Tuesday, February 7, 2012

മനസ്സുകൾക്കിടയിലെ അണക്കെട്ടുകൾ



മനുഷ്യർ എന്നാണ് ഇല്ലാതെ ആയത്? എവിടെ വച്ചാണ് മനുഷ്യ മനസാക്ഷികൾ ഇല്ലാതെ ആയത്? എപ്പോഴാണ് മലയാളിയും തമിഴനുമായ് മനുഷ്യർ മാറിയത്? മുല്ലപ്പെരിയാർ ഒരു നദിയ്ക്കു കുറുകെ കെട്ടിയ അണയാണ്. നിങ്ങളേവരും നിങ്ങളുടെ മനസ്സുകൾക്കു കുറുകെ അണകെട്ടിയിരിക്കുകയാണോ? മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനെ എതിർക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഒരു ദിവസത്തെ അനുഭവമാണ്.

ഡിസംബർ അവസാന നാളുകളിൽ തിരുവനന്തപുരത്ത് കനത്ത മഴ പെയ്തു. നെയ്യാറിന്റെ വൃഷ്ടിപ്രദേശങ്ങൾ നിറഞ്ഞു കവിഞ്ഞു. കനത്ത മഴയിൽ അന്തരീക്ഷം ഇരുണ്ടുറഞ്ഞു കിടന്നു. ഡിസംബറിലെ അവസാ‍ന ദിവസം. പുതുവർഷത്തിന്റെ തലേദിവസം. ഉച്ചയോടെ മഴ തോർന്നു. ആകാശം തെളിഞ്ഞു തുടങ്ങി. അന്തരീക്ഷത്തിന്റെ കനം കുറഞ്ഞു. ഓഫീസിന്റെ ചില്ലു ജാലകങ്ങൾ മഴയുടെ അവശേഷിപ്പുകളുമായ് തിളങ്ങി നിന്നു.

റോഡിൽ പതിവില്ലാത്ത തിരക്കും ബഹളവും. ആക്സിഡന്റ് ആയിരിക്കും എന്ന് ഓഫീസിൽ ആളുകൾ പരസ്പരം പറഞ്ഞു.
പുറത്തു പോയിരുന്ന ഒരു പയ്യൻ തിരിച്ചു വരുമ്പോഴാണ് അറിയുന്നത്, കിള്ളിയാർ നദി കര കവിഞ്ഞൊഴുകുകയാണ്. പാലത്തിനൊപ്പം വെള്ളമെത്തി. ജലനിരപ്പ് ഇനിയും ഉയരുകയാണ്. സമീപ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഒരോന്നായി തുറന്നു വിടുകയാണ്.

മുഴുവൻ കേൾക്കാൻ എനിക്കായില്ല. കിള്ളിയാറിന്റെ തീരത്തു നിന്ന് ഒരു കിലോമീറ്റർ പോലും ദൂരമില്ല ഞങ്ങളുടെ വീട്ടിലേയ്ക്ക്. വീട്ടിൽ ഒരു വയസ്സു തികയാറായ മകനും, അവനെ നോക്കുന്ന വയസ്സായ സ്ത്രീയും മാത്രം. അവനാണെങ്കിൽ മുട്ടുകുത്തി പാഞ്ഞു നടക്കുന്ന സ്വഭാവം. ഇറങ്ങുമ്പോൾ ഓഫീസിൽ എല്ലാവരും തടഞ്ഞു. ഓട്ടോക്കാർ ആരും വരില്ല. നടക്കാൻ പറ്റുമെന്നു തോന്നുന്നില്ല.

ശിവൻ എത്താൻ വൈകും. കാത്തുനിൽക്കാൻ നേരമില്ല. ഞാൻ ഓടുകയായിരുന്നു. നാഷണൽ ഹൈവെ മുറിച്ചു കടന്നതും മുന്നിൽ ആദ്യമായൊഴുകുന്ന പുഴ പോലെ വെള്ളം കയറി വരുന്നു. പോക്കറ്റ് റോഡുകൾ കാണാനില്ല. അരയ്ക്കൊപ്പം വെള്ളം. കൂടിക്കിടന്ന മാലിന്യക്കവറുകളെ ഒഴുക്കി വെള്ളം ഹൈവേയിലേയ്ക്കു കയറുകയാണ്. ഓടയും , സ്ലാബുകൾക്കിടയിലെ വിടവുകളും….. ഈശ്വരാ ഈ വഴി പോയാൽ ഞാൻ ഒരിക്കലും വീട്ടിൽ എത്തിയെന്നു വരില്ല.

