  18. വളരെ നന്നായി ഇരിക്കുന്നു.
    ഓണം, വിഷു,തിരുവാതിര,....ജീവിതത്തില്‍ എന്നും ഉത്സവങ്ങള്‍ ഉണ്ടായിരിക്കണം.ആ ഓര്‍മകളും പ്രതീക്ഷകളും ജീവതത്തെ കു‌ടുതല്‍ മധുരതരമാക്കട്ടെ.....

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. അടുത്ത തിരുവാതിരയിലേക്ക് എന്‍റെ സ്വപ്നങ്ങളെ പറത്തിവിട്ടു കൊണ്ട് ഓര്‍മ്മകളുടെ ചിറകുകള്‍ ഞാനൊതുക്കി വയ്ക്കട്ടെ...

    ഗൊള്ളാം..:)

    ReplyDelete
  21. സ്നേഹിക്കാതിരിക്കാന്‍ വയ്യാത്തൊരവസ്ഥയില്‍ പിന്നെ നിന്നെ ഞാന്‍ സ്നേഹിച്ചു തുടങ്ങി.

    അതിനെത്തനെയാവും പ്രണയം എന്നു പറയുക അല്ലേ! :)

    ReplyDelete
  22. മഞ്ഞുകാലമെന്ന ബ്ലോഗിന്റെ തലക്കെട്ട് കണ്ടപ്പോഴേ മനസ്സിലൊരു കുളിര്. കുളിര് കോരി ഒരു പ്രണയകാലം കൂടി ഓർമ്മിപ്പിച്ച് ഉമ്മറപ്പടിയിൽ കാത്തിരുന്ന പ്രാണേശ്വരിയെ മനസ്സിലേക്ക് തള്ളിവിട്ട വരികൾ വളരെ ഇഷ്ടപ്പെട്ടു.

    നല്ല അവതരണം. അല്ല ഭാഷ..
    വീണ്ടും വരാം
    നരിക്കുന്നൻ

    ReplyDelete
  23. നീ അറിയാതെ, കാണാതെ പോയ തിരുവാതിരയോട് എന്തു പറയും ... ?


    നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    ReplyDelete
  24. താഴ്‌വരകളില്‍ മഞ്ഞിറങ്ങിത്തുടങ്ങി.
    മഞ്ഞുകാലത്തില്‍ പ്രണയത്തിന്റെ
    മഴനൂലുകളും...
    ഇനിയും പെയ്തൊഴിയാത്ത
    പെരുമഴക്കാലം പോലെ മഞിന്റെ
    നേര്‍ത്ത നൈര്‍മല്യം വായനയെ അനുഭവമാക്കുന്നു

    --മിന്നാമിനുങ്ങ്

    ReplyDelete
  25. നറും മഞ്ഞിന്റെ കുളിരും,മനോഹാരിതയും അപ്പാടെയുള്ള പോസ്റ്റ്..ഇഷ്ടമായി.
    ആ നോല്മ്പു നോറ്റുള്ള കാത്തിരിപ്പും.

    ReplyDelete
  26. sarija,
    സങ്കല്പങ്ങള്‍..
    യാഥാര്‍ത്ഥ്യങ്ങളാവട്ടെ..

    ചേച്ചി..

    ReplyDelete
  27. അടുത്ത തിരുവാതിരയിലേക്ക് എന്‍റെ സ്വപ്നങ്ങളെ പറത്തിവിട്ടു കൊണ്ട് ഓര്‍മ്മകളുടെ ചിറകുകള്‍ ഞാനൊതുക്കി വയ്ക്കുന്നു...

    ഓര്‍മ്മകളുടെ ചിറകുകള്‍ ഒതുക്കി വെയ്ക്കേണ്ട...നിലാ വെളിച്ചത്തില്‍ അവ പറന്നു നടക്കട്ടെ..ഇലകളില്‍ വീണു കിടക്കുന്ന നിലാവിന്റെ ഇത്തിരി വെളിച്ചങ്ങളില്‍ പ്രണയത്തിന്റെ മഞ്ഞു കണങ്ങളെ അന്വേഷിക്കട്ടെ..

