Thursday, March 20, 2008

കൂട്ട്‌...

എനിക്കു ചിറകുകളുണ്ട്‌,
പക്ഷെ പറക്കാന്‍ വിശാലമായൊരാകാശമില്ല
എണ്റ്റെ തൂവലുകള്‍ കൊഴിയും മുന്‍പെ
നിണ്റ്റെ ആകാശത്ത്‌ ഞാനൊന്നു പറന്നോട്ടെ... ഒരിക്കല്‍ മാത്രം?

എനിക്കു സ്വപ്നങ്ങളുണ്ട്‌,
പക്ഷെ നട്ടു വളര്‍ത്താന്‍ ഭൂമിയില്ല
എണ്റ്റെ സ്വപ്നത്തിണ്റ്റെ വിത്തുകള്‍ കെട്ടു പോകും മുന്‍പെ
നിണ്റ്റെ മണ്ണില്‍ അതൊന്നു കിളിര്‍പ്പിച്ചോട്ടെ... ഒരിക്കല്‍ മാത്രം

നിണ്റ്റെ ആകാശവും ഭൂമിയും നീ എനിക്കു തന്നു,
ഇനിയും ഒന്നു കൂടി ഞാന്‍ ചോദിച്ചോട്ടെ...
ഈ ആകാശത്തു പറക്കാന്‍ ഈ മണ്ണില്‍ കിളിര്‍ക്കാന്‍,
എനിക്കൊരു കൂട്ട്‌...

Friday, March 14, 2008

എന്‍റെ അക്ഷരങ്ങള്‍

എന്‍റെ അക്ഷരങ്ങള്‍ കടല്‍ പോലെയാകണം:
ആഴങ്ങളില്‍ അത്ഭുതങ്ങള്‍ ഒളിപ്പിക്കുന്ന അപാരമായ ശാന്തതയുടെ ആഴക്കടലും പിന്നെ തിരകള്‍ ശബ്ദം വച്ച്‌ ഓടിക്കളിക്കുന്ന തീരക്കടലും;
അങ്ങനെയാകണം എന്‍റെ  അക്ഷരങ്ങള്‍ ധ്വനിപ്പിക്കുന്ന ലോകം .
എന്‍റെ  അക്ഷരങ്ങള്‍ കാറ്റു പോലെയാകണം:
വന്‍മരങ്ങളെ കടപുഴക്കുന്ന കൊടുങ്കാറ്റായും പിന്നെ അരുമയായ്‌ തഴുകി കടന്നു പോകുന്ന വയല്‍ക്കാറ്റായും; അങ്ങനെയാകണം എന്‍റെ  അക്ഷരങ്ങള്‍ ധ്വനിപ്പിക്കുന്ന ലോകം .
എന്‍റെ  അക്ഷരങ്ങള്‍ മഴ പോലെയാകണം:
ഒരു ചാറ്റല്‍ മഴപോലെ പെയ്തു തുടങ്ങി പിന്നെ തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേല പോലെയും; അങ്ങനെയാകണം എന്‍റെ  അക്ഷരങ്ങള്‍ ധ്വനിപ്പിക്കുന്ന ലോകം .
എന്‍റെ  അക്ഷരങ്ങള്‍ മഞ്ഞു പോലെയാകണം:
കട്ടികൂടുന്തോറും ധവളിമയേറുന്ന, പിന്നെ ഒരു വെയിലില്‍ ഇല്ലാതെയാകുന്ന...
അതെ അങ്ങനെയാകണം എന്‍റെ  ലോകവും.

Tuesday, March 11, 2008

പ്രണയം

മഴയായ്‌ വന്ന്‌
എന്നെ കുതിര്‍ത്തു നീ കടന്നു പോയ്‌...
മഴയുടെ തണുപ്പില്‍ സ്വയമലിഞ്ഞ്‌
പിന്നെയും നിന്‍ വരവിനായ്‌ കാത്തിരുന്നു ഞാന്‍.

പിന്നെ കാറ്റായ്‌ വന്നു നീ
എന്നെ തോര്‍ത്തിയുണക്കി കടന്നു പോയ്‌...
കാറ്റിന്‍ കുളിര്‍മ്മയുമാത്മാവിലേറ്റി ഞാന്
‍പിന്നെയും നിന്‍ വരവിനായ്‌ കാത്തിരുന്നു.

പിന്നെ നീ വന്നതെന്തിന്‌,
എന്നെയെരിക്കുന്ന വേനലായ്‌ വീണ്ടും?
ജീവധമനികള്‍ വറ്റി, ഹൃദയമുണങ്ങി
ഞാനിതാ തിരിച്ചു പോകുന്നു
ജീവനുറങ്ങുന്ന മണ്ണിലേക്ക്‌

നിശബ്ദം ഞാനിവിടെയുറങ്ങുന്നു
നിണ്റ്റെ ഓര്‍മ്മകള്‍ വിരിച്ച മൃദു ശയ്യയില്‍.

