Saturday, October 25, 2008

ആത്മാവുകളെ വിളിച്ച് വരുത്തുന്നവര്‍

അന്ന്‌ ആകാശം ഇരുണ്ട്‌ കിടന്നു. ഹോസ്റ്റലിന്‍റെ ഇടനാഴികളിലൂടെ കടലിന്‍റെ തണുപ്പും മണവും കലര്‍ന്നൊരു കാറ്റ്‌ ചുറ്റിത്തിരിഞ്ഞു. ഇടനാഴിയുടെ കിഴക്കുവശം കായലിലേക്കും പടിഞ്ഞാറുവശം കടലിലേക്കും തുറന്നു കിടക്കുന്നു. തീരത്ത് പാകിയിരിക്കുന്ന കരിങ്കല്ലില്‍ വന്നിടിച്ച് തിരമാലകള്‍ ചിതറിപ്പോകുന്നുണ്ടായിരുന്നു. അവിടെ നിശബ്ദമായ രാത്രി എന്നൊന്നുണ്ടായിരുന്നില്ല. കാറ്റിന്‍റെ ഭയാനകമായ ചൂളം വിളി, അല്ലെങ്കില്‍ കരിങ്കല്ലുകളില്‍ ആഞ്ഞടിക്കുന്ന കൂറ്റന്‍ തിരമാലകളുടെ ആരവം. കൂര്‍ത്ത കരിങ്കല്ലുകള്‍ മിനുസമായിട്ടും, ഒരു മനുഷ്യനും കയറാന്‍ പറ്റാതെ വഴുക്കുന്നവയായിട്ടും തിരമാലകള്‍ ഈ മിനുസപ്പെടുത്തല്‍ അവസാനിപ്പിച്ചില്ല. ഇന്ന്‌ കാറ്റും തിരമാലയും മത്സരിക്കുകയാണ്‌.

മുറിയിലെ ഇരുളിലേയ്ക്ക് കണ്ണും തുറന്ന് കിടക്കുമ്പോള്‍ എനിക്കു മുന്നില്‍ കുറെ കുഞ്ഞു കണികകള്‍ നൃത്തം ചെയ്യുന്നതായി തോന്നി. ഒരിക്കല്‍ കൂടി കണ്‍പോളകള്‍ അടച്ച് തുറന്ന് ഞാന്‍ ഉറങ്ങുകയല്ല എന്ന് ഉറപ്പ് വരുത്തി. ഇല്ല അവ എന്‍റെ മുന്നില്‍ നൃത്തം ചെയ്യുന്നു, നിറഭേദങ്ങളോടെ. ഇരുളിന്‍റെ നിശ്ശബ്ദതയിലേയ്ക്ക് കണ്ണ് തുറന്ന് കാതോര്‍ത്ത് കിടക്കുന്ന നാളുകളിലെല്ലാം ഈ അനുഭവം ഉണ്ടാവാറുണ്ട്‌.


വാര്‍ഡന്‍ ഒരു റൌണ്ട്‌ കഴിഞ്ഞ്‌ പോയിരിക്കുന്നു. ഇനി ഒരു തവണ കൂടി അവര്‍ വന്നുപോകും. രാത്രി വളര്‍ന്നു കൊണ്ടിരുന്നു. ഞാന്‍ കാതോര്‍ത്ത് കിടന്നു. ഒരിക്കല്‍ കൂടി അവരുടെ ചിലമ്പിച്ച ശബ്ദം ആ ഇടനാഴികളിലെ കാറ്റിനൊപ്പം ഉയര്‍ന്നു കേട്ടു. എല്ലാ ജനാലകളിലെയും വെളിച്ചം അണഞ്ഞു. കഴിഞ്ഞു , ഇനി അവര്‍ വരില്ല. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന്‌ പുറത്തിറങ്ങി. കനത്ത ഇരുളിനെ വകഞ്ഞു മാറ്റി കാറ്റിലൂടെ തുഴഞ്ഞെത്തുന്ന രൂപങ്ങളെ നോക്കി ഞാന്‍ നിശ്ചലം നിന്നു. പിന്നെ കടലിലേക്കു തുറക്കുന്ന ജാലകങ്ങള്‍ ഉള്ള ഇടനാഴിയിലെ അവസാന മുറിയിലേക്ക്‌ ഇരുട്ടിലൂടെ മുഖമില്ലാത്തവരായ് ഞങ്ങള്‍ നടന്നു പോയി. അകത്തു കയറി കടലിന്‍റെ ഇരമ്പലിനെ പുറത്താക്കി വാതില്‍ അടച്ചു.