    മനോഹരം..ഒരു പെണ്‍കുട്ടിക്ക് ചേര്‍ന്ന പ്രണയ സങ്കല്‍പം..

    ReplyDelete
  28. 1. എന്‍റെ അക്ഷരങ്ങള്‍ കടല്‍ പോലെയാകണം:
    ആഴങ്ങളില്‍ അത്ഭുതങ്ങള്‍ ഒളിപ്പിക്കുന്ന അപാരമായ ശാന്തതയുടെ ആഴക്കടലും
    പിന്നെ തിരകള്‍ ശബ്ദം വച്ച്‌ ഓടിക്കളിക്കുന്ന തീരക്കടലും...

    ..ഒരു തിരുവാതിരക്കുളിരുമായ്‌ ഓര്‍മ്മകളുടെ വേലിയേറ്റം...

    തീരക്കടല്‍ ആവുമ്പോള്‍ വേലിയേറ്റം ഉണ്ടാവും :)



    2.
    എന്‍റെ അക്ഷരങ്ങള് കാറ്റു പോലെയാകണം:
    വന്‍മരങ്ങളെ കടപുഴക്കുന്ന കൊടുങ്കാറ്റായും
    പിന്നെ അരുമയായ് തഴുകി കടന്നു പോകുന്ന വയല്‍ക്കാറ്റായും

    ..അടുത്ത തിരുവാതിരയിലേക്ക് എന്‍റെ സ്വപ്നങ്ങളെ പറത്തിവിട്ടു കൊണ്ട് ഓര്‍മ്മകളുടെ ചിറകുകള്‍ ഞാനൊതുക്കി വയ്ക്കുന്നു...

    വന്‍മരങ്ങളെ കടപുഴക്കുന്ന കൊടുങ്കാറ്റ് സ്വപ്നവും കൊണ്ടു പോയില്ലെന്ന്കിലെ അതിശയമുള്ളു



    3.
    എന്‍റെ അക്ഷരങ്ങള്‍ മഴ പോലെയാകണം:
    ഒരു ചാറ്റല്‍ മഴപോലെ പെയ്തു തുടങ്ങി
    പിന്നെ തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേല പോലെയും

    ..മനസ്സിന്‍റെ വരണ്ട പ്രതലങ്ങളില്‍ നീ മഴയായ്‌ പെയ്തു. പിന്നെ ഉഴുതു മറിച്ച്‌ സ്വപ്നങ്ങളുടെ വിത്തു പാകി.

    മഴ പെയ്യണം, പെയ്തെ മതിയാവു...
    കര്‍ക്കിടകം പോലും ഇപ്പൊ വെളുത്തിട്ടത്രേ :(


    4.
    എന്‍റെ അക്ഷരങ്ങള്‍ മഞ്ഞു പോലെയാകണം:
    കട്ടികൂടുന്തോറും ധവളിമയേറുന്ന
    പിന്നെ ഒരു വെയിലില്‍ ഇല്ലാതെയാകുന്ന...

    ..ധനുമാസത്തിന്‍റെ കുളിരില്‍ ഞാനുറങ്ങാതെ വ്രതമെടുത്ത്‌ ചുവടു വച്ച രാത്രി...

    ഇതൊക്കെ ധനുമാസത്തിലെ പറ്റു, എന്നാലല്ലേ മഞ്ഞുപോലെ എന്ന് പറയാന്‍ കഴിയു‌!


    ചൂടാവല്ലേ
    വെറുതെ ഒരു തമാശക്ക് ചെയ്തതാ
    കൊള്ളാം എനിക്കിഷ്ടായി

    ReplyDelete
  29. പ്രണയത്തിന്റെ താഴ്വരയില്‍ ധനുമാസക്കുളിര്‍ അടിച്ചു വീശിയത് മനസ്സിനെ കുളിര്‍ത്തു..
    നന്നായി.. ആശംസകള്‍...

    ReplyDelete
  30. ഒരു കവിത കഥ ആക്കിയത് പോലെ തോന്നി :)

    എന്കിലും സുഹൃത്തേ...

