Sunday, June 22, 2008
അവസാനമായി നിന്നോടു പറയാന്‍
ജീവിതത്തിന്‍റെ പടവുകളില്‍ ഞാന്‍ കിതച്ചു തുടങ്ങിയിരിക്കുന്നു. ഇനിയേറെ ദൂരമില്ല എന്നറിയുമ്പോള്‍ വീണ്ടും അടുത്ത പടവിലേക്ക്.... പിന്നിട്ട വഴികള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു, തനിയെ ഈ ദൂരമത്രയും....
എനിക്കൊപ്പം നീയെപ്പോഴാണ് നടന്നു തുടങ്ങിയത്? നിന്‍റെ ഹൃദയത്തോട് നീയെന്നെ ചേര്‍ത്തു നിര്‍ത്തിയതെപ്പോഴാണ്?
നേടലിനും നഷ്ടപ്പെടലിനും ഇടയില്‍ ഞാന്‍ വീണു പിടഞ്ഞ നിമിഷങ്ങള്‍...
മൂടലില്‍ വിളര്‍ത്ത ചന്ദ്രപ്രകാശം ഒറ്റയടിപ്പാതകളില്‍ പരക്കുന്നു. എന്‍റെ വന്യമായ ഏകാന്തയിലേയ്ക്ക് , ഘനീഭവിച്ചുറഞ്ഞ വിഷാദങ്ങളിലേക്ക് എന്തിനു നീ ഇറങ്ങി വന്നു? ഒരു കരച്ചില്‍ ഹൃദയത്തോളമെത്തി നിശബ്ദമാകുന്നു.
നീയറിയുക, എന്‍റെ ആയുസ്സിന്‍റെ പുസ്തകത്തിനു താളുകള്‍ കുറവാണ്. താളുകളേറെയും മറിഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്‍റെ വഴികളില്‍ ആഗ്രഹങ്ങള്‍ കുറവായിരുന്നത് കൊണ്ടാവാം നിരാശകളും കുറവായിരുന്നു . ഈ അവസാന താളുകള്‍ കണ്ണീരില്‍ കഴുകിയെടുക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. നിരാശകളില്ലാതെ ഞാനെന്‍റെ ജീവന്‍റെ പുസ്തകം വായിച്ചു തീര്‍ക്കട്ടെ , ഞാനെന്‍റെ വഴികള്‍ നടന്നു തീര്‍ക്കട്ടെ.
നാമൊരുമിച്ച് യാത്ര തുടങ്ങിയാല്‍ പാതി വഴിയില്‍ നീ തനിച്ചാകും. നീയില്ലാത്ത ലോകത്ത് ഞാനും തനിച്ചാകും. നിന്നെ സ്നേഹിച്ചു തീരാത്ത എന്‍റെ ആത്മാവ് വീണ്ടുമൊരു ജന്‍മത്തിനായ് ദാഹിക്കും. ജന്‍മജന്‍മങ്ങളില്‍ നിന്നൊരു മോചനമെന്ന എന്‍റെ സ്വപ്നം വീണുടയും.
നിനക്കിനിയും ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. എന്‍റെ ഓര്‍മ്മകളെ ഈ വഴിവക്കില്‍ കുടഞ്ഞു കളയുക. നീ നിന്‍റെ യാത്ര തുടരുക.
ഇതുവരെ കാണാത്ത നമ്മള്‍ ഇനിയൊരിക്കലും കാണാതിരിക്കട്ടെ...
അവസാനമായി നിന്നോടു പറയാന്‍ ഞാന്‍ നെരൂദയുടെ വാക്കുകള്‍ കടമെടുക്കുന്നു.
"എന്നെ ഇനി ഒറ്റയ്ക്ക് വിടൂ
ഞാനില്ലാതെ കഴിയാന്‍ പഠിക്കൂ
ഞാന്‍ കണ്ണടയ്ക്കാന്‍ പോകയാണ്.
എനിക്കു അഞ്ചു കാര്യങ്ങള്‍ മതി.
അഞ്ചു പ്രീയപ്പെട്ട വേരുകള്‍...
ഒന്ന്, അവസാനമില്ലാത്ത സ്നേഹം.
രണ്ട്, കാണാനൊരു ശരത്ക്കാലം;
ഇലകള്‍ പാറി മണ്ണില്‍ വീഴുന്നില്ലെങ്കില്‍
എനിക്കു നിലനില്‍ക്കാനാവില്ല.
മൂന്നാമത്തേത്, ഗംഭീരമായ ഹേമന്തം;
എനിക്കു പ്രീയപ്പെട്ട മഴ,
വന്യമായ തണുപ്പില്‍ അഗ്നിയുടെ മൃദുസ്പര്‍ശം.
നാലാമത്, തണ്ണിമത്തന്‍ പോലെ
കൊഴുത്തു സുന്ദരമായ ഗ്രീഷ്മകാലം.
അഞ്ചാമതായി...... നിന്‍റെ കണ്ണുകള്‍. "
Subscribe to:
Posts (Atom)