വെളിച്ചമില്ലാത്ത മുറിയില്‍ ഇരുള്‍ രൂപങ്ങള്‍ കൃത്യമായ സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചു. ഒരു വലിയ വൃത്തത്തിലകപ്പെട്ടത്‌ പോലെ വട്ടത്തിലായിരുന്നു ഞങ്ങളുടെ ഇരുപ്പ്‌. ശ്വാസമെടുക്കുന്ന ശബ്ദവും നെഞ്ചിടിപ്പും പുറത്തറിയാന്‍ പറ്റുന്ന അത്ര ഭീതിയും ഞങ്ങള്‍ക്കോരോരുത്തര്‍ക്കൊപ്പവും സ്ഥാനം പിടിച്ചിരുന്നു. ഒരു ചീറ്റലോടെ കത്തിത്തെളിഞ്ഞ തീപ്പെട്ടിക്കോലിന്‍റെ പ്രകാശത്തില്‍ എല്ലാവരുടെയും മുഖം കണ്ടു. മെഴുകുതിരിയിലേക്കു പ്രകാശം പകരുമ്പോഴേക്കും എല്ലാവരും ചിട്ടയോടെ അവരവരുടെ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. വാച്ചിലെ സൂചികള്‍ അടുത്ത ദിവസത്തിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. സമയമായിരിക്കുന്നു.എല്ലാം കൃത്യമല്ലെ എന്നൊരിക്കല്‍ക്കൂടി നോക്കി.

അടുത്ത്‌ വച്ചിരുന്ന സ്റ്റീല്‍ ഗ്ളാസ്സ്‌ എടുത്തപ്പോഴുണ്ടായ കുഞ്ഞു ശബ്ദം വീണ്ടും മുറിയില്‍ ഭീതി നിറയ്ക്കുന്നത്‌ ഞാനറിഞ്ഞു. അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. കാറ്റും തിരമാലകളും അപ്പോഴും മത്സരം തുടര്‍ന്ന് കൊണ്ടേയിരുന്നു. ഞങ്ങളാകുന്ന വൃത്തത്തിനുള്ളില്‍ അക്ഷരമാലകളും അക്കങ്ങളും തീര്‍ത്ത വട്ടത്തിനുള്ളില്‍, ഒരു ഇരുപത്തിയഞ്ചു പൈസാ നാണയത്തിനു മുകളില്‍ മെഴുകുതിരി ജ്വലിച്ചു നിന്നു. അല്‍പ്പം മുന്നോട്ട്‌ നീങ്ങിയിരുന്ന് മെല്ലെ ആ മെഴുകുതിരിയെ ഞാന്‍ ഗ്ളാസ്‌ കൊണ്ട്‌ മൂടി. പ്രകാശം ഒരു കുഞ്ഞു വൃത്തത്തിനുള്ളിലേക്കു ചുരുങ്ങി ചുരുങ്ങി വന്നു. വീ‍ണ്ടും ആ മുറിയെ ഭയത്തിലേക്ക് ആഴ്ത്തിക്കൊണ്ട്‌ ഇരുട്ട് നിറഞ്ഞു. എല്ലാവരും പിന്നെയും ഇരുള്‍‌രൂപങ്ങളായി.