    Interests
    To buy dcbook store :-)

    അതെനിക്ക് ഇഷ്ടമായി :)

    ReplyDelete
  31. ഇപ്പോള്‍ എനിക്കു ജീവിതത്തോട്‌ വല്ലാത്ത ഒരിഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നു. എല്ലാം നിന്നോടൊത്തു മാത്രം.... പ്രണയത്തിന്റെ താഴ്വരകളില്‍‌ അലയാന്‍ എന്തു സുഖം...അതനുഭവിച്ചാലേ,അതു മനസ്സിലാകൂ...

    ReplyDelete
  32. കാവലാന്‍: നന്ദി. അതെ തിരുവാതിരയ്ക്കു ധനുമാസം വരെ കാത്തിരിയ്ക്കണം. :)

    പുടയൂര്‍: ഇനി നീ ഒരു പക്ഷ വാദിയാണെന്ന് ഞാന്‍ പറയില്ല ;-)

    വിക്രമാദിത്യ: നന്ദി, അടിയന്‍ ദര്‍ബാറിലേക്കെത്തുമായിരുന്നല്ലൊ!!!

    ഹരീഷ്: നന്ദി ട്ടൊ

    ഷാരൂ: തിരുവാതിരയൊക്കെ എല്ലാരും മറന്നു. അതൊക്കെ തിരിച്ചു പിടിക്കാനുള്ള ഒരു വിഫല ശ്രമം.

    ജിത്തുമോന്‍: തിരുവാതിര രാത്രി ചടങ്ങുകള്‍ കൊണ്ട് മനോഹരമാണ്. അതൊന്നും ഞാന്‍ വിവരിച്ചിട്ടില്ല.

    ഫസല്‍: നന്ദി

    സജി: നന്ദി

    ബഹുഗുണ: എനിക്കു പ്രീയപ്പെട്ട ബിംബങ്ങളെയൊക്കെ കണ്ടു പിടിച്ചല്ലെ?

    സ്മിതചേച്ചി: അങ്ങനെ വിളിക്കുവാട്ടൊ? അഞ്ചു വര്‍ഷം മുന്‍പു പൂതിരുവാതിര കഴിഞ്ഞ ആളായത് കൊണ്ട്.

    റെയര്‍ റോസ്: തിരുവാതിരയുടെ ചാരുതയാണത്. വരുന്നൊ കളിക്കാന്‍?

    ശ്രീ: ഞാറ്റുവേല പോലെ എന്നൊക്കെ പറഞ്ഞ് പേടിപ്പിയ്ക്കാതെ. അതു പെട്ടെന്ന് കഴിഞ്ഞ് പോകും

    ശിവാ: അതെ, അങ്ങനെയുള്ള ഒരു പെണ്‍കുട്ടിയെ നമുക്കു കണ്ട് പിടിക്കാം. സമയമാകുമ്പോള്‍ പറഞ്ഞാല്‍ മതി

    നിരക്ഷര: തിരുവാതിര ഏതെങ്കിലും ഒരു ഗ്രാമത്തില്‍ പോയി കാണണം. കൊച്ചിയില്‍ തൃക്കാക്കര ഇപ്പോഴും ഇതൊക്കെയുണ്ട്

    പാമരന്‍: അതു ചുമ്മാ എഴിതീതാ. ഒരാശംസ വെറുതേ കളയണ്ട

    പിന്‍: നന്ദി. ആത്മാര്‍ത്ഥമായി പറഞ്ഞതല്ലെ!

    അനിലന്‍: സത്യമാണ്. അങ്ങനെയാണ് പ്രണയം ഉണ്ടാവുക


    നരിക്കുന്നന്‍: നന്ദി :)

    സ്വ്: നന്ദി
    മിന്നാമിനുങ്ങ്: നന്ദി ഒറിജിനല്‍ മിന്നാമിനുങ്ങെ. ഒന്നു പരിചയപ്പെടണംന്നുണ്ടായിരുന്നു. സന്തോഷമായി


    ആഗ്നേയ ചേച്ചിക്കും ശ്രീദേവി ചേച്ചിക്കും നന്ദി :), എപ്പോഴും വരണെ

    അരുണ്‍: നന്ദി :)

    ദേശാടകാ: കൊള്ളാം ട്ടൊ. ഞാന്‍ എഴുതുന്നതെല്ലാം പരസ്പര ബന്ധങ്ങളുള്ള കാര്യങ്ങള്‍ ആണെന്ന് മനസ്സിലായില്ലെ? ;-) ഇഷ്ട്പ്പെട്ടു. ഇനിയും വരിക.

