ജാലകങ്ങള്‍ക്കപ്പുറത്ത് പുഴ കടല്‍ വെള്ളം കയറി നിറയാന്‍ തുടങ്ങിയിരിക്കുന്നു. വേലിയേറ്റമാണ്. ചിലപ്പോള്‍ തോന്നും ഈ പുഴ പോലെയാണ് എന്‍റെ മോഹങ്ങളെന്ന്. തീരങ്ങള്‍ കവിഞ്ഞ് , അതിര്‍ത്തികള്‍ ലംഘിച്ച് നിറഞ്ഞൊഴുകും . പിന്നെ തിരിച്ചറിവു വന്നിട്ടെന്ന പോലെ പുറകോട്ടൊഴുകും. വന്നിടത്തേക്കു തന്നെ മടങ്ങിപ്പോകും.
നിറഞ്ഞു വരുന്ന പുഴയിലൂടെ ഒഴുകിപ്പോകുന്ന കൊച്ചു കൊച്ച് പുല്‍ത്തുരുത്തുകള്‍. അകലെ ഒരു ശീലാന്തി മരം വെള്ളത്തിലേക്ക് ചാഞ്ഞു കിടക്കുന്നു. എവിടെയൊ തടഞ്ഞു നിന്ന ഒരു കൊച്ച് പുല്‍ത്തുരുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ പുഴയ്ക്കു നടുവില്‍ പുല്‍ത്തുരുത്തുകളുടെ ഒരു ദ്വീപ് സൃഷ്ടിച്ചു. എങ്ങനെയാണാവോ ഇനിയും മണ്ണടര്‍ന്നു പോകാത്ത ഈ പുല്ലിന്‍കട്ടകള്‍ ഒഴുക്കില്‍പ്പെട്ടത്? ചിന്തിച്ച് കഴിയും മുന്‍പെ മണല്‍ നിറച്ചു വന്ന ഒരു വഞ്ചി പുല്‍ദ്വീപിനെ ചിതറിച്ചു കൊണ്ട് കടന്നു പോയി. പച്ചപ്പിന്‍റെ കൊച്ചു തുരുത്തുകള്‍ വീണ്ടും അവയുടെ ഏകാന്തയാത്ര തുടര്‍ന്നു. ഇനിയെവിടെയെങ്കിലും വീണ്ടും അവയൊരുമിക്കുമോ?
പുറത്ത് ഉരുകിത്തിളയ്ക്കുന്ന വെയില്‍. ഓര്‍മ്മകള്‍ക്ക് നനഞ്ഞ ഭസ്മത്തിന്‍റെ ഗന്ധമാണ്. എന്ന് മുതലാണ് ഞാന്‍ ഉറക്കത്തില്‍ കരഞ്ഞു തുടങ്ങിയത്? ഒത്തിരി ചിരിക്കുന്ന മനസ്സ് ഉറക്കത്തിലെപ്പോഴോ ഉണര്‍ന്നു കരയുന്നു, ഞാനറിയാതെ. ഇന്നത്തെ ഉറക്കത്തിലും ഞാന്‍ കരയുമോ?
ഇന്നലെ പുല്ലാന്തിക്കാടുകളില്‍ വീശുന്ന കാറ്റ് എന്നെ തേടി വന്നു. മടക്കയാത്രയ്ക്കു സമയമായെന്ന് ഓര്‍മ്മിപ്പിക്കാന്‍. എങ്ങോട്ടോ ഒഴുകുന്ന ജീവിതത്തെ ഞാന്‍ വെട്ടിയൊരുക്കിയ വഴിയിലേക്ക് തിരിക്കാനുള്ള സമയമാണിത്. ഗ്രാമത്തിന്‍റെ ഇടവഴികള്‍ കടന്നു പോരുമ്പോള്‍ മനസ്സ് നിശബ്ദം ഒന്നു തേങ്ങി. ഈ മണ്‍തരികളില്‍ എന്‍റെ ഓര്‍മ്മകള്‍ വീണു കിടക്കുന്നു. എന്‍റെ കണ്ണീരുണങ്ങിക്കിടക്കുന്നു. മനസ്സു പറഞ്ഞു “ഇല്ല, ഇനിയീ വഴികളിലൂടെ ഒരു യാത്രയില്ല. ഇനിയുള്ള എന്‍റെ യാത്രകളിലേക്കുള്ള വഴി ഇതല്ല“.
