Tuesday, February 5, 2013

പൂമരങ്ങളുടെ വേനൽ - വഴിയോരക്കാഴ്ചകൾ

വേനലിന്റെ നിറം മഞ്ഞയാണോ? വിഷാദത്തിന്റെ, വാൻ‌ഗോഗിന്റെ സൂര്യകാന്തിപ്പൂക്കളുടെ  മഞ്ഞ? അതോ ചുവപ്പോ? ഗുൽമോഹറുകളുടെ, കുഞ്ഞ് കൊങ്ങിണിപ്പൂക്കളുടെ ചുവപ്പ്?

എന്റെ പാതകളിലെവിടെയും പൂമരങ്ങളാണ്.
മഞ്ഞയുടെ ഗുൽമോഹറുകൾ... കനം‌കുറഞ്ഞ കടലാസു പൂക്കൾ പോലുള്ള ഇതളുകളുമായ് ആകാശം നോക്കി ഒരു നിത്യഹരിത മരം. കാറ്റിലടർന്നും ദിവസം തീർന്നും വീഴുന്ന പൂക്കൾ പാതകളിൽ മഞ്ഞപ്പട്ടു വിരിക്കുന്നു. ഭൂമിയെ തൊടാൻ കൈനീട്ടി നിൽക്കുന്ന പൂക്കുലകളുമായ് ഇലകൊഴിച്ചു പൂക്കുന്ന കൊന്നമരം. വീണ്ടും ഒരു മഞ്ഞ വസന്തം! പൂവെന്നൊ പൊടിയെന്നൊ വേർതിരിക്കാനാവാതെ മഞ്ഞത്തൊങ്ങലുമായ് അക്വേഷ്യ മരങ്ങൾ... പൊട്ടിത്തെറിയ്ക്കുന്ന മഞ്ഞപ്പൂങ്കുലകളുമായ് യെല്ലൊ ബെത്സ്. വെയിൽ തിളയ്ക്കുന്ന ഈ വേനലിൽ മഞ്ഞ എനിക്ക് വിഷാദത്തിന്റെ നിറമല്ല, തണുപ്പോളിപ്പിച്ച കാറ്റുറങ്ങുന്ന ഒരു കാടാണ് എനിക്കീ മഞ്ഞമരങ്ങൾ...


ചുവപ്പിന്റെ , അതിൽ ഇളംവെള്ള രാശികലർന്ന ഗുൽമോഹറുകളുടെ വേനൽ. ഇലകൊഴിച്ച് പൂത്തു തുടങ്ങുന്നേയുള്ളു. കനലൊളിപ്പിച്ച പച്ചയാണ് ഇപ്പൊ കണ്ണിൽ തെളിയുന്നത്. 
നഗരങ്ങളിൽ കാട്ടുകൊങ്ങിണികൾ അപൂർവ്വമാണ്. പക്ഷെ എന്റെ വഴികളിൽ ഒരുകൂട്ടം കാട്ടുകൊങ്ങിണികൾ പൂത്തുനിൽക്കുന്നു. കാറ്റിലറിയാം കാട്ടുകൊങ്ങിണികളുടെ ഗന്ധം.
ഇരുണ്ട പച്ചയിലകൾക്കിടയിൽ തീക്കനൽ പോലുള്ള ചമതപ്പൂക്കൾ...കാട്ടുവഴികളിലെ പലാശപ്പൂങ്കുലകൾക്ക് പുരാണത്തോളം പഴക്കമുണ്ട്. ഈ ചുവപ്പ് വിപ്ലവത്തിന്റേതല്ല, ഉണർവ്വിന്റെ ഒരു കടലാണ് ഈ ചുവപ്പു പൂക്കൾ...

ഇനിയുമുണ്ട്... മരങ്ങളിൽ ചുറ്റിപ്പടർന്ന് വെള്ളയും റോസും ചുവപ്പും കലർന്ന പൂക്കുലകളുമായ് പുല്ലാന്തി വള്ളികൾ. നാട്ടിൻ‌പുറത്തെ വീട്ടിൽ, വേനൽക്കാല രാത്രികളിലെ തണുപ്പിൽ കലർന്നു വരുന്ന പൂമണം ഈ പുല്ലാന്തിപ്പൂക്കളുടേതായിരുന്നു. പിന്നെ പുല്ലിൽ വീണു പോയ നീലനക്ഷത്രങ്ങൾ പോലെ പൂക്കളുമായ്  നിലം‌പറ്റി വളരുന്ന മറ്റൊരു വള്ളിച്ചെടി.
ഇടയ്ക്കിടെ കുഞ്ഞു കുഞ്ഞ് വെള്ളപ്പൂക്കളുമായ് കമ്മ്യൂണിസ്റ്റ് പച്ചകളുടെ കൂട്ടം.

വാടിയ പച്ചപ്പുല്ലിന്റെ മണമാണ് വേനലിന്. കരിഞ്ഞുണങ്ങുന്ന വെയിലാണ് വേനലിന്. ഒപ്പം പൂക്കൾ നൃത്തം വയ്ക്കുന്ന വസന്തവുമാണ് വേനൽ. വേനലെ... കുറയാതെ കൂടാതെ നീ കടന്നു പോകുക. വരൾച്ചയുടെയും വറുതികളുടെയും കഥകളില്ലാതെ ഞങ്ങൾ ജീവിയ്ക്കട്ടെ.