    നന്ദി സ്നേഹിതാ


    നിക്ക്: അതു ഞാന്‍ സീരിയസ് ആയി പറഞ്ഞതാ. വാങ്ങിത്തുടങ്ങി. അവര്‍ ഒരുമിച്ചു തരില്ലാന്നു പറഞ്ഞു


    ഡോണി: പ്രണയം അത്ര സുഖകരമാണോ? :)

    ഉണ്ണികൃഷ്ണന്‍: നന്ദി

    ReplyDelete
  33. കൊള്ളാം നല്ല പോസ്റ്റ്..

    സങ്കല്പം മാത്രമായാല്‍ പോരാ.. പ്രണയിക്കണം..! അപ്പൊ പഠിക്കും, നന്നായിട്ടു പഠിക്കുമ്പൊ കടലൊക്കെ താനെ മുന്നി വരും ചാവാനൊക്കെ തോന്നും ചാടരുത് അപ്പോഴും എഴുതണം..:)

    ReplyDelete
  34. നന്നായിരിക്കുന്നു....ഒരുപാടിഷ്ടപ്പെട്ടു.

    ReplyDelete
  35. നഷ്ടപ്പെടും എന്ന് തോന്നുന്നതിനോടും പെട്ടെന്ന് കിട്ടാത്തത്ര ദൂരെയുള്ളതിനോടും, ഒരിഷ്ടം തോന്നും
    ചിലപ്പോള്‍ കിട്ടില്ലെന്ന് ഉറപ്പുള്ളതിനു വേണ്ടി നാം കാത്തിരിക്കും
    വെറുതെ ....

    ReplyDelete
  36. സരിജ
    ആദ്യമായാണീ ബ്ലോഗില്‍. പോസ്റ്റുകളെല്ലാം വായിച്ചു. ബ്ലോഗിനു ചേരുന്ന പേരു തന്നെ ;) മഞ്ഞുകാലം !

    പ്രണയത്തിന്റെ കുളിര്‍, അനുഭവിച്ചറിയണം അല്ലേ.. വരികള്‍ അസ്സലായിരിക്കുന്നു. ആശംസകള്‍

    ReplyDelete
  37. ഇവിടിങ്ങനൊക്കെയുള്ള കാര്യം ഇപ്പോഴാ അറിഞ്ഞത്.
    കവിതപോലെ മനോഹരം.
    ഇത് പ്രണയത്തിന്‍റെ താഴ്വര അല്ല,കൊടുമുടിയാ

    ReplyDelete
  38. i admire
    this poem rather than think of it as "just another poem"

    ReplyDelete
  39. അടുത്ത തിരുവാതിരയിലേക്ക് എന്‍റെ സ്വപ്നങ്ങളെ പറത്തിവിട്ടു കൊണ്ട് ഓര്‍മ്മകളുടെ ചിറകുകള്‍ ഞാനൊതുക്കി വയ്ക്കുന്നു...
    സ്വപ്‌നം പൂവണിയട്ടെ....ആശംസകള്‍

    ReplyDelete
  40. കൂട്ടുകാ‍രോട്.... :)
    എനിക്കുള്ള ആശംസകള്‍ എല്ലാവരും ഒഴിവാക്കിയേക്കൂ. ഇത് ഭാവനകള്‍ മാത്രമാണ്.

    ReplyDelete
  41. മിസ് പാപി (അങ്ങനേയും ഒരു പേരുണ്ടെന്ന് ആരോ പറേണ കേട്ടു)

    ഭാവസാന്ദ്രമായ എഴുത്ത്...

    ആശംസകള്‍... (അടൂത്ത തിരുവാതിരയ്ക്കും കാത്തിരിപ്പ് തുടരാ‍ന്‍ ആശസ ബിക്കാസ് കാത്തിരുക്കുന്ന കിടച്ചാല്‍ മഹാബോറാ...)