നഗരത്തിന്‍റെ ഗന്ധം എന്നെ അസ്വസ്ഥയാക്കുന്നു. കണ്ണുകളടച്ച് ചൌരസ്യയുടെ പുല്ലാങ്കുഴലിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിച്ചു നോക്കി. ജീവിതം പരിഹാസത്തോടെ എന്നെ നോക്കിച്ചിരിച്ചു. അസ്ഥിരതകളില്‍ സ്ഥിരതയെ തേടുന്ന വിഡ്ഡി വേഷം , അത് ഞാനഴിച്ച് വയ്ക്കുന്നു. സ്വയം പകര്‍ന്നാടാന്‍ ഇനിയൊന്നുമില്ല. കാതില്‍ വല്ലാത്ത ഇരമ്പല്‍... ഇരുളില്‍ നിന്നൊരു വണ്ടി തീക്കണ്ണുകള്‍ തുറന്ന് വച്ച് പാഞ്ഞു വരുന്നു. മരുഭൂവിലിരുന്ന് ശാദ്വല ഭൂമികളെ സ്വപ്നം കണ്ട എന്നെപ്പോലുള്ളവരാണ് അതിലെ യാത്രക്കാര്‍. എന്‍റെ ഹൃദയത്തിലേക്കു നടന്ന് കയറിയ ചിലര്‍, അവര്‍ക്കായുള്ള എന്‍റെ യാത്രാമൊഴിയാണിത്. എഴുതിയവസാനിപ്പിക്കാന്‍ എവിടെയോ വായിച്ച വാക്കുകള്‍ കടമെടുക്കുന്നു. " മരണം ഒരു തരം ഭ്രാന്താണ്, പ്രണയം പോലെ സുഖമുള്ള ഒന്ന്"
Subscribe to:
Post Comments (Atom)
മനസ്സംഘര്‍ഷങ്ങളുടെ ഭാരവും പേറി മരണമുഖത്ത് ഊഴവും കാത്തിരിക്കുന്ന ഒരാളുടെ മാനസീകവ്യാപാരങ്ങളെ കയ്യടക്കത്തോടെ, ഭംഗിയായി എഴുതി ഫലിപ്പിക്കുന്നതില്‍ സരിജ വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍....
ReplyDeletegud one!!truly
ReplyDeleteപൊയ്പോയ കലത്തിന്റെ കണക്കെടുപ്പും കാത്തിരിക്കുന്ന കലത്തിന്റെ പ്രതീക്ഷകളും പേറുന്ന നീണ്ട സ്വപ്നം പോലെയാണ് പലരും ജീവിതത്തെ കണ്ടത്. ആ ജീവിതത്തോട് യാത്ര വന്ദനത്തിന് ശേഷം തന്നെ പേറിയ, കൂട്ടിക്കിഴിക്കലുടെ ഈ ലോകത്തൂടെ ആരാരുമറിയാതെ യാഥാര്‍ത്ത്യതിന്റെ ലോകത്തേക്കൊരു നിശ്ശബ്ദ പ്രയാണം.
ReplyDeleteഅമര്‍ത്തിപ്പിടിച്ച കൈമുഷ്ടികളുമായി ജന്മം കൊണ്ട് ശൂന്യ കരങ്ങളുമായി ഒരു മടക്കം... വെട്ടിപ്പിടിച്ചതും വന്ന് ഭവിച്ചതും വഴിയിലുപേക്ഷിച്ച്... ശരീരമാകുന്ന കൂടുപേക്ഷിച്ച്... മറ്റൊരു ലോകം തേടി യാത്ര തിരിക്കുമ്പോള്‍... പറയേണ്ട അവസാന വാചകങ്ങള്‍... കണ്ട് പോവേണ്ട പിന്‍കാഴ്ചകള്‍... ബാക്കിവെക്കേണ്ട അടയാളങ്ങള്‍... കൂടെ കൂട്ടവുന്ന നന്മകള്‍... മനുഷ്യരുടെ ചിന്തയില്‍ ഒത്തിരി ഇടം കിട്ടിയ വിഷയം തന്നെ.
