Saturday, October 31, 2009

മഴത്തളിരുകള്‍

കാറ്റ് പൊടിപറത്തി കളിക്കുന്ന വേനല്‍ക്കാലം. കരിമ്പനകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന ഒറ്റയടിപ്പാതകളില്‍ വെയില്‍ കത്തിനിന്നു. എവിടെയും പൊടി നിറഞ്ഞ തരിശു നിലങ്ങള്‍ മാത്രം. വരാന്തയുടെ തൂണുകളില്‍ ചാരി പൊള്ളുന്ന വെയില്‍ നോക്കിയിരുന്ന് കണ്ണുകള്‍ നീറി. ഉഷ്ണക്കാറ്റ് വീ‍ശുന്ന ഈ ഭൂമി എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. നടക്കുമ്പോള്‍ പാദങ്ങളില്‍ ഇളംചൂടുള്ള പൊടി വന്നു മൂടും. ശ്വാസകോശങ്ങളിലേക്ക് ഉരുകിയ മെഴുകിന്റെ മണമുള്ള ചൂട് കാറ്റ് വന്നു നിറയും. എന്‍റെ ഗ്രാമത്തിലെ വേനല്‍ ഒരിക്കലും ഇത്ര തീക്ഷണമായിരുന്നില്ല. മലഞ്ചെരിവുകളിലൂടെ കരിയില പറത്തി വരുന്ന കാറ്റില്‍ സുഖമുള്ള തണുപ്പ് കലര്ന്ന്, ഇല കൊഴിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ മര്‍മ്മരങ്ങളില്ലാതെ അത് വീശിപ്പോകും. ഓര്‍മ്മകള്‍ തുറന്നിട്ട തടവറകളാണ്. ഞാനാകട്ടെ അതില്‍ നിന്ന് പുറത്തു വരാത്ത ഒരു വിഡ്ഡിയും.

അകലെ ഒറ്റയടിപ്പാതയിലൂടെ കരിമ്പനയോലയില്‍ മെടഞ്ഞെടുത്ത കുട്ടകളും തലയിലേറ്റി തമിഴത്തികള്‍ നടന്നെത്തിത്തുടങ്ങി. വരണ്ട ചുണ്ടുകളും കരുവാളിച്ച മുഖവുമായി കിതച്ചുകൊണ്ട് അവര്‍ വരാന്തയില്‍ എനിക്കു മുന്നില്‍ പൂക്കളുടെ കുട്ട ഇറക്കി വച്ചു. പിന്നെ മുഷിഞ്ഞ തോര്‍ത്ത് അങ്ങോട്ടുമിങ്ങോട്ടും വീശി വിയര്‍പ്പാറ്റി. വര്‍ഷങ്ങള്‍ക്കു ശേഷം കുപ്പിവളകളുടെ കിലുക്കം ഞാന്‍ വീണ്ടും കേള്‍ക്കുന്നത് അവരുടെ കൈകളില്‍ നിന്നാണ്. എവിടെയോ ഓര്‍മ്മകളുടെ വര്‍ണ്ണവളപ്പൊട്ടുകള്‍ പിന്നെയും കിലുങ്ങി. ബാല്യത്തിന്‍റെ താളില്‍ ഞാന്‍ ഉപേക്ഷിച്ച വളപ്പൊട്ടുകളുടെ ചെപ്പെവിടെ?

പൂക്കൂടകളില്‍ നിന്നും മരിക്കൊഴുന്തിന്റെ മുല്ലമൊട്ടിന്റെ എല്ലാം സുഗന്ധം മെല്ലെ പടരാന്‍ തുടങ്ങി. എനിക്കു വേണ്ടി രണ്ടു മുഴം മുല്ലപ്പൂവും ഒരു പിടി കൊഴുന്തും എടുത്തുവച്ചു. പിന്നെ വേനലിന്റെ അതികഠിനമായ ചൂടിനെ ശപിച്ചു കൊണ്ട് വീണ്ടും കുട്ട തലയിലേറ്റി യാത്ര തുടര്‍ന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ മഴയുണ്ടാകും, അതിന്റെ സൂചനയാണത്രേ പൊള്ളുന്ന ഈ ദിവസങ്ങള്‍. മഴ തുടങ്ങിയാല്‍ ഒരാഴ്ചയെങ്കിലും നിര്‍ത്താതെ പെയ്യും. മഴക്കാലമെങ്കില്‍ പെരുമഴക്കാലം. വേനലെങ്കിലോ എല്ലാം ചുട്ടെരിക്കുന്ന കൊടും വേനല്‍.

