Sunday, October 27, 2013

ഫ്രോഗ് - ഒരു കാഴ്ച!

ഒരു വാചകത്തിൽ ഫ്രോഗിനെക്കുറിച്ച്  പറഞ്ഞാൽ കണക്കുകൂട്ടലുകൾക്കപ്പുറത്താണ് ജീവിതം എന്ന ഓർമ്മപ്പെടുത്തൽ…
മരിക്കാൻ പോകുന്നവൻ കൊലപാതകിയായ് തിരിച്ചു പോകുന്ന സിനിമ കാണിക്കുന്നത് മനുഷ്യമനസ്സുകളുടെ വിചിത്രമായ വൈരുദ്ധ്യങ്ങളെയാണ്. മുകളിലേയ്ക്കു പോകുന്ന വളഞ്ഞുതിരിയുന്ന വഴികളും കാറ്റുപിടിക്കുന്ന ബോർഡും മൂടൽമഞ്ഞു നിറഞ്ഞ താഴ്വരകളും എല്ലാം  മനസ്സിൽ നിൽക്കുന്ന ചില ഫ്രെയിമുകളാണ്.

മരിക്കാൻ പോകുന്നവനും ആത്മാഭിമാനം ഉണ്ടെന്ന് പറയുന്ന ചിത്രം മനുഷ്യന്റെ മാറിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥകളുടെ രേഖപ്പെടുത്തലായിരിക്കണം ലക്ഷ്യമിട്ടത്.
മരിക്കാൻ പോകുന്നവനെ കൊല്ലുമെന്ന് പറയുമ്പോൾ കീഴടങ്ങുന്ന മനുഷ്യമനസ്സിന്റെ ചിന്തയും, തന്നെ കീഴടക്കിയവനെ വകവരുത്തിയ മനസ്സിന്റെ ചിന്തയും – രണ്ടു ധ്രുവങ്ങളുടെ സമന്വയം-  മനുഷ്യമനസ്സുകളിൽ എത്ര പെട്ടെന്നാണ് സംഭവിക്കുന്നത്!

പ്രകൃതിയെ ചിലയവസരങ്ങളിൽ മനസിന്റെ വിഭ്രമാത്മകമായ പ്രതീകമാക്കി കൊണ്ടുവന്നതിന് സംവിധായകൻ അഭിനന്ദനമർഹിക്കുന്നു.  തെളിഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ വണ്ടി നിർത്തി ഇറങ്ങി താഴേക്ക് പോകുന്നവർ. എല്ലാം കഴിഞ്ഞ് പരിഭ്രാന്തമായ് തിരികെ ഓടിക്കയറി വരുമ്പോൾ സൂചനാ ഫലകങ്ങളെ ആട്ടിയുലയ്ക്കുന്ന കാറ്റും കടുത്ത മൂടൽമഞ്ഞും. മാറുന്ന മനസ്സുകൾ പോലെ മാറുന്ന പ്രകൃതിയും.

കോഴിക്കച്ചവടക്കാരന്റെ സ്വഭാവത്തെക്കുറിച്ച് ഒരവബോധം കാഴ്ചക്കാരനിൽ ഉണ്ടാക്കിക്കൊണ്ട് മുന്നേറുന്ന സിനിമ ഓരോ വളവിലും അതിനെ കൂടുതൽ കൂടുതൽ വിശദീകരിക്കുകയായിരുന്നു.പരുക്കനായും വൃത്തികെട്ടവനായും പാട്ടുസ്നേഹിയായും അയാളെ ഫലിപ്പിക്കാൻ ആ നടനായി. മരിക്കാൻ പോകുമ്പോഴും മരണത്തിലേയ്ക്കു വഴികാട്ടുന്ന ധൈര്യം അയാളെ ഒരു വില്ലനല്ലാതെയാക്കുന്നു. അപ്പോഴും അയാൾ വിശ്വസിക്കുന്നത് അവൻ മരിക്കുമെന്ന് തന്നെയാണ്. മരിക്കാതെ അവൻ തിരികെ ജീവിതത്തിലേയ്ക്കു നടക്കുമ്പോൾ വീണ്ടും അയാൾ വില്ലനും അവൻ ഇരയുമാകുന്നു. മനസംഘർഷങ്ങളുടെ സങ്കീർണ്ണമായ വഴികളിൽ കാഴ്ചക്കാരന്റെ മനസ്സും ഒരു നിമിഷം ഉലഞ്ഞു പോകുന്നു.

ക്ലൈമാക്സിലെ നരച്ച നിറങ്ങളും കടുത്ത മൂടൽമഞ്ഞും അവ്യക്തയും ഈ ചിത്രത്തിന്റെ മൂഡിന് നന്നായി യോജിക്കുന്നു.  ശബ്ദലേഖനം കുറച്ചുകൂടി നന്നാക്കാമായിരുന്നു. കഥയുടെ സങ്കീർണ്ണതയ്ക്കപ്പുറം ശ്രദ്ധിക്കപ്പെടുന്ന ചില ലോങ്ങ് ഷോട്ടുകൾ, മനസ്സിൽ തങ്ങുന്ന ചില ഫ്രെയിമുകൾ… സനലിന്റെ സിനിമ കാഴ്ചക്കാരന്റെ ഹൃദയത്തിൽ ചിന്തകളൊ ദൃശ്യങ്ങളൊ എന്തൊക്കെയോ ബാക്കി വയ്ക്കുന്നുണ്ട്.
ഇരുപത് മിനിറ്റിൽ നിന്ന് നൂറ്റി‌ഇരുപതു മിനിറ്റിലേക്ക് സനലിന്റെ സിനിമയെത്താൻ എന്റെ എല്ലാവിധ ആശംസകളും….