ജീവിതത്തോടായാലും ബന്ധങ്ങളോടായാലും ആശയങ്ങളോടായാലും യാത്ര വന്ദനം പറയുന്ന വരികള്‍... നന്നായിരിക്കുന്നു.
ഓടോ :
കമന്റ് മൊത്തം ഓഫ് ടോപ്പിക്ക് ആയോ ?
എന്‍റെ അക്ഷരങ്ങള്‍ കടല്‍ പോലെയാകണം,
ReplyDeleteഎന്‍റെ അക്ഷരങ്ങള്‍ കാറ്റു പോലെയാകണം,
എന്‍റെ അക്ഷരങ്ങള്‍ മഴ പോലെയാകണം,
എന്‍റെ അക്ഷരങ്ങള്‍ മഞ്ഞു പോലെയാകണം.
Sarija ചിലപ്പോഴൊക്കെ തോന്നുന്നു താങ്കളുടെ അക്ഷരങ്ങൾ അതിനെക്കാൾ മനോഹരമാണന്ന്
ഇന്നലെവരെ നാളെയുടെ സുപ്രഭാതത്തെ സ്വപ്നം കണ്ട്,
ReplyDeleteഇന്നിന്റെ വര്‍ത്തമാനകാല യാദാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാനാവാതെ
മനസ്സ് നിറയെ സംഘര്‍ഷങ്ങളുടെ കടലിരമ്പവുമായി
മരണമെന്ന ഭ്രാന്തിനു മുന്നില്‍ നിസ്സഹായമായ കീഴടങ്ങലിനായി ദാഹിക്കുന്നൊരാളുടെ മനോവ്യഥ വരികളില്‍ കോറിയിട്ടിരിക്കുന്നു.
എങ്കിലും,ആദ്യഭാഗവും അവസാന ഭാഗവും തമ്മില്‍
എവിടെയോ പൊരുത്തക്കേടുള്ളതു പോലെ..
--മിന്നാമിനുങ്ങ്
വാക്കുകള്‍ക്ക് ശക്തിയും മൂര്‍ച്ചയുമുണ്ട്.പക്ഷേ,എന്തോ ഒരു അരുതായ്ക.ഒരു നൈരന്തര്യസ്വഭാവം ഇല്ലാത്തത് പോലെ തോന്നുന്നു. മിന്നാമിനുങ്ങ് പറഞ്ഞതുപോലെ ഒരു പൊരുത്തക്കേട്.
ReplyDeleteആശംസകള്‍......
വെള്ളായണി വിജയന്‍
കാണാതെ, അറിയാതെ പോകുന്ന എത്രപേർ?!! നന്നായിരിക്കുന്നു.
ReplyDeleteഅന്നേ പറഞ്ഞതാ മഠത്തില്‍ പോവല്ലേ മഠത്തില്‍ പോവല്ലേന്ന്.. മരണത്തേക്കുറിച്ച് ചിന്തിക്കാന്‍ പറ്റിയ പ്രായമേ....
ReplyDelete:)
എഴുത്ത് മനോഹരം.. സൌമ്യം..
"എന്‍റെ ഹൃദയത്തിലേക്കു നടന്ന് കയറിയ ചിലര്‍, അവര്‍ക്കായുള്ള എന്‍റെ യാത്രാമൊഴിയാണിത്."
ReplyDeleteഈ വാചകത്തിന് എന്തോ ഒരു പ്രത്യേകവായനാസുഖം തോന്നി. കുറച്ചു വാക്കുകളില്‍, ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങള്‍.
മരണം ഒരു തരം ഭ്രാന്താണ്, പ്രണയം പോലെ സുഖമുള്ള ഒന്ന്.
ReplyDeleteസത്യമാണ് ട്ടോ. പ്രണയം പോലാണോ എന്നറിയില്ല.ഭ്രാന്താണെന്ന് അറിയാം.
കൊള്ളാം സരിജ.
:-)
ഉപാസന
പിന്നിട്ടു പോകുന്ന ചില കാഴ്ച്കള്‍ നല്‍കുന്ന ഒരു നേര്‍ത്തവ്യഥ പകരുന്നു എഴുത്ത്,കൊള്ളാം ഭാവുകങ്ങള്‍.