കരിമ്പനകള്‍ക്കപ്പുറം കടുംചുവപ്പു നിറത്തില്‍ സൂര്യന്‍ അസ്തമിച്ചു. ചൂട് വല്ലാതെ കൂടിക്കൊണ്ടിരുന്നു. ഇലകളും ചെടികളും അനക്കമറ്റ് നിന്നു. എപ്പോഴോ ആകാശത്തിന്റെ പടിഞ്ഞാറെ ചെരുവില്‍ കൊരുക്കിടി മുഴങ്ങി. കാറ്റാടിപ്പാടങ്ങള്‍ കടന്ന് മഴയുടെ മണമുള്ളൊരു കാറ്റ് വീശിയെത്തി. അകലെ കിഴക്കന്‍ മലകളില്‍ മഴ തുടങ്ങിയിട്ടുണ്ടാവണം. വൈകുന്നേരങ്ങളില്‍ മലമടക്കുകളിലേക്കിറങ്ങി കിടക്കുന്ന മേഘങ്ങള്‍ മഴയില്‍ കുതിര്‍ന്ന് ഒലിച്ചു പോകുമോ? രാത്രി ഏറെ വളര്‍ന്നിട്ടും മഴ പെയ്തില്ല. മേശയില്‍ തല ചായ്ച്ചു വച്ച് തുറന്നിട്ട ജാലകത്തിലൂടെ മഴ വരുന്നതും കാത്ത് ഞാനിരുന്നു. ചിമ്മിനി വിളക്കിന്റെ പ്രകാശം മങ്ങി മങ്ങി വരുന്നതും കണ്ണുകള്‍ക്കു മുന്നില്‍ ഇരുട്ട് പടരുന്നതും ഒരു സ്വപ്നം പോലെ തോന്നി.

മഴയില്‍ കുതിര്‍ന്ന് വീര്‍ത്തു കിടക്കുന്ന മണ്ണില്‍ പാദങ്ങള്‍ അമരുമ്പോഴുള്ള തണുപ്പ്... തരിശു ഭൂമികളിള്‍ ജീവന്റെ പച്ച പൊടിപ്പുകള്‍. വിത്തിനുള്ളില്‍ നിന്ന് മെല്ലെ കണ്ണു തുറന്ന് നോക്കുന്ന മഴത്തളിരുകള്‍. കൈനീട്ടി തൊടാന്‍ തോന്നി.

ജാലകപ്പാളികള്‍ ആഞ്ഞടിക്കുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. മേശപ്പുറത്തിരുന്ന ഒട്ടുമുക്കാലും പുസ്തകങ്ങള്‍ തറയില്‍ ചിതറി കിടക്കുന്നു. പെന്‍സില്‍ മുനയാല്‍ നീ വരച്ചു തന്ന ഞാന്‍ രണ്ടായി മടങ്ങി ഡയറിക്കുള്ളിലിരുന്നത് ഇപ്പോള്‍ കാറ്റിന്റെ കൈകളിലാണ്. പുറത്ത് മഴ തുള്ളികളായ് വീഴാന്‍ തുടങ്ങിയിരിക്കുന്നു. ചിമ്മിനിവിളക്കിന്റെ ചില്ലുകള്‍ പുകമൂടി കാഴ്ച അവ്യക്തമായി. ജാലകങ്ങളടയ്ക്കാതെ കാറ്റിനെ യഥേഷ്ടം മുറിയില്‍ മേയാന്‍ വിട്ട് ഞാനുറങ്ങാന്‍ കിടക്കട്ടെ. അതെ മഴത്തളിരുകളെ കൈനീട്ടി തൊടുന്നതും , തരിശു ഭുമികള്‍ തളിരണിയുന്നതും സ്വപ്നം കണ്ട് ഞാനുറങ്ങുകയാണ് .