Friday, October 29, 2010

മുളങ്കാടുകള്‍ പൂത്തുകഴിഞ്ഞാല്‍...

മലയിറങ്ങി താഴ്വരയിലേയ്ക്കൂ പോകൂന്ന കാറ്റ് ശബ്ദമുണ്ടാ‍ക്കിക്കൊണ്ട് കാറിനുള്ളിലൂടെ കടന്നു പോയി.   ഉരുളന്‍ കല്ലുകള്‍ ചിതറിക്കിടക്കുന്ന മൂടല്‍മഞ്ഞു മൂടിയ മലമ്പാത അവസാനമില്ലാതെ തുടരുകയാണോ? കണ്ണുകളെ വീണ്ടും താഴ്വരകളിലെ കാടുകളിലേയ്ക്കഴിച്ചു വിട്ടു. കാടിനെ മൂടി നിന്ന കുളിര് വെയിലില്‍ അഴിഞ്ഞു തുടങ്ങി.

മലമ്പാത ഇവിടെ അവസാനിക്കുകയാണ്.  ഇനി വനമാണ്. അടിക്കാടുകള്‍ തഴച്ചു വളരുന്ന നിത്യഹരിത വനം. മഴയുടെ തുടിപ്പ് മണ്ണിലും ഇലകളിലും നിറഞ്ഞു നില്‍ക്കുന്നു. വഴികള്‍ക്കിരുവശവും കാട്ടുകൊങ്ങിണികളും കലമ്പട്ടകളും ഇടതുര്‍ന്നു പൂത്തുനില്‍ക്കുന്നു. പുല്ലില്‍ നിന്നും പൂക്കളില്‍ നിന്നും പ്രസരിക്കുന്ന കാടിന്റെ സൌരഭ്യം!

കാറ്റ് കയറാത്ത മുറി പോലെ കാട് നിശ്ചലമായിരുന്നു. ഉള്‍ക്കാടുകളിലേയ്ക്കു കടക്കുന്തോറും തണുപ്പ് കൂടി വന്നു. ഇലകളടിഞ്ഞു മൃദുലമായ ഈ വനഭൂമികളില്‍ ഒരിക്കലും വെയില്‍ വീഴാറില്ല്ല്ലെന്നു തോന്നുന്നു.   വൃക്ഷത്തലപ്പുകള്‍ക്കിടയിലൂടെ ഒരു മഴ ചോര്‍ന്നൊലിച്ചു.  മഴമേഘങ്ങള്‍ വരുന്നതും പോകൂന്നതും എത്ര വേഗത്തിലാണ്!  
വയലറ്റു പൂ‍ക്കളുതിര്‍ത്ത് നില്‍ക്കുന്ന മണിമരുതുകള്‍ക്കപ്പുറം മുളങ്കാടുകളാണ്.  മഞ്ഞയില്‍ കറുപ്പ് തൂവലുകളുള്ള ഒരു പക്ഷി മുളങ്കാടുകള്‍ക്കുള്ളില്‍ ചിറകുമിനുക്കിയിരിക്കുന്നു.

കാലംതോറും കാട്ടിലെവിടെയെങ്കിലും മുളങ്കാടുകള്‍ പൂക്കും.   വളര്‍ന്ന്, പടര്‍ന്ന്, പൂവിട്ട്, മുളയരി വിതറി ഒടുവില്‍  നിശബ്ദം പട്ടു പോകുന്ന മുളങ്കാടുകള്‍....  പിന്നെ പതിറ്റാണ്ടുകളോളം അവിടെ മുള തളിര്‍ക്കില്ല. മുള പൂക്കുന്നത് കാടിന്റെ മക്കള്‍ക്ക് ആഘോഷമാണ്.  മുളങ്കാടുകളിലെ ഭൂമി,  ഉണങ്ങി സ്വര്‍ണ വര്‍ണ്ണമാര്‍ന്ന ഇലകള്‍ കൊണ്ട് നിറഞ്ഞിരിക്കും. ഇലകള്‍ തൂത്തു വൃത്തിയാക്കി മുളഞ്ചോടുകള്‍ അവര്‍ ഒരുക്കിയിടുന്നു. പൊഴിഞ്ഞു വീഴുന്ന മുളയരികള്‍ മുളങ്കുറ്റികളില്‍ നിറച്ച് സൂക്ഷിക്കുന്നു. ഇനിയൊരു മുളങ്കാട് പൂക്കും വരേയ്ക്കും ഇതാണവരുടെ ഭക്ഷണം.

മുളങ്കാടിനപ്പുറത്ത് നിന്ന് പുല്‍മേടുകളുടെ തുടക്കമാണ്. ഇവയോട് ചേര്‍ന്നാണ് കാടിന്റെ മക്കളുടെ കുടിലുകള്‍. ഈറയും മുളന്തണ്ടുകളും കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലുകള്‍. മുളയരി കഞ്ഞിയും മുളകു ചുട്ട ചമ്മന്തിയും. വൈകുന്നേരങ്ങളില്‍ മുളയരി പൊടിച്ചുണ്ടാക്കിയ പലഹാരം. കാടിന്റെ മനസ്സറിഞ്ഞ് ജീവിക്കുന്നവര്‍. മനസ്സില്‍ നേരുമാത്രമുള്ളവര്‍.

ഇവരെ ആര്‍ക്കാണ് നാടിന്റെ മക്കളാക്കേണ്ടത്? നാടിന്റെ തിന്മയും മത്സരവും ആര്‍ക്കാണ് ഇവരില്‍ നിറയ്ക്കേണ്ടത്. കാട് നല്‍കുന്ന അഭയം, സുരക്ഷിതത്വം ഇതെല്ലാം നിങ്ങളവര്‍ക്കു നല്‍കുമോ?
സഞ്ചരിക്കാന്‍ ശീതളിമയാര്‍ന്ന ഉള്‍ക്കാടുകള്‍ ഇവിടില്ല. മുളങ്കുറ്റികളില്‍ നിറച്ച ധാന്യമില്ല. സര്‍വ്വരും ഒന്നുപോലെ ആഘോഷിക്കുന്ന ആചാരങ്ങളോ ആഘോഷങ്ങളോ ഇല്ല.  ഇവിടെ നിങ്ങള്‍ക്കായ് ആരും ഒന്നും കരുതി വച്ചിട്ടില്ല. നാട് ഒരിയ്ക്കല്‍മാത്രം പൂത്ത് പട്ടു പോകുന്ന മുളങ്കാടുകളാണ്. അവിടം പിന്നീട് തരിശു നിലമാകും. ഇത് തിരിച്ചറിവുകളുടെ കാലമാണ്. ഇതിന്റെ അവസാനം ലോകം നിങ്ങളിലേയ്ക്കു വരും...