ReplyDeleteലളിതം സുന്ദരം കഠിനം...
ReplyDeleteഎന്റെ പാപ്പീ...
ReplyDeleteഎനിക്കു വയ്യ.. ഇതെന്തിന്റെ കേടാ പാപ്പിക്ക്?
സത്യത്തില്‍ എന്താ പ്രശ്നം.
വേണുനാഗവള്ളി ലൈനില്‍ മാത്രമേ ലോകത്തെ നോക്കിക്കാണാനൊക്കൂ എന്നാണോ? അല്ലെങ്കില്‍ അങ്ങിനെ മാത്രമേ എഴുതാവൂ എന്നുണ്ടോ?
നല്ല അടി വാങ്ങിക്കുംട്ടോ പാപ്പി.
ഇത്രേം പറഞ്ഞത് പിടി വിട്ട എഴുത്തിന്
ഇനി ശൈലിക്ക്...
ഒരിക്കല്‍കൂടി ഭാഷാപരമായ പാപ്പിയുടെ കഴിവ് കാണാനൊത്ത പോസ്റ്റ്.
എന്റെ പാപ്പി എത്രകാലമായി ഞാന്‍ പറയുന്നു നേരമ്പോക്ക് എഴുത്തുകള്‍ അവസാനിപ്പിച്ച് ഗൌരവമുള്ള എഴുത്തുകളിലേക്ക് പാപ്പി തിരിയണമെന്ന്..
ഭൂതം ഭാവി വര്‍ത്തമാനം
ReplyDeleteസൌമ്യം ദീപ്തം സുന്ദരം
:-)
(പിന്നേയ്, എന്താത്ര സങ്കടം??)
എന്നാ പറ്റി സരിജേ; എപ്പോഴും സങ്കടാണല്ലോ......
ReplyDeleteenthinaa karayikkunnath..
ReplyDeleteഎങ്ങനെ ഇങ്ങനെ മനോഹരമായി എഴുതുന്നു?
ReplyDeleteഅസൂയ തോന്നുന്നു... എനിക്ക്..
നല്ല പോസ്റ്റ്..
എത്ര മനോഹരം ഒരോ വരികളും
ReplyDeleteനല്ല ഒരു എഴുത്തുകാരി
നന്നായിരിക്കുന്നു
:)
സ്വഛമായൊരു മന്ദമാരുതനെ പോലെ,സുഖമുള്ള ഒരു ചാറല്‍ മഴപോലെ,ധവളിമയാര്‍ന്ന മഞ്ഞു കണങ്ങള്‍ പോലെ, കളകളം ഒഴുകുന്ന പുഴ പോലെ തന്നെ വായിക്കാന്‍ നനുനനുത്ത ഈ അക്ഷ്രക്കൂട്ടുകളും.....മരണമെന്ന മടക്കയാത്രയെ ആണൊ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല എങ്കിലും വായിക്കാനൊരു സുഖമുള്ള വരികള്‍..
ReplyDeleteആശംസകള്‍ സരിജ..
സരിജ, എഴുതിയത് വായിച്ചു. കഥയാണെങ്കില്‍ കഥ ആയില്ല.
ReplyDeleteചിന്തകള്‍ മാത്രമായാല്‍ കഥയാവില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഗ്രാമത്തിന്‍ റെ സുഗന്ധമുള്ള ചില വരികള്‍ ഇതിലുണ്ട്.
“അകലെ ഒരു ശീലാന്തി മരം വെള്ളത്തിലേക്ക് ചാഞ്ഞു കിടക്കുന്നു.
ഓര്‍മ്മകള്‍ക്ക് നനഞ്ഞ ഭസ്മത്തിന്‍റെ ഗന്ധമാണ്.
ഇന്നലെ പുല്ലാന്തിക്കാടുകളില്‍ വീശുന്ന കാറ്റ് എന്നെ തേടി വന്നു“
പക്ഷെ ഇങ്ങനെ എഴുതി വയ്ക്കുമ്പോഴും കഥയിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകാന്‍
താങ്കള്‍ ശ്രമിക്കുന്നില്ല.
ഇവിടെ നോക്കൂ.