ഗ്ളാസിന്‍റെ മുകളില്‍ തൊട്ടിരിക്കുന്ന ചൂണ്ടുവിരല്‍ പൊള്ളുന്നത്‌ ഞാനറിഞ്ഞു. ആ നീറ്റലിലേക്കു വിരല്‍ ശക്തമായി അമര്‍ത്തിപ്പിടിച്ചു കണ്ണുകള്‍ അടച്ചു. മനസ്സിനെ ആത്മാവുകളുടെ ലോകത്തേക്കു കൊണ്ടു പോയി. അനേക കോടി ആത്മാക്കളിലൊരെണ്ണത്തെയെങ്കിലും അവിടേക്കു വിളിച്ചു കൊണ്ടു വരേണ്ടത്‌ അന്നത്തെ എന്‍റെ ദൌത്യമായിരുന്നു. ആത്മാര്‍ത്ഥമായിത്തന്നെ വിളിച്ചു, ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ , വിശ്വാസങ്ങളെ ശരിയെന്നോ തെറ്റെന്നോ തെളിയിക്കാന്‍. തലക്കുള്ളില്‍ ഒരു പെരുപ്പല്ലാതെ ഒന്നും തോന്നിയില്ല. കാറ്റിന്‍റെ ചൂളം വിളി എന്‍റെ തലയ്ക്കുള്ളില്‍ കിടന്നു കറങ്ങിത്തുടങ്ങി. ഇരുട്ടിന്‍റെ ഗുഹകളിലൂടെ അതിവേഗതയില്‍ മനസ്സ് പാഞ്ഞു നടന്നു. ഹോസ്റ്റല്‍ മുറിയും, എനിക്ക് ചുറ്റുമിരിക്കുന്നവരും എല്ലാം ഞാന്‍ മറന്നുപോയി.

കാതടപ്പിക്കുന്ന ശബ്ദവും ഭയങ്കരമായ ഒരു നിലവിളിയൊച്ചയുടെ തുടക്കവും പിന്നെയുള്ള അമര്‍ത്തിപ്പിടിക്കലും കേട്ട്‌ കണ്ണ് തുറക്കുമ്പോഴും തലയ്ക്കുള്ളിലെ പെരുപ്പവസാനിച്ചിരുന്നില്ല. എന്താ സംഭവിച്ചതെന്നൊ സംഭവിക്കുന്നതെന്നോ അറിയാതെ ഞാന്‍ ഇരുള്‍ രൂപങ്ങളെ നോക്കി മിഴിച്ചിരുന്നു. എന്‍റെ വിരല്‍ത്തുമ്പിനു താഴെ ഗ്ലാസില്ല എന്നു ഞാന്‍ മനസ്സിലാക്കി. ആര്‍ക്കും മിണ്ടാന്‍ വയ്യാത്ത അവസ്ഥ. അവര്‍ ശ്വാസം കഴിക്കുന്ന ഒച്ച മാത്രം മുറിയില്‍ നിറഞ്ഞു നിന്നു. നിമിഷങ്ങള്‍ ഒന്നൊന്നായി ഇരുളിലേക്കടര്‍ന്നു വീണു. "എന്താ സംഭവിച്ചത്? ആരാ കരഞ്ഞത്?" അടക്കിപ്പിടിച്ച ആകാംക്ഷയില്‍ എന്‍റെ ശബ്ദം മുറിഞ്ഞു പോകുന്നതറിയാതെ ഞാന്‍ ചോദിച്ചു. കിതപ്പിന്‍റെ ശബ്ദമല്ലാതെ വേറൊരു ശബ്ദവും ആ ഇരുളിലുണ്ടായിരുന്നില്ല. ഉത്തരം കിട്ടാത്ത ദേഷ്യവും , നടന്നതറിയാനുള്ള ആകാംക്ഷയും കാരണം വാര്‍ഡനെ മറന്ന് ഞാന്‍ ലൈറ്റിടാന്‍ എണീറ്റു. മരവിച്ച കാലുകള്‍ നിലത്തമരുമ്പോഴുള്ള പെരുപ്പില്‍ ജീവന്‍ പോകുന്നത് പോലെ തോന്നി.