മാധവിക്കുട്ടിക്ക്‌ എഴുതിയത്‌

പ്രിയപ്പെട്ട എഴുത്തുകാരിക്ക്,
ഇടനാഴികളില്‍ പടര്‍ന്ന ഇരുട്ടില്‍ നിന്നൊരു കാറ്റ് എന്നെ കടന്നു പോയി,
നീര്‍മാതളപ്പൂക്കളുടെ മണമില്ലാതെ ... നിലാവിലും നേര്‍ത്ത നിലാവായി എന്റെ ജാലകങ്ങള്‍ക്കപ്പുറം നീര്‍മാതളപ്പൂക്കളുടെ ധവളിമയില്ല.
എങ്കിലും...
അക്ഷരങ്ങളെ അനുഭവങ്ങളാക്കിത്തീര്‍ക്കുന്ന എഴുത്തുകാരി; നിന്റെ വരികള്‍ എനിക്കെല്ലാം തരുന്നു.
പച്ചയും ചുവപ്പും പുറം താളുകളുള്ള പുസ്‌തകം എന്നിലെപ്പോഴോ നീര്‍മാതളത്തിന്റെ സൌന്ദരയ്യവും സുഗന്ധവും നിറച്ചിരുന്നു.
നിനക്കു നന്ദി!
ലളിതവും സുന്ദരവുമായ പദങ്ങള്‍ കൊണ്ട് നീ സൃഷ്‌ടിച്ച മനോഹാരിത
ഹൃദയത്തിന്റെ ആഴങ്ങളില്‍ അജ്‌ഞാതമായ ഒരു വ്യഥയുണര്‍ത്തി. എന്റെ ഗ്രാമത്തിന്റെ നിറവില്‍ തിരുവാതിരക്കുളിരില്‍ കുളിര്‍ന്നു വിറയ്‌ക്കുന്ന പൂക്കളുമായി ഒരു നീര്‍മാതളമുണ്ടായിരുന്നില്ല. ഒരിക്കലും കാണാതെ, ആ സുഗന്ധം അറിയാതെ ഞാന്‍ നീര്‍മാതളത്തെ സ്‌നേഹിച്ചു, നിന്റെ സുഗന്ധം പരത്തുന്ന അക്ഷരങ്ങളിലൂടെ...
ഉറക്കം വരാതെ കിടക്കുന്ന രാത്രികളില്‍, ജാലകങ്ങള്‍ക്കപ്പുറം നിലാവില്‍ കുതിര്‍ന്നു നില്ക്കുന്ന ഒരു നീര്‍മാതളമുണ്ടായിരുന്നെങ്കില്‍ എന്നെത്ര ആശിച്ചു! പെയ്‌തു തിമിര്‍ത്ത മഴയ്‌ക്കു പുറകെ കാറ്റു കടന്നു വന്നു. ചിതറിയോടുന്ന കാറ്റില്‍ എന്റെ ജാലകങ്ങള്‍ക്കപ്പുറത്തെ പുളിമരം വെള്ളം കുടഞ്ഞു കളഞ്ഞു. വികൃതിപ്പയ്യന്റെ തല തോര്‍ത്തികൊടുക്കുന്ന അമ്മയെപ്പോലെ കാറ്റു പിന്നെയും പുളിമരത്തെ ചുറ്റിപ്പറന്നു...