“നഗരത്തിന്‍റെ ഗന്ധം എന്നെ അസ്വസ്ഥയാക്കുന്നു“ ഒരു പക്ഷെ അശോകന്‍ ചരുവിലിന്‍ റെ
മിക്ക കഥകളിലും ഈ ഒരു വായന കാണാം. അത് വായനക്കാരനേയും കൊണ്ടു പോകുമ്പോള്‍
താങ്കളുടെ വരികള്‍ അടുത്ത സ്റ്റേറ്റ് മെന്‍ റിലേക്ക് നീങ്ങി പുല്ലാങ്കുഴലിലേക്കും അവിടെ നിന്നും
പുറത്തേക്കും എളുപ്പത്തില്‍ വായനക്കാരന്‍ എത്തിച്ചേരുന്നു. ഇവിടെ വായനക്കാരനെ
തളച്ചിടാന്‍ കഥാകൃത്ത് എന്ന നിലയില്‍ താങ്കള്‍ ഒന്നും ചെയ്യുന്നില്ല. ഇതിനെ അലംഭാവം എന്നേ
പറയാന്‍ കഴിയൂ.
താങ്കള്‍ക്ക് എഴുതാന്‍ കഴിയും അത് ഈ ചിന്തകളില്‍ നിന്ന് വ്യക്തമാണ്. എന്നിട്ടും
വെറും ഡയറിക്കുറിപ്പായ് മാറ്റാതെ സീരിയസ്സ് രചനകളിലേക്ക് ഇറങ്ങി വരണമെന്നാണ് എന്‍ റെ അഭിപ്രായം.
ആദി മധ്യാന്ത പൊരുത്തം എന്നൊന്നും ഒരു കഥയ്ക്കും ആവശ്യമില്ല. എന്നാല്‍
ഒരു കഥയും കാമ്പും ഉണ്ടായിരിക്കണമെന്നേ ഉള്ളൂ.
വീണ്ടും നല്ല കാമ്പുള്ള എഴുത്തുമായ് വരുമല്ലോ.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ചിലപ്പോള്‍ തോന്നും ഈ പുഴ പോലെയാണ് എന്‍റെ മോഹങ്ങളെന്ന്.
ReplyDeleteആര്‍ടെ മോഹങ്ങളാണ് പുഴ പോലെ അല്ലാത്തത് ചേച്ചീ??
വരികൾ നന്നായിട്ടുണ്ട്
ReplyDeleteകൈതപൂവിന്റെ മണമുള്ള രാത്രികളില്‍ ഭദ്ര നദിയിലൂടെ ഞാനും കൂട്ടുകാരും കുട്ടവള്ളം തുഴഞ്ഞ് പോകുമ്പോള്‍ ഇതുപോലെ ഒഴുകി വരുന്ന പുലത്തുരുത്തുകളിലേയ്ക്ക് വള്ളത്തില്‍ നിന്നും ചാടി കയറും....ആകെ നനയും....വല്ലാതെ തണുക്കും....ഹോ....അതൊക്കെ ഓര്‍മ്മ വരുന്നു ഇപ്പോള്‍....ആ നല്ല ദിനങ്ങളിലേയ്ക്ക് ഒരിക്കല്‍ കൂടി ഈ വരികള്‍ എന്നെ കൊണ്ടു പോകുന്നു....
ReplyDeleteഒറ്റയ്ക്ക് നടന്നു തീര്‍ത്ത എത്രയൊ ഗ്രാമവഴികള്‍....അവിടെയൊക്കെ ഉപേക്ഷിച്ചു പോന്ന എത്രയൊ സ്വപ്നങ്ങള്‍....ഇപ്പോള്‍ അകലെ നഗരത്തിന്റെ തിരക്കില്‍ എവിടെയോ ഒളിഞ്ഞിരുന്ന് ആ ശാദ്വലഭൂമികളെ സ്വപ്നം കാണുന്നു....അതു തന്നെയാ നല്ലത്....നോക്കെത്താ ദൂരത്തോളം മരുഭൂമി....പിന്നെ വല്ലപ്പോഴുമൊക്കെ ഒരു മരുപ്പച്ച....
പിന്നെ മരണം....അത് ഭ്രാന്തൊന്നുമല്ല....അത് അനിവാര്യമായ കാര്യങ്ങളില്‍ ഒന്ന് മാത്രം....