വെളിച്ചത്തിന്‍റെ ധൈര്യത്തില്‍ ഓരോരുത്തരും തലയുയര്‍ത്തി. ചിലര്‍ ഇരു ചെവികളും അപ്പോഴും മൂടിപ്പിടിച്ചിരുന്നു. ചിലര്‍ അടുത്തിരുന്നവരുടെ കൈത്തണ്ടിലിറുകെപ്പിടിച്ചിരുന്നു. വൃത്തത്തില്‍ വിടവുകള്‍ വീഴ്ത്തി ഓരോരുത്തരായി എഴുന്നേറ്റ് ബെഡ്ഡിലേക്കിരുന്നു. അക്ഷരങ്ങളും അക്കങ്ങളും, യെസ് ഒര്‍ നോ തുണ്ടുകളും , മെഴുകുതിരിയും ഗ്ലാസ്സും മാത്രം തറയില്‍ ബാക്കിയായി.

"ഗ്ളാസ്സ്‌ അനങ്ങാന്‍ തുടങ്ങിയപ്പോള്‍ അടുത്ത മെഴുകുതിരി കത്തിക്കാന്‍ തീപ്പെട്ടിയെടുത്തു“. സൂര്യ പറഞ്ഞു തുടങ്ങി. “ തീപ്പെട്ടിയുരച്ചതും ഗ്ലാസ് മറിഞ്ഞു വീണു, പിന്നെ എന്തോ പൊട്ടുന്ന പോലെ, ചില്ലുടയുന്ന പോലെ ഉച്ചത്തിലുള്ള ശബ്ദം. അപ്പൊ ആരോ ഇവിടെ കരയുകയും ചെയ്തു.“ സൂ‍ര്യ ഓരോരുത്തരെയും മാറി മാറി നോക്കി. “ഇല്ല, ഞാന്‍ കരഞ്ഞില്ല” ഓരോരുത്തരും മത്സരിച്ച് ആണയിട്ടു. “അത് വല്ലാത്തൊരു ഷാര്‍പ് വോയിസ് ആയിരുന്നു, ഒറ്റ സെക്കന്‍റ് മാത്രം”‍ സൂര്യ ചിന്താഭാരത്തോടെ പറഞ്ഞു. ഭീതിയുടെ നിഴലുകള്‍ വീണ്ടും പരക്കുന്നത് ഞാനറിഞ്ഞു. വെറുതേ പറന്നു പോയ ഒരു നോട്ടം പടിഞ്ഞാറേയ്ക്കു തുറക്കുന്ന ചില്ലു ജാലകങ്ങളില്‍ മുട്ടി നിന്നു . ഹൃദയത്തില്‍ ഭയത്തിന്‍റെ വിള്ളലുകള്‍ വീഴ്ത്തിക്കൊണ്ട് ചിലന്തിവല പോലെ തകര്‍ന്നിരിക്കുന്ന ചില്ലുപാളികള്‍ ഞാന്‍ കണ്ടു. മെല്ലെ ലൈറ്റണച്ച് പുറത്തു കടന്നു. അവരാരും അതു കണ്ടില്ലല്ലൊ എന്നു ഞാന്‍ ആശ്വസിച്ചു. അല്ലെങ്കില്‍ ഈ രാത്രി ആരും ഉറങ്ങില്ല. ഇരുള്‍ വകഞ്ഞു മാറ്റി എല്ലാവരും അവനവന്‍റെ മുറികളിലേക്ക്‌ നടന്നു.

