Tuesday, January 13, 2009

മരണത്തിന്‍റെ ഗന്ധമുള്ള കാറ്റ്

ഉച്ചതിരിഞ്ഞ നേരം. ഉരുകിത്തിളച്ച വെയിലിനു മേല്‍ കാറ്റു പടര്‍ന്നു. കരിയിലകളെ പറപ്പിച്ചു കൊണ്ട്‌, ഇലപൊഴിച്ചു നില്‍ക്കുന്ന റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ ഒരു കാറ്റ്‌ ചുറ്റിത്തിരിഞ്ഞു. വല്ലാത്തൊരസ്വസ്ഥത മനസ്സില്‍ പടരുന്നത്‌ വകവയ്ക്കാതെ ഞാന്‍ അടുത്ത മലയും കയറാന്‍ തുടങ്ങി.

മലഞ്ചെരുവിലൂടെ നടക്കാനിറങ്ങുമ്പോള്‍ മനസ്സില്‍ ബാല്യത്തിന്‍റെ തിമിര്‍പ്പ്‌ ഒട്ടുമില്ലായിരുന്നു. കണ്ണെത്തുന്ന ദൂരത്തെല്ലാം റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ കുന്നുകളും താഴ്‌വരകളുമാണ്‌. കുറ്റിക്കാടുകളില്‍ മൈലോമ്പിയും ഞാറപ്പഴങ്ങളും പരതി നടന്ന ബാല്യം. കുന്നിക്കുരു ഉണ്ടാവുന്ന വള്ളിച്ചെടിയും, മഞ്ചാടിയുണ്ടാകുന്ന മരവും വലിയ കായ്കള്‍ ശബ്ദത്തോടെ പൊട്ടിച്ചിതറി പറന്നു വരുന്ന അപ്പൂപ്പന്‍താടികളും എല്ലാം ഓര്‍മ്മകളുടെ മഴയായ്‌ പെയ്ത്‌ എന്‍റെ മനസ്സിനെ ആര്‍ദ്രമാക്കി. പേഴിന്‍റെ അടര്‍ന്നു വീഴുന്ന കായ്കളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധം ഇന്നും തിരിച്ചറിയാം. ഇലവു മരം പൂത്തൂലഞ്ഞ്‌ പൂവു കൊഴിച്ച്‌ കാലങ്ങള്‍ പോയതറിയാതെ കണ്ണടച്ചു നില്‍ക്കുന്നു.

എല്ലാം അവിടെ മനോഹരമായിരുന്നു. എങ്കിലും ഒരറിയാ വ്യഥ എന്നില്‍ തിങ്ങി വളരുന്ന പോലെ. മനസ്സിന്‍റെ അസ്വസ്ഥത കൂടിക്കൂടി വന്നു. പാമ്പിന്‍പത്തി പോലുള്ള കായ്‌കള്‍ വീണു കിടക്കുന്ന മഹാഗണിയുടെ ചുവട്ടില്‍ ഞാനിരുന്നു.

 മുന്നില്‍ ഇനിയും ഒരു മലയാണ്‌. റബ്ബര്‍മരങ്ങളുടെ നീണ്ടുപോകുന്ന നിര. അവയ്ക്കിടയില്‍ നിറയെ ശിഖരങ്ങളുമായ്‌ ചാഞ്ഞുകിടക്കുന്നൊരു കശുമാവ്‌... ഓര്‍മ്മകളില്‍ മരണത്തിന്‍റെ ഗന്ധമുള്ളൊരു കാറ്റ് വീശി. ഹൃദയത്തിലൊരു നടുക്കത്തോടെ ഞാന്‍ ആ സ്ഥലം തിരിച്ചറിഞ്ഞു. മലഞ്ചെരിവുകളില്‍ കരിയിലകള്‍ പറത്തുന്ന കാറ്റിന്‌ ശക്തി കൂടുന്നത്‌ ഞാനറിഞ്ഞു.