ഇനിയും ഇതുപോലെ സുന്ദരമായ വരികള്‍ മാത്രം എഴുതിയാല്‍ മതി...അല്ലെങ്കില്‍ ഐ വില്‍ കൊല്‍ യൂ...
വളരെ നന്നായിട്ടുണ്ട്... ഇഷ്ടപ്പെട്ടു... ഈ എഴുത്ത് പലതും ഓര്‍മിപ്പിക്കുന്നു...
ReplyDeleteചേച്ചിയും 'പുലിത്വം' ഉള്ളവരുടെ കൂട്ടത്തില്‍ തന്നെ...
“ പിന്നെ തിരിച്ചറിവു വന്നിട്ടെന്ന പോലെ പുറകോട്ടൊഴുകും.“
ReplyDelete-പുഴ പുറകോട്ട്.., എപ്പോള്‍?
“എവിടെയൊ തടഞ്ഞു നിന്ന ഒരു കൊച്ച് പുല്‍ത്തുരുത്ത് “
- ഈ പുല്‍ത്തുരുത്തിനെ ആ ശീലാന്തി മരത്തില്‍ കെട്ടായിരുന്നു.ട്ടോ!
...”വീണ്ടും അവയുടെ ഏകാന്തയാത്ര“ തുടര്‍ന്നു.“
-ഒന്നിച്ചായിരുന്നപ്പോഴും ഏകാന്തയായിരുന്നു?
---
അസാധാരണ കഴിവുകളുള്ള ഒരു കുട്ടിയാണ് താന്‍ എന്ന് സ്വയം മനസ്സിലാക്കു. ആലസ്യത്തിന്റെ, അലോസരത്തിന്റെ, നൈരാശ്യത്തിന്റെ നിറം മങ്ങിയ കണ്ണടയെടുത്ത് പുഴയിലെറിയൂ. എന്നിട്ട് ആസക്തിയോടെ അനുഭൂതിയോടെ അലിവോടെ ജീവിതത്തിന്റെ നേരെ മിഴികള്‍ തുറക്കൂ....
---
(ഒന്ന് ശുണ്ഠി പിടിപ്പിച്ച് നോക്കിയതാ.അങ്ങനേം ഒരു ചികിത്സയുണ്ട്, ട്ടാ!)
" മരണം ഒരു തരം ഭ്രാന്താണ്, പ്രണയം പോലെ സുഖമുള്ള ഒന്ന്"
ReplyDeleteഇളകിയ കല്ലുകള്‍ കൊണ്ട് പണിത ഒരൊറ്റയടിപ്പാത ഭൂമിയുടെ അറ്റത്തേയ്ക്കെത്തി പെട്ടെന്ന് തീരുന്നു. അതിന്റെ അവസാനത്തെക്കല്ലില്‍നിന്ന് അഗാധതയിലേയ്ക്ക് നോക്കുന്ന ഒരാള്‍ വേദനപ്പെടുന്നു.
“ഇല്ല, ഇനിയീ വഴികളിലൂടെ ഒരു യാത്രയില്ല. ഇനിയുള്ള എന്‍റെ യാത്രകളിലേക്കുള്ള വഴി ഇതല്ല“.
അല്ലേ?
എന്താ കുട്ടി മരിക്കാന്‍ പ്ലാന്‍ ഉണ്ടോ? ആര്‍ക്കും തന്നെ വേണ്ടന്നു തോന്നുന്നുണ്ടോ?
ReplyDeleteജീവിക്കണം, സ്വയം ചീഞ്ഞിട്ടാണെങ്കിലും മറ്റുള്ളവര്‍ക്കു വളമാകണം. മറ്റുള്ളവരുടെ സന്തോഷത്തില്‍ നമുക്കു സന്തോഷിക്കാന്‍ പറ്റിയാല്‍ ജീവിതം ആനന്തദായകം.
എന്തോ നിങ്ങള്‍ക്കൊരു നിരാശയും സങ്കടങ്ങളും ഉണ്ടെന്നു തോന്നി, അതു കൊണ്ടാ ഇങ്ങനെ പറഞ്ഞത്. നന്നായി എഴുതൂ.