(പിറ്റേന്ന് എല്ലാവരുമറിഞ്ഞു, ഇടനാ‍ഴിയിലെ അവസാനത്തെ മുറിയുടെ കടലിലേക്കു തുറക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ന്നിരിക്കുന്നത്. ഞങ്ങളൊന്നുമറിയാത്ത പോലെ എന്നാല്‍ ഉള്‍ക്കിടിലത്തോടെ പരസ്പരം നോക്കാതെ നടന്നു. ഉച്ചകഴിഞ്ഞ് വാര്‍ഡന്‍ വന്നു. ആരെയെന്നില്ലാതെ കുറെ ചീത്ത വിളിച്ചു. ചില്ലു മാറാന്‍ വന്നയാള്‍ ഒന്ന് അമര്‍ത്തിത്തൊട്ടപ്പോള്‍ ചില്ലു തുണ്ടുകള്‍ മുറിക്കകത്തേക്കും പുറത്തേക്കും അടര്‍ന്ന് വീണു. “ഇതെങ്ങനെയാ ഇങ്ങനെ പൊട്ടുന്നത്?“ അയാളുടെ ആത്മഗതം. അത് തന്നെയാ ഞങ്ങള്‍ക്കും അറിയേണ്ടത്, ഒപ്പം ആരുടെ നിലവിളിയാണ് ഞങ്ങള്‍ കേട്ടതെന്നും)

Thursday, October 9, 2008

ശാദ്വല ഭൂമികളെ സ്വപ്നം കണ്ടവര്‍

ജാലകങ്ങള്‍ക്കപ്പുറത്ത്‌ പുഴ കടല്‍ വെള്ളം കയറി നിറയാന്‍ തുടങ്ങിയിരിക്കുന്നു. വേലിയേറ്റമാണ്‌. ചിലപ്പോള്‍ തോന്നും ഈ പുഴ പോലെയാണ്‌ എന്‍റെ മോഹങ്ങളെന്ന്‌. തീരങ്ങള്‍ കവിഞ്ഞ്‌ , അതിര്‍ത്തികള്‍ ലംഘിച്ച്‌ നിറഞ്ഞൊഴുകും . പിന്നെ തിരിച്ചറിവു വന്നിട്ടെന്ന പോലെ പുറകോട്ടൊഴുകും. വന്നിടത്തേക്കു തന്നെ മടങ്ങിപ്പോകും.

നിറഞ്ഞു വരുന്ന പുഴയിലൂടെ ഒഴുകിപ്പോകുന്ന കൊച്ചു കൊച്ച്‌ പുല്‍ത്തുരുത്തുകള്‍. അകലെ ഒരു ശീലാന്തി മരം വെള്ളത്തിലേക്ക്‌ ചാഞ്ഞു കിടക്കുന്നു. എവിടെയൊ തടഞ്ഞു നിന്ന ഒരു കൊച്ച്‌ പുല്‍ത്തുരുത്ത്‌ നിമിഷങ്ങള്‍ക്കുള്ളില്‍ പുഴയ്ക്കു നടുവില്‍ പുല്‍ത്തുരുത്തുകളുടെ ഒരു ദ്വീപ്‌ സൃഷ്ടിച്ചു. എങ്ങനെയാണാവോ ഇനിയും മണ്ണടര്‍ന്നു പോകാത്ത ഈ പുല്ലിന്‍കട്ടകള്‍ ഒഴുക്കില്‍പ്പെട്ടത്‌? ചിന്തിച്ച്‌ കഴിയും മുന്‍പെ മണല്‍ നിറച്ചു വന്ന ഒരു വഞ്ചി പുല്‍ദ്വീപിനെ ചിതറിച്ചു കൊണ്ട്‌ കടന്നു പോയി. പച്ചപ്പിന്‍റെ കൊച്ചു തുരുത്തുകള്‍ വീണ്ടും അവയുടെ ഏകാന്തയാത്ര തുടര്‍ന്നു. ഇനിയെവിടെയെങ്കിലും വീണ്ടും അവയൊരുമിക്കുമോ?

