Tuesday, October 9, 2012

തോണി

മണലിലുറച്ചു പോയൊരു തോണി. ഏതോ വൻ‌തിരയിൽ കരയ്ക്കടിഞ്ഞതാണ്.  ഇനിയൊഴുകാനാവാത്ത വിധം  മണലിൽ പുതഞ്ഞു പോയ്. 
ഇന്ന് അതിന് കടലിന്റെ നനവില്ല, കാറ്റിനൊത്തൊഴുകാൻ പായ്മരങ്ങളില്ല, ലക്ഷ്യം തേടുന്ന തുഴകളില്ല.  
 
 ചെറുതിരകൾ തീരത്തു വന്നും പോയുമിരുന്നു.  തിരകളിലേയ്ക്കു വലിച്ചിറക്കാനാകാതെ ഉപ്പുമണമുള്ള കടൽക്കാറ്റ് തോണിയ്ക്കു ചുറ്റും വീശിത്തിരിഞ്ഞു. കാറ്റ് വലിച്ചു കൊണ്ടുവരുന്ന വൻ‌തിരകളെല്ലാം  തിരിച്ചിറങ്ങുന്ന ചെറുതിരകളിൽ തട്ടി ചെറുതായ്ക്കൊണ്ടിരുന്നു. വിഫലമായ ശ്രമങ്ങൾക്കൊടുവിൽ കാറ്റ് മരത്തലപ്പുകളിലേയ്ക്ക് തിരിച്ചു പോയി.

 പെയ്തിറങ്ങിയ മഴ ചാലുകൾ തീർത്തെങ്കിലും എത്ര പെയ്തിട്ടും ഒരു തോണിയെ ഒഴുക്കാൻ മാത്രം വെള്ളം നിറഞ്ഞില്ല. പണ്ടത്തെ പെരുമഴകളെയോർത്ത് പതം പറഞ്ഞ് കരഞ്ഞ് മഴ തീരം  വിട്ടു.

മണലിൽ വീണ്ടും തോണി തനിച്ചായി. മണൽ തിളയ്ക്കുന്ന വെയിലിൽ തോണി പൊള്ളിയടരാൻ തുടങ്ങി.  മരപ്പലകകൾ വിണ്ടുപൊട്ടാൻ തുടങ്ങി. നിലാവിലും മണലിൽ നിന്നിളം ചൂടുയർന്നു. മരത്തലപ്പുകളിൽ നിന്ന് വീണ്ടും കാറ്റിറങ്ങി വന്നു. തോണിയുടെ നിശ്വാസങ്ങളേറ്റു വാങ്ങിയ കാറ്റ് കടലിലേയ്ക്കു പാഞ്ഞു.  
കാറ്റ് ഒരു കൊടുങ്കാറ്റായ് തിരികെ വരും. കൊടുങ്കാറ്റിൽ കടൽ കയറി വരും.  കാറ്റെടുത്തു വരുന്ന വൻ‌തിര കാത്തുകാത്ത് ഒരു തോണി