അല്ലാ ഭാവുകങ്ങളും
ആസൂയ തോന്നുന്നു....
ReplyDeleteവായിക്കുമ്പോൾ എന്റെ ഉള്ളിലും നിറയുന്നു ഏതെല്ലാമോ ഗന്ധങ്ങൾ... നന്ദി...
ReplyDeleteമരുഭൂവിലിരുന്ന് ശാദ്വല ഭൂമികളെ സ്വപ്നം കണ്ട എന്നെപ്പോലുള്ളവരാണ് അതിലെ യാത്രക്കാര്‍.
ReplyDeleteതുടരുക ......................
എഴുത്തിനൊരു കാവ്യഭംഗിയുണ്ട്..(കാവ്യ+ഭം+ഗി) :)
ReplyDeleteരണ്ടാമത്തെ ഖണ്ഡിക എന്തിനു വേണ്ടിയാണെന്നു മനസിലായില്ല. രാജു ഇരിങ്ങല്‍ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ
ഇന്നാണ് ആദ്യമായി വരുന്നത്.
ReplyDeleteസരിജ,
ReplyDeleteവളാരെ നേരത്തേ തന്നെ വായിച്ചിരുന്നു. സാമയത്ത് അഭിപ്രായം അറിയിക്കാൻ സാധിച്ചില്ല. ക്ഷമിക്കുക. ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. രാജു ഇരിങ്ങലും മറ്റ് സ്നേഹിതരുമൊക്കെ പറഞ്ഞുതന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ഇതിലുമൊക്കെ എത്രയോ മെച്ചമായി തനിക്കെഴുതാൻ കഴിയും. എല്ലാ ഭാവുകങ്ങളും. കൂടുതൽ എഴുതുക.
വരികളില്‍ ജീവിതത്തിന്റെ വല്ലാത്തൊരു ആഴം ഒതുക്കിവെക്കുന്നു താങ്കള്‍.ഇരങ്ങല്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.സീരിയസ്സായ എഴുത്തുകളില്‍ താങ്കള്‍ വിജയം വരിക്കനാവുമെന്നത്.ഉള്ളില്‍ ഒരു കനല്‍ കെടാതെ കിടപ്പുണ്ട് സരിജയില്‍
ReplyDeleteവായിക്കാതെ വിട്ടുപോയതെങ്ങനെയെന്ന് അറിയില്ല, ഇന്നാണ് ശ്രദ്ധയില്‍ പെടുന്നത്.
ReplyDeleteമനോഹരമായി എഴുതിയിരിക്കുന്നു,എനിക്ക് അങ്ങിനെയാണ് തോന്നുന്നത്.
പിന്നെ ഇഴകീറി പഠിക്കാനുള്ള പാണ്ഡിത്യം നമുക്കില്ല.
ആശംസകള്‍.
നന്നായിരിയ്ക്കുന്നു. (വേറെ ഒന്നും പറയാന്‍ തോന്നുന്നില്ല)
ReplyDeleteസ്വയം വെട്ടിയൊരുക്കിയ വഴിയിലേക്ക് ജീവിതത്തെ തിരിക്കാനാകുമെന്ന് ചിലപ്പോൽ തോന്നാം. പക്ഷേ ജീവിതം നദി പോലെയാണ്. അജ്ഞാതമായ വഴികളിലൂടെ സ്വച്ഛന്ദമായാണ് എപ്പോഴും അതൊഴുകുന്നത്. അല്ലേ?
ReplyDeleteകടല്‍ പോലെ ഒരു ഒഴുക്ക് ഉണ്ട്
ReplyDeleteവരികള്‍ കീറിമുറിച്ച് പറയാന്‍ എനിക്കറിയില്ല.എങ്കിലും ഒന്നു പറയാം,നന്നായിരിക്കുന്നു.
ReplyDeleteഅതിമനോഹരമായ എഴുത്ത്. എങ്ങിനെ ഇങ്ങിനെ എഴുതാന്‍ കഴിയുന്നു? (എല്ല പോസ്റ്റും ഇന്നു തന്നെ വായിച്ചുതീര്‍ക്കണം)
ReplyDeleteവാക്കുകള്‍ക്ക് കാവ്യ ഭംഗി.
നല്ലൊരു പോസ്റ്റ്
ReplyDelete