പുറത്ത്‌ ഉരുകിത്തിളയ്ക്കുന്ന വെയില്‍. ഓര്‍മ്മകള്‍ക്ക്‌ നനഞ്ഞ ഭസ്മത്തിന്‍റെ ഗന്ധമാണ്. എന്ന്‌ മുതലാണ്‌ ഞാന്‍ ഉറക്കത്തില്‍ കരഞ്ഞു തുടങ്ങിയത്‌? ഒത്തിരി ചിരിക്കുന്ന മനസ്സ്‌ ഉറക്കത്തിലെപ്പോഴോ ഉണര്‍ന്നു കരയുന്നു, ഞാനറിയാതെ. ഇന്നത്തെ ഉറക്കത്തിലും ഞാന്‍ കരയുമോ?

ഇന്നലെ പുല്ലാന്തിക്കാടുകളില്‍ വീശുന്ന കാറ്റ്‌ എന്നെ തേടി വന്നു. മടക്കയാത്രയ്ക്കു സമയമായെന്ന്‌ ഓര്‍മ്മിപ്പിക്കാന്‍. എങ്ങോട്ടോ ഒഴുകുന്ന ജീവിതത്തെ ഞാന്‍ വെട്ടിയൊരുക്കിയ വഴിയിലേക്ക്‌ തിരിക്കാനുള്ള സമയമാണിത്‌. ഗ്രാമത്തിന്‍റെ ഇടവഴികള്‍ കടന്നു പോരുമ്പോള്‍ മനസ്സ്‌ നിശബ്ദം ഒന്നു തേങ്ങി. ഈ മണ്‍തരികളില്‍ എന്‍റെ ഓര്‍മ്മകള്‍ വീണു കിടക്കുന്നു. എന്‍റെ കണ്ണീരുണങ്ങിക്കിടക്കുന്നു. മനസ്സു പറഞ്ഞു “ഇല്ല, ഇനിയീ വഴികളിലൂടെ ഒരു യാത്രയില്ല. ഇനിയുള്ള എന്‍റെ യാത്രകളിലേക്കുള്ള വഴി ഇതല്ല“.

നഗരത്തിന്‍റെ ഗന്ധം എന്നെ അസ്വസ്ഥയാക്കുന്നു. കണ്ണുകളടച്ച്‌ ചൌരസ്യയുടെ പുല്ലാങ്കുഴലിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിച്ചു നോക്കി. ജീവിതം പരിഹാസത്തോടെ എന്നെ നോക്കിച്ചിരിച്ചു. അസ്ഥിരതകളില്‍ സ്ഥിരതയെ തേടുന്ന വിഡ്ഡി വേഷം , അത്‌ ഞാനഴിച്ച്‌ വയ്ക്കുന്നു. സ്വയം പകര്‍ന്നാടാന്‍ ഇനിയൊന്നുമില്ല. കാതില്‍ വല്ലാത്ത ഇരമ്പല്‍... ഇരുളില്‍ നിന്നൊരു വണ്ടി തീക്കണ്ണുകള്‍ തുറന്ന്‌ വച്ച്‌ പാഞ്ഞു വരുന്നു. മരുഭൂവിലിരുന്ന്‌ ശാദ്വല ഭൂമികളെ സ്വപ്നം കണ്ട എന്നെപ്പോലുള്ളവരാണ്‌ അതിലെ യാത്രക്കാര്‍. എന്‍റെ ഹൃദയത്തിലേക്കു നടന്ന്‌ കയറിയ ചിലര്‍, അവര്‍ക്കായുള്ള എന്‍റെ യാത്രാമൊഴിയാണിത്. എഴുതിയവസാനിപ്പിക്കാന്‍ എവിടെയോ വായിച്ച വാക്കുകള്‍ കടമെടുക്കുന്നു. " മരണം ഒരു തരം ഭ്രാന്താണ്‌, പ്രണയം പോലെ സുഖമുള്ള ഒന്ന്‌"