ആരൊക്കെയോ ചേർന്ന് എനിക്ക് മറ്റേതോ വഴി വിശദീകരിച്ചു തന്നു. ഓടുന്നതിടയിൽ പലവട്ടം വീട്ടിലേയ്ക്കു വിളിച്ചു നോക്കി. ആരും എടുക്കുന്നില്ല. വാഹനങ്ങൾ ഒന്നും ഓടുന്നില്ല. എങ്ങും വെള്ളം. മുട്ടൊപ്പം വെള്ളത്തിലൂടെ ഓടാനും നടക്കാനുമാവാതെ എനിക്കു കരച്ചിൽ വന്നു. വഴികളിലെങ്ങും നിലവിളികളും പരക്കം പായുന്ന ജനങ്ങളുമാണ്. വൈദ്യുത ലൈനുകളെല്ലാം ഓഫ് ചെയ്തിരിക്കുന്നു.
മുന്നോട്ടുള്ള വഴി അരയ്ക്കൊപ്പം വെള്ളത്തിലാണ്. കുഞ്ഞുങ്ങളെ വാരിപ്പിടിച്ചു നിൽക്കുന്ന അമ്മമാരെ കണ്ട് എന്റെ മനസ്സു കരഞ്ഞു.
“ആന്റി, അങ്ങോട്ടൊന്നും പോകാൻ പറ്റില്ല. പ്രേം നഗർ വെള്ളത്തിലായിക്കഴിഞ്ഞു.” ടെറസിൽ നിന്ന് ഒരു ചെറിയ കുട്ടി വിളിച്ചു പറഞ്ഞു.
മുന്നിൽ മൂന്നു റോഡുകളാണ്. അല്ല മൂന്നു പുഴകളാണ്. ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് എങ്ങനെയൊക്കെയോ വീട്ടിൽ എത്തി. ദൂരെ നിന്നു കണ്ടു മോനെയും എടുത്ത് ഗേറ്റിൽ അവർ നിൽക്കുന്നത്. വെള്ളവും ഗേറ്റും തമ്മിൽ ഒരടി അകലം മാത്രം.

ഒടുവിൽ ഹീര ഫ്ലാറ്റ് ബിൽഡിങ്ങിന്റെ മതിൽ നാട്ടുകാർ തകർത്തു, വെള്ളത്തിന്റെ വരവ് കുറയ്ക്കാൻ… ആ‍ ദിവസം ഞങ്ങളനുഭവിച്ച ദുരിതങ്ങൾ. അതെത്ര വിവരിച്ചാലും അനുഭവിച്ചവന്റെ തീവ്രത വായിക്കുന്നവർക്കുണ്ടാവില്ല.

അഞ്ച് ജീവനുകളെയാണ് അന്ന് വെള്ളമെടുത്തത്. ഒന്നര വയസുള്ള ഒരു കുഞ്ഞുൾപ്പെടെ അഞ്ചു ജീവിതങ്ങൾ.

നെയ്യാർഡാമിന്റെ ഷട്ടറുകൾ ഓരോന്നായി തുറന്നു വിട്ടപ്പോഴാണ് കിലോമീറ്ററുകൾക്കിപ്പുറത്ത് ഈ ദുരിതങ്ങൾ നടന്നത്. അപ്പോൾ മുല്ലപ്പെരിയാർ പൊട്ടിയാലൊ?
ഒരു ഭൂപ്രദേശം മുഴുവൻ വെള്ളത്തിനാൽ തുടച്ചു മാറ്റപ്പെടും. ലക്ഷക്കണക്കിന് ജീവനുകൾക്കായ് രാഷ്ട്രീയക്കാർ മെഴുകുതിരികൾ കത്തിക്കും. ലോകം മുഴുവൻ ഈ ദുരന്തം ആഘോഷിക്കപ്പെടും. മരിച്ചു പോയവരുടെ സ്വപ്നങ്ങളോർത്ത് വിലപിക്കും.

പ്രകൃതിയുടെ ശക്തി ആർക്കും പ്രവചിക്കാൻ പറ്റുന്ന ഒന്നല്ല. പുതിയ അണക്കെട്ടുകളെപ്പോലും തകർത്ത പ്രകൃതി ക്ഷോഭങ്ങൾ ഈ ലോകത്ത് ഉണ്ടായിട്ടുണ്ട്. അപ്പോഴും നമ്മൾ ഇവിടെ വർഷങ്ങൾ പഴകിയ അണക്കെട്ടുമായ് പരസ്പരം യുദ്ധം ചെയ്യുന്നു. എന്നു ഭൂമി കുലുങ്ങും അത് എത്ര തീവ്രതയിൽ ആയിരിക്കും എന്ന് ആർക്ക് പറയാനാകും? കാലവർഷം എത്രമാത്രം മഴ പെയ്യിക്കും എന്ന് ആർക്ക് പ്രവചിക്കാൻ പറ്റും? 

വെള്ളമല്ല അവകാശങ്ങളും അധികാരങ്ങളുമാണ് ഇവിടെ പ്രശ്നമാകുന്നത്. മനുഷ്യജീവനുകൾക്ക് ഇത്ര വിലയില്ലാതായ് മാറുകയാണോ നമ്മുടെ രാജ്യത്ത്? നിന്റെ ജീവനേക്കാൾ വലുത് എനിക്കെന്റെ കൃഷിയാണെന്ന് പറയുമ്പോൾ നമ്മൾ മനുഷ്യരല്ലാതെ ആവുകയല്ലെ?

ഒരു രാത്രി പുലരുമ്പോൾ ലക്ഷക്കണക്കിന് ആൾക്കാർ ഒരോർമ്മ മാത്രമാകുന്നത് എത്ര വലിയ ദുരന്തമാണെന്ന് നിങ്ങൾക്ക് ചിന്തിക്കാനാവുമൊ? സ്നേഹം എന്നത് എനിക്കും എന്റെ കുടുംബത്തിനും മാത്രമാണോ? പത്രങ്ങളിൽ വായിക്കുന്ന ചില ദുരന്തങ്ങൾ നമ്മെ കരയിക്കാറില്ലെ? അതുപോലെ ബാക്കിയാവുന്നവർക്ക് കരയാനുള്ള ഒരു വാർത്തയാകരുത് മുല്ലപ്പെരിയാർ. ഓർമ്മിക്കുക, പശ്ചാത്താപങ്ങൾക്കു തിരിച്ചു കൊടുക്കാൻ പറ്റുന്ന ഒന്നല്ല മനുഷ്യ ജീവനുകൾ.