 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ഇതുപോലൊരു വേനല്‍ക്കാറ്റ്‌ വീശുന്ന ദിവസം ഞാനാ മലമുകളില്‍ പോയിരുന്നു. വട്ടയിലയില്‍ മൈലോമ്പിപ്പഴങ്ങളും പൂച്ചപ്പഴങ്ങളും പൊതിഞ്ഞു പിടിച്ച് പിന്നെയും കുറ്റിക്കാടുകളില്‍ കാട്ടുപഴങ്ങള്‍ തിരഞ്ഞു നടന്നു. മലമുകളില്‍ ഒന്നു വട്ടം തിരിയുമ്പോള്‍ ആ കാഴ്ച്ച കണ്ടു. കശുമാവിന്‍റെ കൊമ്പില്‍ നിന്നു താഴേക്ക്‌ എടുത്ത്‌ ചാടുന്ന ഒരു സ്ത്രീ. കണ്ണുവിടര്‍ത്തി നോക്കി നില്‍ക്കുമ്പോള്‍ ഞാനറിഞ്ഞു അവര്‍ നിലത്തെത്തിയിട്ടില്ല. ഒരു തുണ്ടു കയറില്‍  വായുവില്‍ അവര്‍ കുതറി പിടഞ്ഞു. ഞാനലറിക്കരഞ്ഞുവോ? അറിയില്ല. ഓര്‍മ്മ വരുമ്പോള്‍ അപ്പൂപ്പന്‍ എന്നെ എടുത്തിരിക്കുകയാണ്‌ . ആടിയുലഞ്ഞ കശുമാവിന്‍ ചില്ലകള്‍ അനക്കമില്ലാതെ നില്‍ക്കുന്നു. അപ്പൂപ്പന്‍റെ തോളില്‍ നിന്നും മെല്ലെ മുഖമുയര്‍ത്തി ചുറ്റും നോക്കുമ്പോള്‍ അകലെ അലമുറകള്‍ക്കും ആള്‍ക്കൂട്ടത്തിനുമിടയിലൂടെ ഞാനാ കാലുകള്‍ കണ്ടു. അപ്പൂപ്പന്‍റെ വിരലുകള്‍ എന്‍റെ കുഞ്ഞുകണ്ണുകളെ മൂടിപ്പിടിച്ചു.

അതെ, ഞാന്‍ എത്തി നില്‍ക്കുന്നത്‌ അതേ മലഞ്ചെരുവിലാണ്‌. ബാല്യത്തിന്‍റെ മനസ്സ് അലറിക്കരഞ്ഞു. കശുമാവിന്‍ ചില്ലകളില്‍ മരണത്തിന്‍റെ ഗന്ധമുള്ള കാറ്റ് പിടഞ്ഞുണര്‍ന്നു. ഒരിക്കല്‍ക്കൂടി ഉറക്കെ കരയാന്‍ , ആ ഇരുപ്പില്‍ നിന്നെണീറ്റോടാന്‍, ഒന്നിനും വയ്യാതെ ഞാന്‍...  കാറ്റിനു ശബ്ദം കൂടുന്നതും കരിയിലകള്‍ പറന്നരികിലെത്തുന്നതും കണ്ട്‌ മുഖം പൊത്തിയിരുന്നു .

ആ‍ നിമിഷങ്ങളില്‍  റബ്ബര്‍മരങ്ങള്‍ക്കിടയിലൂ‍ടെ അപ്പൂപ്പന്‍റെ  വിളിയൊച്ച മലഞ്ചെരിവുകളിലെങ്ങും  മുഴങ്ങി. എന്‍റെ കൈകാലുകള്‍ക്ക്‌ ജീവന്‍ വച്ചു. കരിയിലകള്‍ക്കു മുകളില്‍ മറ്റൊരു കാറ്റായ്‌ ഞാനും പറന്നു, അപ്പൂപ്പന്‍റെ കൈകളിലേക്ക്‌. എത്ര വളര്‍ന്നാലും എന്‍റെ അഭയവും ആശ്വാസവും കുഴമ്പു മണക്കുന്ന ആ കൈകളാണെന്ന തിരിച്ചറിവിലേക്ക്.