ഗ്രാമത്തിന്റെ ആര്‍ദ്രത പിന്നിലവശേഷിപ്പിച്ച്, നഗരത്തിന്റെ തിരക്കേറിയതും യാന്ത്രികവുമായ ഒഴുക്കില്‍ ഞാനൊരില മാത്രമായി. അപ്പോഴും വായനയും പുസ്‌തകങ്ങളും കൂട്ടുണ്ടായിരുന്നു. ‘എന്റെ കഥയും’ ‘നഷ്‌ടപ്പെട്ട നീലാംബരി‘യും എല്ലാം ഹൃദയത്തിന്റെ വിങ്ങലുകളായി.
നിന്റെ പ്രണയത്തിന്റെ കുത്തൊഴുക്കില്‍ പലപ്പോഴും ഞാനൊലിച്ചു പോയിരുന്നു. അക്ഷരങ്ങളിലെ നിന്റെ പ്രണയവും യൌവനവും അതെല്ലാം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു. പക്ഷേ നിന്നെ വിവാദത്തിന്റെ വേനലിലെത്തിച്ചതും ഇതു തന്നെ. ഹൈന്ദവതയുടെ പടിയിറങ്ങി നീ പോകുമ്പോള്‍ വിവാദങ്ങളുടെ തിരമാല നിന്നെ പിന്തുടരുന്നതു കണ്ട് ഞാന്‍ നിശബ്‌ദമിരുന്നു. മതത്തിന്റെ സുരക്ഷിതത്വത്തിനപ്പുറം മറ്റെന്തോ തേടിയാണ് നിന്റെ യാത്രയെന്ന് ചിന്തിക്കാന്‍ തോന്നിയത്, ഒടുവില്‍ ശരിയായി. ഏതോ മനസിന്റെ തണലു തേടിയുള്ള ഈ യാത്ര നിന്നെ എത്തിച്ചത് ഉരുകുന്ന വേനലിലേക്കായിരുന്നോ?
നേരില്‍ കാണുമ്പോള്‍ ചോദിക്കാന്‍ ഒത്തിരി ചോദ്യങ്ങള്‍ മനസിലുണ്ട്. നിന്റെ ചിലമ്പിച്ച സ്വരത്തില്‍ അതിനുത്തരങ്ങള്‍ കേള്‍ക്കാന്‍ ഒരിക്കല്‍ ഞാനെത്തും; എത്താന്‍ ആഗ്രഹിക്കുന്നു.
ഏതോ ആഴ്‌ചപതിപ്പിന്റെ അകംതാളില്‍ നിന്റെ കവിത, നിന്റെ മനസിന്റെ കീറിപ്പറിഞ്ഞ തുണ്ട് ഞാന്‍ കണ്ടു. കാലത്തിന്റെ വേഗതയില്‍ വരിതെറ്റാതെ മനസില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. ഓര്‍മയില്‍ തങ്ങി നിന്ന വാക്കുകള്‍:
“എന്റെ പ്രണയചിന്ത പോലുംനിനക്കിന്ന് പാപസ്‌മരണയായോ”
മാപ്പ്, പദവിന്യാസം തെറ്റിച്ചെങ്കില്‍....എങ്കിലും കണ്ണീരിന്റെ നനവുള്ള അതിന്റെ അര്‍ഥം മേല്‍പ്പറഞ്ഞ വരികള്‍ പോലെ ആയിരുന്നു. നിന്റെ കവിത എന്നിലൊരു മുറിപ്പാടു തീര്‍ത്തു.
‘പുലിക്കുട്ടിയെന്നു വിചാരിച്ച് സ്‌നേഹിച്ചയാള്‍ ഒരു പൂച്ച പോലും ആയിരുന്നില്ല’ എന്ന നിന്റെ പ്രഖ്യാപനം എനിക്കിഷ്‌ടപ്പെട്ടു. ഇപ്പോഴും അതോര്‍ക്കുമ്പോള്‍ എവിടെ നിന്നോ ഒരു ചിരി പറന്നു വരും.
‘അര്‍ദ്‌ധ രാത്രിയിലൊക്കെ വിളിച്ച് കവിത ചൊല്ലിത്തന്നാല്‍ ആര്‍ക്കാ ഇഷ്‌ടം തോന്നാതിരിക്ക്യാ?’ നിഷ്‌കളങ്കമായ നിന്റെ ചോദ്യം എന്നില്‍ ചിരിയും പ്രണയത്തിന്റെ ചൂടുമുണര്‍ത്തി. പക്ഷേ... എവിടെയൊക്കെയോ നിനക്കു തെറ്റിയിരുന്നോ? ചില മാറ്റങ്ങള്‍ നിനക്കു വേണ്ടെന്നു വയ്‌ക്കാമായിരുന്നു. എങ്കിലും ഞാനാശ്വസിക്കുന്നു, വേഷവും മതവും മാറിയതു പോലെ നീ അക്ഷരങ്ങളും എഴുത്തും മാറ്റിയില്ലല്ലോ!
നിനക്കെഴുതാന്‍ ഒത്തിരിയുണ്ട് മനസില്‍ ഇനിയും. പക്ഷെ എനിക്കെന്റെ തിരക്കിലേക്കു മടങ്ങണം. എല്ലാം ഹൃദയത്തില്‍ സൂക്ഷിക്കുന്നു, ഒരിക്കല്‍ നിന്നോടു ചോദിക്കാന്‍.
കമ്പ്യൂട്ടറിനു മുന്നിലെ ദിവസം മുഴുവന്‍ നീളുന്ന തപസു തുടങ്ങാന്‍ സമയമായി.ഒരു മത്‌സരം പോലെ നിനക്കെഴുതേണ്ടി വന്നതില്‍ ദു:ഖമുണ്ട്. ഇതൊരു തുറന്ന അവസരമായതു കൊണ്ട് പാഴാക്കിയില്ല എന്നു മാത്രം.
പുതിയ എഴുത്തുകാരെയൊക്കെ വായിക്കുമ്പോള്‍ ഒരടുപ്പം തോന്നുന്നില്ല. കാരണം നിങ്ങളുടെയൊക്കെ തലമുറ പ്രതിഷ്‌ഠിച്ച ഉയരങ്ങളിലെത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല.
എഴുത്തിന്റെ ലോകത്തു നീ നട്ട നീര്‍മാതളം കാലങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും സുഗന്ധം പരത്തുന്നു. ഏറെയെഴുതിയ നിന്റെ കൈവിരലുകള്‍ക്ക് ഇനിയുമേറെ എഴുതാന്‍ കഴിഞ്ഞെങ്കില്‍......
സ്‌നേഹപൂര്‍വ്വം
സരിജ