Wednesday, June 4, 2008

ആലിപ്പഴങ്ങള്‍ അപ്പോഴും പൊഴിയുമായിരിക്കും...

ഇവിടെ ഒരു മഴ പെയ്തു തീരുകയാണ്‌...
വീണ്ടുമൊരു മഴക്കാലത്തിന്‍റെ വരവറിയിച്ചു കൊണ്ട്‌.

വര്‍ഷങ്ങള്‍ക്കു പിറകില്‍ ഒരു മഴക്കാലമുണ്ടായിരുന്നു,
എന്‍റെ ബാല്യത്തെ നനയിച്ച്‌, മഴയെ സ്നേഹിക്കാന്‍ പഠിപ്പിച്ച കാലം.
പിന്നെത്രയോ ഇടവപ്പാതികള്‍ എന്നെ നനച്ച്‌ കടന്നുപോയി.

എങ്കിലും എന്‍റെ മലയോരങ്ങളില്‍ പെയ്തിരുന്ന മഴ...

മലനിരകള്‍ക്കപ്പുറത്ത്‌ നിന്നു മഴ പാറി വരും. കശുമാവിന്‍ തോട്ടങ്ങള്‍ കടന്ന്‌, കാറ്റിലുലയുന്ന പുല്ലാന്തിക്കാടുകള്‍ താണ്ടി, എന്‍റെ മുറ്റത്തെത്തും.
അടക്കാനാവാത്ത ആഹ്ളാദത്തിമിര്‍പ്പില്‍ എടുത്തു ചാടിയ മഴക്കാലങ്ങള്‍, പിന്നെ എന്തൊക്കെയൊ ഉള്ളിലൊതുക്കിപ്പിടിച്ച്‌ നിശബ്ദമിരുന്ന മറ്റൊരു കാലം; അങ്ങനെ എത്രയെത്ര മഴക്കാലങ്ങള്‍.

ആലിപ്പഴം വീഴുന്ന മഴ കാണുമ്പോള്‍ തന്നെ അപ്പൂപ്പന്‌ തിരിച്ചറിയാമായിരുന്നു.
"പാപ്പി ഇന്ന്‌ ആലിപ്പഴം വീഴൂട്ടൊ". ചാട്ടം നിര്‍ത്തി ശ്രദ്‌ധയോടെ ഓരോ മഴത്തുള്ളിയെയും നോക്കിയിരിക്കും. കാപ്പിക്കുരു വറുത്തു പൊടിച്ചുണ്ടാക്കിയ കട്ടന്‍ കാപ്പി കുടിക്കുമ്പോഴും നോട്ടം മുറ്റത്തെ മഴത്തുള്ളികളിലായിരിക്കും.

എപ്പോഴും ആലിപ്പഴം ആദ്യം കാണുന്നത്‌ അപ്പൂപ്പനാവും. "പാപ്പി ദാ അവിടെ".
എടുത്തു ചാടി ആലിപ്പഴമെടുത്ത്‌ തിരികെ കയറുമ്പോള്‍ അപ്പൂപ്പന്‍ തോര്‍ത്ത്‌ തിരയുകയാവും എന്‍റെ തല തുവര്‍ത്താന്‍. ഒരസുഖക്കുട്ടിയല്ലാത്തതിനാല്‍ എനിക്കു മുന്നില്‍ വിശാലമായൊരു ലോകമുണ്ടായിരുന്നു.

മഴ പെയ്ത്‌ തോര്‍ന്ന്‌ പിന്നെ മരം പെയ്ത്‌ തോരാനുള്ള ക്ഷമയില്ലാതെ ഇറങ്ങിയോടും മാഞ്ചോട്ടിലേക്ക്‌. വൃക്ഷത്തലപ്പുകളില്‍ നിന്നൊരു മഴ എന്നെ നനച്ചുകൊണ്ടേയിരിക്കും. കുടയും മാമ്പഴം പെറുക്കാന്‍ കുട്ടയുമായി അപ്പൂപ്പന്‍ പിന്നിലുണ്ടാവും. ഒപ്പം കമുകിന്‍പാള കൊണ്ട്‌ എനിക്കുണ്ടാക്കിത്തന്ന തൊപ്പി കളഞ്ഞതിനുള്ള ചീത്തവിളിയും കേള്‍ക്കുന്നുണ്ടാകും.

ഇന്ന്‌ എന്‍റെ അപ്പൂപ്പനും അമ്മൂമ്മയും തനിച്ചാണ്‌, മഴക്കാലത്തും വേനല്‍ക്കാലത്തും എല്ലാക്കാലത്തും . ഒരിക്കല്‍ എല്ലാം അവസാനിപ്പിച്ച്‌ അഴുക്കു മണമുയര്‍ത്തുന്ന നഗരത്തിണ്റ്റെ മഴകളില്‍ നിന്നു എനിക്കു തിരിച്ചു പോകണം. കാണാതെ പോയ എന്‍റെ കമുകിന്‍പാളത്തൊപ്പി അപ്പൂപ്പന്‍ എടുത്തു വച്ചിട്ടുണ്ടാവണം. ആലിപ്പഴങ്ങള്‍ അപ്പോഴും പൊഴിയുമായിരിക്കും...