    ReplyDelete
  42. നന്നയിട്ട്ടുന്ദ്...
    നന്‍മകള്‍ നേരുന്നു....
    സസ്നേഹം,
    മുല്ലപ്പുവ്!!

    ReplyDelete
  43. അടുത്ത തിരുവാതിരയിലേക്ക് എന്‍റെ സ്വപ്നങ്ങളെ പറത്തിവിട്ടു കൊണ്ട് ഓര്‍മ്മകളുടെ ചിറകുകള്‍ ഞാനൊതുക്കി വയ്ക്കുന്നു...

    പ്രണയ സങ്കല്പം കോള്ളാം, നല്ല വരികൾ,
    എനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  44. തിരുവാതിരക്കുളിര് മനസ്സിലേക്കും പെയ്തിറങ്ങി. ഒരു കവിതപോലെ മനോഹരമായ കഥ.

    സരിജക്ക് പൂത്തിരുവാതിര ഇതുവരെ എത്തിയില്ലെങ്കില്‍ വേഗമെത്തട്ടേ എന്നാശംസിക്കുന്നു.

    ReplyDelete
  45. നന്നായിരിക്കുന്നു.. ആശംസകള്‍...
    സ്നേഹപൂര്‍വം
    കിച്ചു& ചിന്നു

    ReplyDelete
  46. എന്തേ സരിജാ,

    പുതിയ കൃതികൾ ഒന്നും എടുത്തണിയാറില്ലേ???..
    അതൊക്കെ കണ്ടിട്ട്‌ കമന്റടിക്കാൻ കൊതിയാകുന്നു...

    സസ്നേഹം...

    ReplyDelete
  47. സരിജാ...
    വാക്കുകള്‍ ഉന്മത്താമാക്കുന്നു...
    ചിന്തകള്‍ ത്രസിപ്പിക്കുന്നു..
    തീഷ്‌ണമായ രചനശൈലിയും
    നിഗൂഡമായതെന്തൊ ഒളിപ്പിച്ചിരിക്കുന്ന
    വക്‌ചാതുര്യവും കൈകോര്‍ത്തിരിക്കുന്നു...

    മനോഹരമായൊരു തിരുവാതിരരാവുപോലെ....



    ആശംസകള്‍...

    ReplyDelete
  48. നന്ന്. ഭാഷയ്ക്ക് നല്ല ഒതുക്കമുണ്ട്, വായന സുഖമാവുന്നതും അതു കൊണ്ട് തന്നെ. ആശംസകള്‍

    ReplyDelete
  49. നല്ല ഭാഷ. നല്ല എഴുത്ത്. എല്ലാ ഭാവുകങ്ങളും. :)

    ReplyDelete
  50. ബ്ലോഗിന്റെ തലക്കെട്ട്‌ (മഞ്ഞുകാലം) പോലെ തന്നെ എഴുത്തും. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  51. ഏതോ കമെന്റിനെ പിന്തുടര്‍ന്നു വന്നതാണ്.സരിജയുടെ ഭാഷ നന്നായിരിക്കുന്നു.ആശംസകള്‍ വേണ്ടെന്നു പറഞ്ഞെങ്കിലും ഒരാശംസയെങ്കിലും പറയാതെ പോക വയ്യ.

    ReplyDelete
  52. haunting lines ....an optimist's dreams..... keep enlight us ...
    regards Poor-me
    www.manjaly-halwa.blogspot.com
    www.manjalyneeyam.blogspot.com

    ReplyDelete
  53. ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍. ഇത്തിരി കുശുമ്പ് തോന്നുന്നു എനിക്കിങ്ങനെ എഴുതാന്‍ കഴിവില്ലാത്തതില്‍. ആദ്യബായി ഒരു ബ്ലോഗ് Bookmark ചെയ്യുന്നു.

    ReplyDelete
  54. ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍. ഇത്തിരി കുശുമ്പ് തോന്നുന്നു എനിക്കിങ്ങനെ എഴുതാന്‍ കഴിവില്ലാത്തതില്‍. ആദ്യമായി ഒരു ബ്ലോഗ് Bookmark ചെയ്യുന്നു.

    ReplyDelete